ഉത്തരാഖണ്ഡിന്‍റെ പ്രിയപ്പെട്ട 'ട്രീ മനുഷ്യന്‍' യാത്രയായി

By Web TeamFirst Published Jan 18, 2019, 3:55 PM IST
Highlights

പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന് കണ്ണിന്‍റെ കാഴ്ച നഷ്ടമായി. വൃക്ഷങ്ങള്‍ നടുമ്പോള്‍ മണ്ണുകളും ചെറിയ കല്ലുകളും വീണതിനെ തുടര്‍ന്നായിരുന്നു കാഴ്ച നഷ്ടമായത്. കാഴ്ചയില്ലാത്തപ്പോള്‍ പോലും ആയിരക്കണക്കിന് മരങ്ങള്‍ അദ്ദേഹം നട്ടുപിടിപ്പിച്ചിരുന്നു എന്ന് അദ്ദേഹത്തിന്‍റെ മകന്‍ സന്തോഷ് സ്വരൂപ് സക്ലാനി പറയുന്നു. 

വൃക്ഷമാനവ് (treeman) എന്നറിയപ്പെടുന്ന വിശ്വേശര്‍ ദത്ത് സക്ലാനി ഉത്തരാഖണ്ഡിലെ സ്വന്തം ഗ്രാമത്തില്‍ അന്തരിച്ചു. സ്വാതന്ത്ര്യ സമര സേനാനി കൂടിയായിരുന്ന ഇദ്ദേഹം 96 -ാമത്തെ വയസ്സിലാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു ഇദ്ദേഹത്തിന്‍റെ മരണം. 

1922 ജൂണ്‍ രണ്ടിനാണ് വിശ്വേശ്വര ജനിച്ചത്. എട്ടാം വയസ് മുതല്‍ വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചു തുടങ്ങി. ജില്ലയില്‍ 50 ലക്ഷത്തിലധികം മരങ്ങളാണ് ഇദ്ദേഹം നട്ടുപിടിപ്പിച്ചിരിക്കുന്നത്. 

പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന് കണ്ണിന്‍റെ കാഴ്ച നഷ്ടമായി. വൃക്ഷങ്ങള്‍ നടുമ്പോള്‍ മണ്ണുകളും ചെറിയ കല്ലുകളും വീണതിനെ തുടര്‍ന്നായിരുന്നു കാഴ്ച നഷ്ടമായത്. കാഴ്ചയില്ലാത്തപ്പോള്‍ പോലും ആയിരക്കണക്കിന് മരങ്ങള്‍ അദ്ദേഹം നട്ടുപിടിപ്പിച്ചിരുന്നു എന്ന് അദ്ദേഹത്തിന്‍റെ മകന്‍ സന്തോഷ് സ്വരൂപ് സക്ലാനി പറയുന്നു. 

പലതരത്തിലുള്ള പഴവര്‍ഗങ്ങളും മറ്റും അദ്ദേഹം സ്വന്തം നാട്ടില്‍ നട്ടുവളര്‍ത്തിയിരുന്നു. ഇപ്പോള്‍ ആ ഗ്രാമം മുഴുവന്‍ പച്ചപിടിച്ചുനില്‍ക്കുന്നു. തുടക്കത്തില്‍ ഗ്രാമവാസികളും മറ്റും അദ്ദേഹത്തെ എതിര്‍ത്തിരുന്നു. മരം നട്ടുപിടിപ്പിച്ച് ആ സ്ഥലം സ്വന്തമാക്കാനാണ് അദ്ദേഹം ഇങ്ങനെ ചെയ്യുന്നതെന്നാണ് ഗ്രാമവാസികള്‍ കരുതിയിരുന്നത്. പക്ഷെ, അദ്ദേഹത്തിന്‍റെ വൃക്ഷങ്ങളോടുള്ള സ്നേഹം പിന്നീട് അവര്‍ക്ക് മനസിലാവുകയായിരുന്നു. അദ്ദേഹത്തിന്‍റെ രണ്ടാം ഭാര്യയായിരുന്ന ഭഗവതി ദേവിയും അദ്ദേഹത്തെ പിന്തുണച്ചു. അദ്ദേഹത്തിന്‍റെ ആദ്യഭാര്യ 1958 -ല്‍ മരിച്ചിരുന്നു.

''അദ്ദേഹത്തിന് എല്ലാം മരങ്ങളായിരുന്നു. എന്‍റെ കുടുംബവും സുഹൃത്തുക്കളും എല്ലാം വൃക്ഷങ്ങളാണെന്ന് അദ്ദേഹം പറയുമായിരുന്നു. ഓരോ വൃക്ഷത്തിനും അതിന്‍റേതായ ഒരു ലോകമുണ്ടെന്ന് അദ്ദേഹം പറയുമായിരുന്നു'' ഭഗവതി ദേവി പറയുന്നു. 

click me!