ദ്വീപില്‍ കൊലയാളികളായി ഭീമന്‍ എലികള്‍, തുരത്താനെത്തിയ രക്ഷാസംഘം കൊറോണയെത്തുടര്‍ന്ന് തിരികെപ്പോയി...

By Web TeamFirst Published May 20, 2020, 3:37 PM IST
Highlights

എലികളെ തുരത്താനാവാതെ കടലിലൂടെ അവർ തിരിച്ച് യാത്രയായി. ദുഷ്കരമായ തിരിച്ചുള്ള യാത്രക്കൊടുവിൽ സംഘാംഗങ്ങള്‍ വീടുകളിൽ സുരക്ഷിതരായി എത്തി. എന്നിരുന്നാലും, ഈ പക്ഷികളെ സംരക്ഷിക്കാനുള്ള പദ്ധതി പാതിവഴിക്ക് ഉപേക്ഷിക്കേണ്ടി വന്നതിൽ അവർക്ക് അതിയായ സങ്കടമുണ്ട്.

ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദ്വീപുകളിലൊന്നായ തെക്കൻ അറ്റ്ലാന്‍റിക് സമുദ്രത്തിലെ ഗോഫ് ദ്വീപ് ഒരുവിഭാഗം ഭീമൻ കൊലയാളികളുടെ വാസകേന്ദ്രമാണ്. ആ കൊലയാളികള്‍ അവിടെയുള്ള കടൽ പക്ഷികളെ നിർദ്ദയം കൊന്നുതള്ളിക്കൊണ്ടിരിക്കുന്നു. ഓരോ ദിവസവും ചാവുന്ന കടൽ പക്ഷികളുടെ എണ്ണം ഭയപ്പെടുത്തുന്നതാണ്. എന്നാൽ, ഈ കൊലയ്ക്കെല്ലാം കാരണക്കാര്‍ ആരാണെന്നോ? കുറച്ച് ഭീമൻ എലികള്‍. ഈ ഭീമൻ എലികൾ നാം വിചാരിക്കുന്ന പോലെ അത്ര നിസ്സാരക്കാരല്ല. അതുകൊണ്ടുതന്നെ  ഒടുവിലാ കൊലയാളികളെ തളയ്ക്കാനായി ഒരു സംഘം ദ്വീപിലെത്തുക വരെ ചെയ്‍തു. 

'റോയൽ സൊസൈറ്റി ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് ബേർഡ്സി'ൽ നിന്നുള്ള 12 പ്രകൃതി സംരക്ഷകരുടെ ഒരു സംഘമാണ് അറ്റ്ലാന്റിക് സമുദ്രം കടന്ന് 12 ദിവസം കപ്പലിലും, RAF A400 വിമാനത്തിലുമായി 4,000 മൈൽ ദൂരം താണ്ടി ഗോഫ് ദ്വീപിലെത്തിയത്. ഈ ഭീമന്‍ എലികളെ ഇല്ലാതാക്കുക എന്ന ദൗത്യം ഏറ്റെടുത്ത് ഫെബ്രുവരിയിലാണ് സംഘം ദ്വീപിൽ എത്തിയത്. 

ഈ എലികള്‍ 150 വർഷങ്ങൾക്ക് മുമ്പ് ബോട്ടുകൾ വഴിയാണ് ദ്വീപിലെത്തിയത് എന്ന് കരുതുന്നു. വലിപ്പം കൂടിയ ഈ എലികള്‍ ഓരോ വർഷവും ദശലക്ഷകണക്കിന് കടൽ പക്ഷികളെയാണ് കൊല്ലുന്നത്. പക്ഷികൾ നിലത്ത് കൂടുണ്ടാക്കുന്നതിനാൽ അവ എലികൾക്ക് ഇരകളാകുന്നു. എന്നാൽ, എലികൾ ഇപ്പോൾ മുതിർന്ന കടൽ പക്ഷികളെയും ആക്രമിച്ചു തുടങ്ങി. ലോകത്തിലെ ഏറ്റവും ഭീഷണി നേരിടുന്ന ഒരു ഇനമായ Tristan albatross എന്ന ഇനത്തെ വംശനാശത്തിലേക്ക് തള്ളിവിടുന്നതും ഈ എലികള്‍ തന്നെ. 'റോയൽ സൊസൈറ്റി ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് ബേർഡ്സി'ൽ നിന്നുള്ള സംഘം എത്തിയാല്‍ ഈ എലികളുടെ കാര്യത്തിലൊരു തീരുമാനമാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, കൊറോണ വൈറസ് ലോകത്തെ ബാധിച്ചു തുടങ്ങിയപ്പോൾ, സംഘത്തിന് അവരുടെ ദൗത്യം പാതി വഴിവച്ച് ഉപേക്ഷിക്കേണ്ടി വന്നു. 

എലികളെ തുരത്താനാവാതെ കടലിലൂടെ അവർ തിരിച്ച് യാത്രയായി. ദുഷ്കരമായ തിരിച്ചുള്ള യാത്രക്കൊടുവിൽ സംഘാംഗങ്ങള്‍ വീടുകളിൽ സുരക്ഷിതരായി എത്തി. എന്നിരുന്നാലും, ഈ പക്ഷികളെ സംരക്ഷിക്കാനുള്ള പദ്ധതി പാതിവഴിക്ക് ഉപേക്ഷിക്കേണ്ടി വന്നതിൽ അവർക്ക് അതിയായ സങ്കടമുണ്ട്. സാഹചര്യം അനുകൂലമാവുകയും, ധനസഹായം ലഭിക്കുകയും ചെയ്താൽ 2021 -ൽ ഭീമൻ എലികളെ ഉന്മൂലനം ചെയ്യാനുള്ള ദൗത്യത്തിന് ഒരിക്കൽ കൂടി ശ്രമിക്കുമെന്ന് അവർ പറഞ്ഞു. അതുവരെ ആ ഭീമൻ എലികൾ ദ്വീപിൽ തങ്ങളുടെ വേട്ട തുടർന്ന് കൊണ്ടിരിക്കും. 

ഒരു ദ്വീപിൽ നിന്നും എലികളെ തുരത്താന്‍ വലിയൊരു ദൗത്യസംഘമൊക്കെ എത്തുക എന്നത് നമ്മളെ സംബന്ധിച്ചിടത്തോളം അത്ഭുതമുളവാക്കുന്ന ഒരു കാര്യമായിരിക്കാം. പക്ഷേ, മറ്റ് പലയിടത്തും സമാനമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. ന്യൂസിലാന്റിലെ ആന്റിപോഡ്സ് ദ്വീപും, സൗത്ത് ജോർജിയ ദ്വീപും അടുത്തിടെ എലിശല്യമുക്തമായതായി പ്രഖ്യാപിച്ചിരുന്നു.  

click me!