
ഗ്രീൻലൻഡാണ് ട്രംപ് കണ്ണുവച്ച മറ്റൊരു രാജ്യം. അത് കീഴടക്കുമെന്ന് തന്നെയാണ് ആവർത്തിക്കുന്നത്. എതിരുനിൽക്കുന്ന രാജ്യങ്ങൾക്ക് ചുങ്കമാണ് ശിക്ഷ. ഗ്രീൻലൻഡ് ഭരിക്കുന്ന ഡെൻമാർക്കിന് പൂർണപിന്തുണ പ്രഖ്യാപിച്ചു നേറ്റോ. ഡെൻമാർക്ക്, ഗ്രീൻലൻഡ് വിദേശകാര്യ മന്ത്രിമാർ അമേരിക്കൻ വിദേശകാര്യ സെക്രട്ടറിയുമായി കൂടിക്കാഴ്ചയും നടത്തി. വൈസ് പ്രസിഡന്‍റ് ജെഡി വാൻസിന്‍റെ സാന്നിധ്യത്തിൽ. കാഴ്ചപ്പാടുകൾ ഭിന്നമെന്നാണ് ഡാനിഷ് മന്ത്രി പ്രതികരിച്ചത്. പ്രസിഡന്‍റ് തന്‍റെ നിലപാട് അറിയിച്ചു. തങ്ങൾ യോജിക്കുന്നില്ല. പക്ഷേ, ഒരു വർക്കിംഗ് ഗ്രൂപ്പിന് രൂപം നൽകും. ചർച്ചകൾ തുടരും. അമേരിക്കയുടെ സുരക്ഷാ ആശങ്കകൾ പരിഹരിക്കുമെന്നാണ് ഡാനിഷ് അറിയിപ്പ്.
ഗ്രീൻലൻഡ് കൂടിയേ തീരൂ. അമേരിക്കയുടെ സുരക്ഷക്ക് അത് അത്യാവശ്യം. എന്ന് ട്രംപ് ആവർത്തിക്കുന്നു. നേറ്റോ അതോടെ ഇരട്ടിശക്തമാകുമെന്നും. പക്ഷേ, അമേരിക്കയോ ഡെൻമാർക്കോവെന്ന ചോദ്യം വന്നാൽ മുൻ കൊളോണിയൽ ശക്തിയായ ഡെൻമാർക്കിനെയെ തെരഞ്ഞെടുക്കൂവെന്നാണ് ഗ്രീൻലൻഡുകാരുടെ പക്ഷം. ഡെൻമാർക്കിൽ നിന്നുപോലും സ്വാതന്ത്ര്യം വേണമെന്ന് വാദിക്കുന്ന ജനതയാണ് ഗ്രീൻലൻഡിലെന്നും ഓർക്കണം. പിടിച്ചെടുക്കില്ല, വാങ്ങാനാണ് പ്രസിഡന്‍റിന് താൽപര്യമെന്നും പ്രസിഡന്‍റിന്‍റെ ഇത്തരം താൽപര്യങ്ങൾ ഗൗരവമായി കാണണമെന്നും റിപബ്ലിക്കൻ നേതാക്കൾ തന്നെ പറയുന്നു. പക്ഷേ, ഗ്രീൻലൻഡ് വിൽക്കാനുള്ള അധികാരം ഡെൻമാർക്കിനില്ല.
ഗ്രീൻലൻഡിന്‍റെ ധാതുസമ്പത്തിൽ പ്രസിഡന്‍റിന് കണ്ണുണ്ട്. അതും അപൂർവധാതുക്കളിൽ. അത് കിട്ടിയാൽ, അപൂർവധാതുക്കളിലുള്ള ചൈനീസ് ആധിപത്യം അവസാനിപ്പിക്കാമെന്ന് ട്രംപ് സ്വപ്നം കാണുന്നു. പക്ഷേ, ഖനനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളോ മനുഷ്യരോ അവിടെയില്ല. ഹിമപാളി മാത്രമാണുള്ളത്. മൂടിക്കിടക്കുന്ന മഞ്ഞിൻ പാളികൾക്കിടയിലെ ഖനനം എളുപ്പമല്ല. പണവും ചെലവാകും. മറ്റുള്ളിടത്തേക്കാൾ പത്തിരട്ടി ചെലവ്.
