ഉദ്യോഗസ്ഥരുടെ അനാസ്ഥ; ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം മൂന്ന് ദിവസമായി മോര്‍ച്ചറിയില്‍

Published : Sep 01, 2018, 04:16 PM ISTUpdated : Sep 10, 2018, 05:06 AM IST
ഉദ്യോഗസ്ഥരുടെ അനാസ്ഥ; ഇതരസംസ്ഥാന തൊഴിലാളിയുടെ മൃതദേഹം മൂന്ന് ദിവസമായി മോര്‍ച്ചറിയില്‍

Synopsis

അന്യസംസ്ഥാന തൊഴിലാളിയായ മുർഷിദാബാദ് സ്വദേശി മഹാബുൾ മണ്ഡലിന്‍റെ മൃതദേഹം സ്വദേശത്തെത്തിക്കാൻ സാധിക്കാതെ മൂന്നു ദിവസമായി മോര്‍ച്ചറിയിലാണ്. മൂന്ന് ദിവസം മുമ്പാണ് എറണാകുളം ജില്ലയിലെ കാലടിയിലും പരിസര പ്രദേശങ്ങളിലും കൂലിജോലി ചെയ്തിരുന്ന മഹാബുൾ മൺഡൽ എന്ന മുർഷിദാബാദ് സ്വദേശി മരണമടഞ്ഞത്. 

കൊച്ചി: മുര്‍ഷിദാബാദിലുള്ള കൊച്ചുവീട്ടില്‍ മൂന്നു ദിവസമായി പ്രിയപ്പെട്ടൊരാളെ അവസാനമായി ഒന്നു കാണാന്‍ കാത്തിരിക്കുകയാണ് ഈ കുടുംബം. 'അന്യ'സംസ്ഥാന തൊഴിലാളി എന്ന് വിളിച്ച് നമ്മള്‍ മാറ്റിനിര്‍ത്തുന്നവരിലൊരാളാണ് ഇദ്ദേഹവും. ദാരിദ്ര്യത്തിനും, കഷ്ടപ്പാടിനുമിടയില്‍ ജീവിതം കരുപ്പിടിപ്പിക്കാന്‍ കേരളത്തിലേക്ക് വണ്ടി കയറിയ ആള്‍.

അന്യസംസ്ഥാന തൊഴിലാളിയായ മുർഷിദാബാദ് സ്വദേശി മഹാബുൾ മണ്ഡലിന്‍റെ മൃതദേഹം സ്വദേശത്തെത്തിക്കാൻ സാധിക്കാതെ മൂന്നു ദിവസമായി മോര്‍ച്ചറിയിലാണ്. മൂന്ന് ദിവസം മുമ്പാണ് എറണാകുളം ജില്ലയിലെ കാലടിയിലും പരിസര പ്രദേശങ്ങളിലും കൂലിജോലി ചെയ്തിരുന്ന മഹാബുൾ മൺഡൽ എന്ന മുർഷിദാബാദ് സ്വദേശി മരണമടഞ്ഞത്. വ്യാഴാഴ്ച രാത്രി താമസ സ്ഥലത്ത് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തൊഴിലന്വേഷിച്ച് കേരളത്തിലെത്തുന്ന ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളിൽ ഒരാളാണ് മരിച്ച മഹാബുൾ.

എന്നാൽ മൃതദേഹം നാട്ടിലെത്തിക്കുന്ന കാര്യത്തിൽ നിരുത്തരവാദിത്വപരമായി നിലപാടാണ് എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് പീപ്പിൾസ് യൂണിയൻ ഫോർ ജസ്റ്റിസ് കോ ഓർഡിനേറ്റർ ജോർജ്ജ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. -ജില്ലാ ഭരണകൂടവുമായും കളക്ടറുടെ ഓഫീസുമായും ബന്ധപ്പെട്ടപ്പോൾ നോക്കാം എന്ന് മാത്രമാണ് അവർ നൽകുന്ന മറുപടി. കളക്ടറുടെ ഓഫീസിൽ നിന്ന് പതിനായിരം രൂപ അനുവദിച്ചിട്ടുണ്ട്. രണ്ട് ദിവസമായി മൃതദേഹം മോർച്ചറിയിൽ  സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടത്താനുള്ള നടപടികൾ ഇന്ന് ആരംഭിച്ചിട്ടേയുള്ളൂ. ഭക്ഷണം പോലും കഴിക്കാതെ മഹാബുളിന്റെ അമ്മയും ഭാര്യയും രണ്ട് മക്കളും മൃതദേഹം എത്തുന്നത് കാത്തിരിക്കുകയാണ്. എറണാകുളം ജനറൽ ഹോസ്പിറ്റലിലാണ് ഇപ്പോൾ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.- ജോർജ്ജ് പറയുന്നു. 

