30 ദിവസത്തോളം ഉറങ്ങാതിരുന്ന ആ അഞ്ചുപേർക്ക് സംഭവിച്ചതെന്ത്? ഇത് ക്രൂരമായ പരീക്ഷണങ്ങളിലൊന്നോ?

By Web TeamFirst Published Jun 21, 2020, 11:27 AM IST
Highlights

കാര്യമായ പെരുമാറ്റ വ്യതിയാനങ്ങളൊന്നുമില്ലാതെ ആദ്യത്തെ നാല് ദിവസം സാധാരണ പോലെ കടന്നുപോയി. എന്നാൽ, അഞ്ചാം ദിവസം മുതൽ ചില വിചിത്രമായ സംഭവങ്ങൾക്ക് ഗവേഷകർ സാക്ഷ്യം വഹിച്ചു.

ഒരു രാത്രി ഉറങ്ങിയില്ലെങ്കിൽ നമുക്കുണ്ടാകുന്ന ബുദ്ധിമുട്ട് പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. അപ്പോൾ ആഴ്‍ചകളോളം ഉറങ്ങാതിരുന്നാലോ? എന്തായിരിക്കും സംഭവിക്കുക. പെരുമാറ്റത്തിലുള്ള വ്യത്യാസങ്ങൾ, വിശപ്പ്, കണ്ണിന് താഴെയുള്ള കറുത്ത പാടുകൾ എന്നിവ മാത്രമാണോ ഇതിന്റെ അനന്തരഫലങ്ങൾ. സോവിയറ്റ് യൂണിയനും അതിന്റെ ഉത്തരം കണ്ടെത്താൻ ഒരു ശ്രമം നടത്തി. ഒരു രഹസ്യ സ്ഥലത്ത് സോവിയറ്റ് യൂണിയനിൽ നിന്നുള്ള ഗവേഷകർ അഞ്ച് രാഷ്ട്രീയ തടവുകാരെ ഈ പരീക്ഷണത്തിനായി ഉപയോഗിക്കാൻ തീരുമാനിച്ചു. രണ്ടാം ലോകമഹായുദ്ധസമയത്ത് ശത്രുക്കളായിരുന്നതിന്റെ പേരിൽ തടഞ്ഞുവച്ചിരുന്നവരാണിവർ. 

പരീക്ഷണത്തിനായി ഈ അഞ്ചുപേരെയും ഒരു മുറിയിൽ പൂട്ടിയിട്ടു. ഉണർന്നിരിക്കാൻ ഒരു ഉത്തേജക വാതകം മുറിയിൽ കടത്തിവിട്ടു കൊണ്ടിരുന്നു. മുപ്പത് ദിവസം അവർ ഉണർന്നിരിക്കണം എന്നതാണ് കരാർ. നീണ്ടകാലം ഉറങ്ങാതിരുന്നാൽ എന്താണ് സംഭവിക്കുക എന്നറിയാൻ ഗവേഷകർ ആഗ്രഹിച്ചു. പരീക്ഷണത്തിൽ പങ്കെടുക്കുന്നതിന്റെ പ്രതിഫലമായി തടവുകാർക്ക് സ്വാതന്ത്ര്യം നൽകാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അവരെ ഇതിന് പ്രേരിപ്പിച്ചത്. മുറിയിൽ അവർക്ക് വിശക്കുമ്പോൾ കഴിക്കാനായി ആഹാരപദാർത്ഥങ്ങളും, വെള്ളവും, ടോയ്‌ലറ്റ് സൗകര്യവും, നേരം കളയാൻ ആവശ്യമായ പുസ്‍തകങ്ങളും ഒരുക്കിയിരുന്നു. ടു-വേ മിറർ വഴി അവരെ ഇരുപത്തിനാല് മണിക്കൂറും നിരീക്ഷിച്ചുകൊണ്ടിരുന്നു. 

