പിറന്ന നാടിനു വേണ്ടി ജീവത്യാഗം ചെയ്ത ധീരന്മാർ- അറിയാം ഗൽവാൻ താഴ്‌വരയിൽ വീരമൃത്യുവരിച്ച 20 ഇന്ത്യൻ സൈനികരെ

By Web TeamFirst Published Jun 21, 2020, 10:45 AM IST
Highlights

സ്വന്തം ജീവനേക്കാൾ രാജ്യത്തിൻറെ അതിർത്തി കാക്കുക എന്ന കർത്തവ്യത്തിന് പ്രാധാന്യം കല്പിച്ചവരായിരുന്നു ആ ജവാന്മാർ.

ലഡാക്കിലെ ഇന്തോ-ചീനാ അതിർത്തിയിലെ ഗൽവാൻ താഴ്‌വരയിൽ നടന്ന സംഘർഷത്തിൽ വീരമൃത്യു വരിച്ച 20 സൈനികരുടെ പ്രാണത്യാഗത്തിന്റെ വേദനയിൽ നീറുകയാണ് ഇന്ത്യ. പലരുടെയും സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ചൈനയുടെ ഭാഗത്തുനിന്ന് ആഴ്ചകളായി അതിർത്തിയിലുണ്ടായ പ്രകോപനങ്ങൾ ഒടുവിൽ ഇരുപതു സൈനികരുടെ ജീവനെടുത്ത പോരാട്ടത്തിലാണ് കലാശിച്ചത്. സ്വന്തം ജീവനേക്കാൾ രാജ്യത്തിൻറെ അതിർത്തി കാക്കുക എന്ന കർത്തവ്യത്തിന് പ്രാധാന്യം കല്പിച്ചവരായിരുന്നു ആ ജവാന്മാർ. അടുത്തറിയാം നമുക്ക്, പിറന്ന നാടിനുവേണ്ടി പ്രാണത്യാഗം ചെയ്ത ആ വീരസൈനികരെ. 


കേണൽ ബി സന്തോഷ് ബാബു

ആന്ധ്രയിലെ സൈനിക സ്‌കൂളിൽ പ്രാഥമിക പഠനം. തുടർന്ന് പുണെയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിലും ഡെറാഡൂണിലെ  ഇന്ത്യൻ മിലിട്ടറി അക്കാദമിയിലുമായി ഉപരിപഠനം. തെലങ്കാനയിലെ സൂര്യപേട്ട് സ്വദേശിയായ കേണൽ സന്തോഷ് ബാബു, പതിനാറാം ബിഹാർ റജിമെന്റിലേക്ക് കമ്മീഷൻ ചെയ്യപ്പെടുന്നത് 2014 -ലാണ്. ആദ്യ പോസ്റ്റിങ് ജമ്മുവിൽ. തുടർന്ന് പലയിടങ്ങളിലായി സേവനം അതിർത്തികളിൽ തന്നെ. മോഹമുണ്ടായിരുന്നിട്ടും സൈന്യത്തിൽ ചേരാനാകാതിരുന അച്ഛൻ ബി ഉപേന്ദറിൻറെ മോഹങ്ങൾക്ക് സാക്ഷാത്കാരമുണ്ടായത് മകൻ സന്തോഷ് ബാബുവിന്റെ കഠിനപ്രയത്നത്തിലൂടെയാണ്. പഠിത്തത്തിലും പെരുമാറ്റത്തിലുമെല്ലാം എന്തുകൊണ്ടും മറ്റുള്ളവർക്ക് ഒരു മാതൃക തന്നെയായിരുന്നു കേണൽ സന്തോഷ് ബാബു എന്ന് അദ്ദേഹത്തെ അടുത്തറിയുന്ന ആരും നിസ്സംശയം പറയും.
 

വീട്ടിലോ നാട്ടിലോ സൈന്യത്തിലോ ഒന്നും ഒരു ശത്രുക്കളുമില്ലാത്തൊരു മൃദുഭാഷിയായിരുന്നു മുപ്പത്തേഴുകാരനായ ഈ കേണൽ. റജിമെന്റിന്റെ കമാൻഡിങ് ഓഫീസർ  ആയിരുന്ന കേണൽ സന്തോഷ് ബാബുവാണ് ഗൽവാൻ താഴ്‌വരയിൽ നടന്ന ചൈനീസ് ആക്രമണത്തിൽ തന്റെ സൈനികരെ സംരക്ഷിക്കാനുള്ള ശ്രമത്തിനിടെ ചൈനീസ് പട്ടാളക്കാരോട് എതിരിട്ട്  ആദ്യം വീരമൃത്യു വരിക്കുന്നത്. അമ്മ മഞ്ജുള, പത്നി സന്തോഷി, ഒമ്പതുകാരിയായ മകൾ അഭിഗ്ന, നാലുവയസ്സുള്ള മകൻ അനിരുദ്ധ് എന്നിവർ അദ്ദേഹത്തിന്റെ വിയോഗദുഃഖം താങ്ങാനാകാതെ കടുത്ത വിഷാദത്തിലാണ്ടിരിക്കയാണ്.

