Latest Videos

വിഷപ്പാമ്പുകളുടെ കടിയേറ്റത് 170 -ലേറെത്തവണ, പ്രതിരോധം സ്വയം നേടിയെടുത്തു; ആരാണ് ഈ സ്നേക്ക് മാന്‍?

By Web TeamFirst Published Aug 30, 2020, 3:42 PM IST
Highlights

ലോകത്തിലെത്തന്നെ ഏറ്റവും പ്രശസ്‍തമായ, ഇത്രയധികം പാമ്പുകളെ കൈകാര്യം ചെയ്യുന്നയാൾ 2011 -ൽ നൂറാമത്തെ വയസ്സിൽ സ്വാഭാവിക കാരണങ്ങളാലാണ് മരിച്ചത്. 

പാമ്പ് ഒരു ഭീകര ജീവിയല്ലെന്നും, മറിച്ച് നമ്മുടെ ഉറ്റ സുഹൃത്താണെന്നും കരുതിയിരുന്ന ഒരു വ്യക്തിയായിരുന്നു ബിൽ ഹാസ്റ്റ്. അമേരിക്കയിലെ ഒരു ശാസ്ത്രജ്ഞനായ അദ്ദേഹത്തെ ജീവിതത്തിൽ 173 തവണ വിഷപ്പാമ്പുകൾ കടിച്ചിട്ടുണ്ട്. അതിൽ 20 തവണ മാരകമാവുകയും ചെയ്‍തു. എന്നാൽ, ഇതൊന്നും അദ്ദേഹത്തെ പാമ്പുമായി ചങ്ങാത്തം കൂടുന്നതിൽ നിന്ന് പിന്തിരിപ്പിച്ചില്ല. പതിനായിരത്തോളം പാമ്പുകളെ അദ്ദേഹം വളർത്തിയിരുന്നു. കൂടാതെ, 200 ഇനം വിഷപ്പാമ്പുകളിൽ നിന്ന് വിഷം ശേഖരിച്ച് ലോകം മുഴുവൻ വിതരണം ചെയ്യുകയും ചെയ്‍തിരുന്നു അദ്ദേഹം.  

1910 -ൽ ന്യൂജേഴ്‌സിയിലെ ജനിച്ച ബിൽ ഹാസ്റ്റിന് ഏഴ് വയസ്സുള്ളപ്പോൾ മുതലാണ് പാമ്പുകളോട് ഇഷ്‍ടം തോന്നുന്നത്. ഈ താത്പര്യം അദ്ദേഹം വളർന്നപ്പോൾ അദ്ദേഹത്തോടൊപ്പം വളരുകയായിരുന്നു. തന്റെ 11 -ാമത്തെ വയസ്സിൽ ബോയ് സ്‍കൗട്ട് ക്യാമ്പിലേക്കുള്ള വേനൽക്കാല യാത്രകളിൽ ആ താല്പര്യം ഒരാവേശമായി വളർന്നു. എന്നാൽ, പിറ്റേവർഷം റാറ്റിൽ സ്നേകിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടയ്ക്ക് അദ്ദേഹത്തിന് ആദ്യത്തെ പാമ്പുകടിയേറ്റു. എന്നാൽ, അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് പല പ്രാവശ്യവും അദ്ദേഹത്തെ പാമ്പ് കടിച്ചു. ഇതിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ബിൽ ആന്‍റി-വെനം സംഘടിപ്പിച്ച് സ്വയം കുത്തിവയ്ക്കാൻ തുടങ്ങി.    

