തെരഞ്ഞെടുപ്പ് സമയത്ത് വാതുവെച്ചു, താടിയെടുക്കില്ല; മരിക്കുന്ന സമയത്ത് താടിയുടെ നീളം പന്ത്രണ്ടടി!

By Web TeamFirst Published Nov 15, 2020, 9:24 AM IST
Highlights

1860 -ൽ ലിങ്കൺ തെരഞ്ഞെടുക്കപ്പെടുമ്പോഴേക്കും ടാപ്ലിയുടെ താടിക്ക് ആറടി നീളമുണ്ടായിരുന്നു. അതിനാൽ ഒരിക്കലും ഷേവ് ചെയ്യില്ലെന്ന പ്രതിജ്ഞ നിറവേറ്റാൻ അദ്ദേഹത്തിന് പ്രയാസമുണ്ടായിരുന്നില്ല. 

തെരഞ്ഞെടുപ്പ് സമയത്ത് നമ്മൾ പലപ്പോഴും ആരു ജയിക്കുമെന്നതിനെ ചൊല്ലി വാതുവയ്‌ക്കാറുണ്ട്. മിസ്സൗറിയിലെ ഒരു ധനികനും  ഡെമോക്രാറ്റുമായ വാലന്റൈൻ ടാപ്ലി 1860 -ലെ അമേരിക്കൻ തെരഞ്ഞെടുപ്പ് സമയത്ത് അത്തരമൊരു വെല്ലുവിളി നടത്തുകയുണ്ടായി. സാധാരണയായി പാതി മീശയെടുക്കാമെന്നും, താടി വടിക്കാമെന്നുമൊക്കെയാണ് പറയുന്നതെങ്കിൽ, അദ്ദേഹം പറഞ്ഞത് എബ്രഹാം ലിങ്കൺ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാൽ ഇനി ഒരിക്കലും താടിയും മീശയും വടിക്കില്ലെന്നായിരുന്നു. ഒടുവിൽ ഫലം വന്നപ്പോൾ എബ്രഹാം ലിങ്കൺ ജയിച്ചു. നിസ്സാരമായി പറഞ്ഞ ഒരു കാര്യം, പിന്നീടു ജീവിതകാലം മുഴുവൻ പാലിക്കേണ്ട ഒന്നായി മാറി. 1910 -ൽ ടാപ്ലി മരിക്കുമ്പോൾ അദ്ദേഹത്തിന്റെ താടിക്ക് 12 അടിയിലധികം നീളമുണ്ടായിരുന്നു!  

നാല് മക്കളുള്ള കുടുംബത്തിലെ മൂത്ത മകനായി 1830 -ൽ ജനിച്ച ടാപ്ലി 13 വയസ്സുള്ളപ്പോൾ മുതൽ താടി വളർത്താനുള്ള പരിശ്രമം തുടങ്ങി എന്നാണ് പറയുന്നത്. 20 വയസ്സുള്ളപ്പോൾ, ടാപ്ലിക്ക് നീണ്ട താടി ഉണ്ടായിരുന്നു. ഫാമിൽ ജോലിചെയ്യുമ്പോൾ അത് ചുരുട്ടി ഷർട്ടിനുള്ളിൽ തിരുകുമായിരുന്നു. പിന്നെയും വളർന്നപ്പോൾ ടാപ്ലി അതിനെ വസ്ത്രത്തിന് താഴെ ശരീരത്തിൽ ചുറ്റിവച്ചു. ഒടുവിൽ, അദ്ദേഹം താടി ചുരുട്ടി, ഒരു സിൽക്ക് സഞ്ചിക്കുള്ളിൽ നിറച്ച്, വസ്ത്രങ്ങൾക്കുള്ളിൽ പൊതിഞ്ഞു വയ്ക്കാൻ തുടങ്ങി.  

1860 -ൽ ലിങ്കൺ തെരഞ്ഞെടുക്കപ്പെടുമ്പോഴേക്കും ടാപ്ലിയുടെ താടിക്ക് ആറടി നീളമുണ്ടായിരുന്നു. അതിനാൽ ഒരിക്കലും ഷേവ് ചെയ്യില്ലെന്ന പ്രതിജ്ഞ നിറവേറ്റാൻ അദ്ദേഹത്തിന് പ്രയാസമുണ്ടായിരുന്നില്ല. ടാപ്ലിയുടെ താടി എട്ട് അടിയിലെത്തിയപ്പോൾ, ഇത് ലോകത്തിലെ ഏറ്റവും നീളമേറിയതാണെന്ന് അറിയപ്പെട്ടു. ഇതിനെ തുടർന്ന് ലണ്ടൻ മ്യൂസിയത്തിലെ ഒരു പ്രദർശനത്തിൽ പങ്കെടുക്കാൻ ടാപ്ലിക്ക് 5,000 ഡോളർ വാഗ്ദാനം ചെയ്യപ്പെടുകയുണ്ടായി. എന്നാൽ, അദ്ദേഹം അത് നിരസിച്ചു. താടി കത്തുമോ എന്ന ഭയത്താൽ അദ്ദേഹം തീയുടെ അടുത്ത് പോകാറില്ല എന്ന് റിപ്പോർട്ടുകൾ പറയുന്നു. പഞ്ഞിപോലെ മൃദുലമായ അദ്ദേഹത്തിന്റെ താടി അയൽക്കാർക്ക് കാണാനായി ടാപ്ലി വർഷത്തിൽ ഒന്നോ രണ്ടോ തവണ പുറത്തെടുക്കുമായിരുന്നു.

പോപ്പുലർ മെക്കാനിക്സിന്റെ 2010 നവംബർ ലക്കത്തിൽ ടാപ്ലിയുടെയും താടിയുടെയും ഒരു ഫോട്ടോ പ്രത്യക്ഷപ്പെട്ടു. അതിൽ എഴുതിയിരുന്നത് ഇങ്ങനെയാണ്,  “താടി അതിന്റെ ഉടമസ്ഥന്റെ ഉയരത്തേക്കാൾ ഇരട്ടിയിലധികം നീളമുള്ളതാണ്, അത് വാലന്റൈൻ ടാപ്ലിയുടെ പ്രശംസനീയമായ സ്വത്താണ്. ഇത് കൃത്യമായി 12 അടി നീളമുള്ളതാണ്, അരയിൽ ചുറ്റിയോ, തോളിൽ തൂക്കിയോ അത് അഴിഞ്ഞ് വീഴാതെ അദ്ദേഹം നോക്കുന്നു" എന്നാൽ, മാസിക പ്രസിദ്ധീകരിച്ചപ്പോഴേക്കും ടാപ്ലി മരിച്ചിരുന്നു. താടി കള്ളന്മാർ മോഷ്ടിക്കാതിരിക്കാൻ ഉറപ്പുള്ള ശവപ്പെട്ടിയിൽ സംസ്‌കരിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. വാഗ്ദാനം ചെയ്തപോലെ തന്നെ 1860 മുതൽ 1910 -ൽ മരണം വരെ അദ്ദേഹം ഒരിക്കൽ പോലും താടി വടിച്ചിട്ടില്ലായിരുന്നു. 50 വർഷക്കാലം കഴിഞ്ഞ് അദ്ദേഹം മരിക്കുമ്പോൾ അതിന്റെ നീളം 12 അടിയും ആറ് ഇഞ്ചുമായിരുന്നു.  

click me!