മൃതദേഹങ്ങളില്‍ നിന്നും പാത്രങ്ങളും വസ്ത്രങ്ങളും നിര്‍മ്മിച്ചിരുന്ന ഒരു കൊലയാളിയുടെ കഥ...

By Web TeamFirst Published Jun 14, 2020, 4:49 PM IST
Highlights

അവസാനം, ചോദ്യം ചെയ്യലിൽ മിസ്സിസ് വേൾഡൻ ഒഴികെ മേരി ഹൊഗാൻ എന്ന പ്രാദേശിക ഭക്ഷണശാല ഉടമയെക്കൂടി താൻ കൊന്നിട്ടുണ്ടെന്നും, വേറെ ആരെയും കൊന്നിട്ടില്ലെന്നും അയാൾ ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു.

'സൈലൻസ് ഓഫ് ദി ലാംപ്‌സ്' എന്ന ഇംഗ്ലീഷ് സിനിമ കണ്ടിട്ടുള്ളവർ അതിലെ വില്ലനെ മറക്കില്ല. അതിലെ നീചനായ കൊലയാളി ബഫല്ലോ ബില്ല് ഒരു സാങ്കൽപിക കഥാപാത്രമാകാം. എന്നാൽ, ചിത്രത്തിൽ കാണുന്ന വില്ലന് പ്രചോദനമായിത്തീർന്നത് യഥാർത്ഥ ജീവിതത്തിലെ കൊടുംഭീകരനായ ഒരു കൊലയാളിയാണ്. മനുഷ്യന്റെ തലയോട്ടികൊണ്ട് നിർമ്മിച്ച പാത്രങ്ങളിൽ നിന്ന് സൂപ്പ് കുടിക്കുകയും ഇരകളെ ഒട്ടും കുറ്റബോധമില്ലാതെ കശാപ്പ് ചെയ്യുകയും ചെയ്‍ത ഒരു ദുഷ്‍ടനാണ് 'പ്ലെയിൻഫീൽഡിലെ ബുച്ചർ' എന്നറിയപ്പെടുന്ന എഡ് ഗെയ്ൻ. അയാളുടെ കഥകൾ കേൾക്കുമ്പോൾ ഭയം കൊണ്ട് ശരീരം മുഴുവൻ തണുത്തുറഞ്ഞു പോകും. ഒരു വ്യക്തിയ്ക്ക് ഇത്രയും ക്രൂരനാകാൻ സാധിക്കുമോ എന്ന് നമ്മൾ ചോദിച്ചുപോകും.

ബഫല്ലോ ബില്ലിനെ രണ്ട് കാര്യങ്ങൾ മാത്രമേ സന്തോഷിപ്പിച്ചിരുന്നുള്ളു: അവന്റെ അമ്മയും, ക്രൂരതയും. യഥാർത്ഥ ജീവിതത്തിൽ ഗെയ്‌നും അങ്ങനെതന്നെ ആയിരുന്നു. 1906 -ൽ ജനിച്ച ആ കൊലയാളിക്ക് കുഴിച്ചിട്ട മനുഷ്യശരീരങ്ങൾ തോണ്ടിയെടുത്ത് ശവത്തിന്റെ തലയോട്ടിയിൽ നിന്ന് സൂപ്പ് പാത്രങ്ങളും, എല്ലുകളിൽ നിന്ന് കസേരകളും, ചർമ്മത്തിൽ നിന്ന് ലാമ്പ്ഷെയ്‍ഡുകളും നിർമ്മിക്കുന്ന ഒരു ശീലമുണ്ടായിരുന്നു. നമ്മുടെ ഇടയിൽ ചിലർ സ്റ്റാമ്പുകളും, നാണയങ്ങളും ശേഖരിക്കുന്നപോലെ ഇയാൾ ശവശരീരങ്ങൾ ശേഖരിച്ചു. തകർന്ന ശരീരഭാഗങ്ങൾ പെട്ടിയിൽ സൂക്ഷിച്ചു. തന്‍റെ ഫാം ഹൗസിന്റെ ചുവരുകൾ മരിച്ചവരുടെ മുഖങ്ങൾ കൊണ്ട് അയാൾ അലങ്കരിച്ചു.  

