ചുഴലിക്കാറ്റിനെ തുടർന്ന് 443 ദിവസം മുമ്പ് കാണാതായ ഗാബി എന്ന പൂച്ചയെ കുടുംബത്തിന് തിരികെ ലഭിച്ചു. അതിമനോഹരമായ ഈ വാര്‍ത്ത വരുന്നത് നോര്‍ത്ത് കരോലിനയില്‍ നിന്നാണ്. പൂച്ചയുടെ മൈക്രോചിപ്പാണ് കുടുംബത്തിനൊപ്പം വീണ്ടും ചേരാന്‍ അവസരമൊരുക്കിയത്.

ഒരു വർഷം മുമ്പ് കാണാതായ പൂച്ചയുമായി ഒത്തുചേർന്ന ഒരു കുടുംബത്തിന്റെ മനോഹരമായ കഥയാണ് ഇത്. സംഭവം നടന്നത്, യുഎസ്സിലാണ്. നോർത്ത് കരോലിനയിൽ നിന്നുള്ള ഒരു കുടുംബത്തിനാണ് തങ്ങളുടെ പ്രിയപ്പെട്ട പൂച്ചയെ നഷ്ടപ്പെട്ടത്. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഹെലീൻ ചുഴലിക്കാറ്റിനെ തുടർന്ന് 443 ദിവസം മുമ്പാണ് ഗാബി എന്ന പൂച്ച അപ്രത്യക്ഷമായത്. കഴിഞ്ഞ വർഷം തെക്കുകിഴക്കൻ മേഖലയിൽ ഉണ്ടായ ശക്തമായ കൊടുങ്കാറ്റിൽ കാണാതായ ഗാബിയെ, ഡിസംബർ 13 -നാണ് നോർത്ത് കരോലിനയിലെ ആവറി ഹ്യൂമൻ സൊസൈറ്റിയിലേക്ക് കൊണ്ടുപോവുന്നത്. അവിടെവച്ചാണ് ജീവനക്കാർ അവളുടെ മൈക്രോചിപ്പ് കണ്ടെത്തുന്നതും വീണ്ടും കുടുംബവുമായി ഒരുമിക്കാൻ അത് കാരണമായതും.

'ഇതൊരു ക്രിസ്മസ് അത്ഭുതമാണ്' എന്നാണ് ആവറി ഹ്യൂമൻ സൊസൈറ്റി ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞത്. 'ഇന്നലെയാണ് പൂച്ചയെ തങ്ങളുടെ അടുത്തേക്ക് കൊണ്ടു വന്നത്. അത് തെരുവിൽ അലയുന്ന പൂച്ചയാണ് എന്ന് ഞങ്ങൾക്ക് തോന്നി. എന്നാൽ, പിന്നീട് അതിന്റെ മൈക്രോചിപ്പ് കണ്ടെത്തി. അപ്പോഴാണ് 443 ദിവസങ്ങൾക്ക് മുമ്പുള്ള ഹെലിൻ ചുഴലിക്കാറ്റിൽ അവളെ കാണാതായതാണ് എന്ന് ഞങ്ങൾ മനസിലാക്കുന്നത്' എന്നും പോസ്റ്റിൽ പറയുന്നു.

'ഒടുവിൽ ഇത്രയും കാലത്തിന് ശേഷം അവൾ തന്റെ വീട്ടിലേക്ക് മടങ്ങിപ്പോവുകയും അവരുമായി ഒന്നിക്കുകയും ചെയ്യുകയാണ്' എന്നും ആവറി ഹ്യൂമൻ സൊസൈറ്റി പറയുന്നു. വളർത്തുമൃ​ഗങ്ങൾക്ക് എന്തുകൊണ്ട് മൈക്രോചിപ്പ് നൽകണം എന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും സംഭവത്തെ കുറിച്ച് പറഞ്ഞുകൊണ്ട് ആവറി ഹ്യൂമൻ സൊസൈറ്റി ഓർമ്മിപ്പിച്ചു. 443 ദിവസങ്ങൾക്ക് ശേഷം ഈ കുടുംബം അതിന്റെ അത്ഭുതം കണ്ടെത്തി, അതിന് കാരണം മൈക്രോചിപ്പ് ആണെന്നും പോസ്റ്റിൽ കാണാം. നിരവധിപ്പേരാണ് ഇത്രയും കാലം കഴിഞ്ഞ് കുടുംബവും പൂച്ചയും ഒന്നിച്ച വാർത്തയിൽ ആഹ്ലാദം പങ്കുവച്ചത്.