നായിബ് സുബേദാർ നുദുറാം സോറൻ

ഒഡിഷയിലെ മയൂർഭഞ്ജിനടുത്തുള്ള റായ്‌രംഗ്‌പൂര്‍ ഗ്രാമത്തിലാണ് നായിബ് സുബേദാർ നുദുറാം സോറന്റെ വീട്. ഗ്രാമത്തിലെ എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒരു വ്യക്തിത്വമായിരുന്നു സോറന്റെത്. പന്ത്രണ്ടാം ക്‌ളാസിനു ശേഷം അദ്ദേഹം നേരിട്ട് സൈന്യത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. നന്നേ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിന് മാതാപിതാക്കളെ നഷ്ടമായിരുന്നു. ഇരുപതുവർഷക്കാലം രാഷ്ട്രത്തിനു വേണ്ടി സൈനിക സേവനം അനുഷ്ഠിച്ചശേഷമാണ് ഈ ധീരസൈനികൻ വീരമൃത്യുവടയുന്നത്. എപ്പഴും ചിരിക്കുന്ന മുഖത്തോടെ മാത്രമേ സുബേദാറിന്റെ സ്നേഹിതർ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. ആ ചിരി മായുമ്പോൾ വെളിച്ചം അസ്തമിച്ചത് ഭാര്യയും മൂന്നുമക്കളുമുള്ള ഒരു കുടുംബത്തിന്റേതുകൂടിയാണ്.
 

 

നായിബ് സുബേദാർ മൻദീപ് സിംഗ്

അതിർത്തിയിൽ ചൈനീസ് സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരചരമമടഞ്ഞ  നായിബ് സുബേദാർ മൻദീപ് സിംഗിന്റെ മൃതദേഹം, വ്യാഴാഴ്ച വൈകുന്നേരം,  അദ്ദേഹത്തിന്റെ ജന്മനാടായ പഞ്ചാബിലെ പട്യാല ജില്ലയിലുള്ള സീൽ ഗ്രാമത്തിൽ വെച്ച് പൂർണ സൈനിക ബഹുമതികളോടെ തീനാളങ്ങൾ ഏറ്റുവാങ്ങി. ലേയിൽ നിന്ന് ചണ്ഡീഗഡിലേക്ക് ഭൗതിക ശരീരം നേരിട്ട് എയർ ലിഫ്റ്റ് ചെയ്യപ്പെടുകയാണ് ഉണ്ടായത്. അവിടെ നിന്ന് സൈനിക ട്രക്കിൽ വീട്ടിലേക്കും.

 

 

ഏക മകൻ പതിനൊന്നുകാരൻ ജോബൻപ്രീത് സിംഗ് അച്ഛന് അവസാനമായി ഒരു സല്യൂട്ട് നൽകി വിടപറഞ്ഞത് അവിടെ കൂടിയിരുന്ന സകലരുടെയും കണ്ണുകൾ നിറച്ചു. എഴുപതുകാരിയായ അമ്മ ശകുന്തളാദേവി, ഭാര്യ ഗുർപ്രീത് കൗർ, പതിനേഴുകാരിയായ മകൾ മെഹക് പ്രീത് കൗർ, പിന്നെ മകൻ - ഇതായിരുന്നു സുബേദാർ മൻദീപ് സിങ്ങിന്റെ കുടുംബം. സൈന്യത്തിന്റെ 3 മീഡിയം ആർട്ടിലറി യൂണിറ്റിൽ ഫയർ ആംസ് ഇൻസ്ട്രക്ടർ ആയിരുന്നു സുബേദാർ സിംഗ്.

നായിബ് സുബേദാർ സത്നാം സിംഗ്

തന്റെ കുടുംബത്തിൽ നിന്ന് ആദ്യമായി സൈനിക സേവനമനുഷ്ഠിക്കാനുള്ള ഭാഗ്യം സാധിച്ചതിൽ എന്നും സുബേദാർ സത്നാം സിങിന് അഭിമാനമുണ്ടായിരുന്നു. ജ്യേഷ്ഠനെ കണ്ടു പ്രചോദനം കൊണ്ട് സത്നാം സിങ്ങിന് പിന്നാലെ ഇളയ സഹോദരനും പിന്നീട് സൈന്യത്തിൽ ചേരുകയുണ്ടായി. അദ്ദേഹവും സൈന്യത്തിൽ നായിബ് സുബേദാർ പദവിയിലാണ്. നാല്പത്തതൊന്നു വയസുകാരനായ സത്നാം സിംഗ് പഞ്ചാബിലെ  ഗുർദാസ്പൂർ സ്വദേശിയായിരുന്നു. ഗുർദാസ്പൂരിലെ ഭോജ്‌രാജ് ഗ്രാമത്തിലായിരുന്നു സത്നാം സിങിന്റെ വീട്. അവിടേക്ക് പൊലീസ് ഓഫീസർമാർ നേരിട്ടെത്തി വിവരമറിയിക്കുകയായിരുന്നു.

 

 

ഹവിൽദാർ (ഗണ്ണർ) കെ പളനി

ഇരുപത്തിരണ്ടു വർഷത്തെ സ്തുത്യർഹ സേവനം പൂർത്തിയാക്കി അടുത്ത വർഷം വിരമിക്കാനിരിക്കെയാണ് ഹവിൽദാർ (ഗണ്ണർ) കെ പളനി രാജ്യത്തിനുവേണ്ടി വീരമൃത്യു വരിക്കുന്നത്. രാമനാഥപുരം ജില്ലയിലെ കടക്കാലൂർ സ്വദേശിയായിരുന്നു പളനി. പത്തുവയസ്സുള്ള മകൻ പ്രസന്നയാണ് അദ്ദേഹത്തിന്റെ ചിതയ്ക്ക് തീകൊളുത്തിയത്. പൂർണ സൈനിക ബഹുമതികളോടെയാണ് ആ മൃതദേഹം പട്ടടയിലേക്ക് എടുത്തത്. പത്നി വനതിദേവിയുടെ രോദനം അവിടെ തടിച്ചുകൂടിയിരുന്ന ജനാവലിയുടെ കണ്ണുനനച്ചു. മധുരൈ വിമാനത്താവളത്തിലേക്ക് കൊണ്ടുവന്ന മൃതദേഹം അൽപനേരം അവിടെ പൊതുദർശനത്തിന് വെച്ച ശേഷമാണ് വീട്ടിലേക്ക് അന്ത്യകർമങ്ങൾ പൂർത്തിയാക്കുന്നതിനായി കൊണ്ടുവന്നത്.

 

 

ഹവിൽദാർ ബിപുൽ റോയ്

ദീർഘകാലത്തെ സൈനിക സേവനത്തിനു ശേഷം വളണ്ടറി റിട്ടയർമെന്റ് എടുത്ത് ശിഷ്ടകാലം ഭാര്യയ്ക്കും മകൾക്കുമൊപ്പം മീററ്റിൽ കഴിയുന്നതിനെപ്പറ്റി ആലോചിച്ചുകൊണ്ടിരിക്കെയാണ് മരണം ഹവിൽദാർ ബിപുൽ റോയിയെ തട്ടിയെടുക്കുന്നത്. അച്ഛനും മറ്റു ബന്ധുക്കളും ഒക്കെ ഉത്തര ബംഗാളിലെ അലിപുർദ്വാറിൽ ആണ് കഴിഞ്ഞിരുന്നത്. മകൻ റിട്ടയർമെന്റ് എടുത്ത് നാട്ടിലേക്ക് തിരികെ വരൻ പോകുന്നു എന്നറിഞ്ഞ് വീട്ടുകാരും നിറഞ്ഞ സന്തോഷത്തിലായിരുന്നു. അച്ഛനും അമ്മയും അവരുടെ ജീവിത സായാഹ്നത്തിൽ എത്തിനിൽക്കുന്ന കാലത്ത് അവരുടെ കൈപിടിച്ച് കൂട്ടായി ഉണ്ടാകണം എന്നാഗ്രഹിച്ചിരുന്നു ഹവിൽദാർ റോയ്. ആ ആഗ്രഹം ബാക്കി നിർത്തിക്കൊണ്ടാണ് അദ്ദേഹം വിടവാങ്ങുന്നത്.

 

 

നായിക് ദീപക് കുമാർ

കഴിഞ്ഞ വർഷം നവംബറിൽ നായിക് ദീപക് കുമാറിന്റെ വിവാഹം നടന്നപ്പോൾ മധ്യപ്രദേശിലെ രേവ ജില്ലയിലെ ഫർഹദ ഗ്രാമം ഉത്സവച്ഛായയിൽ ആയിരുന്നു. നാലുമാസങ്ങൾക്കുള്ളിൽ ഭാര്യയ്ക്കും അച്ഛനമ്മമാർക്കും ഒപ്പം തന്റെ ആദ്യത്തെ ഹോളി ആഘോഷിക്കാനും അദ്ദേഹമെത്തി. എന്നാൽ, അന്ന് ചിരിച്ചും കളിച്ചും ഗ്രാമത്തിൽ അവധിക്കാലം ചെലവിട്ട ശേഷം, അതിർത്തിയിലേക്ക് മടങ്ങിയ തങ്ങളുടെ വീരപുത്രൻ ഇനി മടങ്ങി വരിക ഉയിരറ്റ്, ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ്, ഒരു ശവമഞ്ചത്തിൽ അടക്കം ചെയ്തിട്ടാകും എന്നൂഹിക്കാൻ അവർക്കായിരുന്നില്ല. ഗ്രാമത്തിലെ യുവാക്കൾക്ക് പ്രേരണയും പ്രചോദനവുമായിരുന്ന ഒരു ആദർശ സൈനികനായിരുന്ന നായിക് ദീപക് കുമാറിന്റെ മരണം തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ നാട്ടുകാർക്ക് ഉണ്ടാക്കിയിരിക്കുന്നത്.

