ഫെമിനിസവും സ്വവര്‍ഗാനുരാഗവുമൊക്കെ കുഞ്ഞുങ്ങളും വായിക്കണ്ടേ?

By Web TeamFirst Published Aug 3, 2018, 11:52 AM IST
Highlights

നമ്മുടെ കുഞ്ഞുങ്ങളും അത്തരം കാര്യങ്ങളൊക്കെ അറിഞ്ഞിരിക്കണ്ടേ. ജോലി ചെയ്യുന്ന അമ്മമാരെ കുറിച്ചും, അവരുടെ അവകാശങ്ങളെ കുറിച്ചും, സ്വവര്‍ഗാനുരാഗികളായ സ്ത്രീകളേയും പുരുഷന്മാരേയും കുറിച്ചുമൊക്കെ. 

സാധാരണ കുഞ്ഞുങ്ങള്‍ക്കായി തയ്യാറാക്കുന്ന പുസ്തകങ്ങളെല്ലാം ഒരേ പോലെയാണുണ്ടാവുക. രാജാവിന്‍റെയും രാജ്ഞിയുടേയും കഥകള്‍, മൃഗങ്ങളുടെ കഥകള്‍, സ്നേഹത്തിന്‍റെയും നന്മയുടേയും കഥകള്‍, അങ്ങനെ... അങ്ങനെ... പക്ഷെ, ലോകം മാറി. പുതിയ പുതിയ സമരങ്ങളിലൂടെയും സംഭവവികാസങ്ങളിലൂടെയുമാണ് അതിന്‍റെ കടന്നുപോക്ക്. നമ്മുടെ കുഞ്ഞുങ്ങളും അത്തരം കാര്യങ്ങളൊക്കെ അറിഞ്ഞിരിക്കണ്ടേ. ജോലി ചെയ്യുന്ന അമ്മമാരെ കുറിച്ചും, അവരുടെ അവകാശങ്ങളെ കുറിച്ചും, സ്വവര്‍ഗാനുരാഗികളായ സ്ത്രീകളേയും പുരുഷന്മാരേയും കുറിച്ചുമൊക്കെ. 

അങ്ങനെയൊരു പുസ്തകം തയ്യാറാക്കിയിരിക്കുന്നത് ലണ്ടനിലുള്ള സൂസെയ്ന്‍ ഹെമ്മിങ് എന്ന നാല്‍പത്തിയഞ്ചുകാരിയായ എഴുത്തുകാരിയാണ്. രാഷ്ട്രീയ സത്യസന്ധത പുലര്‍ത്തുന്ന ഒരു കഥാപുസ്തകമിറക്കണമെന്ന ചിന്തയുടെ ബാക്കിപത്രമാണ് 'ക്വീന്‍ എഞ്ചിനീയര്‍' എന്ന കുഞ്ഞുങ്ങള്‍ക്കുള്ള പുസ്തകം. 'ഒരു പെണ്‍കുട്ടിക്ക് എന്തൊക്കെയാണോ സന്തോഷം തരുന്നത് അതെല്ലാം അവള്‍ ചെയ്യട്ടെ' എന്നതാണ് പുസ്തകം പറയുന്നത്. ഒരു പെണ്‍കുട്ടിയുടെ സ്വപ്നം അവളുടെ രാജകുമാരനെ കണ്ടെത്തുക എന്നത് മാത്രമല്ലെന്നും പുസ്തകം വ്യക്തമാക്കുന്നു. ഫ്ലോറന്‍സ് എന്ന രാജകുമാരിയുടെ കഥയാണിത്. അവര്‍ക്ക് എഞ്ചിനീയറാകണമെന്നാണ് ആഗ്രഹം. പക്ഷെ, അവരുടെ അച്ഛന്‍ പറഞ്ഞത്, അവര്‍ ഒരു രാജാവിനെ വിവാഹം കഴിക്കണമെന്നും അമ്മയായി ജീവിക്കണമെന്നുമാണ്. പക്ഷെ, ചില കാര്യങ്ങളിലൂടെ അവള്‍ ഒരുപാട് കഴിവുകളുള്ള പെണ്‍കുട്ടിയാണെന്ന് അച്ഛന്‍ മനസിലാക്കുകയാണ്. അതേ കഥയില്‍ തന്നെ ഫ്ലോറന്‍സിനെ കുഞ്ഞുനാളില്‍ നോക്കിയിരുന്ന ആയ മറ്റൊരു സ്ത്രീയെ തന്നെ വിവാഹം കഴിക്കുന്നതിനെ കുറിച്ചും പറയുന്നുണ്ട്. അതിലൂടെ, സ്വവര്‍ഗാനുരാഗിയായ ഒരു സ്ത്രീയെക്കൂടി സൂസെയ്ന്‍ ആ പുസ്തകത്തിലേക്ക് കൊണ്ടുവരുന്നു. 

