വൈറസ് ബാധിച്ച വുഹാനിലെ ജീവിതം തുറന്നെഴുതിയതിന് ചൈനീസ് എഴുത്തുകാരിക്ക് വിലക്ക്

By Web TeamFirst Published Jan 20, 2021, 3:30 PM IST
Highlights

എന്നാൽ, പ്രശ്‌നം അധികൃതർ ഇതിനെ തുടക്കത്തിൽ കൈകാര്യം ചെയ്ത രീതിയിലാണെന്ന് അവർ അഭിപ്രായപ്പെട്ടു. “എങ്ങനെയാണ് ഇത് ഉത്ഭവിച്ചത് എന്നതിനെ കുറിച്ച് സമഗ്രമായ ഒരു അന്വേഷണം നടന്നിട്ടില്ല” ഫാങ് ഫാങ് പറയുന്നു.

2019 ഡിസംബറിൽ കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയ മധ്യചൈനയിലെ വുഹാനിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ചൈനീസ് നോവലിസ്റ്റ് ഫാങ് ഫാങ് അതിനെ കുറിച്ച് എഴുതാൻ തീരുമാനിച്ചു. ചൈനയിലെ ഏറ്റവും പ്രശസ്തരായ എഴുത്തുകാരിലൊരാളായ വാങ് ഫാങ്ങിന്റെ തൂലികാനാമമാണ് ഫാങ് ഫാങ്. അവർ കുട്ടിക്കാലം മുതൽ തന്നെ വുഹാനിൽ താമസിക്കുന്ന ഒരു വ്യക്തിയാണ്. ചൈനയിലുടനീളം നടപ്പിലാക്കിയ യാത്രാനിയന്ത്രണങ്ങൾ കടുത്ത നടപയായി ആളുകൾ കണ്ടു. നഗരത്തിലെ 11 ദശലക്ഷം നിവാസികളിൽ പലർക്കും ഫാങ് ഫാങ്ങിന്റെ ഓൺലൈൻ ഡയറിക്കുറിപ്പുകൾ ഒരാശ്വാസമായി. വൈറസ് ആദ്യമായി ഉയർന്നുവന്ന നഗരത്തിന്റെ ഒരു തുറന്ന ചിത്രമായി ആ കുറിപ്പുകൾ മാറി. ട്വിറ്റർ പോലെ ചൈനയിലുള്ള വെയ്ബോ അക്കൗണ്ടിൽ ആ 65 -കാരി തന്റെ ദൈനംദിന പോസ്റ്റുകൾ പങ്കിട്ടു. ലോക്ക്ഡൗൺ സമയത്ത് തന്റെ നായയുമായി തനിച്ച് താമസിക്കുന്നതിനെക്കുറിച്ചു മാത്രമല്ല അവർ എഴുതിയത് അധികാരികളുടെ ഇരുണ്ടവശവും അവർ അതിലൂടെ തുറന്നുകാട്ടി. തുടക്കത്തിൽ അവർക്ക് നല്ല സ്വീകാര്യത ലഭിച്ചിരുന്നുവെങ്കിലും പിന്നീട് അവരുടെ ശ്രമങ്ങൾ വലിയ എതിർപ്പുകൾക്ക് വഴിയൊരുക്കി.

ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് ഒറ്റപ്പെട്ടുപോയതിനെ കുറിച്ചും, കൂടെയുള്ളവരുടെ ജീവൻ നഷ്ടമാകുമ്പോഴുള്ള വേദനയെ പറ്റിയും, പ്രതിസന്ധിയെ തെറ്റായി കൈകാര്യം ചെയ്യുന്ന പ്രാദേശിക ഉദ്യോഗസ്ഥരോടുള്ള ദേഷ്യവും എല്ലാം അവർ അതിൽ തുറന്നെഴുതി. തുടക്കത്തിൽ, അവരുടെ ഓൺലൈൻ ഡയറിക്കുറിപ്പുകൾ എല്ലാവരാലും പ്രശംസിക്കപ്പെട്ടു. സംസ്ഥാന മാധ്യമങ്ങളായ ചൈന ന്യൂസ് സർവീസ് അവരുടെ ഉജ്ജ്വലമായ വിവരണത്തെയും, നേരായ ശൈലിയെയും പുകഴ്ത്തി. എന്നാൽ അത് അന്താരാഷ്ട്ര ശ്രദ്ധ നേടാൻ തുടങ്ങിയപ്പോൾ പ്രതികരണം  മാറി. അവരുടെ ഡയറിക്കുറിപ്പുകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെടുമെന്നും, യുഎസ് പ്രസാധകൻ ഹാർപർകോളിൻസ് എടുക്കുമെന്നും വാർത്തകൾ പുറത്തുവന്നപ്പോൾ വിമർശനം കടുത്തു.

അവർ പെട്ടെന്ന് തന്നെ അധികാരികളുടെ ശത്രുവായി മാറി. ചൈനീസ് മാധ്യമങ്ങൾ അവരുടെ ലേഖനങ്ങളൊന്നും പ്രസിദ്ധീകരിക്കരുതെന്ന് ഉത്തരവിട്ടു. പുതിയ കൃതികളും, പുനഃപ്രസിദ്ധീകരണങ്ങളും ഉൾപ്പെടെയുള്ള അവരുടെ പുസ്തകങ്ങൾ ചൈനീസ് പ്രസാധകർ ഒഴിവാക്കി. “ഒരു എഴുത്തുകാരിയെ സംബന്ധിച്ചിടത്തോളം ഇത് വളരെ ക്രൂരമാണ്” അവർ ബിബിസിയോട് പറഞ്ഞു. "സർക്കാരിനെ പ്രശംസിക്കുന്നതിനേക്കാൾ സാധാരണക്കാരോട് ഞാൻ കൂടുതൽ സഹതാപം പ്രകടിപ്പിച്ചതുകൊണ്ടാകാം ഇത്. ഞാൻ സർക്കാരിനെ പ്രശംസിക്കുകയോ, പുകഴ്ത്തി പറയുകയോ ചെയ്തില്ല, അതിനാൽ ഞാൻ കുറ്റക്കാരിയായി" അവർ കൂട്ടിച്ചേർത്തു.

