അതെന്റെ പ്രണയമായിരുന്നു!

By Web TeamFirst Published Jul 3, 2018, 8:20 PM IST
Highlights
  • നീ വിട്ടുവീഴ്ചയില്ലാത്ത മന്നത്തിന്റെ കൊച്ചുമകന്‍;
  • ഞാന്‍ വിധേയത്വമില്ലാത്ത അയ്യങ്കാളിയുടെ കൊച്ചുമകള്‍
  • ധന്യാ രാമന്‍ എഴുതുന്നു

ഇടയ്ക്കു നീ പറയും 'ഞാന്‍ വിട്ടുവീഴ്ചയില്ലാത്ത മന്നത്തിന്റെ കൊച്ചുമകനാണെന്ന്'. അന്നേരം ഞാന്‍ വിധേയത്വമില്ലാത്ത അയ്യങ്കാളിയുടെ  കൊച്ചുമകള്‍ ആയി .  എന്റെ പ്രണയം എന്നെപോലെ തീവ്രമായിരുന്നു. 

പിണങ്ങുമ്പോള്‍ നീ പറഞ്ഞിട്ടുണ്ട്, എത്ര സ്വാധീനമുപയോഗിച്ചു റീസര്‍വ്വേ ചെയ്താലും തിരിച്ചു കിട്ടാത്ത മിച്ചഭൂമി പോലെയാണ് ഞാന്‍ എന്ന്. അതിനു എന്റെ മറുപടി, നേരെയും കുറുകെയും ഏങ്കോണിച്ചും അളന്നാലും സര്‍വേയറുടെ ചങ്ങലയ്ക്കു പിടിതരാത്ത ഭൂമിയുണ്ടെന്നു മനസ്സിലാക്കാനായിരുന്നു.

13 വര്‍ഷം മുമ്പ് ട്രെയിന്‍ യാത്രയ്ക്കിടെ ഒരാളെ പരിചയപ്പെട്ടിരുന്നു. ഞാനും അവനും ബോട്ടണി പഠിച്ചവര്‍. എന്നെക്കാളും രണ്ടു വയസ്സിന്റെ മൂപ്പ്. 

അച്ഛന്റെ പെങ്ങളുടെ മകളെ പാലക്കാട് ഗുപ്ത വിഭാഗത്തില്‍ പെട്ട പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥന്‍ കണ്ണേട്ടന്‍ ഒരു യാത്രയില്‍ കണ്ടു ഇഷ്ടപ്പെട്ടു. വിവാഹം ചെയ്തു.  കാസറഗോഡ് ഉള്ള ലക്ഷം വീട് കോളനിയില്‍ നിന്നും അങ്ങനെ ഗീതക്ക  തിരുവനന്തപുരത്തേക്ക് വന്നു. അച്ഛന്റെ ഇളയ പെങ്ങളോടൊപ്പം ഗീതക്കയെ കണ്ടു തിരികെ വന്നപ്പോള്‍ ട്രെയിനില്‍ എതിര്‍വശം ഇരുന്ന കറുത്ത് പൊക്കമുള്ള പയ്യനെ പരിചയപ്പെട്ടു. വളരെ അടുപ്പം തോന്നി.  ഇറങ്ങാന്‍ നേരം കൊല്ലം എത്തും മുന്‍പ് ഫോണ്‍ നമ്പര്‍ കൈമാറി. ഒരുമണിക്കൂര്‍ നേരത്തെ സംസാരം, അടുപ്പം. പിന്നീട് വിളിക്കാറുണ്ടായിരുന്നു. വിളി അടുപ്പത്തിലേക്കു മാറി. പ്രണയം വേവായി,ഒരിക്കലും കാണില്ലെന്ന് കരുതി, ഒരാളും അറിയാതിരിക്കാന്‍ പാടുപെട്ടു. 

രഹസ്യം അറിയാവുന്ന ഒരേയൊരു വ്യക്തി സന്തോഷിന്റെ എസ് ടി ഡി ബൂത്തിലെ ഷീബ മാത്രം. 