 

 

ജവാൻ അമൻ കുമാർ

ബിഹാറിലെ കിഴക്കൻ ജില്ലകളിൽ ഒന്നായ സമസ്തിപ്പൂരിലെ സുധീർ കുമാർ - രേണുദേവി ദമ്പതികളുടെ വീട്ടിലേക്കുള്ള സന്ദർശകരുടെ ഒഴുക്ക് നിന്നിട്ടില്ല. സംഭവം നടന്ന അന്ന് രാത്രിയും അച്ഛൻ അമനെ വിളിച്ചിരുന്നു. അപ്പുറത്ത് ഫോണെടുത്ത അപരിചിത സ്വരം അവരോട് ആരാണ് വിളിക്കുന്നത് എന്നാരാഞ്ഞപ്പോൾ തന്നെ അവർക്ക് അപകടം മണത്തിരുന്നു. അമൻ അതിർത്തിയിൽ നടന്ന പോരാട്ടത്തിൽ രക്തസാക്ഷിയായി എന്ന ഞെട്ടിക്കുന്ന വിവരമാണ് അടുത്തതായി അവർ കേട്ടത്. അടുത്ത ദിവസം ഫോൺ വിളിച്ച് ഭൗതിക ശരീരം വീട്ടിലെത്തുന്നതിനെപ്പറ്റിയും അവർ പറഞ്ഞു. വിവാഹം കഴിഞ്ഞിട്ട് വർഷം ഒന്ന് തികഞ്ഞതേയുള്ളൂ അമന്റെ. തന്റെ ഭർത്താവിന്റെ മരണവാർത്ത അറിഞ്ഞ നിമിഷം മുതൽ കരഞ്ഞുകൊണ്ടിരിക്കയാണ് അമന്റെ ഭാര്യ മീനുദേവി. ഗ്രാമം മുഴുവൻ തങ്ങളുടെ വീരപുത്രന്റെ വിയോഗത്തിന്റെ ദുഖത്തിലാണ്ടിരിക്കുന്നു.

 

 

അച്ഛന്റെ ഹൃദയശസ്ത്രക്രിയക്ക് അധികം താമസിയാതെ തന്നെ തിരിച്ചുവരും എന്ന് ഉറപ്പുകൊടുത്തിട്ടാണ് ഫെബ്രുവരിയിൽ അമൻ പോയത്. അന്ന് അയാൾക്ക് ലേയിൽ ആയിരുന്നു പോസ്റ്റിങ്. ഇനി ഒരിക്കലും ഡ്യൂട്ടിക്ക് ജോയിൻ ചെയ്യേണ്ടത് വിധമായിപ്പോയി ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞുള്ള അമന്റെ തിരികെ വരവ്.

ജവാൻ കുന്ദൻ കുമാർ യാദവ്

അതിർത്തിയിൽ കുന്ദൻ വീരമൃത്യു വരിച്ചപ്പോൾ വീട്ടിൽ തനിച്ചായത് അദ്ദേഹത്തിന്റെ ഭാര്യയും, ആറും നാലും വയസ്സ് പ്രായമുള്ള രണ്ടു മക്കളുമാണ്. ബിഹാറിലെ സഹർസ നിവാസിയാണ് കുന്ദൻ. രാത്രി പത്തുമണിയോടെയാണ് കുന്ദന്റെ വീട്ടിലേക്ക് ആ ദുരന്തവാർത്ത ഒരു ടെലിഫോൺ കോളിന്റെ രൂപത്തിൽ വന്നെത്തിയത്. കുന്ദന്റെ അച്ഛൻ നിമിന്ദർ യാദവ് ഒരു കർഷകനാണ്. പക്ഷേ, നിമിന്ദർ ഒഴികെ കുടുംബത്തിലെ ആണുങ്ങളിൽ പലരും പട്ടാളത്തിലാണ്. നാലുദിവസം മുമ്പ് വരെ അവർ കുന്ദനോട് സംസാരിച്ചതാണ്.

 

 

കഴിഞ്ഞ ഫെബ്രുവരിയിൽ മകന്റെ 'മുണ്ഡൻ' ചടങ്ങിൽ സംബന്ധിക്കാൻ അവധിക്ക് വന്നെത്തിയപ്പോഴാണ്  ബന്ധുക്കളെല്ലാം കുന്ദനെ അവസാനമായി ഒരു നോക്ക് കാണുന്നത്. കുന്ദന്റെ ജീവത്യാഗത്തിൽ ഗ്രാമത്തിന് അഭിമാനമുണ്ട് എന്ന് ഗ്രാമവാസികൾ ഒന്നടങ്കം പറയുന്നു.

ജവാൻ സുനിൽ കുമാർ

ബിഹാറിലെ പട്ന ജില്ലയിൽ നിന്നുള്ള സുനിൽ കുമാർ 2002 -ലാണ് സൈന്യത്തിൽ ചേരുന്നത്. വിവാഹിതനായ സുനിൽ കുമാറിന് ഭാര്യയും മൂന്നു കുഞ്ഞുങ്ങളുമുണ്ട്. അദ്ദേഹത്തിന്റെ അച്ഛൻ മകന്റെ മരണവാർത്ത അറിഞ്ഞതിനെത്തുടർന്ന് കടുത്ത മാനസിക വിഷമത്തിലാണ്. പ്രിയപ്പെട്ടവന്റെ മരണവൃത്താന്തമറിഞ്ഞതിൽ പിന്നെ അച്ഛൻ ഒരു വാക്ക് മിണ്ടിയിട്ടില്ലെന്നു വീട്ടുകാർ പറയുന്നു. പറക്കമുറ്റാത്ത മൂന്നുമക്കളെ ഇനി ആര് നോക്കും എന്ന സങ്കടമാണ് അദ്ദേഹത്തെ അലട്ടുന്നത്.