സൂസന്‍റെ ജീവിതത്തില്‍ നിന്നുമാണ് ആ കഥാപാത്രങ്ങള്‍ക്കുള്ള പ്രചോദനം. സൂസെയ്ന്‍റെ മകളെ നോക്കിയിരുന്ന പെണ്‍കുട്ടി മറ്റൊരു പെണ്‍കുട്ടിയെ ആയിരുന്നു വിവാഹം കഴിച്ചത് . അത് സൂസെയ്നും മകളും ഫേസ്ബുക്ക് ലൈവിലൂടെ കണ്ടിരുന്നു. അന്ന് കുഞ്ഞായിരുന്ന മകള്‍ അമ്മയോട് ചോദിച്ചിരുന്നു, 'അവരൊരു രാജകുമാരിയെ പോലെയുണ്ട്. അവരെന്താ മറ്റൊരു രാജകുമാരിയെ വിവാഹം കഴിക്കുന്നതെ'ന്ന്. സൂസെയ്ന്‍ മറുപടി പറഞ്ഞത്, ഒരു രാജകുമാരി മറ്റൊരു രാജകുമാരിയുമായി പ്രണയത്തിലാകുന്നതില്‍ തെറ്റില്ല, അവരെ അതാണ് സന്തോഷിപ്പിക്കുന്നതെങ്കില്‍ അവരത് ചെയ്യുന്നതില്‍ ഒരു കുഴപ്പവുമില്ലെന്നാണ്. അന്ന് കുഞ്ഞായിരുന്ന മകള്‍ അത് അംഗീകരിച്ചു. അപ്പോഴാണ് സൂസെയ്ന് തോന്നിയത് ഒരു കുഞ്ഞിന് അത് അംഗീകരിക്കാനാകുന്നുണ്ട്. കുഞ്ഞുങ്ങള്‍ക്ക് കാര്യങ്ങളെ നന്നായി ഉള്‍ക്കൊള്ളാനാകും. പിന്നെ ആ വിഷയങ്ങള്‍ കഥാപുസ്തകങ്ങളിലുള്‍ക്കൊള്ളിക്കാത്തതെന്തുകൊണ്ടാണെന്ന്. അങ്ങനെയാണ് തന്‍റെ അടുത്ത പുസ്തകം അത്തരത്തിലാവണമെന്ന് അവര്‍ തീരുമാനിക്കുന്നത്. 

താനൊരമ്മയാണ്. എഞ്ചിനീയറിങ് പഠിച്ചതാണ്. പക്ഷെ, പിന്നീട് എഴുത്തുകാരിയായി. കുഞ്ഞുങ്ങള്‍ക്കിഷ്ടം രാജകുമാരികളുടെ കഥയാണ്. അങ്ങനെയാണ് രാജകുമാരിയുടെ കഥ എഴുതുന്നത്. ആ രാജകുമാരിക്ക് എന്തുകൊണ്ട് തന്നെപ്പൊലൊരു സ്ത്രീയെ പോലെ സയന്‍സിലും കണക്കിലും അറിവുണ്ടായിക്കൂടാ എന്നും ചിന്തിച്ചുവെന്ന് എഴുത്തുകാരി വ്യക്തമാക്കുന്നു.

കഥയുടെ സന്ദേശത്തെ കുറിച്ച് സൂസന് പറയാനുള്ളത് ഇതാണ്, '' മനുഷ്യര്‍ പലതരത്തിലുണ്ടാകും. നിങ്ങളില്‍ തന്നെ പലതുമുണ്ടാകും. പക്ഷെ, അവരവരായിരിക്കുക. അത് ജീവിതത്തില്‍ സന്തോഷം തരും. '' അത് ചെറുപ്രായത്തില്‍ തന്നെ കുട്ടികളറിയുന്നതിനായാണ് ഈ കഥാപുസ്തകം.

click me!