വിളി അടുപ്പത്തിലേക്കു മാറി. പ്രണയം വേവായി,

ദിവസങ്ങള്‍ വൈകുന്നു. വീടും തൊഴിലുമില്ലാത്ത എന്നോട് നീ വീട്ടിലെത്താനുള്ള വഴി ചോദിച്ചു. മുണ്ടൊട്ടു ബസിറങ്ങി ലക്ഷംവീട് കോളനിയിലേക്ക് ഒരടി മാത്രം വീതി  ഉള്ള വഴി. ശ്മാശനത്തിനടുത്തു മേരി ചേച്ചിയുടെ നാലു സെന്റ് വീടായിരുന്നു അടയാളം. 

അവന്‍ ഞെട്ടിയോ എന്നറിയില്ല, എം സി റോഡില്‍ കൊട്ടാരത്തിനു രണ്ടു കിലോമീറ്റര്‍ ഇപ്പുറത്തും എന്‍എസ്എസ് ന്റെ കരയോഗ കെട്ടിടവും എന്‍എസ്എസ് സ്‌കൂളുമായിരുന്നു അവന്റെ വീടിന്റെ അടയാളം.  

നോക്കൂ, നിന്റെ വീട്ടിലേക്കുള്ള വഴി  എനിക്കുള്‍ക്കൊള്ളാന്‍ കഴിയാത്തത് എന്റെ സാമൂഹ്യ അവസ്ഥയെ ഭയന്നിട്ടായിരുന്നു. 

ഇടയ്ക്കു നീ പറയും 'ഞാന്‍ വിട്ടുവീഴ്ചയില്ലാത്ത മന്നത്തിന്റെ കൊച്ചുമകനാണെന്ന്'. അന്നേരം ഞാന്‍ വിധേയത്വമില്ലാത്ത അയ്യങ്കാളിയുടെ  കൊച്ചുമകള്‍ ആയി .  എന്റെ പ്രണയം എന്നെപോലെ തീവ്രമായിരുന്നു. 

പിണങ്ങുമ്പോള്‍ നീ പറഞ്ഞിട്ടുണ്ട്, എത്ര സ്വാധീനമുപയോഗിച്ചു റീസര്‍വ്വേ ചെയ്താലും തിരിച്ചു കിട്ടാത്ത മിച്ചഭൂമി പോലെയാണ് ഞാന്‍ എന്ന്. അതിനു എന്റെ മറുപടി, നേരെയും കുറുകെയും ഏങ്കോണിച്ചും അളന്നാലും സര്‍വേയറുടെ ചങ്ങലയ്ക്കു പിടിതരാത്ത ഭൂമിയുണ്ടെന്നു മനസ്സിലാക്കാനായിരുന്നു.

നിന്റെ വീട്ടിലേക്കുള്ള വഴി  എനിക്കുള്‍ക്കൊള്ളാന്‍ കഴിയാത്തത് എന്റെ സാമൂഹ്യ അവസ്ഥയെ ഭയന്നിട്ടായിരുന്നു. 

ടെലിഫോണ്‍ ബില്‍ അമ്മ കണ്ടു. ഉപദേശിച്ചു. 'മോളേ... ചിന്നാരി, ഉയര്‍ന്ന പശ്ചാത്തലത്തിലുള്ള അവര്‍ക്കുനിന്നെ വേണ്ടെന്നു തോന്നിയാല്‍ എങ്ങനെ വേണമെങ്കിലും ഇല്ലാതാക്കാം അത് മാനസികമായോ ശാരീരീകമായോ. നഷ്ടം നിന്നെ പ്രസവിച്ച അമ്മയ്ക്ക് മാത്രമാകും. ചീത്തപ്പേരുണ്ടാകും, ആളുകള്‍ കളിയാക്കി ചിരിക്കും, അമ്മയ്ക്ക് ജീവിതത്തില്‍ എന്തെങ്കിലും സന്തോഷിക്കാന്‍ വകയുണ്ടെങ്കില്‍ അത് നീ മാത്രമാണ്'. അമ്മനെഞ്ചും മടിയും എന്റെ കണ്ണീരുകൊണ്ട് എത്രയോ ദിവസങ്ങള്‍ പൊള്ളിയിട്ടുണ്ടാകാം. 