ജവാൻ ചന്ദൻ കുമാർ

രാത്രി ചന്ദന്റെ മരണം അറിയിച്ചുകൊണ്ട് മുതിർന്ന ഉദ്യോഗസ്ഥർ ഫോൺ ചെയ്തപ്പോൾ ചന്ദന്റെ കുടുംബത്തെ ലൈനിൽ കിട്ടിയില്ല. പിറ്റേന്ന് രാവിലെ പത്രങ്ങളിലൂടെയാണ് അവർ മകന്റെ വീരമൃത്യുവിനെപ്പറ്റി അറിയുന്നത്. കഴിഞ്ഞ ആറു ദിവസത്തോളമായി മകന്റെ വിളി വരാതിരുന്നപ്പോൾ തന്നെ ആ കുടുംബം ആകെ പരിഭ്രാന്തിയിൽ ആയിരുന്നു. രണ്ടുവർഷമായി അവരുടെ മകൻ പട്ടാളത്തിൽ ചേർന്നിട്ട്. രാഷ്ട്രത്തിനു വേണ്ടി സൈനികസേവനത്തിന് സ്വയം സമർപ്പിച്ചിട്ടുള്ള നാലു സഹോദരന്മാരിൽ ഏറ്റവും ഇളയവനായിരുന്നു ചന്ദൻ. ബിഹാറിലെ ഭോജ്പൂർ നിവാസിയായിരുന്നു ചന്ദൻ കുമാർ.

 

 

ജവാൻ ജയ് കിഷോർ സിംഗ്

ഒരു മാസം മുമ്പ് വിളിച്ചപ്പോൾ ജയ് പറഞ്ഞത് മലമുകളിൽ സിഗ്നൽ കിട്ടാനുള്ള വിഷമത്തെപ്പറ്റിയാണ്. തിരിച്ചു വന്നിട്ട് വിശദമായി വിശേഷങ്ങൾ പങ്കുവെക്കാം എന്നായിരുന്നു അന്ന് അദ്ദെഅഹം തന്റെ അച്ഛനമ്മമാരോട് പറഞ്ഞത്. മകൻ തിരിച്ചുവന്നത് പങ്കുവയ്ക്കാൻ നിരവധി വിശേഷങ്ങൾ നെഞ്ചിൽ ബാക്കിയാക്കിക്കൊണ്ടാണ് എന്നത് അച്ഛൻ രാജ് കപൂർ സിങിന് തീരാ വേദനയാണ്. ബുധനാഴ്ച രാവിലെയോടെ തങ്ങളുടെ മകന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് എന്ന വിവരം രാജ് കപൂർ സിംഗിനെ സൈന്യം അറിയിച്ചിരുന്നു. രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ മരണവിവരം സ്ഥിരീകരിച്ചുകൊണ്ടുള്ള വിളിയും എത്തി.

 

 

മകന്റെ പേരിൽ ഗ്രാമത്തിൽ ഒരു സ്മാരകം പണിയണം, ഗ്രാമത്തിലെ ഏതെങ്കിലും ഒരു കവലയ്ക്ക് തന്റെ മകന്റെ ഓർമയ്ക്കായി പേരിടണം എന്നൊക്കെയാണ് ഈ അച്ഛന്റെ ശേഷിക്കുന്ന ആഗ്രഹങ്ങൾ. "മകൻ എന്തായാലും പോയി, ഇനി അവന്റെ ഓർമയാണ് ഈ ഭാഗ്യം കെട്ട ജന്മങ്ങൾക്ക് ഒരായുഷ്കാലം കഴിച്ചുകൂട്ടാനുള്ള ഒരേയൊരു വഴി " എന്ന് കണ്ണുനീർ തുടച്ചുകൊണ്ട് ആ അച്ഛൻ പറയുന്നു.

ജവാൻ രാജേഷ് ഒറങ്ങ്

കൊവിഡ് ലോക്ക് ഡൗൺ ഒരുപക്ഷെ ഏറ്റവും വലിയ ആഘാതമേല്പിച്ചിരിക്കുക ജവാൻ രാജേഷ് ഒറങ്ങിന്റെ കുടുംബത്തിനാകും. കഴിഞ്ഞ മെയിൽ അവധിക്ക് നാട്ടിലെത്തേണ്ടതായിരുന്നു ഇരുപത്താറുകാരനായ രാജേഷ്. എന്നാൽ, ലോക്ക് ഡൗൺ കാരണം അദ്ദേഹത്തിന് വരാനായില്ല. എട്ടുമാസം മുമ്പാണ് രാജേഷ് അവസാനമായി അവധിക്കുവന്നത്. മെയിലെ അവധിക്കുള്ള രാജേഷിന്റെ വരവ് ഏറെ പ്രാധാന്യമുള്ളതായിരുന്നു. കാരണം ആ വരവ് അദ്ദേഹത്തിന്റെ വിവാഹത്തിന് കൂടിയായിരുന്നു.

