പാക് തെരഞ്ഞെടുപ്പില്‍ ട്രാന്‍സ് ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥികളും

Web Desk |  
Published : Jul 20, 2018, 04:38 PM ISTUpdated : Oct 02, 2018, 04:20 AM IST
പാക് തെരഞ്ഞെടുപ്പില്‍ ട്രാന്‍സ് ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥികളും

Synopsis

അടുത്ത ആഴ്ചയാണ് പാക്കിസ്ഥാനില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കുക  'രാഷ്ട്രീയാധികാരമില്ലാതെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയോ മറ്റോ ഭാഗമാകാന്‍ കഴിയില്ല അതിനാലാണ് തിരഞ്ഞെടുപ്പിലിറങ്ങുന്നത്

ഇസ്‌ലാമബാദ്: പതിമൂന്നാമത്തെ വയസില്‍ വീട്ടില്‍ നിന്നിറങ്ങി പോരേണ്ടി വന്നു. അതിനു മുമ്പ് ബന്ധുക്കള്‍ ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ചു. ആണ്‍സുഹൃത്ത് ആസിഡ് അറ്റാക്ക് നടത്തി. അതേ നയ്യാബ് അലി ഇന്ന് പാക്കിസ്ഥാനില്‍ പാര്‍ലിമെന്‍റിലേക്ക് മത്സരിക്കാനൊരുങ്ങുകയാണ്. ട്രാന്‍സ്ജെന്‍ഡറായ നജീബ് അലി മത്സരത്തിനൊരുങ്ങുമ്പോള്‍ പാക്കിസ്ഥാനിലെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്‍റെ ഉന്നമനമാണ് ലക്ഷ്യം വയ്ക്കുന്നത്. 

അടുത്ത ആഴ്ചയാണ് പാക്കിസ്ഥാനില്‍ പൊതു തിരഞ്ഞെടുപ്പ് നടക്കുക. 'രാഷ്ട്രീയാധികാരമില്ലാതെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയോ മറ്റോ ഭാഗമാകാന്‍ കഴിയില്ല അതിനാലാണ് തിരഞ്ഞെടുപ്പിലിറങ്ങുന്നതെന്ന്' തന്‍റെ തീരുമാനത്തെ കുറിച്ച് നയ്യാബ് അലി പറയുന്നു. 

വരുന്ന തെരഞ്ഞെടുപ്പില്‍ ഇതുവരെയില്ലാത്തത്ര ട്രാന്‍സ്ജെന്‍ഡര്‍ പ്രാതിനിധ്യമുണ്ട്. അത് ട്രാന്‍സ്ജെന്‍ഡറായിട്ടുള്ളവരുടെ അവകാശത്തേയും അധികാരത്തേയും കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് കരുതുന്നത്. എല്ലാ രാജ്യങ്ങളിലുമെന്ന പോലെ പാക്കിസ്ഥാനിലും ട്രാന്‍സ്ജെന്‍ഡറായിട്ടുള്ളവര്‍ നേരിടുന്ന വെല്ലുവിളികളും അവഗണനകളും വലുതാണ്. വിദ്യാഭ്യാസം, ജോലി, ആരോഗ്യം എന്നീ പ്രാഥമികമായ അവകാശങ്ങള്‍ പോലും പലപ്പോഴും ലംഘിക്കപ്പെടുകയാണ്. ട്രാന്‍സ്ജെന്‍ഡറുകള്‍ക്കുനേരെയുള്ള സമൂഹത്തിന്‍റെ അക്രമം കൂടുകയാണെന്നാണ് നയ്യാബ് പറയുന്നത്. പലരും കൊല്ലപ്പെടുന്നു, ഉപദ്രവിക്കപ്പെടുന്നു, ആസിഡ് അറ്റാക്കുണ്ടാകുന്നു. അലിഷ എന്ന 23 വയസുള്ള ട്രാന്‍സ്ജെന്‍ഡര്‍ പ്രവര്‍ത്തക 2016ല്‍ വെടിയേറ്റ് മരിച്ചിരുന്നു. 

പക്ഷെ, ട്രാന്‍സ് വിഭാഗത്തിന്‍റെ അവകാശങ്ങള്‍ അംഗീകരിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് പാക്കിസ്ഥാന്‍. ട്രാന്‍സ്ജെന്‍ഡര്‍ റൈറ്റ്സ് ഗ്രൂപ്പ് സ്ഥാപകയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ഉസ്മ യാക്കൂബ് പറയുന്നു. തിരിച്ചറിയല്‍ കാര്‍ഡുകളും പാസ്പോര്‍ട്ടും രാജ്യം അനുവദിച്ചിരുന്നത് അതിന് ഉദാഹരണമാണെന്നും ഉസ്മ പറയുന്നു. 

