'ഇസ്ലാമോഫോബിയ മനംമടുപ്പിച്ചു'; ഇസ്ലാമിക് സ്റ്റഡീസ് എംഎ പ്രവേശനപരീക്ഷ ഒന്നാംറാങ്കിൽ പാസായി ഹിന്ദു യുവാവ്

By Web TeamFirst Published Nov 14, 2020, 6:15 PM IST
Highlights

"ഒരു മതത്തിനെതിരെ മറ്റു ചിലർ നടത്തുന്ന ഈ വിദ്വേഷപ്രചാരണങ്ങൾ കണ്ടപ്പോൾ, നമ്മൾ ഭിന്ന മതക്കാർ പറ്റുമെങ്കിൽ മറ്റുള്ള മതങ്ങളുടെ ചരിത്രവും, തത്വശാസ്ത്രവും ആധ്യാത്മികതയും ഒക്കെ പഠിക്കേണ്ടതുണ്ട് എന്നെനിക്ക് തോന്നി." ശുഭം യാദവ് പറഞ്ഞു

പേര് ശുഭം യാദവ്. സ്വദേശം ആൽവാർ, രാജസ്ഥാൻ. താൻ കൈവരിച്ചിരിക്കുന്ന നേട്ടത്തിന്റെ ഗൗരവം ഇനിയും ഈ ഹിന്ദു യുവാവ് വേണ്ടത്ര തിരിച്ചറിഞ്ഞ മട്ടില്ല. കഴിഞ്ഞ ഒക്ടോബർ 29 -ന്, അന്തിമ ലിസ്റ്റിലെ മറ്റുള്ള 93 വിദ്യാർത്ഥികളെയും മറികടന്നുകൊണ്ട്, കശ്മീർ കേന്ദ്ര സർവകലാശാലയുടെ ഇസ്ലാമിക് ഹിസ്റ്ററി ബിരുദാനന്തര ബിരുദ കോഴ്‌സിനുള്ള പ്രവേശനപരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയിരിക്കുകയാണ് ശുഭം യാദവ് എന്ന ഈ ഹിന്ദുമത വിശ്വാസി. ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യത്തെ ഇസ്ലാം ഇതര, കശ്മീരിയല്ലാത്ത പരീക്ഷാർത്ഥിയാണ് ശുഭം യാദവ്. 

" എന്നെ പ്രശംസിച്ചുകൊണ്ട് ഈ രാജ്യത്തിൻറെ പല കോണുകളിൽ നിന്നും ഇതുവരെ നിരന്തരം കോളുകൾ വന്നുകഴിഞ്ഞു" ശുഭം യാദവ് ദ പ്രിന്റിനോട് പറഞ്ഞു,"അവർ പറയുന്നു, ഞാൻ എന്തോ വലിയ നേട്ടം കൈവരിച്ചിരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇസ്ലാമിക് ഹിസ്റ്ററി എന്നത് നിയമം പോലെയോ ചരിത്രം പോലെയോ സോഷ്യോളജി പോലെയോ മറ്റൊരു വിഷയം മാത്രമാണ്. അതിൽ കവിഞ്ഞൊരു കാഠിന്യവും അതിനുമില്ല."യാദവ് പറഞ്ഞു.

സിവിൽ സർവീസ് പരീക്ഷക്ക് പഠിക്കാൻ താത്പര്യമുള്ള ശുഭം പ്രിന്റിനോട് പറഞ്ഞത്, ലോകത്ത് ഇന്ന് വല്ലാതെ വ്യാപിച്ചു കഴിഞ്ഞ 'ഇസ്ലാമോഫോബിയ' എന്ന വിപത്തുകണ്ട് മനസ്സ് ചെടിച്ചിട്ടാണ് താൻ ഇസ്ലാം എന്ന മതത്തിന്റെ തത്വശാസ്ത്രങ്ങളിൽ ആകൃഷ്ടനായത് എന്നാണ്. "ഒരു മതത്തിനെതിരെ മറ്റു ചിലർ നടത്തുന്ന ഈ വിദ്വേഷപ്രചാരണങ്ങൾ കണ്ടപ്പോൾ, നമ്മൾ ഭിന്ന മതക്കാർ പറ്റുമെങ്കിൽ മറ്റുള്ള മതങ്ങളുടെ ചരിത്രവും, തത്വശാസ്ത്രവും ആധ്യാത്മികതയും ഒക്കെ പഠിക്കേണ്ടതുണ്ട് എന്നെനിക്ക് തോന്നി." ശുഭം യാദവ് പറഞ്ഞു,"പിന്നെ പലരും കരുതുന്നതുപോലെ ഇസ്ലാമിക് സ്റ്റഡീസ് എന്നത് മുസ്ലിംകളെപ്പറ്റിയോ ഇസ്‌ലാം മതത്തെപ്പറ്റിയോ മാത്രമുള്ള പഠനമല്ല. അത് ഇസ്ലാമിക നിയമങ്ങളിലൂടെയും, അതിന്റെ സാംസ്കാരിക പാരമ്പര്യങ്ങളിലൂടെയുമുള്ള ഒരു ആഴത്തിലുള്ള അധ്യയനമാണ്." അദ്ദേഹം തുടർന്നു.