ഇതൊന്നും പോരാതെ മൃതദേഹങ്ങളുടെ തൊലിയിൽ നിന്ന് വസ്ത്രങ്ങൾ ഉണ്ടാക്കുമായിരുന്നു അയാൾ. അയാളുടെ ഈ വികലമായ സ്വഭാവം ആളുകൾ അറിയുന്നതിന് മുൻപ് അയാളോട് എല്ലാവർക്കും വലിയ സഹതാപമായിരുന്നു. പ്ലെയിൻഫീൽഡ് ഗ്രാമത്തിൽ വളർന്ന അയാൾ താരതമ്യേന ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചിരുന്നത്. അയാൾ താമസിച്ചിരുന്ന ഫാം ഹൗസ് പ്രേതബാധയുള്ള ഒന്നാണെന്ന് അവിടത്തെ കുട്ടികൾ വിശ്വസിച്ചിരുന്നു.  

എന്നാൽ, 1957 നവംബറിൽ, ആർക്കും സങ്കൽപ്പിക്കാവുന്നതിലും വലിയ ക്രൂരനായിരുന്നു അയാൾ എന്ന് തെളിഞ്ഞു. ഫ്രാങ്ക് വേൾഡൻ എന്ന പ്രാദേശികൻ തന്റെ അമ്മ ബെർണീസിനെ കടയിൽ കാണാതായപ്പോൾ ആരംഭിച്ച തിരച്ചിലിലാണ്  ഗെയ്‌നിന്റെ രഹസ്യജീവിതത്തിന്റെ ചുരുളുകൾ അഴിയാൻ തുടങ്ങിയത്. ഹാർഡ്‌വെയർ സ്റ്റോറിൽ നിന്ന് പുറത്തുകടക്കുന്നിടത്ത് രക്തത്തിന്റെ ഒരു ചാൽ ഫ്രാങ്ക് വേൾഡൻ കണ്ടെത്തി. തുടർന്ന് അവിടെയുള്ള ഡെപ്യൂട്ടി ഷെരീഫ് ആർതർ ഷ്‌ലിയുടെ സഹായം അദ്ദേഹം തേടി. ഹാർഡ്‌വെയർ സ്റ്റോറിലെ രസീത് പരിശോധിച്ചപ്പോൾ അമ്മ അപ്രത്യക്ഷമാകുന്നതിന് മുമ്പ് ഗെയ്ൻ ഷോപ്പിൽ വന്നിരുന്നതായി അവർ കണ്ടെത്തി.    

അവർ ഇരുവരും ഒട്ടും സമയം കളയാതെ ഗെയ്‌നിന്റെ വീട്ടിലേയ്ക്ക് പോയി. എന്നാൽ, അവിടെ അവരെ കാത്തിരുന്നത് ഞെട്ടിക്കുന്ന കാഴ്ചകളായിരുന്നു. വീട്ടിൽ അങ്ങിങ്ങായി മനുഷ്യമാലിന്യങ്ങൾ ചിതറിക്കിടന്നിരുന്നു. അവയ്ക്കിടയിൽ പുതുതായി കശാപ്പ് ചെയ്‍ത മാംസകഷണങ്ങളും കിടന്നിരുന്നു. അഴുകിയ ശവശരീരത്തിൽ നിന്നും വരുന്ന അസഹ്യമായ ദുർഗന്ധം അവരുടെ മൂക്ക് തുളച്ചു. എന്നാൽ, അതിനിടയിൽ ഏറ്റവും ഞെട്ടിക്കുന്ന കാഴ്ച തന്റെ പ്രിയപ്പെട്ട അമ്മയുടെ മൃതദേഹം സീലിംഗിൽ തൂക്കിയിട്ടിരിക്കുന്നതായിരുന്നു. അദ്ദേഹത്തിന് ബോധം മറയുന്നത് പോലെ തോന്നി.  

