കീശ കീറാതിരിക്കാൻ ഒരു തയ്യൽക്കാരൻ കണ്ടുപിടിച്ച സൂത്രം 'ലെവി സ്‌ട്രോസ്' എന്ന ജീൻസ് കമ്പനിയായ കഥ

By Babu RamachandranFirst Published May 20, 2020, 12:36 PM IST
Highlights

തൊണ്ണൂറുകളിൽ ബാല്യകൗമാരയൗവ്വനങ്ങൾ പിന്നിട്ട പലരുടെയും ആദ്യത്തെ ജീൻസോർമ്മ ഒരുപക്ഷേ അക്ഷയ് കുമാർ പരസ്യത്തിൽ വന്ന റഫ് 'n' ടഫ് ആയിരിക്കും. 

ജീൻസ് എന്ന വസ്ത്രത്തോളം ലോകത്ത് വിമർശനങ്ങൾക്ക് ഇരയായിട്ടുള്ള മറ്റൊന്നും ഉണ്ടാകുമെന്ന് തോന്നുന്നില്ല. പലപ്പോഴായി പലരുടെയും  ഭാഗത്തുനിന്ന്  ജീൻസിനെപ്പറ്റി കടുത്ത പരാമർശങ്ങൾ ഉണ്ടായിട്ടുണ്ട്. 'പെണ്‍കുട്ടികള്‍ ജീന്‍സിട്ട് ചാടിയാല്‍ ഗര്‍ഭപാത്രം തിരിഞ്ഞുപോകു'മെന്ന് പ്രഭാഷകനായ രജിത് കുമാർ പറഞ്ഞത് സർക്കാരിന്റെ മൂല്യബോധന യാത്രയിലായിരുന്നു. 'സ്ത്രീകൾക്ക് ജീൻസ് ധരിക്കാൻ ബൈബിൾ അധികാരം തരുന്നില്ല' എന്ന്  ഒരു ക്രിസ്തീയ പുരോഹിതൻ പറഞ്ഞത് ശാലോം ടിവിയിലൂടെ നടത്തിയ പ്രഭാഷണത്തിനിടെയായിരുന്നു.'കീറിയ ജീൻസിട്ടു നടക്കുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യുകയാണ് രാജ്യസ്നേഹികളായ പുരുഷന്മാരുടെ കർത്തവ്യം' എന്ന് ഇറാനിലെ അഭിഭാഷകനായ നാബി അൽ വാഹ്ഷ് ഒരു ടിവി അഭിമുഖത്തിനിടെ പറഞ്ഞതും വിവാദമായിരുന്നു. 'സ്ത്രീകൾ ജീൻസിട്ട് മറ്റുള്ളവരെ വിഷമിപ്പിക്കരുത്' എന്നുപറഞ്ഞ ഗാനഗന്ധർവൻ യേശുദാസും ഏറെ കോലാഹലങ്ങൾക്ക് കാരണമായി.

എന്നാൽ, വിവാദങ്ങൾക്കപ്പുറം ജീൻസിന്റെ സൗകര്യങ്ങൾ ഏറെയാണ്. ഇതുപോലെ ആഴ്ചകളോളം അലക്കാതെ, അതേ സമയം മുഷിയാതെ, ധരിക്കാവുന്ന മറ്റൊരു വസ്ത്രമുണ്ടോ? ഇത്രയും കാലം കീറാതെ, പിഞ്ചാതെ നിലനിൽക്കുന്ന ഒരുടുപ്പുണ്ടോ? ഓഫീസിലും, വിശേഷാവസരങ്ങളിലും ഒരുപോലെ ധരിച്ചുകൊണ്ട് പോകാവുന്ന വേറൊരു ഡ്രസ്സുണ്ടോ? 

ഇന്ന്, മെയ് 20 ജീൻസിന്റെ ചരിത്രത്തിലെ സുപ്രധാനമായ ഒരു ദിവസമാണ്. ഇന്നേക്ക് 147 വർഷം മുമ്പാണ് ലോകത്തിലെ ആദ്യത്തെ ജീൻസിന്റെ പേറ്റന്റ് രജിസ്റ്റർ ചെയ്യപ്പെടുന്നത്. ജർമ്മനിയിൽ നിന്ന് അമേരിക്കയിലെ സാൻഫ്രാൻസിസ്‌കോലേക്ക് കുടിയേറിപ്പാർത്ത മൊത്ത വ്യാപാരിയായിരുന്ന ലെവി സ്ട്രോസും, അദ്ദേഹത്തിന്റെ പ്രധാന കസ്റ്റമർമാരിൽ ഒരാളും  നെവാഡയിലെ റെനോ നഗരത്തിലെ അറിയപ്പെടുന്ന തയ്യൽപ്പണിക്കാരിൽ ഒരാളുമായിരുന്ന ജേക്കബ് ഡേവിസും ചേർന്നാണ് 501® എന്ന പേരിൽ ഒരു ജീൻസിനുള്ള പേറ്റന്റ് (patent no.139,121) രജിസ്റ്റർ ചെയ്യുന്നത്.  XX എന്ന പേരിൽ ലെവി സ്‌ട്രോസ് ആൻഡ് കമ്പനിയുടെ ബാനറിൽ പുറത്തിറക്കിയ ഈ 'ഓവറാൾസ്' പിന്നീട് 'ഡെനിം ജീൻസ്' എന്ന പേരിൽ വിശ്വ സിദ്ധമായി. കോടിക്കണക്കിന് ജീൻസുകൾ വിറ്റഴിഞ്ഞു.  