ഭാവിയിൽ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കിടയിൽ സാഹോദര്യം വളർത്താൻ വേണ്ട പല നയപരിപാടികളും ഭരണകൂടങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടി വരും എന്നും, അതിന് ഈ മതങ്ങളെപ്പറ്റി, അവയുടെ സാംസ്‌കാരിക പരിണാമങ്ങളെപ്പറ്റി ഒക്കെ ആഴത്തിൽ അറിവുള്ളവരുടെ സാന്നിധ്യം ഭരണസംവിധാനങ്ങളിൽ ഉണ്ടാകേണ്ടതുണ്ട്. അതുകൊണ്ടുകൂടിയാണ് സിവിൽ സർവീസിന് മുന്നെ, ഇസ്ലാമിക് സ്റ്റഡീസ് ഒരു ഐച്ഛിക വിഷയമായി എടുത്ത് ബിരുദാനന്തര ബിരുദം നേടാൻ താൻ ശ്രമിക്കുന്നത് എന്നും ശുഭം യാദവ് പറഞ്ഞു. 

റാങ്ക് പട്ടിക പുറത്തുവന്ന പാടെ കശ്മീർ സെൻട്രൽ യൂണിവേഴ്സിറ്റിയിലെ റിലീജിയസ് സ്റ്റഡീസ് ഡിപ്പാർട്ടുമെന്റ് മേധാവി പ്രൊഫ. ഹമീദുള്ളാ മറാസി നേരിട്ട് ശുഭം യാദവിനെ ഫോണിൽ ബന്ധപ്പെട്ട് അദ്ദേഹത്തെ അഭിനന്ദിച്ചു. "ഒരു ഹിന്ദു യുവാവ്, അതും ഒരു തികഞ്ഞ മതവിശ്വാസി, ഇങ്ങനെ ഇസ്ലാമിക് ഹിസ്റ്ററിയിൽ എംഎ പഠിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. അത് മറ്റുള്ള ഇസ്ലാം മത വിശ്വാസികളായ വിദ്യാർത്ഥികളോടൊക്കെ പ്രവേശന പരീക്ഷയിൽ മത്സരിച്ച് ഒന്നാമതെത്തിയിട്ടുതന്നെ ആകുമ്പോൾ ആ സന്തോഷത്തിന്റെ മധുരം ഇരട്ടിക്കുന്നു." പ്രൊഫ. ഹമീദുള്ള പറഞ്ഞു. ഇസ്ലാമിക് സ്റ്റഡീസ്, കംപാരിറ്റിവ് റിലീജിയൻ എന്നിങ്ങനെ രണ്ടു പാഠ്യപദ്ധതികൾ സർവകലാശാലയിൽ ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.

ശുഭം യാദവിന്റെ അച്ഛൻ രാജസ്ഥാനിൽ ഒരു വ്യാപാരിയാണ്. ചരിത്രാധ്യാപികയായ അമ്മയിൽ നിന്നാണ് തനിക്ക് അക്കാദമിക് താത്പര്യങ്ങൾ കിട്ടിയിട്ടുള്ളത് എന്നും ശുഭം പറയുന്നു. "ഞാൻ പല പ്രവേശന പരീക്ഷകളും പാസായിട്ടുണ്ട്. അച്ഛനും അമ്മയും എന്നോട് പറഞ്ഞത്, 'നിനക്കിഷ്ടമുള്ള കോഴ്സിന് ചേർന്നോ' എന്നാണ്. ദില്ലി സർവകലാശാലയുടെ പ്രവേശന പരീക്ഷ കൂടി എഴുതിയിട്ടില്ല ശുഭം യാദവ്, അതിൽ സെലക്ഷൻ കിട്ടിയാൽ ചിലപ്പോൾ, അവിടെ ചേർന്ന് സിവിൽ സർവീസ് ലക്ഷ്യമിട്ടുള്ള പ്രവേശനത്തിൽ മുഴുകും. ദില്ലി സർവകലാശാലയിൽ കിട്ടിയില്ല എങ്കിൽ, ഉറപ്പായും കശ്മീർ സർവകലാശാലയിൽ ചേർന്ന് ഇസ്ലാമിക് സ്റ്റഡീസിൽ എംഎ പഠനം നടത്തും എന്ന് ശുഭം പറഞ്ഞു. മാസ്റ്റേഴ്സ് പാഠ്യവിഷയം എന്തായാലും, എത്തിച്ചേരുന്ന മേഖല എന്തായാലും, മതങ്ങളെക്കുറിച്ചുള്ള പഠനവും, ഇസ്ലാം മതത്തെപ്പറ്റിയുള്ള തന്റെ അന്വേഷണങ്ങളും താൻ തുടരുക തന്നെ ചെയ്യുമെന്നും ശുഭം പറയുന്നു. 

click me!