ഗ്രീൻലൻഡ്, ചർച്ചകൾക്ക് തയ്യാറാണ്. വിദേശ നിക്ഷേപത്തിനും വ്യവസായസ്ഥാപനങ്ങൾക്കും എതിരല്ല. ഗ്രീൻലൻഡിൽ വലിയൊരു വ്യവസായ സാധ്യതയുണ്ടെന്ന് വ്യവസായ ലോകം തന്നെ വിശ്വസിക്കുന്നുമില്ല. അതിനുവേണ്ടുന്ന നിക്ഷേപം ഭീമമാണെന്നും മുന്നറിയിപ്പുണ്ട്. ഉരുകുന്ന ആർട്ടിക് മഞ്ഞാണിപ്പോഴത്തെ ആകർഷണത്തിന് കാരണം. ഇതോടെ കൂടുതൽ കപ്പൽപാതകൾ തുറക്കും. അതോടെ വ്യവസായം സാധ്യമാകുമെന്നാണ് ചിന്തയെങ്കിൽ അത് വെറുതേയെന്ന് പലരും പറയുന്നു. മഞ്ഞുരുകുന്നത് സത്യം. പക്ഷേ, അതോടെ മണ്ണുപാളികളുടെ ബലം ക്ഷയിക്കുകയാണ്. ഡ്രില്ലിങ് അപകടമാകും. മണ്ണിടിച്ചിൽ വേറെ. പോരാത്തതിന് ഗ്രീൻലൻഡിന്‍റെ പരിസ്ഥിതി നിയന്ത്രണങ്ങൾ കടുത്തതാണ്. പക്ഷേ, ഇതൊന്നുമല്ലാത്ത കാരണമുണ്ട്. അല്ലെങ്കിൽ, കാരണങ്ങൾ. അതെല്ലാവർക്കും ബാധകമാണ്. അമേരിക്കയ്ക്കും യൂറോപ്പിനും റഷ്യക്കും. അത്, ഗ്രീൻലാൻഡിന്‍റെ തന്ത്രപ്രധാന സ്ഥാനമാണ്.
ലോകമഹായുദ്ധ കാലത്ത് നിർണായകമായിരുന്ന കപ്പൽപാത കടന്നുപോയത് ഗ്രീൻലൻഡ് വഴിയാണ്. അതായത്, GIUK gap എന്ന ഗ്രീൻലൻഡ്, ഐസ്‍ലൻഡ്, യുകെ ഇടനാഴി വഴി. ആർട്ടിക് സമുദ്രും അറ്റ്ലാന്‍റിക് സമുദ്രവുമായി ബന്ധിപ്പിക്കുന്നതാണ് GIUK. വടക്കൻ അമേരിക്കയും യൂറോപ്പുമായി ബന്ധിപ്പിക്കുന്നതെന്ന് അർത്ഥം. ലോകമഹായുദ്ധക്കാലത്ത് സഖ്യശക്തികൾ ഗ്രീൻലൻഡും ഐസ്‍ലൻഡുമാണ് നിരീക്ഷണത്തിന് ഉപയോഗിച്ചത്. പിന്നെ ശീതയുദ്ധക്കാലത്ത് നേറ്റൊയുടെ തന്ത്രപ്രധാന പ്രതിരോധസ്ഥാനമായി. അറ്റ്‍ലാന്‍റിക്കിലേക്ക് കടക്കാൻ ശ്രമിക്കുന്ന സോവിയറ്റ് അന്തർവാഹിനികൾ കണ്ടെത്താൻ പറ്റിയ സ്ഥലമായി. സൗണ്ട് സർവൈലൻസ് സിസ്റ്റം സ്ഥാപിച്ചു GIUK -ൽ. ഒരേസമയം പ്രവേശന വാതിലായും തടയാനുള്ള വഴിയായും മാറി ഇവിടം. സോവിയറ്റ് യൂണിയൻ തകർന്നതോടെയാണ് GUIK GAP -ന്‍റെ പ്രാധാന്യം ഇടിഞ്ഞത്. പക്ഷേ, അക്കഥ മാറിയിട്ട് കുറച്ചുനാളായി. ഇപ്പോൾ ട്രംപിന്‍റെ അധിനിവേശ പ്രഖ്യാപനത്തോടെ ചരിത്രത്തിനും വർത്തമാനത്തിനും ഇടയിലെ കണ്ണികൾ കൂടുതൽ തെളിഞ്ഞിരിക്കുന്നു.
