ചൈനയിലെ മെഡിക്കൽ സ്‍കൂളിന് മുന്നിൽ ഉയരാൻ പോകുന്ന ആ വെങ്കല പ്രതിമ ഏത് ഇന്ത്യക്കാരന്‍റേതാണ്?

By Web TeamFirst Published Aug 30, 2020, 10:07 AM IST
Highlights

അഞ്ചുവർഷത്തോളം യാനാനിലും വടക്കൻ ചൈനയിലും പരിക്കേറ്റവരെയും, രോഗികളെയും ചികിൽസിച്ച അദ്ദേഹം, ഒടുവിൽ തീരെ ക്ഷീണിതനായിത്തീർന്നു. തുടർന്ന് തന്റെ 32 -ാമത്തെ വയസ്സിൽ അസുഖം പിടിപ്പെട്ട് മരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ ചൈന വിരുദ്ധ വികാരത്തിന്റെ തീവ്രത കുറക്കാൻ ഒരു പുതിയ നീക്കം ബീജിംഗിൽ നടക്കുകയാണ്. ഇന്ത്യക്കാരനായ ഡോക്ടർ ദ്വാരകനാഥ് കോട്ട്നിസിന്റെ വെങ്കല പ്രതിമ അടുത്ത മാസം വടക്കൻ ചൈനയിലെ ഒരു മെഡിക്കൽ സ്‍കൂളിന് പുറത്ത് അനാച്ഛാദനം ചെയ്യപ്പെടും. അദ്ദേഹത്തിന്റെ പ്രതിമ ഇതാദ്യമായല്ല ചൈനയിൽ സ്ഥാപിക്കപ്പെടുന്നത്. ചൈനയിലെ പല നഗരങ്ങളിലും ദ്വാരകനാഥ് കോട്ട്നിസിന്റെ പ്രതിമകളും സ്‍മാരകങ്ങളും കാണാം. ഒരു ഇന്ത്യക്കാരന്റെ പേരിൽ മറ്റൊരു രാജ്യത്ത് ശില്‍പങ്ങളും സ്‍മാരകങ്ങളും പണിയുക എന്നത് നമ്മെ സംബന്ധിച്ചിടത്തോളം അഭിമാനം ഉളവാക്കുന്ന ഒരു കാര്യമാണ്. ഇത്തരം ഒരു ബഹുമതിയ്ക്ക് അർഹനാകാൻ അദ്ദേഹം എന്താണ് ചെയ്‍തത്? രണ്ടാം ലോകമഹായുദ്ധ കാലത്തും, മാവോ സെതൂങ് നയിച്ച ചൈനീസ് വിപ്ലവ കാലത്തും അദ്ദേഹം നടത്തിയ സേവനങ്ങളെ മാനിച്ചാണ് ഇത്.  ചൈനയുടെ ചരിത്രത്തിൽ ഒട്ടും കുറയാത്ത ഒരു സ്ഥാനം അദ്ദേഹത്തിനുണ്ട്. ആരാണ് ചൈനയിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിക്കാട്ടിയ ഡോക്ടർ ദ്വാരകനാഥ് കോട്ട്നിസ്?

മഹാരാഷ്ട്രയിലെ കൊങ്കണിൽ ജനിച്ച ഡോ. കോട്ട്നിസ് 1937 -ൽ റെഡ് ക്രോസ് മിഷൻ ടീമിൽ അംഗമായിരുന്നു. അക്കാലത്താണ് ജപ്പാൻ ചൈനയെ ആക്രമിക്കുന്നത്. പരിക്കേറ്റ സൈനികർക്ക് ചികിത്സ നൽകാൻ ഡോക്ടർമാരുടെ ഒരു സംഘത്തെ അയയ്ക്കണമെന്ന് അന്നത്തെ ചൈനയിലെ ജനറൽ ചു ടെ, പണ്ഡിറ്റ് ജവഹർലാൽ നെഹ്‍റുവിനോട് അഭ്യർത്ഥിക്കുകയുണ്ടായി. ഡോ. കോട്‌നിസിന്റെ നേതൃത്വത്തിൽ ഇന്ത്യൻ മെഡിക്കൽ മിഷനു കീഴിലുള്ള ഒരു സംഘം ഡോക്ടർമാരെ നെഹ്‌റുജി ചൈനയിലേക്ക് അയച്ചു. ഒടുവിൽ യുദ്ധം അവസാനിച്ചപ്പോൾ ബാക്കി ഡോക്ടർമാർ ഇന്ത്യയിലേക്ക് മടങ്ങിയെങ്കിലും ഡോ. കോട്‌നിസ് അവിടെ തന്നെ തുടർന്നു. ഈ സമയത്ത്, ഗുവോ ക്വിംഗ് ലോംഗ് എന്ന ചൈനീസ് യുവതിയെ അദ്ദേഹം വിവാഹം കഴിക്കുകയുണ്ടായി. പിന്നീട് അദ്ദേഹത്തിന് ഒരു മകൻ ജനിച്ചപ്പോൾ, അദ്ദേഹം അവന് യിൻഹുവ എന്ന് പേരിട്ടു. 'യിൻ' എന്നാൽ ഇന്ത്യയെന്നും, 'ഹുവ' എന്നാൽ ചൈനയെന്നുമാണ് അർത്ഥം. അദ്ദേഹത്തിന്റെ ഈ മനോഭാവം ചൈനീസ് പൊതുജനങ്ങളിൽ അദ്ദേഹത്തെ പ്രശസ്‍തനാക്കി.

