
മുറികളും മറ്റും വൃത്തിയാക്കി ഇടുക, തുണികളൊക്കെ അടുക്കിലും ചിട്ടയിലും വയ്ക്കുക, തുണി അലക്കുക, കഴിച്ച പാത്രം കഴുകുക തുടങ്ങിയ ജോലികളെല്ലാം പലപ്പോഴും വീട്ടിലെ പെണ്‍മക്കളില്‍ മാത്രമാണ് ഒതുങ്ങാറ്. അവര്‍ക്ക് ജീവിതത്തിലെപ്പോഴും ഇതെല്ലാം ആവശ്യം വരുമെന്നും ആണ്‍മക്കള്‍ ഇതൊന്നും പഠിക്കേണ്ട കാര്യം തന്നെയില്ലെന്ന മട്ടിലുമാണ് പൊതുബോധം. അതുകൊണ്ട് തന്നെ പലപ്പോഴും വിവാഹിതയായി പോകുമ്പോള്‍ പല മിടുക്കികളും അവളുടെ പഠനമോ ജോലിയോ ഉപേക്ഷിക്കുന്നു. വീട്ടിലെ കാര്യങ്ങളും പുറത്തെ ലോകവും ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയാത്തതിനാലാണ് ഇത്.
ഇതിന്‍റെ പ്രശ്നങ്ങള്‍ വ്യക്തമാക്കുന്ന തരത്തിലാണ് 'ഏരിയലി'ന്‍റെ പുതിയ പരസ്യം. #ShareTheLoad എന്ന ഹാഷ് ടാഗോടു കൂടിയാണ് പരസ്യം. ആണിനും പെണ്ണിനും വീട്ടിലെ കാര്യങ്ങളില്‍ തുല്ല്യ ഉത്തരവാദിത്തമാണ് എന്ന് വ്യക്തമാക്കുന്നതാണ് പരസ്യം.
അമ്മയെ ഫോണ്‍ ചെയ്യുകയാണ് വിവാഹിതയായ മകള്‍. ആ സമയം അമ്മ, മകന്‍റെ മുറി വൃത്തിയാക്കുകയും അലക്കാനുള്ള തുണി എടുത്തു വയ്ക്കുകയും ചെയ്യുകയാണ് ഈ സമയം. അപ്പോഴാണ് മകള്‍ ജോലി രാജി വെച്ച കാര്യം പറയുന്നത്. 'ഇത്രയും നല്ല ജോലി കളയുന്നതെന്തിനാണ്, നീ നന്നായി ജോലി ചെയ്യുമായിരുന്നല്ലോ, നമുക്കെല്ലാം അതില്‍ അഭിമാനമായിരുന്നു'വെന്ന് അമ്മ പറയുന്നുണ്ട്. 'വീട്ടിലെ കാര്യവും ജോലിയും ഒരുമിച്ചു കൊണ്ടു പോകാന്‍ കഴിയുന്നില്ല' എന്നാണ് മകളുടെ മറുപടി.
'അതെന്തുകൊണ്ട് അവളുടെ ഭര്‍ത്താവ് അവളെ സഹായിക്കുന്നില്ലേ' എന്ന് അമ്മ തിരികെ ചോദിക്കുന്നു. അയാള്‍ക്ക് വീട്ടിലെ കാര്യങ്ങളൊന്നും ചെയ്യാനറിയില്ലെന്നാണ് മകളുടെ മറുപടി. അതെന്തുകൊണ്ട് എന്ന് ചോദിക്കുന്നു അമ്മ. എന്നാല്‍, അതിനുത്തരവും അമ്മ തന്നെ കണ്ടെത്തുന്നു. വീട്ടിലെ കാര്യങ്ങള്‍ നോക്കാന്‍ അവര്‍ പെണ്‍മക്കളെ മാത്രമാണ് പരീശീലിപ്പിക്കുന്നത്. സഹോദരി എന്തുകൊണ്ടാണ് ജോലി രാജിവച്ചതെന്ന മകന്‍റെ ചോദ്യത്തിന് 'നമ്മുടെ ഭാഗത്ത് ചില തെറ്റുകളുണ്ട്' എന്നാണ് അമ്മ പറയുന്നത്. തുടര്‍ന്ന് മകനെ കൊണ്ട് തുണി അലക്കിപ്പിക്കുകയാണ്.
നേരത്തേയും ഇത്തരം സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരസ്യങ്ങള്‍ ഏരിയല്‍ ഇറക്കിയിരുന്നു.