ട്രംപ് പറയുന്നത് ഗ്രീൻലൻഡ് അമേരിക്കയുടെ കൈയിലായാൽ നേറ്റോ കൂടുതൽ ശക്തമാകുമെന്നാണ്. ഇപ്പോൾ സുരക്ഷാ ഭീഷണിയുണ്ടെന്നും പറയുന്നു. സുരക്ഷാ ഭീഷണി റഷ്യയും ചൈനയുമാണ്. തങ്ങളെ പഴിക്കേണ്ടെന്ന് പ്രതികരിച്ചു രണ്ടുകൂട്ടരും. പക്ഷേ, ചൈനയുടെ ഖനന താൽപര്യങ്ങളും റഷ്യയുടെ സാന്നിധ്യവും ധ്രുവപ്രദേശത്തിനാകെ ഭീഷണിയായി യൂറോപ്പും കാണുന്നു. ഖനന താൽപര്യങ്ങൾ തീർക്കുന്ന പരിസ്ഥിതിക്കുള്ള ഭീഷണി ഒരു വശത്ത്. പക്ഷേ, സൈനിക, ആധിപത്യ താൽപര്യങ്ങളാണ് പ്രധാനം. അതിൽ റഷ്യക്കാണ് പലമുഖങ്ങളുള്ള താൽപര്യം. റഷ്യക്ക് പ്രകൃതിദത്തമായ പ്രതിരോധമാണ് GUIK GAP. പക്ഷേ, മഞ്ഞുരുകുന്നത് കാരണം ആ പ്രതിരോധത്തിന് ശക്തികുറയുകയാണ്. തന്നെയുമല്ല, ഇവിടെ ആധിപത്യം സ്ഥാപിച്ചാൽ, വടക്കൻ അറ്റ്‍ലാന്‍റിക്കിലേക്ക് നേരിട്ട് കടക്കാം. അതും റഷ്യയുടെ നോർത്തേൺ ഫ്ലീറ്റിന്‍റെ ആസ്ഥാനമായ കോല പെനിൻസുലയിൽ (Kola Peninsula) നിന്ന് GUIK GAP വഴി വടക്കൻ അറ്റ്‍ലാന്‍റിക്കിലേക്ക്. കപ്പൽപാതകളുടെ നിയന്ത്രണവും ഊർജസ്രോതസും മറ്റൊരു ലക്ഷ്യമാണ്. സോവിയറ്റ് കാലത്തെ സൈനികാസ്ഥാനങ്ങൾ തുറന്നും വ്യോമപ്രതിരോധ സംവിധാനങ്ങൾ സ്ഥാപിച്ചും സൈനികാഭ്യാസം പതിവാക്കിയും റഷ്യ അതിന് കോപ്പുകൂട്ടിത്തുടങ്ങിയിട്ട് കാലം കുറച്ചായി.
റഷ്യയെ പ്രതിരോധിക്കാൻ നേറ്റോയും അമേരിക്കയും മറുതന്ത്രം പയറ്റിത്തുടങ്ങിയിരുന്നു. US Second Fleet തിരിച്ചുവന്നു, നേറ്റോയുടെ സംയുക്ത കമാൻഡും. പക്ഷേ അതൊന്നും പോര, ഗ്രീൻലൻഡ് അമേരിക്കയുടെ കൈയിലായാൽ ഭീഷണി അവസാനിക്കും. ധാതു സമ്പത്തും കിട്ടുമെന്ന ഒരുവെടിക്ക് രണ്ടുപക്ഷി തന്ത്രമാവണം അമേരിക്കയുടേത്. അത് പക്ഷേ, നേറ്റോ അംഗീകരിച്ചിട്ടില്ല. ഗ്രീൻലൻഡും ഡെൻമാർക്കും ഒട്ടും അംഗീകരിക്കുന്നില്ല.
കൂടുതൽ സൈന്യത്തെ അയച്ചിരിക്കയാണ് യൂറോപ്യൻ നേറ്റോ അംഗരാജ്യങ്ങൾ. സംയുക്ത അഭ്യാസത്തിനെന്ന പേരിൽ. ഫ്രാൻസും കാനഡയും കോൺസുലേറ്റും തുറക്കുമെന്ന് പ്രഖ്യാപിച്ചു. അമേരിക്ക ഗ്രീൻലൻഡ് ആക്രമിച്ചാൽ അതോടെ നേറ്റോ അവസാനിക്കുമെന്നാണ് ഡെൻമാർക്കിന്‍റെ പ്രഖ്യാപനം. 30 യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയുമായുള്ള സഖ്യമാണ് നേറ്റോ. ഏതെങ്കിലും അംഗരാജ്യം നേരിടുന്ന ഭീഷണി ഒറ്റക്കെട്ടായി നേരിടും എന്നതാണ് അടിസ്ഥാന ആശയം തന്നെ. അത് തെറ്റിച്ചാണ് അമേരിക്കയുടെ ഭീഷണി.