 

 

പശ്ചിമ ബംഗാളിലെ ബിർബം ജില്ലയിലെ ബേൽഗോറിയ ഗ്രാമത്തിലായിരുന്നു രാജേഷിന്റെ വീട്. കർഷകനായ അച്ഛന് നല്ല ദേഹസുഖമില്ലാതിരുന്നതിനാൽ, എത്രയും പെട്ടെന്ന് വിവാഹിതനാകാൻ അയാൾ ആഗ്രഹിച്ചു. അച്ഛനെ നോക്കാൻ കൂടി പറ്റിയ ഒരു ജീവിതപങ്കാളിയെ അയാൾ കൂടെക്കൂട്ടാൻ ആഗ്രഹിച്ചു. ആ നിർധനകുടുംബത്തിന്റെ ഏകവരുമാനവും രാജേഷിന്റെ സൈന്യത്തിലെ ജോലി തന്നെയായിരുന്നു. ഏക മകന്റെ നിര്യാണം ഈ സൈനികന്റെ കുടുംബത്തിൽ നികത്താനാവാത്ത ശൂന്യതയാണ് ഉണ്ടാക്കിയിട്ടുള്ളത്.

ജവാൻ കുന്ദൻ കുമാർ ഓജ

ഝാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ച് ജില്ലയിലുള്ള ദിഹാരി ഗ്രാമത്തിൽ നിന്നാണ് ജവാൻ കുന്ദൻ കുമാർ ഓജ വരുന്നത്. ഒൻപതു വർഷം മുമ്പാണ് അദ്ദേഹം ബിഹാർ റെജിമെന്റിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ കുന്ദൻ വീരമൃത്യു വരുമ്പോൾ, അദ്ദേഹത്തിന്റെ മകൾക്ക് വെറും പതിനേഴു ദിവസം മാത്രം പ്രായം. ഈ ഭൂമിയിലേക്ക് പിറന്നുവീണ തന്റെ മാലാഖക്കുഞ്ഞിനെ ഒരു നോക്ക് കാണാൻ പോലുമാകാതെയാണ് ആ അച്ഛന് ഈ ലോകം വിട്ട് പോകുന്നത്. രവികുമാർ ഓജയുടെയും ഭവാനിദേവിയുടെയും രണ്ടാമത്തെ പുത്രനായിരുന്നു കുന്ദൻ കുമാർ ഓജ. ഫോണിൽ മകന്റെ മരണവാർത്ത കേട്ട അമ്മ ആ നിമിഷം ബോധരഹിതയായി.

 

അഞ്ചുമാസം മുമ്പ് അവധിക്കെത്തി കുടുംബത്തോടൊപ്പം പതിനഞ്ച് ദിവസം ചെലവിട്ടിട്ടാണ് കുന്ദൻ വീണ്ടും ഡ്യൂട്ടിക്ക് ജോയിൻ ചെയ്തത്. അന്ന് ഗർഭിണിയായിരുന്ന പത്നി നേഹ ദേവിക്ക് പ്രസവത്തിനു ശേഷം വരാം എന്ന് വാക്കുനല്കിയാണ് കുന്ദൻ അവധികഴിഞ്ഞു തിരിച്ചു പോയത്. ആ വാക്ക് പാലിക്കാനോ, മകളെ ഒരു നോക്ക് കാണാനോ കഴിയാതെ കുന്ദൻ കുമാർ യാത്രയായി.

ജവാൻ ഗണേഷ് റാം കുഞ്ചം

ഗൽവാൻ താഴ്‌വരയിൽ വീരചരമടഞ്ഞ ധീരസൈനികരിൽ ഒരാളായിരുന്നു ജവാൻ ഗണേഷ് റാം കുഞ്ചവും. ചൊവ്വാഴ്‌ച ഉച്ചയ്ക്കാണ് ഛത്തീസ്ഗഢിലെ കാങ്കറിലുള്ള ഗണേഷിന്റെ വീട്ടിലേക്ക് പട്ടാള അധികാരികളിൽ നിന്ന് ദുരന്തവാർത്ത അറിയിച്ചുകൊണ്ടുള്ള വിളി ചെന്നെത്തുന്നത്. ആ സങ്കടവർത്തമാനം ഉള്ളിലേക്കെടുക്കാൻ അവർ ഏറെ പ്രയാസപ്പെട്ടു. ഇരുപത്തെട്ടുവയസ്സിന്റെ നിറയൗവ്വനത്തിലാണ് ആ വീടിന്റെ വെളിച്ചം കെട്ടുപോയിരിക്കുന്നത്.  കഴിഞ്ഞ ജനുവരിയിൽ വിവാഹം നിശ്ചയിച്ചിരികയായിരുന്നു ഗണേഷിന്റെ. വിവാഹത്തിനുള്ള തയ്യാറെടുപ്പുകളിൽ മുഴുകിയിരുന്ന വീട്ടിലേക്ക് ഒരു അതിന്റെ ആഹ്ലാദമെല്ലാം തല്ലിക്കെടുത്തിക്കൊണ്ട് ഗണേഷിന്റെ മരണവൃത്താന്തവും വന്നെത്തി. 