ആദ്യ പേറ്റന്റ്

1873 ജൂൺ 28 -ന് പസിഫിക് റൂറൽ പ്രസ് എന്ന മാസികയിൽ പുതിയൊരു പേറ്റന്റിനെപ്പറ്റി ഒരു വിശേഷാൽ ലേഖനം അടിച്ചുവന്നു. അത് ഡെനിം ജീൻസ് എന്നറിയപ്പെട്ടിരുന്ന കട്ടികൂടിയ തുണികൊണ്ടുണ്ടാക്കിയ ഒരു പ്രത്യേകതരം പാന്റ്സ് ആയിരുന്നു അത്. അന്നോളം തയ്ച്ചു വന്നിരുന്ന പാന്റ്സുകളിൽ നിന്ന് അതിന് ഒരു വിപ്ലവകരമായ സവിശേഷത ഉണ്ടായിരുന്നു. അത് ഖനികളിൽ ജോലി ചെയ്യുന്നവരെയും, കൗബോയ് സംസ്കാരത്തിൽ കുതിരപ്പുറത്ത് കേറിമറിഞ്ഞു നടക്കുന്നവരെയും കർഷകരെയും ഒക്കെ ഉദ്ദേശിച്ചുള്ള, ഓവറാൾ(Overall) എന്നറിയപ്പെട്ടിരുന്ന ഒരു 'ടഫ്' വർക്ക് പാന്റ്സ് ആയിരുന്നു. അന്നത്തെ പാന്റുകളുടെ ഒരു പ്രധാന പരിമിതി, സ്പാനറോ പൈപ്പ് റെഞ്ചോ പോലെ ഭാരമുള്ള എന്തെങ്കിലും ടൂൾസ് അല്ലെങ്കിൽ കനമുള്ളത് എന്തും കീശയിൽ തിരുകിയാൽ കീശ കീറിപ്പോയിരുന്നു എന്നതാണ്. 

 


മേൽപ്പറഞ്ഞ പരുക്കന്മാരുടെ ദൈനംദിന 'കീശകീറൽ' പ്രശ്നത്തിന് നെവാഡയിലെ തയ്യൽക്കാരനായ ജേക്കബ് ഡേവിസ് ഒരു പരിഹാരം കണ്ടുപിടിച്ചിട്ടുണ്ടായിരുന്നു. ലാത്വിയയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ തയ്യൽക്കാരനായ ജേക്കബ് യൂഫസ് തന്റെ നാട്ടുകാർ എല്ലാവരും ചെയ്യുന്നതുപോലെ അമേരിക്കക്കാർക്ക് വിളിക്കാൻ സൗകര്യത്തിന് തന്റെ പേര് ചെറുതായൊന്നു മാറ്റിയാണ്  ജേക്കബ് W ഡേവിസ് ആയത്. 'ഡെനിം ജീൻസ്' എന്ന കട്ടികൂടിയ തുണി കൊണ്ടുണ്ടാക്കുന്ന  പാന്റിലെ കീശകളുടെ മുകൾ വശത്ത് രണ്ടറ്റത്തുമായി ഓരോ റിവറ്റുകൾ അഥവാ ഒരു പ്രത്യേകതരം ചെമ്പ് ബട്ടണുകൾ വെച്ചാൽ, പഴയ പോലെ അത് കീറില്ല എന്ന് അദ്ദേഹം പരീക്ഷിച്ച് കണ്ടെത്തി. ഈ കണ്ടുപിടുത്തം വസ്ത്രനിർമാണ രംഗത്ത് സൃഷ്ടിക്കാൻ പോകുന്ന വിപ്ലവത്തെപ്പറ്റി അദ്ദേഹത്തിന് നല്ല ധാരണയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇതിന് പേറ്റന്റെടുക്കാനും, ഫാക്ടറികൾ വഴി പുതിയ ഡിസൈനിലുള്ള തന്റെ ജീൻസുകൾ വ്യാപകമായി നിർമിച്ച് വിറ്റഴിക്കാനും ഡേവിസിന് ആഗ്രഹവുമുണ്ടായിരുന്നു. എന്നാൽ അതിനുള്ള വഴിയേ തടസമായി നിന്നിരുന്നത് ഒന്നുമാത്രം, പണം.