ഗ്രീൻലൻഡ് ഒരു നേറ്റോ അംഗരാജ്യത്തിന്‍റെ കീഴിലുള്ള സെമി ഓട്ടോണമസ് പ്രദേശമാണ്. സുരക്ഷ ഡെൻമാർക്കിന്‍റെ ചുമതലയാണെങ്കിലും നായ്ക്കൾ വലിക്കുന്ന സ്ലെഡുകൾ മാത്രമാണ് ഡെൻമാർകിന്‍റെ വകയായിയുള്ളതെന്നാണ് തമാശ. ഡാനിഷ് പൊലീസിന്‍റെ പട്രോൾ വാഹനമാണ് നായ്ക്കൾ വലിക്കുന്ന സ്ലെഡ്. സിറിയസ് ഡോഗ് സ്ലെഡ് പട്രോൾ (Sirius Dog Sled Patrol) എന്ന് പേര്. ട്രംപ് അടുത്തിടെ അവരെ പരിഹസിച്ചിരുന്നു. പക്ഷേ, തണുത്തുറഞ്ഞ് മരിക്കുന്ന സാഹചര്യങ്ങൾ അതിജീവിക്കുന്നവരാണിവർ. എന്തും അതിജീവിക്കാൻ പരിശീലനം നേടിയവർ. വിശപ്പും ഫ്രോസ്റ്റ് ബൈറ്റും മാസങ്ങൾ നീളുന്ന ഒറ്റപ്പെടലും അതിജീവിക്കുന്നവർ.
അവിടെ പക്ഷേ, അമേരിക്കൻ സൈനികാസ്ഥാനമുണ്ട്, ബീഡൂഫീക്ക് (Beedoofeek. 150 ഓളം സൈനികരുമുണ്ട്. ഇപ്പോൾ അപ്ഗ്രേഡിംഗ് തുടങ്ങിയിരിക്കുന്നു. യുദ്ധകാഹളം പോലെ. പലതരത്തിൽ മുമ്പ് ട്രംപും സംഘവും അപമാനിച്ചിട്ടും യൂറോപ്പ് അതിനുതക്ക മറുപടി നൽകിയിട്ടില്ല. സുരക്ഷയുടെ കാര്യത്തിൽ അമേരിക്കയെ ആശ്രയിക്കുന്നതാണ് കാരണം. ഇപ്പോൾ പരാശ്രയം മാറ്റാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പക്ഷേ, അതിന് 5 വർഷം വരെ എടുത്തേക്കുമെന്നാണ് നിഗമനം. യുക്രൈയ്ന് ആയുധങ്ങൾ നൽകാനും അമേരിക്ക തന്നെയാണ് ആശ്രയം. പക്ഷേ, വേണമെങ്കിൽ യൂറോപ്പിന് ചില കടുത്ത തീരുമാനങ്ങളെടുക്കാമെന്നാണ് വിദഗ്ധപക്ഷം. ഡ്രോൺ സാങ്കേതികവിദ്യ അമേരിക്കയ്ക്ക് കൊടുക്കുന്നില്ലെന്ന് വേണമെങ്കിൽ തീരുമാനിക്കാം. അത് വേണ്ടെന്ന് വയ്ക്കുന്നത് കാര്യങ്ങൾ ഗുരുതരമാകുമെന്നുള്ളത് കൊണ്ടാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. ട്രംപിനെ പോലെ ഒരു അമേരിക്കൻ പ്രസിഡന്‍റെനെ പ്രതീക്ഷിച്ചിരുന്നില്ല യൂറോപ്പ് എന്നത് മറ്റൊരു കാര്യം. ട്രംപിന്‍റെ കാലാവധി കഴിഞ്ഞാൽ പിന്നെയാരാവും അധികാരത്തിലെത്തുകയെന്നത് വളരെ നിർണായകമാണ്, ലോകത്തിന് തന്നെ. റിപബ്ലിക്കൻ ഭരണത്തുടർച്ചയെങ്കിൽ, അത് ട്രംപിയൻ നയത്തുടർച്ച തന്നെയാവും. യൂറോപ്പ് സുരക്ഷയിൽ സ്വയംപര്യാപ്തമാവുന്നതാണ് അവർക്കും ബാക്കിയുള്ളവർക്കും നല്ലത്.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം