
ഹൈദന്‍ എന്ന പെണ്‍കുട്ടിയുടെ കല്ല്യാണം കൂടാനും ഫ്ലവര്‍ഗേളായി മുന്നില്‍ത്തന്നെ നില്‍ക്കാനും ഒരു കുഞ്ഞെത്തി. മൂന്നു വയസുകാരി സ്കൈ സാവന്‍. അലബാമയില്‍ നിന്ന് കാലിഫോര്‍ണിയയിലേക്ക് സ്കൈ എത്തിയത് തന്‍റെ ഏറ്റവും പ്രിയപ്പെട്ടവളുടെ കല്ല്യാണം കൂടാന്‍. സ്കൈയുടെ ജീവന്‍ നിലനിര്‍ത്തിയത് ഹൈദനാണ്, ആരുമല്ലാത്ത, തികച്ചും അപരിചിതയായ ആ കുഞ്ഞിന് തന്‍റെ മജ്ജ നല്‍കിക്കൊണ്ട്.
വെറും ഒരു വയസ് മാത്രമുള്ളപ്പോഴാണ് സ്കൈയ്ക്ക് കാന്‍സറാണെന്ന് തിരിച്ചറിയുന്നത്. കുഞ്ഞുങ്ങളില്‍ കണ്ടുവരുന്ന വളരെ അപൂര്‍വമായ ഒരുതരം കാന്‍സറായിരുന്നു സ്കൈയെ ബാധിച്ചിരുന്നത്. മജ്ജ മാറ്റിവയ്ക്കലായിരുന്നു അ ജീവന്‍ നിലനിര്‍ത്താന്‍ ആദ്യം ചെയ്യേണ്ടത്. യോജിച്ച മജ്ജയ്ക്കായുള്ള തെരച്ചിലും തുടങ്ങി. ഒടുവില്‍, മജ്ജ ദാനം ചെയ്യാന്‍ സന്നദ്ധരായവരുടെ പട്ടികയില്‍ നിന്നാണ് കുഞ്ഞിന്‍റെ മാതാപിതാക്കള്‍ ഹൈദനെ കണ്ടെത്തുന്നത്.
കോളേജില്‍ വച്ചാണ് ഹൈദന്‍ മജ്ജ ദാനം ചെയ്യാന്‍ തയ്യാറാണെന്ന സമ്മതപത്രത്തില്‍ ഒപ്പുവയ്ക്കുന്നത്. അതൊരു കുഞ്ഞുജീവന്‍ നിലനിര്‍ത്താന്‍ കാരണമാകുമെന്നൊന്നും അന്നവള്‍ ചിന്തിച്ചിട്ടു പോലുമില്ലായിരുന്നു. ഒപ്പുവച്ച് ഒരു വര്‍ഷത്തിന് ശേഷമാണ് ഹൈദനെത്തേടി ഒരു ഫോണ്‍ വിളിയെത്തുന്നത്. ഒരു കുഞ്ഞിനു വേണ്ടി മജ്ജ മാറ്റിവയ്ക്കാന്‍ തയ്യാറാണോയെന്നായിരുന്നു ചോദ്യം.
ഒന്നുമാലോചിക്കാതെ ഹൈദന്‍ സമ്മതം മൂളി. അങ്ങനെ ഹൈദന്‍റെ മജ്ജ മാറ്റിവച്ചതിലൂടെ സ്കൈയുടെ ജീവന്‍ രക്ഷപ്പെട്ടു. അവള്‍ സുഖം പ്രാപിച്ചു. കഴിഞ്ഞ മാസമായിരുന്നു ഹൈദന്‍റെ വിവാഹം. അതിന് ഫോട്ടോഗ്രാഫറായെത്തിയ 'മാര്‍ക്ക് ബ്രോഡ് വേയ് ഫോട്ടോഗ്രഫി'യിലെ ജെന്നീ ബ്രോഡ് വേയാണ് ഹൈദനും സ്കൈയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ഫോട്ടോയടക്കം ബ്ലോഗില്‍ പോസ്റ്റ് ചെയ്തത്. നിരവധി പേരാണ് അത് ഷെയര്‍ ചെയ്തത്.
ഹൈദന്‍ തന്‍റെ വിവാഹത്തിന് ഫ്ലവര്‍ ഗേളായി സ്കൈയെ ക്ഷണിക്കുകയായിരുന്നു. പക്ഷെ, സ്കൈ അപ്പോഴും നിരീക്ഷണത്തിലായിരുന്നു. കാലിഫോര്‍ണിയയില്‍ നിന്ന് അലബാമ വരെ യാത്ര ചെയ്യാന്‍ കഴിയുമോ എന്ന് ഉറപ്പുമില്ലായിരുന്നു. പക്ഷെ, വിവാഹത്തിന് ഏതാനും ആഴ്ച മുമ്പ് കാലിഫോര്‍ണിയയില്‍ പോകാന്‍ ഡോക്ടര്‍മാര്‍ അവള്‍ക്ക് അനുവാദം നല്‍കി.
ഹൈദന്‍റെയും ആന്‍ഡ്രിയുടേയും വിവാഹത്തിന് ഫ്ലവര്‍ ഗേളായെത്തിയ സ്കൈയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ വൈറലായി.
'ഹൈദന്‍ അങ്ങനെയൊരു കാര്യം ചെയ്തതിനെ കുറിച്ച് തനിക്കോ മാര്‍ക്കിനോ യാതൊരു ഐഡിയയും ഇല്ലായിരുന്നു. വിവാഹത്തിന് അവളെയും അമ്മയേയും കണ്ടപ്പോഴാണ് ഇങ്ങനെയൊരു കഥ കേട്ടത്. കണ്ണ് നിറഞ്ഞുപോയി' എന്നും ജെന്നി ബ്ലോഗില്‍ കുറിച്ചിരുന്നു. കൂടെ രണ്ടുപേരുടെയും ചിത്രങ്ങളും.
'സ്കൈ വളരുന്നതോടൊപ്പം ഹൈദനുമായുള്ള ബന്ധവും വളരട്ടേയെന്നാണ് താന്‍ ആഗ്രഹിക്കുന്നതെ'ന്ന് സ്കൈയുടെ അമ്മ ടാലിയ സാവനും പറയുന്നു.
(ചിത്രങ്ങള്‍ക്ക് കടപ്പാട്: mark broadway photography
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.