കാര്യമായ പെരുമാറ്റ വ്യതിയാനങ്ങളൊന്നുമില്ലാതെ ആദ്യത്തെ നാല് ദിവസം സാധാരണ പോലെ കടന്നുപോയി. എന്നാൽ, അഞ്ചാം ദിവസം മുതൽ ചില വിചിത്രമായ സംഭവങ്ങൾക്ക് ഗവേഷകർ സാക്ഷ്യം വഹിച്ചു. അത് വിഭ്രാന്തിയുടെ തുടക്കമായിരുന്നു. ആറാം ദിവസം, പരസ്‍പരബന്ധമില്ലാത്ത കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി അവർ. ചിലപ്പോൾ പരസ്‍പരം സംസാരിക്കുന്നതിന് പകരം തനിയെ ഇരുന്ന് എന്തൊക്കെയോ പുലമ്പിക്കൊണ്ടിരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ സാഹചര്യം കൂടുതൽ സങ്കീർണമായി. ഒൻപതാം ദിവസം, തടവുകാരിലൊരാൾ മൂന്ന് മണിക്കൂർ തുടർച്ചയായി അലറാൻ തുടങ്ങി. 

മൂന്ന് മണിക്കൂർ കഴിഞ്ഞ്, അദ്ദേഹം നിലവിളിക്കാൻ ശ്രമിച്ചുവെങ്കിലും ഒരു നേർത്ത ശബ്ദം മാത്രമേ പുറത്തുവന്നുള്ളൂ. അയാളുടെ വോക്കൽ കോഡ് തകരാറിലായി എന്ന് ഗവേഷകർക്ക് മനസ്സിലായി. അതേസമയം, ഇതൊന്നും ശ്രദ്ധിക്കാതെ മറ്റുള്ളവർ മൈക്രോഫോണുകളിൽ മന്ത്രിക്കുന്നത് തുടർന്നുകൊണ്ടിരുന്നു. സഹ തടവുകാരന്റെ അലർച്ച കേട്ടതായി പോലും അവർ ഭാവിച്ചില്ല. ഇതിനെത്തുടർന്ന് മറ്റൊരാൾ നിലവിളിക്കാൻ തുടങ്ങി. അപ്പോൾ ബാക്കിയുണ്ടായിരുന്ന രണ്ടുപേർ അവർക്ക് നൽകിയ പുസ്‌തകങ്ങളിൽ സ്വന്തം വിസർജ്യം പുരട്ടിക്കൊണ്ടിരിക്കുന്ന ഭീകരമായ കാഴ്‍ചയാണ് ഗവേഷകർ കണ്ടത്. സ്വബോധം നഷ്‍ടപ്പെട്ടവരെ പോലെ അവർ എന്തൊക്കെയോ കാണിച്ചുകൊണ്ടിരുന്നു.

 

പന്ത്രണ്ടാം ദിവസമായപ്പോൾ മുറിയിൽ നിന്നും ഒച്ചയൊന്നും കേൾക്കാതായി. എന്നാൽ, മുറിയിലുള്ള ഓക്സിജന്റെ അളവ് നോക്കിയപ്പോൾ അവർ മരിച്ചിട്ടില്ലെന്ന് ഗവേഷകർക്ക് ഉറപ്പായി. അവരുടെ ദാരുണമായ നില കണ്ട് സംഘം ഒടുവിൽ പരീക്ഷണം മതിയാക്കി തടവുകാരെ പുറത്തുകൊണ്ടുവരാൻ തീരുമാനിച്ചു. മുറിയിൽ പ്രവേശിക്കുന്നതിന് മുൻപ് അവർ മൈക്രോഫോണിലൂടെ വിളിച്ചുപറഞ്ഞു, "ഞങ്ങൾ ചേംബർ തുറക്കുകയാണ്; വാതിലിൽ നിന്ന് മാറി നിലത്ത് കമിഴ്ന്നു കിടക്കുക അല്ലെങ്കിൽ നിങ്ങൾക്ക് വെടിയേൽക്കും. പറഞ്ഞതനുസരിച്ചാൽ നിങ്ങളെ  മോചിപ്പിക്കാം.” എന്നാൽ, ഇതുകേട്ട അവർ മറുപടിയായി പറഞ്ഞത് ഞങ്ങൾക്ക് മോചിതരാകാൻ ആഗ്രഹമില്ല എന്നാണ്.  ഒടുവിൽ പതിനഞ്ചാം ദിവസം അർദ്ധരാത്രിയിൽ, മുറി തുറക്കാൻ തന്നെ ഗവേഷകർ തീരുമാനിച്ചു. എന്നാൽ, അവിടെ കണ്ടത് ഭീകരമായ ഒരു കാഴ്‍ചയാണ്.   