 

 

ഒരു കർഷകകുടുംബമായിരുന്നു ഗണേഷിന്റേത്. നന്നേ ചെറുപ്പം തൊട്ടുതന്നെ സൈന്യത്തിൽ ചേരണം എന്ന ആഗ്രഹവുമായി നടന്ന ഗണേഷ് ഒടുവിൽ സ്ഥിരോത്സാഹം ഒന്നുകൊണ്ടു മാത്രമാണ് തന്റെ ലക്ഷ്യത്തിൽ എത്തിയതെന്ന് വീട്ടുകാർ ഓർക്കുന്നു. മകൻ പട്ടാളത്തിലേക്കുള്ള പരീക്ഷകൾ പാസാകുമോ എന്ന് അച്ഛന് സംശയമുണ്ടായിരുന്നു എങ്കിലും കഠിനാധ്വാനിയായ ഗണേഷ് ഒന്നാമത്തെ പരിശ്രമത്തിൽ തന്നെ പരീക്ഷ പാസായി സെലക്ഷൻ നേടി. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച മകനെയോർത്ത് അഭിമാനിക്കുന്നു എന്ന് ഗണേഷിന്റെ അച്ഛൻ പറഞ്ഞു.

ജവാൻ ചന്ദ്രകാന്ത പ്രധാൻ

ഒഡിഷയിലെ ബലിഗുഡയ്ക്കടുത്തുള്ള ബേരിപാംഗാ എന്ന ട്രൈബൽ ഗ്രാമത്തിൽ നിന്നാണ് ജവാൻ ചന്ദ്രകാന്ത പ്രധാൻ സൈന്യത്തിലേക്കെത്തുന്നത്. കുടുംബത്തിന്റെ ഒരേയൊരു അത്താണിയായിരുന്നു ചന്ദ്രകാന്ത. അദ്ദേഹത്തിന്റെ കുടുംബത്തിന് ഇന്ത്യക്കും ചൈനയ്ക്കും ഇടയിലുള്ള പ്രശ്നങ്ങളെക്കുറിച്ചൊന്നും അറിയില്ല. എന്നാലും അതിർത്തി കാക്കാൻ വേണ്ടി ജീവൻ ബലിയർപ്പിച്ച മകനെക്കുറിച്ചോർത്ത് അഭിമാനിക്കുന്നതായി അദ്ദേഹത്തിന്റെ അച്ഛൻ പറഞ്ഞു. രണ്ടു മാസം മുമ്പാണ് ജവാൻ പ്രധാൻ വീട്ടിൽ അവധിക്ക് വന്നുപോയത്.

 

 

റായ്കിയ തൊട്ട് ബേരിപാംഗാ വരെ പ്രദേശത്തെ യുവാക്കൾ മോട്ടോർസൈക്കിൾ റാലി നടത്തി. " ഷഹീദ് ചന്ദ്രകാന്ത പ്രധാൻ അമർ രഹേ...'' എന്ന മുദ്രാവാക്യം അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു. മൂവായിരത്തോളം പേർ നാടിന്റെ ധീരപുത്രനെ യാത്രയാക്കാൻ എത്തി.

2014 -ൽ ബിഹാർ റജിമെന്റിന്റെ ഭാഗമായ ജവാൻ പ്രധാൻ അവിവാഹിതനായിരുന്നു. അച്ഛൻ കരുണാകർ പ്രധാൻ, അമ്മ ബിലാസിനി പ്രധാൻ, ഒരു മൂത്ത സഹോദരി, രണ്ട് ഇളയ സഹോദരിമാർ എന്നിവർ അടങ്ങുന്നതായിരുന്നു ജവാൻ പ്രധാന്റെ കർഷകകുടുംബം.

ജവാൻ അങ്കുഷ് താക്കൂർ

ഹിമാചൽ പ്രദേശിലെ ഹാമിർപൂർ ഗ്രാമം വെള്ളിയാഴ്ച ആകെ ദുഃഖഗ്രസ്തമായിരുന്നു. അവരുടെ പ്രിയ പുത്രൻ ജവാൻ അങ്കുഷ് താക്കൂർ അതിർത്തിയിൽ വീരചരമമടഞ്ഞു എന്ന സത്യം അവർ പതുക്കെ ഉള്ളിലേക്കെടുക്കുകയായിരുന്നു. അങ്കുഷിന്റെ ഗ്രാമമായ ക്രോഹ്തയിലെ ശ്മശാനത്തിലായിരുന്നു അന്ത്യകർമങ്ങൾ. വെറും 21 വയസ്സുപ്രായം മാത്രമേ രക്തസാക്ഷിയാകുമ്പോൾ അങ്കുഷിന് ഉണ്ടായിരുന്നുള്ളൂ.

 

 

മകന്റെ ചിതക്ക് തീകൊളുത്തുമ്പോൾ അച്ഛൻ അനിൽ കുമാർ, അമ്മ ഉഷാദേവി എന്നിവർക്ക് കണ്ണീരടങ്ങുന്നുണ്ടായിരുന്നില്ല. അനുജൻ ആദിത്യ താക്കൂർ ആണ് ജ്യേഷ്ഠന്റെ ചിതയ്ക്ക് അഗ്നി പകർന്നത്.

