കാഴ്ചയില്ല; പക്ഷെ, സഹായി ആയി ഇനി കുതിര വരും

By Web TeamFirst Published Oct 14, 2018, 4:02 PM IST
Highlights

എന്നാല്‍, 24 വയസുകാരനായ മൊഹമ്മദ് സലിമിന് നായകളെ പേടിയാണ്. കുട്ടിക്കാലത്തുണ്ടായ പേടിപ്പെടുത്തുന്ന അനുഭവമാണ് അതിന് കാരണം. അതിനാലാണ് സഹായിയായി കുതിരയെ നിര്‍ത്താന്‍ തീരുമാനിച്ചത്. 

ബ്ലാക്ക്ബേണ്‍: ഇംഗ്ലണ്ടിലുള്ള ഈ ഇന്ത്യന്‍ വംശജന് കണ്ണിന് കാഴ്ച കുറവാണ്. ഇംഗ്ലണ്ടിലാദ്യമായി തന്നെ ഗൈഡ് ചെയ്യാന്‍ പരിശീലിപ്പിക്കപ്പെട്ട കുതിരയെ കിട്ടുന്ന ആളും ഇദ്ദേഹം തന്നെയായിരിക്കും. മൊഹമ്മദ് സലീം പട്ടേലിനാണ് സഹായിയായി കുതിരയെ കിട്ടുക. 

ബ്ലാക്ക്ബേണ്‍ കേന്ദ്രീകരിച്ചുള്ള ഒരു മാധ്യമപ്രവര്‍ത്തകനാണ് ഇദ്ദേഹം. കാഴ്ചയ്ക്ക് തകരാറുള്ള മൊഹമ്മദ് സലിമിന് വൈകാതെ തന്നെ കാഴ്ച പൂര്‍ണമായും നഷ്ടപ്പെടും അപ്പോഴേക്കും കുതിരയുടെ പരിശീലനം പൂര്‍ത്തിയാക്കും. സാധാരണ നായകളെയാണ് മനുഷ്യന്‍ സഹായിയായി കൂടെ കൊണ്ടു പോകാറ്.

എന്നാല്‍, 24 വയസുകാരനായ മൊഹമ്മദ് സലിമിന് നായകളെ പേടിയാണ്. കുട്ടിക്കാലത്തുണ്ടായ പേടിപ്പെടുത്തുന്ന അനുഭവമാണ് അതിന് കാരണം. അതിനാലാണ് സഹായിയായി കുതിരയെ നിര്‍ത്താന്‍ തീരുമാനിച്ചത്. 

'' ഈ കുതിര ചെറുതാണ്. 2019 മേയ് മാസത്തില്‍ അതിന് രണ്ട് വയസാവുകയേ ഉള്ളൂ. അതിന്‍റെ പരിശീലനം പൂര്‍ത്തിയാവാന്‍ രണ്ടു വര്‍ഷം കൂടിയെടുക്കും. പരിശീലനം പൂര്‍ത്തിയായ ഉടനെ കുതിരയെ വീട്ടില്‍ നിന്നും ബ്ലാക്ക്ബേണിലേക്ക് കൊണ്ടുവരാനാണ് ഉദ്ദേശം. ഒരു നായക്ക് എട്ട് വയസുവരെ മാത്രമേ നമ്മുടെ കൂടെ നില്‍ക്കാനാകൂ. എന്നാല്‍, ഒരു കുതിരക്ക് നാല്‍പത് വയസുവരെ നില്‍ക്കാം. '' എന്നാണ് മൊഹമ്മദ് സലിം പാട്ടേല്‍ പറയുന്നത്. 

കുറച്ച് സമയം കുതിരയുടെ കൂടെ ചെലവഴിച്ചപ്പോള്‍ സഹായിയായി നായകളെ നിര്‍ത്തുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് കുതിരയാണെന്ന് തോന്നിയതായി അദ്ദേഹം പറയുന്നു. ഒരുപാട് കാലം ജോലി ചെയ്യാനാകും, 350 ഡിഗ്രി കാഴ്ച, ഇരുട്ടിലും കാണാനുള്ള ശേഷി ഇവയെല്ലാം അതില്‍ പെടുന്നു. ഉടമകളുടെ ജീവിതത്തെ കാര്യമായി സ്വാധീനിച്ച മൃഗങ്ങളുടെ മത്സരത്തിലും മൊഹമ്മദ് സലീമിന്‍റെ കുതിര ഇടം പിടിച്ചിരുന്നു. 

അന്ധനായ ഒരാള്‍ക്ക് മാധ്യമപ്രവര്‍ത്തനം വളരെ ബുദ്ധിമുട്ട് നിറഞ്ഞ ഒന്നാണെന്നും എന്നാല്‍ സാധ്യമായ പോലെയെല്ലാം നന്നായി അത് ചെയ്യുമെന്നും മൊഹമ്മദ് സലീം പട്ടേല്‍ പറയുന്നു. അമ്മയ്ക്കും അച്ഛനും ഇന്ത്യയില്‍ കുടുംബമുണ്ട്. എന്നെങ്കിലും ഇന്ത്യയിലേക്ക് വരുമെന്നും ഇന്ത്യന്‍ നഗരങ്ങളെല്ലാം സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറയുന്നു. ഏതായാലും തന്‍റെ കുതിര പരിശീലനം പൂര്‍ത്തിയാക്കി കൂടെയെത്തുന്നത് കാത്തിരിക്കുകയാണ് അദ്ദേഹം.
 

click me!