 

പാമ്പിനോട് സ്നേഹം മൂത്ത് അവയെ വളർത്താൻ അദ്ദേഹം ആഗ്രഹിച്ചു. അങ്ങനെ മെയിൽ ഓർഡർ വഴിയും, കാറ്റലോഗുകൾ വഴിയും ബിൽ  പാമ്പുകളെ ശേഖരിക്കാൻ തുടങ്ങി. ആദ്യത്തെ പാമ്പിനെ വീട്ടിലെത്തിച്ചപ്പോൾ, പേടിച്ചരണ്ട അമ്മ അതിനടുത്തിരിക്കാൻ വിസമ്മതിക്കുകയും മൂന്ന് ദിവസത്തേക്ക് അപ്പാർട്ട്മെന്റിൽ നിന്ന് ഓടിപ്പോവുകയും ചെയ്‍തുവെന്നാണ് പറയപ്പെടുന്നത്. എന്നാൽ, പിന്നീട് മകന്റെ ഈ താല്പര്യം ഇല്ലാതാക്കാൻ സാധിക്കില്ല എന്ന് തിരിച്ചറിഞ്ഞ അവർ,  മകന് ചെറിയ പാമ്പുകളെ സൂക്ഷിക്കാനും വളർത്താനുമുള്ള അനുവാദം നൽകി. ഒരു സ്നേക് ഫാം തുടങ്ങുക എന്നതായിരുന്നു ബില്ലിന്റെ ഏറ്റവും വലിയ ആഗ്രഹം. എന്നാൽ, ആഗ്രഹം കൊണ്ട് മാത്രം കാര്യമില്ല, പണത്തിന് പണം തന്നെ വേണമെന്ന് തിരിച്ചറിഞ്ഞ ബിൽ, നന്നായി പഠിക്കാനും, ഒരു ജോലി സമ്പാദിക്കാനും തീരുമാനിച്ചു.  

തുടർന്ന്, ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം ഒരു ഫ്ലൈറ്റ് എഞ്ചിനീയറായി നിയമിതനാവുകയും, ലോകം ചുറ്റിസഞ്ചരിക്കുകയും ചെയ്‍തു. നാടുകൾ തോറുമുള്ള യാത്രകൾക്കിടയിലും പാമ്പുകളെ ശേഖരിക്കാൻ അദ്ദേഹം മറന്നില്ല.  ഇങ്ങനെ ശേഖരിക്കുന്ന പാമ്പുകളെ പലപ്പോഴും ടൂൾ ബോക്സിൽ വച്ചാണ് അദ്ദേഹം കൊണ്ടുവന്നിരുന്നത്. ലോകമെമ്പാടുമുള്ള മാരക വിഷമുള്ള പാമ്പുകളെ ശേഖരിച്ച് നാട്ടിലേക്ക് തിരികെ കൊണ്ടുവരുന്നതിനു പുറമേ, ഒരു വലിയ സ്നേക് ഫാം പണിയുന്നതിനായി പണം സ്വരൂപിക്കാനും അദ്ദേഹം ശ്രമിച്ചു. 1946 ആയപ്പോഴേക്കും വീട് വിറ്റ് തെക്കൻ മിയാമിയിൽ ഒരു സ്ഥലം വാങ്ങാനും അവിടെ ഒരു പാമ്പുകേന്ദ്രം തന്നെ പണിയാനും അദ്ദേഹത്തിന് കഴിഞ്ഞു. നിർഭാഗ്യവശാൽ ഭാര്യ ആനിന്, പാമ്പുകളോടുള്ള അദ്ദേഹത്തിന്റെ ഈ അഭിനിവേശത്തെ മനസ്സിലാക്കാൻ സാധിച്ചില്ല. താമസിയാതെ അവർ അദ്ദേഹത്തെ ഉപേക്ഷിച്ചു.

ഒരു വർഷത്തിനുശേഷം ബിൽ തന്റെ പുതിയ ഭാര്യ ക്ലാരിറ്റയുടെ സഹായത്താൽ ഈ സംരംഭത്തെ മുന്നോട്ട് കൊണ്ടുപോയി. അദ്ദേഹത്തിന്റെ മകൻ ബിൽ ജൂനിയറും അദ്ദേഹത്തോടൊപ്പം പാമ്പുകേന്ദ്രത്തില്‍ പ്രവർത്തിക്കാൻ തുടങ്ങി. എന്നാൽ നാല് പ്രാവശ്യം പാമ്പ് കടിയേറ്റപ്പോൾ, ആ പണി മതിയാക്കി മകൻ മറ്റൊരു ജോലിയിൽ പ്രവേശിച്ചു. അടുത്ത 20 വർഷത്തിനുള്ളിൽ, അദ്ദേഹത്തിന്റെ ചെറിയ ഫാമിൽ 500 -ലധികം വിഷമുള്ള പാമ്പുകളെ ശേഖരിക്കാൻ അദ്ദേഹത്തിനായി.  