മഹാബുൾ മൺഡലിനൊപ്പം അയാളുടെ ബന്ധുവായ രാഹുൽ ഷേക്ക് മാത്രമാണ് കൂടെയുള്ളത്. മൃതദേഹം കേരളസർക്കാർ നാട്ടിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആ കുടുംബം കാത്തിരിക്കുന്നത്. മഹാബുൾ മൺഡൽ ഒറ്റപ്പെട്ട സംഭവമല്ല, ഇതുപോലെ നൂറ് കണക്കിന് അന്യസംസ്ഥാനതൊഴിലാളികളാണ് കേരളത്തിലെ മരണപ്പെടുന്നത്. ഇവരുടെ മൃതദേഹങ്ങൾ പലപ്പോഴും സ്വദേശത്ത് എത്താറില്ല. ഇവിടെത്തന്നെ സംസ്കരിക്കുകയാണ് പതിവ്. സർക്കാരിന്റെ ഭാഗത്തു നിന്നുള്ള തണുപ്പൻ സമീപനമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് ജോർജ്ജ് കൂട്ടിച്ചേർക്കുന്നു.

മൃതദേഹം മുർഷിദാബാദിൽ എത്തിക്കാൻ ഇരുപത്താറായിരം രൂപയാണ് ചെലവ് വരുന്നത്. അതിൽ പതിനാറായിരം രൂപ മുർഷിബാദ് കളക്ടർ നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്. എന്നാൽ തൊഴിൽ വകുപ്പും ജില്ലാ ഭരണകൂടവും ഇക്കാര്യത്തിൽ മുൻകൈയെടുക്കാൻ തയ്യാറാകുന്നില്ല എന്നതാണ് നേരിടുന്ന പ്രതിസന്ധി. കളക്ടർ രാജമാണിക്യത്തെ ബന്ധപ്പെടാൻ മുർഷിദാബാദ് കളക്ടർ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല എന്ന് പറയുന്നു. എത്രയും വേഗം മഹാബുളിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കണമെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയനും തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനും കളക്ടർ രാജമാണിക്യത്തിനും അപേക്ഷ  നൽകിയിട്ടുണ്ട്. 

മഹാബുള്‍ മണ്ഡല്‍ ഒരു ഒറ്റപ്പെട്ട സംഭവമല്ല. ജീവിച്ചിരിക്കുമ്പോഴും മരിച്ചാലും മാറാത്ത അന്യതാബോധവും ദുരിതവുമായാണ് പലരും 'ദൈവത്തിന്‍റെ സ്വന്തം' കേരളത്തില്‍ ജീവിക്കുന്നത്. എന്ത് കുറ്റം എവിടെ കണ്ടുപിടിക്കപ്പെട്ടാലും ആദ്യം വിരല്‍ നീളുന്നത് ഒരു ഇതര സംസ്ഥാന തൊഴിലാളിയിലേക്കായിരിക്കും എന്ന അവസ്ഥയുമുണ്ട്. തല്ലിക്കൊല്ലാന്‍ കാരണം കാത്തിരിക്കാറാണ് പലരും.

അതുകൊണ്ടുതന്നെ മണ്ഡലിന്‍റെ വീട്ടുകാരുടെ മൂന്നു ദിവസമായുള്ള കാത്തിരിപ്പിന്‍റെ വേദന നമുക്ക് മനസിലാകണമെന്നില്ല.

PREV
click me!

Recommended Stories

'എനിക്ക് കരച്ചിൽ വരുന്നു'; തമാശ പറഞ്ഞതിന് പിന്നാലെ ഇന്‍ഡിഗോ പൈലറ്റ് ഡേറ്റിംഗ് ആപ്പിൽ 'അൺമാച്ച്' ചെയ്തെന്ന് യുവതി
കുഞ്ഞുമനസ് നോവിക്കാനാകില്ല; കൂട്ടുകാരൻറെ വിയോഗം മറച്ചുവെച്ച് കുട്ടികളെ കൊണ്ട് അവന് ഓർമ്മക്കുറിപ്പ് എഴുതിപ്പിച്ച് അധ്യാപിക