തുടർന്നുള്ള അന്വേഷണത്തിനിടയിൽ, ഗെയ്‌നിന്റെ ഭൂതകാലത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചു. ഒരു വലിയ ഫാമിന്‍റെ നടുവിലൊറ്റപ്പെട്ട് കിടക്കുകയായിരുന്നു അയാളുടെ വീട്. അയാളുടെ അമ്മ അവനെ പുറം ലോകത്തിൽ നിന്ന് ഒറ്റപ്പെടുത്തി. സ്‍കൂളില്‍ പോവുക, വരിക അതുമാത്രമായിരുന്നു പുറംലോകവുമായുള്ള അവന്‍റെ ബന്ധം. അയാൾക്ക് അയാളുടെ അമ്മയായിരുന്നു ആകെയുണ്ടായിരുന്ന സുഹൃത്ത്. അമ്മയോട് അയാള്‍ക്ക് വലിയ അടുപ്പമായിരുന്നു. ഗെയ്‌നിന്റെ മദ്യപാനിയായ പിതാവ് ജോർജും സഹോദരൻ ഹെൻ‌റിയും ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടപ്പോൾ, അയാളും അമ്മയും മാത്രമായി ബാക്കി. എന്നാൽ, 1949 -ൽ അയാളുടെ അമ്മ ഹൃദയാഘാതം മൂലം മരണപ്പെട്ടു. അമ്മ ഇല്ലാതായപ്പോൾ അയാൾ ഒരു മുഴുവട്ടനായി മാറി.  തുടർന്ന്  പ്രാദേശിക ശ്മശാനത്തിൽ നിന്ന് വൃദ്ധ സ്ത്രീകളുടെ മൃതദേഹങ്ങൾ കുഴിച്ചെടുക്കാൻ ആരംഭിച്ചു അയാൾ.  ഈ പാവപ്പെട്ട സ്ത്രീകളുടെ അവശിഷ്ടങ്ങൾ കൊണ്ട് അദ്ദേഹം തന്റെ വീട് നിറയ്ക്കുകയും അവരുടെ ചർമ്മത്തിൽ നിന്ന് വസ്ത്രങ്ങൾ ഉണ്ടാക്കുകയും ബാക്കി ശരീരഭാഗങ്ങൾ വച്ച് കളിപ്പാട്ടങ്ങൾ കണക്കെ കളിക്കുകയും ചെയ്യുമായിരുന്നു.  

അവസാനം, ചോദ്യം ചെയ്യലിൽ മിസ്സിസ് വേൾഡൻ ഒഴികെ മേരി ഹൊഗാൻ എന്ന പ്രാദേശിക ഭക്ഷണശാല ഉടമയെക്കൂടി താൻ കൊന്നിട്ടുണ്ടെന്നും, വേറെ ആരെയും കൊന്നിട്ടില്ലെന്നും അയാൾ ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു. വീട്ടിൽ സൂക്ഷിച്ച ശരീരഭാഗങ്ങൾ താൻ കുഴിച്ചെടുത്തതാണ് എന്നും അയാൾ പറഞ്ഞു. ഒടുവിൽ കോടതി കൊലയാളിയെ ഭ്രാന്തനായി പ്രഖ്യാപിക്കുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യ്തു. 1984 -ൽ ക്യാൻസർ ബാധിച്ച് മരിക്കുന്നതുവരെ അയാൾ അവിടെ താമസിച്ചു. എഡ് ഗെയ്‌നിന്റെ കഥയാണ് റോബർട്ട് കെല്ലറുടെ പ്രശസ്ത ഹൊറർ നോവലായ അൻ‌ഹിൻജ്ഡിന്റെ ഇതിവൃത്തം.  

click me!