എങ്ങനെയാണു ഞാന്‍ ആ ദിവസങ്ങളെ മറികടന്നത്? 

ആരോടും പറയാതെ... ഇന്നത്തെ പെണ്ണായിരുന്നെങ്കില്‍ നീ പറഞ്ഞപോലെ വിപ്ലവം സൃഷ്ടിച്ചേനെ. 

ഇത്തവണയും നിന്റെ പിറന്നാളിന് അതുവഴി വന്നിരുന്നു. കാണണമെന്നും ഒരാശംസ തരണമെന്നും ഉണ്ടായിരുന്നു. ധന്യ രാമനല്ലേ എന്താ ഇവിടെ എന്ന് ഒരാളെങ്കിലും ചോദിക്കും. അവിടടുത്തൊരു കോളനിയില്‍ വന്നതാണ് എന്ന് പറയാന്‍ കഴിയില്ല, നിന്റെ വീടിനടുത്തു കോളനികള്‍ ഇല്ല. 

അല്ലെങ്കിലും ഇനി കാണരുതെന്ന് ആഗ്രഹിക്കുന്നു. കാരണം ഒരിക്കലും  മൂന്നാമതൊരാള്‍ക്കു കാണാന്‍ കഴിയാത്ത , അറിഞ്ഞാലും നടിക്കാത്ത, രണ്ടു സാമൂഹ്യ സാഹചര്യങ്ങള്‍ നില  നില്‍ക്കുന്നതു കൊണ്ട് ദൃശ്യവും അദൃശ്യവുമായ ആ അന്തരം  തന്നെയാണ് നമ്മുടെ പ്രണയവും, നമുക്കിടയിലെ ദൂരവും. 

അന്നെന്റെ പ്രണയം കെവിനായിരുന്നു

അന്നെന്റെ പ്രണയം കെവിനായിരുന്നു. ജീവനില്ലാത്ത ദിവസങ്ങളില്‍ ചോറ് വാരിയുണ്ണാന്‍ അമ്മ നിര്‍ബന്ധിച്ചിരുന്നു. എനിക്കിഷ്ടപ്പെട്ട കറിയുണ്ടാക്കി ആ രുചിയില്‍ ഞാന്‍ നിന്നെ മറന്നുപോകുമെന്നു അമ്മ കരുതിയിട്ടുണ്ടാകുമോ?  നിന്നെ ഓര്‍ത്തു ഉരുക്കത്തോടെ ലീലേച്ചിയുടെ വീടുമുതല്‍ ചണ്ണമ്മ അമ്മയുടെ വീട് വരെയുള്ള ഒറ്റവഴിയിലൂടെ നടന്നു നടന്നു ഞാനെന്റെ പ്രണയത്തെ മറക്കാന്‍ ശ്രമിച്ചു. കരച്ചില്‍ വന്നപ്പോഴെല്ലാം അലൂമിനിയം കുടം എടുത്തു പഞ്ചായത്ത് കിണറ്റില്‍ നിന്ന് വെള്ളം കോരി ഒക്കത്തെടുത്തു വച്ച് മുഖം നനച്ചു വീട്ടിലേക്കു വെള്ളം ചുമന്നു.  

നിന്നെ മറക്കാന്‍ നടന്നു തീര്‍ത്ത ഈ ഇടുങ്ങിയ വഴിയിലൂടെയാണ് ഞാന്‍ തിരുവനന്തപുരത്തേക്ക് വണ്ടി കയറിയത്. മതത്തിലും പുനര്‍ജന്മത്തിലും വിശ്വസിക്കാത്ത  ഞാന്‍, അനുഭവിക്കാത്തത് കെട്ടുകഥ ആണോ എന്ന്   വിശ്വസിച്ചിരുന്ന നീ.  

ഇനി കാണാതിരിക്കട്ടെ.

(In collaboration with FTGT Pen Revolution)

click me!