തുണിക്കച്ചവടക്കാരനും, തയ്യൽക്കാരനും ഒന്നിച്ചപ്പോൾ

പേറ്റന്റെടുക്കുന്നതിന്റെ ചെലവും, പിന്നീട് ഫാക്ടറി സ്ഥാപിച്ച്, 'റിവറ്റഡ് ഓവറാൾ പാന്റുകൾ' വ്യാവസായികാടിസ്ഥാനത്തിൽ നിർമിച്ച് വിതരണം ചെയ്യുന്നതിനും ഒരു പങ്കാളിയെ തിരഞ്ഞുകൊണ്ടിരിക്കെയാണ് ഡേവിസ് തനിക്ക് ഡെനിം ക്ളോത്ത് സപ്ലൈ ചെയ്യുന്ന ലെവി സ്‌ട്രോസ് എന്ന ജർമൻയുവാവിനെപ്പറ്റി ഓർത്തത്. അയാൾ ആളൊരു മാന്യനാണ് എന്ന് ഡേവിസിന് തോന്നിയിരുന്നു.  ജന്മം കൊണ്ട് ലാത്‌വിയക്കാരനായിരുന്നതുകൊണ്ട് ഇംഗ്ലീഷ് ഗ്രാമർ തെറ്റാതെ എഴുതാനൊന്നും ഡേവിസിന് അറിയില്ലായിരുന്നു. എഴുതുന്നത് ഇനി എത്ര പൊട്ട ഇംഗ്ലീഷിൽ എഴുതിയാലും അത് വായിക്കുന്നയാളിന് കാര്യം മനസ്സിലായിക്കൊള്ളും എന്ന ആത്മവിശ്വാസം മാത്രമായിരുന്നു അദ്ദേഹത്തിന്റെ കൈമുതൽ. ലെവി സ്‌ട്രോസിന് ഡേവിസ് എഴുതിയ ആ കത്ത് ഇവിടെ വായിക്കാം. 

 

ഡേവിസ് അയച്ച കത്തിന്റെ രത്നച്ചുരുക്കം ഇതായിരുന്നു. " നിങ്ങളിൽ നിന്ന് മുമ്പ് വാങ്ങിയതിന്റെ കണക്കു തീർത്തുള്ള 350 ഡോളറിന്റെ ചെക്ക് ഇതോടൊപ്പമുണ്ട്. നിങ്ങളുടെ കയ്യിൽ നിന്ന് ഞാൻ സ്ഥിരം വാങ്ങുന്ന 10 oz Duck ക്ളോത്തിൽ തയ്ച്ച രണ്ടു സാമ്പിൾ പാന്റുകൾ കൂടി ചെക്കിനൊപ്പം പാർസലായി അയക്കുന്നു. ഇതിൽ ഞാൻ 'റിവറ്റിങ്' എന്ന എന്റെ സ്വന്തം ടെക്‌നോളജി ഉപയോഗിച്ചിട്ടുണ്ട്. ഇന്നോളം ആരും ഉപയോഗിച്ചിട്ടില്ലാത്ത അത് അത് പാന്റിന്റെ പോക്കറ്റും മറ്റും കീറുന്നത് തടയും. അതുകൊണ്ട് എനിക്ക് ഇതിന് നല്ല കച്ചോടമുണ്ട്. അപ്പുറം ഇപ്പുറമുള്ള വില്പനക്കാർക്ക് അതുകൊണ്ടുതന്നെ നല്ല അസൂയയും ഉണ്ട്. ഇത് പേറ്റന്റ് ചെയ്തില്ലെങ്കിൽ താമസിയാതെ അവരും ഉണ്ടാക്കിത്തുടങ്ങും. എനിക്ക് ഇത് പേറ്റന്റെടുക്കാനുള്ള പണമോ, ഫാക്ടറിയിൽ വൻതോതിൽ നിർമിക്കാനുള്ള മൂലധനമോ ഒന്നുമില്ല. നിങ്ങൾ നിക്ഷേപം നടത്താൻ തയ്യാറുണ്ടെങ്കിൽ പേറ്റന്റെടുത്ത്  നമുക്ക് ഒന്നിച്ചുണ്ടാക്കാം. നല്ല ലാഭമുണ്ടാക്കാനുള്ള സാധ്യത ഈ രംഗത്തുണ്ട്. " 