പക്ഷെ, പലപ്പോഴും സമൂഹത്തില്‍ നിന്ന് അവഗണന തന്നെയാണ് ലഭിക്കുന്നത്. യാചിക്കാനോ, അല്ലെങ്കില്‍ നൃത്തം ചെയ്ത് ഉപജീവനം മാര്‍ഗം കണ്ടെത്താനോ ആണ് സമൂഹം  പ്രേരിപ്പിക്കുന്നത്. വീട്ടില്‍ നിന്നും ഇറങ്ങിപ്പോരേണ്ടി വരുന്ന അവസ്ഥയാണ് പലര്‍ക്കും. വീട്ടില്‍ നിന്നിറങ്ങിപ്പോരുന്നവര്‍ക്ക് പലപ്പോഴും ട്രാന്‍സ്ജെന്‍ഡറുകളുടെ വിവിധ സംഘങ്ങളാണ് അഭയം നല്‍കുന്നത്. 

''നിങ്ങള്‍ വീട്ടില്‍ നിന്നിറങ്ങി വന്നാല്‍ ഏറ്റവും സുരക്ഷിത ഇടം ട്രാന്‍സ്ജെന്‍ഡറുകളുടെ ഗ്രൂപ്പ് തന്നെയാണ്. അവര്‍ നിങ്ങളെ പരിഹസിക്കില്ല, ഒറ്റപ്പെടുത്തില്ല. കാരണം, അവരെല്ലാവരും നിങ്ങളെ പോലെ തന്നെയാണ്.'' മരിയ ഖാന്‍ പറയുന്നു. വീട്ടുകാരും സഹോദരങ്ങളും ഉപദ്രവിച്ചതിനെ തുടര്‍ന്ന് പത്താം വയസില്‍ വീട്ടില്‍ നിന്നിറങ്ങേണ്ടി വന്നവളാണ് മരിയ. 

പ്രാദേശിക തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മറിയ പറയുന്നത്, തങ്ങളെ കൊല്ലാന്‍ സ്വന്തം വീട്ടുകാര്‍ തന്നെ ആള്‍ക്കാരെ ഏര്‍പ്പെടുത്താറുണ്ടെന്നാണ്. സ്വന്തം വീട്ടില്‍ വച്ചുനടന്ന അത്തരമൊരു കൊലപാതകശ്രമത്തില്‍ നിന്ന് കഷ്ടിച്ചാണ് താന്‍ രക്ഷപ്പെട്ടതെന്നും മറിയ പറയുന്നു. 

ഹസാര യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദമെടുത്തയാളാണ് മറിയ. നല്ല പിന്തുണയാണ് മറിയക്ക് സമൂഹത്തില്‍ നിന്ന് ലഭിക്കുന്നത്. നിരവധി പേര്‍ അവള്‍ക്ക് വേണ്ടി പ്രചരണവും നടത്തുന്നുണ്ട്. 

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മറ്റൊരാളാണ് നദീം. മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്ന നദീം ഇപ്പോഴൊരു കമ്മ്യൂണിറ്റി റേഡിയോ കൂടി നടത്തുന്നു. നമുക്ക് വേണ്ടി മറ്റാരെങ്കിലും സംസാരിച്ചില്ലെങ്കിലും നമുക്ക് വേണ്ടി സ്വയം സംസാരിക്കാനാണ് ഈ റേഡിയോയെന്നാണ് നദീം പറയുന്നത്. തെരഞ്ഞെടുപ്പ് പണക്കാരുടെ കളിയാണ്. കെട്ടിവയ്ക്കാനും പ്രചരണത്തിനുമായി പണം കണ്ടെത്തണം. പ്രചരണം നടത്താനുള്ള മാര്‍ഗം കൂടിയാണ് റേഡിയോ എന്നും നദീം പറയുന്നു. തനിക്കാണെങ്കില്‍ നോമിനേഷന്‍ പേപ്പര്‍ സമര്‍പ്പിക്കാനുള്ള പണം പോലുമില്ല. 

പാക്കിസ്ഥാനില്‍ പാര്‍ലിമെന്‍റിലേക്ക് മത്സരിക്കാന്‍ 30,000 രൂപയും പ്രൊവിന്‍ഷ്യല്‍ അസംബ്ലിയിലേക്ക് 20,000 രൂപയും കെട്ടിവയ്ക്കണം. പലരും അതുകൊണ്ടുതന്നെ മത്സരിക്കാനുള്ള തീരുമാനം പിന്‍വലിച്ചിരുന്നു. എന്നാല്‍, മത്സരിക്കാന്‍ തന്നെയുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് നദീമും നയ്യാബും. 'ഇത് നമ്മുടെ സമയമാണ്. പാക്കിസ്ഥാനിലെ ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമാക്കുക കൂടിയാണ് നമ്മുടെ ലക്ഷ്യ'മെന്നും ഇവര്‍ പറയുന്നു. 

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

അത്ഭുതം തന്നെ ഇത്, 443 ദിവസങ്ങൾക്ക് മുമ്പ് ചുഴലിക്കാറ്റിൽ അപ്രത്യക്ഷമായ പൂച്ച, ഒടുവിൽ
40,000 രൂപയുടെ ഇന്ത്യൻ ഭക്ഷണം പരിചയപ്പെടുത്തി യുവാവ്; എന്താണിതിനിത്ര പ്രത്യേകത?