അദ്ദേഹം തന്റെ ജീവിതകാലത്ത് ലക്ഷക്കണക്കിന് വിഷപ്പാമ്പുകളെ കൈകാര്യം ചെയ്‍തതായി കണക്കാക്കുന്നു. എന്നാൽ, പാമ്പുകൾ കടിക്കുന്നത് ഒഴിവാക്കാൻ ഹാസ്റ്റ് തന്നാലാവുന്നതെല്ലാം ചെയ്തു. എന്നിട്ടും അദ്ദേഹം കൈകാര്യം ചെയ്‍ത പാമ്പുകളുടെ എണ്ണം വളരെ കൂടുതലായത് കാരണം അദ്ദേഹത്തിന് ഇടക്കിടെ കടിയേറ്റുകൊണ്ടിരുന്നു. 2008 ആയപ്പോഴേക്കും അദ്ദേഹത്തിന് 172 തവണയെങ്കിലും കടിയേറ്റു. ഇതിനെതിരെ പ്രതിരോധം നേടാനായി, ബിൽ ഓരോ ആഴ്ചയും ശരീരത്തിൽ വളരെ നേർപ്പിച്ച കോബ്ര വിഷം കുത്തിവയ്ക്കാൻ തുടങ്ങി. ഒടുവിൽ പാമ്പുകടിയോട് ഒരു നിശ്ചിത അളവിലുള്ള പ്രതിരോധശേഷി അല്ലെങ്കിൽ പ്രതിരോധം വികസിപ്പിക്കാൻ അദ്ദേഹത്തിനായി. ഒടുവിൽ, പാമ്പുകടിയേറ്റ മറ്റ് ഇരകളെ സഹായിക്കാൻ അദ്ദേഹം തന്റെ രക്തം ദാനം ചെയ്‍തു. വെനിസ്വേലയിലെ ഒരു കൊച്ചുകുട്ടിയെ പാമ്പ് കടിച്ചതിന് ശേഷം, കുട്ടിക്ക് തന്റെ രക്തം നൽകാൻ അദ്ദേഹം കാട്ടിലേക്ക് ട്രെക്കിംഗ് നടത്തുകയുണ്ടായി. ഇതിനെ തുടർന്ന് രാജ്യം അദ്ദേഹത്തെ ഒരു ഓണററി പൗരനാക്കി ബഹുമാനിച്ചിരുന്നു.    

ലോകത്തിലെത്തന്നെ ഏറ്റവും പ്രശസ്‍തമായ, ഇത്രയധികം പാമ്പുകളെ കൈകാര്യം ചെയ്യുന്നയാൾ 2011 -ൽ നൂറാമത്തെ വയസ്സിൽ സ്വാഭാവിക കാരണങ്ങളാലാണ് മരിച്ചത്. പാമ്പുകളോടുള്ള ഇഷ്ടം ഉണ്ടായിരുന്നിട്ടും, അവയെ വളർത്തുമൃഗങ്ങളായി കണക്കാക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം ഒരിക്കൽ പറയുകയുണ്ടായി. “നിങ്ങൾക്ക് 30 വർഷത്തേക്ക് ഒരു പാമ്പിനെ കൂട്ടിലിടാം. എന്നാൽ, നിങ്ങൾ കൂടു തുറക്കുന്ന നിമിഷം അത് പോകും. ഒരു എലിയെ കാണിച്ചാലല്ലാതെ അത് പിന്നെ നിങ്ങളുടെ അടുത്ത് വരില്ല. ” എന്നിരുന്നാലും അദ്ദേഹത്തിന് പാമ്പുകളെന്നാൽ ഒരിക്കലും ഒടുങ്ങാത്ത അഭിനിവേശമായിരുന്നു. 

click me!