ജവാൻ ഗണേഷ് ഹന്‍‌സ്‌ദ
 
ഒരാഴ്ച മുമ്പ് ജ്യേഷ്ഠൻ ദിനേശിന് ജവാൻ ഗണേഷിന്റെ ഫോൺ വന്നിരുന്നു. താൻ ഇപ്പോൾ ഡിപ്ലോയ്ഡ് ആയിട്ടുള്ള പ്രദേശത്ത് നേരിയ സംഘർഷം നിലവിലുണ്ട് എന്നും, എന്നാലും ഭയക്കേണ്ടതില്ല എന്നുമായിരുന്നു ആ കോളിൽ ഗണേഷ് പെട്ടെന്ന് പറഞ്ഞു വെച്ചത്. അനുജനെ പട്ടാളത്തിൽ ചേർക്കാൻ വേണ്ടി പഠിത്തം ഉപേക്ഷിച്ച് കൂലിപ്പണിക്കിറങ്ങിയ ദിനേശ് വേണ്ടെന്നുവെച്ചത്‌ സ്വന്തം സ്വപ്‌നങ്ങൾ കൂടിയായിരുന്നു. അങ്ങനെ ആറ്റുനോറ്റിരുന്നു സൈന്യത്തിൽ സേവനമനുഷ്ഠിക്കാൻ പറഞ്ഞുവിട്ട അനുജൻ ത്രിവർണ്ണപതാക പുതച്ചാണ് ഏറ്റവും ഒടുവിലായി വീടണഞ്ഞത്.

 

 

 

2018 ലാണ് ഗണേഷിന് സൈന്യത്തിലേക്ക് സെലക്ഷൻ കിട്ടിയത്. കടമൊക്കെ വീട്ടി വീടൊന്നു പുതുക്കിപ്പണിഞ്ഞ് പതിയെ ജീവിതം ആസ്വദിച്ച് വരുന്നതിനിടെയാണ് എല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കിക്കൊണ്ട് ഈ ദുരന്തവാർത്ത അവരെ തേടിയെത്തിയത്. ഈസ്റ്റ് സിംഗ്‌ബുമിലെ ബഹർഗോഡയിലെ ആ ചുവരുതേക്കാത്ത വീട്ടിൽ ഇപ്പോൾ നിറഞ്ഞ ശൂന്യത മാത്രമാണ്.

ജവാൻ ഗുർബിന്ദർ സിംഗ്

കഴിഞ്ഞ തവണ അവധിക്ക് നാട്ടിൽ ചെന്നപ്പോൾ വീട്ടുകാർ വിവാഹനിശ്ചയം കഴിഞ്ഞാണ് ജവാൻ ഗുർബിന്ദർ സിങിനെ തിരികെ പറഞ്ഞയച്ചത്. അടുത്ത അവധിക്ക് വിവാഹം എന്നുറപ്പിച്ചാണ് ഗുർബിന്ദറും വീട്ടുകാരും ഒക്കെ ഇരുന്നത്. അതിനിടെ മരണം ഇങ്ങനെ അപ്രതീക്ഷിതമായി കടന്നുവന്ന് ഗുർബിന്ദറിനെ തട്ടിയെടുക്കും എന്ന് ആരും കരുതിയില്ല.

 

 

സംഗ്രൂരിലെ സുനാമിന് അടുത്തുള്ള തൊട്ടവാൽ ഗ്രാമത്തിലായിരുന്നു ജവാൻ ഗുർബിന്ദറിന്റെ വീട്. 2018 -ൽ സൈന്യത്തിൽ ചേർന്ന ജവാൻ 3 പഞ്ചാബ് റജിമെന്റിന്റെ ഭാഗമായിരുന്നു. അച്ഛൻ ജാഗീർ സിംഗ്, അമ്മ ജസ്വീന്ദർ കൗർ, സഹോദരി സന്ദീപ് കൗർ, സഹോദരൻ പ്രഭജോത് സിംഗ് എന്നിവരടങ്ങിയതായിരുന്നു ജവാൻ ഗുർബിന്ദർ സിംഗിന്റെ കുടുംബം.

ജവാൻ ഗുർതേജ് സിംഗ്

തുടക്കത്തിൽ വിദേശത്ത് പോയി പണം സമ്പാദിക്കാൻ ആഗ്രഹിച്ചിരുന്ന ഗുർതേജ് സിങ്ങിന് രണ്ടു വർഷം മുമ്പാണ് ഒരു മനംമാറ്റം ഉണ്ടാകുന്നത്. രാജ്യത്തിനുവേണ്ടി സേവനമനുഷ്ഠിക്കാൻ സൈന്യത്തിൽ ചേരണം എന്ന് അദ്ദേഹം ഉറപ്പിച്ചു. അതിനായി പ്രയത്നിച്ചു. ബീരേവാല ഡോഗ്ര ഗ്രാമത്തിലെ ഒരു കർഷക കുടുംബത്തിൽ ജനിച്ച ഗുർതേജിന് അദ്ദേഹത്തിന്റെ കാർഗിൽ ധീരയോദ്ധാവായിരുന്ന അമ്മാവനായിരുന്നു പ്രചോദനമേകിയത്.

 

 

മൂന്നു സഹോദരന്മാരിൽ ഏറ്റവും ഇളയതായിരുന്നു ഗുർതേജ്. രാജ്യത്തിന് വേണ്ടി അതിർത്തിയിൽ ജീവത്യാഗം ചെയ്ത ജവാൻ ഗുർതേജ് സിംഗ് അന്ത്യം വരെയും  സിംഹവീര്യത്തോടെ പോരാടിയ ശേഷമാണ് രക്തസാക്ഷിയായത്. 

click me!