വാതിലുകൾ തുറന്നപ്പോൾ മുറിയിൽ ശുദ്ധവായു നിറഞ്ഞു. തടവുകാരെ മോചിപ്പിക്കാൻ സൈനികരെ അതിനകത്തേയ്ക്ക് അയച്ചു. എന്നാൽ, അതിനകത്ത് നാലുപേർ സ്വന്തം വയർ കീറി മാംസവും പേശികളും വലിച്ചു പുറത്തിട്ടിരിക്കുന്നതാണ് കണ്ടത്. വയറിലെ ഒന്നിലധികം ആന്തരിക അവയവങ്ങൾ നീക്കം ചെയ്‍ത അവർ സ്വയം നരഭോജികളാകാൻ പരിശീലിക്കുകയായിരുന്നു. 10 സെന്റിമീറ്റർ രക്തവും വെള്ളവും തറയിൽ തളംകെട്ടി കിടന്നു. പലരും മുറിയിൽ നിന്ന് പുറത്തുപോകാൻ തയ്യാറാകാതെ അക്രമാസക്തരായി. ഉത്തേജകവാതകം ഇനിയും വേണമെന്ന് ശാസ്ത്രജ്ഞരോട് അഭ്യർത്ഥിക്കുകയും ഒരു സൈനികനെ കൊലപ്പെടുത്തുകയും അവരെ നീക്കംചെയ്യാൻ ശ്രമിച്ച മറ്റൊരാളെ ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്‍തു. ഒടുവിൽ മുറിയിൽ നിന്ന് വല്ലവിധേനയും അവരെ നീക്കം ചെയ്‍തു. എന്നാൽ, അതിനുശേഷം അവരെ പരിശോധിച്ചപ്പോൾ അവരിൽ അസാമാന്യശക്തിയും, മയക്കുമരുന്നിനും മറ്റ് മരുന്നുകൾക്കും എതിരായ അഭൂതപൂർവമായ പ്രതിരോധം, മാരകമായ പരിക്കുകൾക്കിടയിലും ജീവനോടെ തുടരാനുള്ള അതിമാനുഷിക കഴിവും, ഉണർന്നിരിക്കാനുള്ള തീവ്രമായ ആഗ്രഹവും കണ്ടു. എന്നാൽ, അവർ ഉറങ്ങിയാൽ തൽക്ഷണം മരിക്കുമെന്നും ഗവേഷകർ കണ്ടെത്തി. ഉറക്കം നഷ്ടമായാൽ ഒരു മനുഷ്യനിൽ ഇത്രയധികം മാറ്റങ്ങൾ ഉണ്ടാകുമോ  എന്നോർത്ത് അവർ അത്ഭുതപ്പെട്ടു. 

1940 -കളുടെ അവസാനത്തിൽ, രണ്ടാം ലോകമഹായുദ്ധത്തിനൊടുവിൽ, ജോസഫ് സ്റ്റാലിന്റെ കീഴിലാണ് ഇത് നടന്നതെന്ന് പറയപ്പെടുന്നു. ക്രൂരവും ഭയപ്പെടുത്തുന്നതുമായ ഈ പരീക്ഷണം യഥാർത്ഥത്തിൽ നടന്നതാണെന്ന് ആളുകൾ അവകാശപ്പെടുന്നുവെങ്കിലും, ഇതിനെ പിന്തുണയ്ക്കുന്ന തെളിവുകൾ ഒന്നുമില്ല. ഇത് ഒരു കെട്ടുകഥയാണോ, ഇതിഹാസമാണോ എന്നറിയില്ല. റഷ്യൻ സ്ലീപ് എസ്‌പെരിമെന്റ എന്നറിയപ്പെടുന്ന ഇത് ഒരുപക്ഷേ നടന്നിട്ടുണ്ടെങ്കിൽ മനുഷ്യന്റെ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ പരീക്ഷണങ്ങളിലൊന്നാണ് ഇത് എന്നതിൽ സംശയമില്ല.  
 

click me!