ന്യൂയോർക്കിൽ നിന്ന് തയ്യൽ ജോലികൾക്കുള്ള എല്ലാത്തരം അവശ്യവസ്തുക്കളും, ടെന്റുകളും, കിടക്കകൾ, ടൂൾസ് തുടങ്ങിയവയും വിൽക്കാൻ വേണ്ടി കാലിഫോർണിയയിലെ സ്വർണ്ണഖനികളിലേക്ക് എത്തിയതായിരുന്നു ജർമ്മനി സ്വദേശിയായ ലെവി സ്‌ട്രോസ്. ഡേവിസിന്റെ ഐഡിയ തനിക്കുള്ള ലോട്ടറിയാണ്  എന്നുതിരിച്ചറിഞ്ഞ ലെവി ഉടനടി അതിന് സമ്മതം മൂളി. എത്ര പണം ചെലവാകുമോ അത്രയും മുടക്കാൻ ലെവി സ്‌ട്രോസ് തയ്യാർ, ഒരൊറ്റ നിബന്ധന മാത്രം. ബ്രാൻഡ് നെയിം 'ലെവി സ്‌ട്രോസ് ആൻഡ് കമ്പനി' എന്നായിരിക്കും. പേറ്റന്റ് രണ്ടുപേരുടെയും പേർക്ക് രജിസ്റ്റർ ചെയാം. ബാക്കി എല്ലാം പപ്പാതി. നഷ്ടപ്പെടാൻ ഒന്നുമില്ലാതിരുന്ന ഡേവിസിനും ഡീൽ ന്യായമെന്ന് തോന്നി.

 

 

അങ്ങനെ 1871 -ൽ അവർ ഇരുവരും കൂടി തുടങ്ങിയതാണ് 'ലെവി സ്‌ട്രോസ് ആൻഡ് കോ'. എന്തായാലും അവരുടെ കൂട്ടുകച്ചവടം പൊടിപൊടിച്ചു. രണ്ടു വർഷം കഴിഞ്ഞാണ് നേരത്തെ പറഞ്ഞ 'പേറ്റന്റ്' അവരെത്തേടിയെത്തുന്നത്. കീറാൻ സാധ്യതയുള്ള സ്ട്രെസ് പോയന്റുകൾ ഒക്കെയും റിവറ്റ് ചെയ്തുറപ്പിച്ചിരുന്നു ഡേവിസ്.  ജീൻസ് വലിച്ചു കീറാൻ ശ്രമിക്കുന്ന രണ്ടു കുതിരകളായിരുന്നു ആദ്യത്തെ ലോഗോ. കുതിരകൾ വലിച്ചാലും കീറാത്തതാണ് തങ്ങളുടെ ജീൻസ് എന്നതായിരുന്നു കമ്പനിയുടെ അവകാശവാദം. 1912 -ൽ കുട്ടികൾക്കും, 1918 -ൽ സ്ത്രീകൾക്കുമുള്ള ജീൻസ് വരുന്നു. അന്നോളം ഉണ്ടാക്കിയിരുന്ന പാന്റ്സുകളിൽ നിന്ന് വേറിട്ട ഡിസൈൻ ആയിരുന്നു ലൈവി സ്‌ട്രോസിന്റെത്. പിന്നിൽ ഒരു പോക്കറ്റ്, മുന്നിൽ രണ്ടു പോക്കറ്റ്, പിന്നെ അന്നത്തെ ചെറുപ്പക്കാർ സ്ഥിരം കൊണ്ടുനടന്നിരുന്ന പോക്കറ്റ് വാച്ചിടാൻ വേണ്ടി ഒരു കുഞ്ഞുപോക്കറ്റ് വേറെയും. ഇതായിരുന്നു അന്നത്തെ  501® ജീൻസിന്റെ ട്രേഡ്‌മാര്‍ക്ക് ഡിസൈൻ.

 

 

ഡെനിമിന്റെ ഉത്ഭവം, ജീൻസിന്റെയും

മാഞ്ചസ്റ്ററിലുള്ള അമോസ്കീഗ് മാനുഫാക്ച്ചറിങ് കമ്പനി (Amoskeag Manufacturing Company) ആയിരുന്നു ജീൻസ് തുന്നാൻ വേണ്ട തുണി നൽകിയിരുന്നത്. ഡെനിം ജീൻസ് എന്നാണ് തുണി അറിയപ്പെട്ടിരുന്നത്.  സെർജി ഡെ നിംസ്  (Serge de Nîmes) എന്നറിയപ്പെട്ടിരുന്ന ഒരു വിശേഷയിനം തുണിയിൽ നിന്നാണ് ഈ പേരിന്റെ ഉത്ഭവം. ഫ്രാൻസിലെ നിംസ് എന്ന സ്ഥലത്തുള്ള നെയ്ത്തുകാർ ആദ്യം ശ്രമിച്ചത് ഇറ്റലിയിലെ ജീനോവ നഗരത്തിലുള്ളവർ നെയ്തുകൊണ്ടിരുന്ന പോലുള്ള സവിശേഷയിനം കോട്ടൺ തുണി നെയ്തെടുക്കാനാണ്. നൂറ്റാണ്ടുകളായി ഇറ്റാലിയൻ ദ്വീപനഗരമായ ജീനോവയിലെ തുണിമില്ലുകളിൽ നിന്നുത്പാദിപ്പിക്കപ്പെട്ടിരുന്ന തുണിത്തരങ്ങളാണ് യൂറോപ്പിലേക്ക് മൊത്തമായി കയറ്റി അയക്കപ്പെട്ടുകൊണ്ടിരുന്നത്. അതിനെ അനുകരിക്കാനുള്ള നിംസുകാരുടെ ശ്രമം പാളിപ്പോയി എങ്കിലും ശ്രമിച്ചുശ്രമിച്ച് ഒടുവിലവർ മറ്റൊരിനം തുണിയിലേക്ക് എത്തിപ്പെട്ടു. ഇരു നഗരങ്ങളുടെയും പേരിൽ പിന്നീട് ആ തുണി അറിയപ്പെട്ടു. 'de Nîmes Genes' അതായത് 'ജീനോവ മോഡലിൽ നിംസുകാർ നെയ്തത്' എന്നർത്ഥം. 'Genes' എന്നതിന് രൂപഭേദം വന്നാണ് ഒടുവിൽ 'Jeans' എന്നായത് 

നീലം മുക്കിയ ജീൻസ്‌

നീല നിറമായിരുന്നു 'ഡെനിം ജീൻസ്‌' തുണിക്ക്. നല്ല കട്ടിയുള്ള, പരുക്കൻ ഫിനിഷിലുള്ള, ദീർഘകാലം ഈടുനിന്നിരുന്ന ഈ തുണിത്തരം കഠിനമായ ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്കുള്ള പാന്റ്സുകൾ തയ്‌ക്കാൻ പ്രയോജനപ്പെട്ടു. 1848 -ൽ കാലിഫോർണിയയിൽ സ്വർണഖനികൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ ഖനിത്തൊഴിലാളികൾക്കുള്ള തൊഴിൽ വസ്ത്രങ്ങൾ തയ്‌ക്കാൻ അവർ ഡെനിം ക്ളോത്ത് ഉപയോഗിച്ചു. ഡെനിം തുണിയുടെ മറ്റൊരു പേര് ഡങ്കാരി (dungaree). ഇന്ത്യയിൽ നിന്നുള്ള, മറാത്തികൾ ഡോങ്ഗ്രി എന്ന് വിളിച്ചിരുന്ന പരുക്കൻ കാലിക്കോ പരുത്തിത്തുണിയുടെ പേരിൽ നിന്ന് ബ്രിട്ടീഷ് വ്യാപാരികൾ സ്വീകരിച്ചതാണ് ആ പേര്. ഇന്നും മഹാരാഷ്ട്രയിലും മറ്റും തൊഴിലാളികൾ ധരിക്കുന്ന ബോയിലർ സ്യൂട്ടുകളെ വിളിക്കുന്നത് ഡാങ്ഗ്രി എന്നാണ്.   അന്ന് എളുപ്പത്തിൽ ലഭ്യമായിരുന്ന നീലം (indigo dye) ഉപയോഗിച്ചാണ് ജീൻസിന് നീല നിറം നൽകിയിരുന്നത്.

ഓവറാളിൽ നിന്ന് 'ബിബ്'ലെസ്സ് പാന്റ്സിലേക്ക്
 
ലെവി സ്‌ട്രോസ് തന്റെ പാര്‍‌ട്‌ണറായ ജേക്കബ് ഡേവിസിനെത്തന്നെ പുതിയ ഫാക്ടറിയുടെ മേൽനോട്ടം ഏൽപ്പിച്ചു. ആദ്യമാദ്യമൊക്കെ ജീൻസ് ധരിച്ചിരുന്നത്  തൊഴിലാളികൾ മാത്രമാണ്. നീല ഡെനിം തുണിയിൽ ഓറഞ്ച് നൂലുകൾ കൊണ്ടാണ് ജേക്കബ് ഡേവിസ് തന്റെ ജീൻസുകൾ എന്നും തുന്നിയെടുത്തിരുന്നത്. പിന്നീട് തുണികളുടെ നിറത്തിൽ മാറ്റം വന്നെങ്കിലും ഓറഞ്ച് നൂൽ അതുപോലെ തുടർന്നു. ആദ്യത്തെ പതിനേഴു വർഷം മാത്രമാണ് ലെവി സ്‌ട്രോസിന് 'റിവറ്റഡ്‌ ജീൻസ്‌' ഡിസൈനിന്റെ പേറ്റന്റ് ഉണ്ടായിരുന്നത്. അതിനു ശേഷം ലീയും റാംഗ്‌ളരും ബോസും ഒക്കെ അതെ സ്റ്റൈൽ അനുകരിച്ചു.  1936 -ൽ ലെവി സ്‌ട്രോസ് കമ്പനിയാണ് ആദ്യമായി ജീൻസിന്റെ പിന്നിൽ ഒരു ചെറിയ ചുവന്ന തുണിക്കഷ്ണത്തിൽ തങ്ങളുടെ ട്രേഡ്മാർക്ക് ആയ Levi's എന്നത് വെള്ള അക്ഷരങ്ങളിൽ പ്രിന്റ് ചെയ്ത് ചേർക്കുന്നു . അത് പിന്നീട് ആളുകളുടെ സ്റ്റാറ്റസ് സിംബൽ ആയി മാറി. ഇൻ ചെയ്ത് ഈ ബ്രാൻഡ് നെയിം പ്രദർശിപ്പിച്ചായി ആളുകളുടെ നടത്തം. വള്ളി ട്രൗസറിനൊക്കെ കാണുന്ന പോലെ നെഞ്ചിൽ ഒരു കഷ്ണം തുണിയും, അതിനെ പാന്റ്സിന്റെ പിൻ ഭാഗത്തോട് യോജിപ്പിക്കുന്ന വള്ളികളും ചേർന്ന ബിബ്(bib) എന്ന ഭാഗം കൂടി ചേർന്നതായിരുന്നു അന്നത്തെ ജീൻസ്‌ ഡിസൈനുകൾ. 1950 ലാണ് ആദ്യമായി ബിബ് ഇല്ലാത്ത പാന്റ്സ് മോഡൽ ജീൻസ്‌ വരുന്നത്.'

 

 

താന്തോന്നിത്തരത്തിന്റെ പ്രതീകമായ ജീൻസ്‌

അമേരിക്കൻ പട്ടാളക്കാരൻ ജീൻസിന് ആദ്യമായി ജനപ്രീതി നൽകിയത്. രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് നാട്ടിലെത്തിയ പട്ടാളക്കാർ പലരും, തങ്ങളുടെ ടഫ് ലുക്ക് നിലനിർത്താൻ വേണ്ടി ആശ്രയിച്ചത് ജീൻസുകളെ ആയിരുന്നു. 1950 -ൽ, 'റിബൽ വിതൗട്ട് എ കോസ്' എന്ന ഹോളിവുഡ് ചിത്രത്തിലൂടെ ജോൺ ഡീൻ ഈ പുതിയ വസ്ത്രത്തെ ഒരു തരംഗമാക്കി മാറ്റി. കുലീനർ ജീൻസ്‌ ധരിക്കാറില്ല എന്നൊരു ചിന്ത അന്നൊക്ക സജീവമായിരുന്നു. വിദ്യാലയങ്ങളിലും, മത ചടങ്ങുകളിലും, കോളേജുകളിലും സർവകലാശാലകളിലും എന്തിന് തിയേറ്ററുകളിലും റെസ്റ്റോറന്റുകളിലും വരെ ജീൻസ്‌ ധരിക്കുന്നത് മര്യാദകേടായി കണക്കാക്കപ്പെട്ടിരുന്ന കാലമായിരുന്നു അൻപതുകൾ.

 

 

ജീൻസ്‌ ധരിച്ചു ചെന്നതിന്റെ പേരിൽ 1951 -ൽ ബിങ് കോസ്‌ബി എന്ന സുപ്രസിദ്ധ ഗായകന് വാൻകൂവറിൽ ഒരു ഹോട്ടൽ റൂം നിഷേധിച്ച സംഭവം ഏറെ കോലാഹലങ്ങൾക്ക് കാരണമായിരുന്നു. ഈ സംഭവം വിവാദമായതിനു ശേഷം ലെവി സ്‌ട്രോസ് കമ്പനി അദ്ദേഹത്തിന് ഒരു 'സിഗ്നേച്ചർ ജാക്കറ്റ്' ഡിസൈൻ ചെയ്തു നൽകുകയുണ്ടായി.  1953 -ൽ പുറത്തിറങ്ങിയ മർലൻ ബ്രാണ്ടോ ചിത്രമായ 'ദ വൈൽഡ് വൺ' ജീൻസിനെ ജനപ്രിയമാക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.  അറുപതുകളുടെ അവസാനത്തോടെയും തുടർന്ന് എഴുപതുകളിലും ജീൻസിന് സ്വീകാര്യത തിരിച്ചു കിട്ടി.

1965 -ൽ ന്യൂയോർക്ക് ഈസ്റ്റിലുള്ള ലിംബോ എന്നുപേരായ ഒരു ബുട്ടിക് ആണ് ആദ്യമായി ജീൻസിനെ അലക്കി നരപ്പിച്ച് ഇന്നുകാണുന്ന കീറി നരച്ച ലുക്കിൽ വിൽക്കുന്നത്. പിന്നീട് അത് ജനങ്ങളുടെ പ്രിയങ്കരമായ സ്റ്റൈൽ ആയി മാറുകയായിരുന്നു. അമേരിക്കയിൽ ജീൻസിന് എഴുപതുകളോടെ അംഗീകാരം കിട്ടി എങ്കിലും, വീണ്ടും ഒരു പതിറ്റാണ്ടിനപ്പുറമാണ് യൂറോപ്പിൽ പലേടത്തും ജീൻസിനെ ഒരു സ്വാഭാവിക വസ്ത്രമായി അംഗീകരിക്കുന്നത്. 1974 വരെയും കിഴക്കൻ ജർമനിയിലെ സ്‌കൂളുകളിൽ ജീൻസിന് വിലക്കുണ്ടായിരുന്നു.

യോഷിദാ കോജിയോ കാബുഷികികായിഷാ (Yoshida Kogyo Kabushikikaisha) എന്ന സ്ഥാപനമാണ് ലോകത്തുള്ള ഒട്ടുമിക്ക പ്രമുഖ ജീൻസ് കമ്പനികൾക്കും വേണ്ട സിപ്പറുകൾ (Zippers) നിർമിച്ചു നൽകുന്നത്. ഈ ബ്രാൻഡുകളിൽ കാണുന്ന YKK എന്ന ചുരുക്കപ്പേര് സിപ്പർ നിർമിക്കുന്ന ആ സ്ഥാപനത്തിന്റേതാണ്.  

ഇന്ത്യയിലേക്കുള്ള ജീൻസിന്റെ രംഗപ്രവേശം

1986 -ൽ അരവിന്ദ് മിൽസ് ആണ് ഇന്ത്യൻ മണ്ണിൽ ആദ്യമായി ഒരു 'ബ്രാൻഡഡ്' ജീൻസ്‌ നിർമിക്കാൻ തുടങ്ങുന്നത്. 'ഫ്ളയിങ് മെഷീൻ' എന്ന ബ്രാൻഡിലായിരുന്നു ജീൻസിന്റെ ഇന്ത്യൻ അരങ്ങേറ്റം. അന്നൊക്കെ ഇറക്കുമതി ചെയ്ത ഡെനിം തുണിയാണ് ജീൻസ്‌ നിർമിക്കാൻ അവർ ഉപയോഗിച്ചു കൊണ്ടിരുന്നത്. അക്കൊല്ലം തന്നെ അരവിന്ദ് മിൽസ് അഹമ്മദാബാദിൽ തങ്ങളുടെ ആദ്യത്തെ ഡെനിം ഫാക്ടറിയും തുടങ്ങി. അടുത്ത വർഷത്തോടെ  അരവിന്ദ് മിൽസ് ഇറക്കുമതി ചെയ്യുന്നതിന് പകരം സ്വന്തമായി ഡെനിം തുണി ഉത്പാദിപ്പിക്കാനും തുടങ്ങി.

1995 -ൽ അരവിന്ദ് മിൽസ്  റഫ് 'n' ടഫ് എന്ന ബ്രാൻഡിൽ 'റെഡി റ്റു സ്റ്റിച്ച്' ആയിട്ടുള്ള ജീൻസും വിപണിയിൽ ഇറക്കിയി. അന്ന് അതിന്റെ ബ്രാൻഡ് അംബാസഡർ അക്ഷയ് കുമാർ ആയിരുന്നു. തൊണ്ണൂറുകളിൽ ബാല്യകൗമാരയൗവ്വനങ്ങൾ പിന്നിട്ട പലരുടെയും ആദ്യത്തെ ജീൻസോർമ്മ ഒരു പക്ഷെ റഫ് 'n' ടഫ് ആയിരിക്കും. ഒരു തുന്നാൻ വേണ്ട ജീൻസ്‌ മെറ്റീരിയൽ, ബട്ടൺസും, റിവെറ്റും, നൂലും, എല്ലാമടക്കം  600-700 രൂപയ്ക്ക് കിട്ടുമായിരുന്നു അന്ന്. ഒരു പക്ഷെ പലരും ആദ്യമായി ഇന്റർനെറ്റ് വഴി ഓർഡർ ചെയ്ത ജീൻസും ഇതുതന്നെ ആയിരിക്കും. എന്നാൽ ഇത് ഹിറ്റായതിനു പിന്നാലെ വ്യാജന്മാരുടെ കുത്തൊഴുക്കുണ്ടായതോടെ ആ ബ്രാൻഡ് അധികം താമസിയാതെ ഇന്ത്യൻ വിപണിയിൽ നിന്ന് അപ്രത്യക്ഷമായി. ഇന്ന് ലെവി സ്‌ട്രോസ്, ലീ, റാംഗ്‌ളര്‍, പെപ്പെ പോലുള്ള വിദേശബ്രാൻഡുകൾ നേരിട്ടാണ് വിപണി കൈയടക്കി വെച്ചിട്ടുള്ളത്.