സർക്കാർ മാത്രമല്ല, വധഭീഷണി ഉൾപ്പെടെ പതിനായിരക്കണക്കിന് സന്ദേശങ്ങൾ ആളുകളിൽ നിന്ന് തനിക്ക് ലഭിച്ചതായി അവർ പറയുന്നു. ചൈനീസ് ഭരണകൂടത്തെ ആക്രമിക്കാൻ പടിഞ്ഞാറുമായി ഗൂഡലോചന നടത്തിയെന്നാരോപിച്ച് സോഷ്യൽ മീഡിയയിൽ അവരെ രാജ്യദ്രോഹിയായി മുദ്രകുത്തി. ചിലർ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ ഡയറിക്കുറിപ്പുകൾ എഴുതാൻ പണം നൽകിയെന്നും അഭിപ്രായപ്പെട്ടു. "എന്തിനാണ് അവർക്ക് എന്നോട് ഇത്ര വിദ്വേഷം എന്ന് മനസിലാകുന്നില്ല. എന്റെ രേഖകൾ വസ്തുനിഷ്ഠവും സൗമ്യവുമാണ്" ഫാങ് ഫാങ് പറയുന്നു. കൊറോണ വൈറസ് ലോകത്തിന്റെ എല്ലാ കോണുകളിലേക്കും വ്യാപിക്കുന്നത് കണ്ട ശേഷം, വുഹാനിൽ 76 ദിവസത്തെ ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള ചൈനയുടെ തീരുമാനം ശരിയാണെന്ന് ഫാങ് ഫാങ് പറയുന്നു. അക്കാലത്ത് അവരുടെ ഡയറി ക്കുറിപ്പുകളിൽ പ്രതിഫലിച്ച നിലപാടും അത് തന്നെയായിരുന്നു. “വൈറസ് ഇല്ലാതെ വുഹാനിൽ സ്വതന്ത്രമായി ജീവിക്കാൻ ഞങ്ങൾ നൽകിയ വിലയാണ് ലോക്ക് ഡൗൺ” അവർ പറയുന്നു. മെയ് മുതൽ വുഹാൻ പ്രാദേശിക കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ല. "കടുത്ത നടപടികൾ സ്വീകരിച്ചിരുന്നില്ലെങ്കിൽ, വുഹാനിലെ സ്ഥിതി കൂടുതൽ നിയന്ത്രണാതീതമാകുമായിരുന്നു. അതിനാൽ എല്ലാ രോഗനിയന്ത്രണ നടപടികൾക്കും ഞാൻ പിന്തുണ അറിയിച്ചു" ഫാങ് ഫാങ് പറഞ്ഞു. 

എന്നാൽ, പ്രശ്‌നം അധികൃതർ ഇതിനെ തുടക്കത്തിൽ കൈകാര്യം ചെയ്ത രീതിയിലാണെന്ന് അവർ അഭിപ്രായപ്പെട്ടു. “എങ്ങനെയാണ് ഇത് ഉത്ഭവിച്ചത് എന്നതിനെ കുറിച്ച് സമഗ്രമായ ഒരു അന്വേഷണം നടന്നിട്ടില്ല” ഫാങ് ഫാങ് പറയുന്നു. വൈറസ് തടയാൻ കഴിയുന്നതാണെന്നും, നിയന്ത്രിക്കാവുന്നതാണെന്നും ആദ്യം അധികാരികൾ പറഞ്ഞത് എന്തുകൊണ്ടാണെന്ന് അവർ ചോദിക്കുന്നു. എന്നാൽ ചൈന മാത്രമല്ല, പകർച്ചവ്യാധികളിൽ നിന്ന് ലോകം മുഴുവൻ പഠിക്കേണ്ടതുണ്ടെന്ന് ഫാങ് ഫാങ് പറയുന്നു. "മനുഷ്യന്റെ അജ്ഞതയും അഹങ്കാരവുമാണ് വൈറസ് വ്യാപകമായതും, ഇത്രയും കാലം നിലനിന്നതും" അവർ അഭിപ്രായപ്പെട്ടു. എന്നാൽ, ഈ പ്രതിസന്ധി ഘട്ടങ്ങളിലും എഴുത്ത് നിർത്താൻ അവർ ആഗ്രഹിക്കുന്നില്ല. തന്റെ കൃതികൾ വീണ്ടും സ്വന്തം രാജ്യത്ത് പ്രസിദ്ധീകരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് അവർ ഇപ്പോഴും എഴുതുന്നത്. തനിക്ക് പശ്ചാത്താപമില്ലെന്നും അവർ പറയുന്നു. "ഞാൻ തീർച്ചയായും വിട്ടുവീഴ്ചകൾ ചെയ്യില്ല, മൗനം പാലിക്കേണ്ട ആവശ്യമില്ല" എഴുത്തുകാരി ഉറപ്പിച്ച് പറഞ്ഞു. 

click me!