1942 -ൽ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയിൽ ചേർന്നു. എന്നാൽ ആ വർഷം തന്നെ അദ്ദേഹം മരണപ്പെട്ടു. അഞ്ചുവർഷത്തോളം യാനാനിലും വടക്കൻ ചൈനയിലും പരിക്കേറ്റവരെയും, രോഗികളെയും ചികിൽസിച്ച അദ്ദേഹം, ഒടുവിൽ തീരെ ക്ഷീണിതനായിത്തീർന്നു. തുടർന്ന് തന്റെ 32 -ാമത്തെ വയസ്സിൽ അസുഖം പിടിപ്പെട്ട് മരിക്കുകയായിരുന്നു അദ്ദേഹം. മുൻ ചൈനീസ് നേതാവ് മാവോ സേതുങ് ഡോ. കോട്‌നിസിന്റെ മരണത്തിൽ അതീവ ദുഃഖിതനായി തീർന്നു. മാവോ തന്റെ അനുശോചന സന്ദേശത്തിൽ ഇങ്ങനെ എഴുതി, 'സൈന്യത്തിന് ഒരു സഹായിയെ നഷ്‍ടമായി, രാജ്യത്തിന് ഒരു സുഹൃത്തിനെയും. അദ്ദേഹത്തിന്റെ അന്താരാഷ്ട്ര സഹവർത്തിത്വ മനോഭാവം നമുക്ക് എപ്പോഴും മനസ്സിൽ സൂക്ഷിക്കാം.'  

ചൈനയിൽ അദ്ദേഹത്തെ എല്ലാവരും സ്നേഹത്തോടെ 'കെ ദിഹ്യ' എന്നാണ് വിളിച്ചിരുന്നത്. ഡോ. കോട്‌നിസിന്റെ ഓർമ്മക്കായി ഷിജിയാഹുവാങ്ങിൽ ഒരു മെഡിക്കൽ കോളേജ് സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. 1992 -ൽ സ്‍കൂൾ സ്ഥാപിതമായതുമുതൽ 45,000 മെഡിക്കൽ പ്രൊഫഷണലുകൾ അവിടെ നിന്ന് ബിരുദം നേടിയതായി ഷിജിയാവുവാങ് കെ ദിഹുവ മെഡിക്കൽ സയൻസ് സെക്കൻഡറി സ്പെഷ്യലൈസ്‍ഡ് സ്‍കൂളിലെ ഉദ്യോഗസ്ഥനായ ലിയു വെൻജു പറഞ്ഞു. കോളേജിൽ വരുന്ന ഓരോ പുതിയ വിദ്യാർത്ഥികളും ജീവനക്കാരും തങ്ങളുടെ ആദ്യ ദിവസം തന്നെ ഡോ. കോട്‌നിസിനെ പോലെ ആത്മാർത്ഥയോടെ പ്രവർത്തിക്കുമെന്ന് അദ്ദേഹത്തിന്റെ ശിലാപ്രതിമയ്ക്ക് മുന്നിൽ സത്യം ചെയ്യണം, അദ്ദേഹം പറഞ്ഞു. കോളേജ് കൂടാതെ അദ്ദേഹത്തിന്റെ ഓർമ്മക്കായി നിരവധി പ്രതിമകളും സ്‍മാരകങ്ങളും ഷിജിയാവുവാങ്ങിലും തൻജിയാങ്ങിലും സ്ഥാപിച്ചിട്ടുണ്ട്. ചൈനയിൽ അദ്ദേഹം സേവനം നടത്തിയ രണ്ട് നഗരങ്ങളായിരുന്നു അവ. ചൈനീസ് സർക്കാർ 1976 -ൽ ഷിജിയാവുവാങ് സിറ്റിയിൽ ഡോ. കോട്‌നിസിനായി ഒരു സ്‍മാരക ഹാളും നിർമ്മിക്കുകയുണ്ടായി.  

click me!