ഇന്നത്തെ ജീൻസിന്റെ ആഗോള വിപണി 5700 കോടി ഡോളറിന്റേതാണ് എന്നാണ് സങ്കൽപം. അമേരിക്കയിൽ എല്ലാ വർഷവും 45 കോടി ജീൻസുകളെങ്കിലും വിറ്റുപോകുന്നുണ്ടത്രേ. ബംഗ്ളാദേശ് ആണ് ഇന്ന് ആഗോള ജീൻസ്‌ കയറ്റുമതിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിൽ ഒന്ന്. അമേരിക്കയിലേക്ക് മാത്രം അവർ വർഷാവർഷം 50 കോടി ഡോളറിന്റെ ജീൻസ്‌ വസ്ത്രങ്ങൾ കയറ്റി അയക്കുന്നുണ്ടത്രേ. ചൈന, മെക്സിക്കോ, ഇറ്റലി, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും ജീൻസ്‌ ഉത്പാദനത്തിൽ മുന്നിലാണ്. ഇന്ന് ലോകത്തെമ്പാടുമായി വർഷാവർഷം 750 കോടി അടി ജീൻസ്‌ തുണി ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് ഏകദേശകണക്ക്. കംഫർട്ട് ഫിറ്റ്, പെൻസിൽ ഫിറ്റ്, ബൂട്ട് കട്ട്, ബെൽബോട്ടം അങ്ങനെ പല സ്റ്റൈലുകളിൽ അതിൽ നിന്ന് ജീൻസുകളും പിറവിയെടുത്തത് വിപണിയിൽ എത്തുന്നുണ്ട്.  

 

 

2005 -ൽ, 115 വർഷം പഴക്കമുള്ള, ഒരു പക്ഷേ ലോകത്തിലെ ഏറ്റവും പഴയ ജീൻസ്‌ (pre-1900 Levi Strauss & Co. 501) മോഡൽ ജീൻസ്‌,  eBay എന്ന ലേല സൈറ്റിൽ ലേലത്തിന് വന്നപ്പോൾ, അത് വിറ്റുപോയത് 60,000 ഡോളറിനാണ് (ഏകദേശം 45 ലക്ഷം രൂപ). ഏതാനും വർഷങ്ങൾക്ക് മുമ്പ് സീക്രട്ട് സർക്കസ് എന്ന ഒരു ഡിസൈനർ നിർമിച്ച ജീൻസ്‌ വിറ്റുപോയത് 1.3 മില്യൺ ഡോളറിനാണ് (ഏകദേശം പത്തുകോടി രൂപ). ദസൗ അപ്പാരൽ നിർമിച്ചു പുറത്തിറക്കിയ 'ട്രാഷ്‌ഡ് ഡെനിം' (കീറിപ്പറിഞ്ഞ ലുക്കുള്ള) ജീൻസിന് അവർ ഇട്ട വില രണ്ടര ലക്ഷം ഡോളർ(ഏകദേശം 1.84 കോടി രൂപ) ആയിരുന്നു. അതേസമയം ഇന്ത്യയിലെ തെരുവുകളിൽ ഇരുനൂറു രൂപ മുതൽക്കും ജീൻസുകൾ വിൽക്കപ്പെടുന്നുണ്ട്. ഇന്ന് ഭൂരിഭാഗം പേരുടെയും ഇഷ്ടവസ്ത്രമാണ് ജീൻസ്‌. ധരിക്കുന്നതിനെച്ചൊല്ലിയുള്ള വിവാദങ്ങൾ ചർച്ചകളിൽ നിലനിൽക്കുമ്പോഴും ഇന്നും ജനം  ജീൻസ്‌ ധരിക്കുന്നുണ്ട്. കീറിയാലും, അഴുക്കുപുരണ്ടാലും, നരച്ചാലും അത് പതിറ്റാണ്ടുകളോളം അവരോടൊപ്പം തുടരുന്നുമുണ്ട്. 

click me!