ഓട്ടത്തിനിടയില്‍ ഹൃദയാഘാതം; യാത്രക്കാരെ സുരക്ഷിത സ്ഥലത്തെത്തിച്ച് ഡ്രൈവര്‍, ഡ്രൈവറെ ആശുപത്രിയിലെത്തിച്ച് യാത്രക്കാരും

By Web TeamFirst Published Jan 27, 2019, 12:46 PM IST
Highlights

വേദന അപ്പോള്‍ കൂടിക്കൂടി വരികയായിരുന്നു. അഞ്ച് കിലോമീറ്ററാകുമ്പോഴേക്കും സ്റ്റിയറിങ്ങ് വീലിന് മുകളിലേക്ക് വീഴുകയായിരുന്നു അദ്ദേഹം. അപ്പോഴും ബസ് സുരക്ഷിതമായി നിര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. അങ്ങനെ ബസ് സുരക്ഷിതമാക്കി നിര്‍ത്തി. 

ജനുവരി 23 -നാണ് തെലങ്കാനയിലെ ഒരു ബസ് ഡ്രൈവര്‍ക്ക് പെട്ടെന്ന് ഹൃദയാഘാതം അനുഭവപ്പെട്ടു. പക്ഷെ, അപ്പോഴും ബസിലുണ്ടായിരുന്ന 50 യാത്രക്കാരെയും സുരക്ഷിതമായി ഒരിടത്തെത്തിച്ചു അദ്ദേഹം. തീര്‍ന്നില്ല, അദ്ദേഹം യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചതു പോലെ തന്നെ അദ്ദേഹത്തിന്‍റെ ജീവന്‍ യാത്രക്കാരും രക്ഷിച്ചു. 

സംഭവിച്ചതിങ്ങനെ: വ്യാഴാഴ്ച രാവിലെ അഞ്ച് മണിയാണ് സമയം. ടി എസ് ആര്‍ ടി സി ഡ്രൈവര്‍ ദരിണി മഹേന്ദര്‍ ഗോദാവരിഖനിയില്‍ നിന്ന് സെക്കന്തരാബാദിലെ ജൂബിലി ബസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. വഴിയില്‍ വച്ച് പെട്ടെന്നാണ് മഹേന്ദറിന് ശ്വാസം കിട്ടാതെ വരികയും നെഞ്ച് വേദന അനുഭവപ്പെടുകയും ചെയ്തത്. ബസിലിരിക്കുന്നവരെ സുരക്ഷിതമായി ഇറക്കാനും പിന്നീട് ആശുപത്രിയിലേക്ക് പോവാനും തീരുമാനിക്കുകയായിരുന്നു മഹേന്ദര്‍. 

വേദന അപ്പോള്‍ കൂടിക്കൂടി വരികയായിരുന്നു. അഞ്ച് കിലോമീറ്ററാകുമ്പോഴേക്കും സ്റ്റിയറിങ്ങ് വീലിന് മുകളിലേക്ക് വീഴുകയായിരുന്നു അദ്ദേഹം. അപ്പോഴും ബസ് സുരക്ഷിതമായി നിര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. അങ്ങനെ ബസ് സുരക്ഷിതമാക്കി നിര്‍ത്തി. 

പിന്നീട്, മഹേന്ദറിന്‍റെ കാര്യം യാത്രക്കാര്‍ ഏറ്റെടുത്തു. യാത്രക്കാരനായ  ചന്ദ്രശേഖര്‍ ഡോക്ടറായിരുന്നു. അദ്ദേഹം മഹേന്ദറിന് പ്രാഥമിക ശുശ്രൂഷ നല്‍കി. അപ്പോഴേക്കും മറ്റുള്ളവര്‍ 108 -ലേക്ക് വിളിച്ചിരുന്നു. പക്ഷെ, ആംബുലന്‍സ് എത്തിയില്ല. ഓരോ മിനിട്ട് കഴിയുന്തോറും മഹേന്ദറിന്‍റെ അവസ്ഥ മോശമായിത്തീരുകയായിരുന്നു. ആ സമയം ബസിലുണ്ടായിരുന്ന മറ്റൊരു ആര്‍ ടി സി ഡ്രൈവര്‍ ബസ് അടുത്തുള്ള നഗരത്തിലെ ആശുപത്രിയിലേക്ക് വിട്ടു. 

പക്ഷെ, ആ സമയത്ത് ആശുപത്രിയില്‍ ഡോക്ടര്‍മാരൊന്നും ഉണ്ടായിരുന്നില്ല. ബസിലെ കണ്ടക്ടര്‍ റാണി ഡിപാര്‍ട്മെന്‍റിലെ സീനിയേഴ്സിനോട് ആലോചിച്ച് ഒരു പ്രൈവറ്റ് ആംബുലന്‍സ് വിളിച്ചു. പക്ഷെ, അതുവരെ കിട്ടിയ തുക ആംബുലന്‍സിന് കൊടുക്കാന്‍ തികയുമായിരുന്നില്ല. ആ സമയത്ത് ബസിലെ യാത്രക്കാരെല്ലാം ചേര്‍ന്ന് 2000 രൂപ പിരിച്ചെടുത്ത് ആംബുലന്‍സ് വിളിച്ച് മഹേന്ദറിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. 

യാത്രക്കാരും കണ്ടക്ടറും സമയോചിതമായി പ്രവര്‍ത്തിച്ചുകൊണ്ട് മഹേന്ദറിന്‍റെ ജീവന്‍ രക്ഷിക്കാനായി. 

തനിക്ക് ഒരു രക്തസമ്മര്‍ദ്ദം പോലും ഉണ്ടായിരുന്നില്ലായെന്നും എങ്ങനെ ഹൃദയാഘാതമുണ്ടായി എന്ന് അറിയില്ലായെന്നും മഹേന്ദര്‍ പറയുന്നു. യാത്രക്കാരെല്ലാം സഹായത്തിനെത്തിയതുകൊണ്ടാണ് തനിക്ക് അപകടം ഉണ്ടാവാഞ്ഞതെന്നും അതില്‍ നന്ദിയുണ്ടെന്നും കൂടി അദ്ദേഹം പറയുന്നുണ്ട്. 

click me!