
ശ്ശോ! ഒറ്റ തന്തയുമില്ലല്ലോ മരുന്നിന് പോലും!' അവിടെ കണ്ട ഒരു സോഫയില്‍ ഞാനിരുന്നു, ഇടക്കിടെ സമയം നോക്കിക്കൊണ്ട്. ഒരു പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ സ്‌കൂള്‍ വിട്ട് കുട്ടികളെല്ലാം ചറപറാന്ന് പൊയ്‌ക്കൊണ്ടിരുന്നു. അതിനിടയിലൂടെ ഒരു തല എന്റെ അടുത്തേക്ക് സ്ലോ മോഷനിലെഴുന്നെള്ളുന്നു.
I miss those school days!
നോക്കണ്ടാ, എന്റെ സ്‌കൂള്‍ അല്ല. അവിടെ എന്തിരുന്നിട്ടാ മിസ്സാന്‍? ഞാന്‍ എന്റെ മക്കളുടെ സ്‌കൂള്‍ ആണ് മിസ്സ് ചെയ്യുന്നത്.
ഹോ! എന്തൊക്കെ ആയിരുന്നു. രാവിലെ എണീപ്പിക്കുന്നു, കുളിക്കെടാ, തിന്നെടാ, ബാഗെടെടാ, ഷൂ ഇടെടാ... ശ്ശൊ എല്ലാം ഞാനങ്ങ് മിസ്സ് ചെയ്യുവാ.
ഒരു സംഭവം പറയാം..
ഒരു ദിവസം രാവിലെ ഒരു കോള്‍. ജോസൂട്ടന്റെ മിസ്സിന്റെ നമ്പര്‍ കണ്ടപ്പോള്‍ വേഗം എടുത്തു. ഇനി അവന് വല്ലതും പറ്റിയോ എന്നോര്‍ത്ത് പേടിച്ചാണ് എടുത്തത്.
ഞാന്‍- ഹലോ
മിസ് - ഗുഡ് മോണിംഗ്, ജോസ് ടോണിയുടെ അമ്മയല്ലേ?
ഞാന്‍ - അതേ മാം. പറഞ്ഞോളൂ.
മിസ് - ആഹ്! രാവിലെ പല്ല് തേച്ചോ?
ങ്‌ഹേ! ഈ പെണ്ണുമ്പിള്ള ഇതെന്ത് തേങ്ങയാ ഈ ചോദിക്കുന്നേ?
ഞാന്‍ - ശ്ശേ! മിസ്സേ ഞാനത്...പിന്നെ വല്ലപ്പോഴുമൊക്കെയേ തേക്കാതിരിക്കുള്ളൂ. അവനത് മിസ്സിനോട്...
മിസ് - അല്ല അതേയ്, വീട്ടില് പേസ്‌റ്റൊക്കയൊണ്ടോ എന്നാ ഞാന്‍ ചോദിച്ചത്.
മൊത്തത്തില്‍ കണ്‍ഫ്യൂഷനടിച്ച ഞാന്‍ - എന്റെ മിസ്സേ, ഞാനിത് വരെ പല്ല് തേച്ചില്ല. അതുകൊണ്ട് പേസ്റ്റ് അവിടെയുണ്ടോ ഇല്ലേന്നെനിക്ക് അറിയാനും പാടില്ല.
മിസ് - ജോസ് ടോണി ഇന്ന് ക്ലാസിലേക്ക് വന്നത് വീട്ടിലെ കോള്‍ഗേറ്റ് പേസ്റ്റും കൊണ്ടാ.
ഞാന്‍ - ങ്‌ഹേ! അവനിന്ന് സ്‌കൂളില്‍ വന്നിട്ടാണോ പല്ല് തേച്ചത്?
മിസ് - അതൊന്നുമല്ലെന്നേ. അവനിന്ന് എന്താ കാണിച്ചത് എന്നറിയാമോ?
ഞാന്‍ - സത്യായിട്ടും ഞാനല്ല അവന് പേസ്റ്റ് കൊടുത്ത് വിട്ടത്.
മിസ് - ശ്ശെടാ! ഞാനങ്ങനെ പറഞ്ഞില്ലല്ലോ.
ഞാന്‍ - പിന്നെന്തൂട്ട് തേങ്ങയാ മിസ്സീ പറഞ്ഞ് വരണേ?
മിസ് - what...what what what..?
ഞാന്‍ - ങ്‌ഹേ! അല്ല, അടുക്കളേല് തേങ്ങ.. അത് പോട്ടെ, മിസ്സ് കാര്യം പറ.
മിസ് - ഇന്ന് ജോസ് ടോണി ഒരു കുട്ടിയെ പേസ്റ്റ് തീറ്റിച്ചു.
ഞാന്‍ - ആ കുട്ടി പല്ല് തേക്കാതെ വന്ന് കാണും അല്ലേ?
മിസ്- ഹ! അതല്ലെന്നേ. ജോസ് ടോണിയും കൂട്ടുകാരും കൂടെ പ്രാങ്ക് ചെയ്തതാ.
ഞാന്‍ -ശ്ശോ! അവനിങ്ങ് വരട്ടെ, ഞാന്‍ ചോദിക്കാം.
മിസ് - നല്ല പോലെ ഒന്ന് പറഞ്ഞ് മനസ്സിലാക്കണം കേട്ടോ.
ഞാന്‍ - പിന്നല്ല! ചെയ്തിരിക്കും
ഫോണ്‍ വെച്ചതിന് ശേഷം, ഇവനിതെന്ത് മാങ്ങാത്തൊലിയൊക്കെയാ ഒപ്പിച്ച് വെച്ചേക്കുന്നെ എന്നോര്‍ത്ത് ഞാനിരിക്കുമ്പോള്‍ ദേ മിസ്സിന്റെ വിളി പിന്നേയും.
'ഒരു കാര്യം പറയാനാണ് വിളിച്ചത്. പ്രിന്‍സിപ്പലിനെ ഒന്ന് കാണണം. ഇന്ന് വരാനൊക്കുമോ?'
'അയ്യോ, എന്തിനാ' - പണ്ട് മുതലേ പ്രിന്‍സികളെ ഇഷ്ടമില്ലാത്ത ഞാന്‍ ചോദിച്ചു.
'ഒന്നുപദേശിക്കാന്‍!'
'ആരെ, എന്നെയോ? ഞാനുപദേശിച്ചാലൊന്നും നന്നാവില്ല മിസ്സേ.'
ഇത് കേട്ട് ഞെട്ടിയ മിസ്സ് പറഞ്ഞു 'ഏഹ്! ജോസ് ടോണിയെ ഉപദേശിക്കാനാന്നാ പറഞ്ഞേ.'
'ഹോ അത് ശരി. ഉപദേശിച്ചോ ഉപദേശിച്ചോ. അല്ലേലും അവന് അങ്ങനെ തന്നെ വേണം.'
'വേഗം വരണം, രണ്ട് മണിക്ക് പ്രിന്‍സിപ്പലിനെ കാണണം.'- മിസ്സ് തുടര്‍ന്നു.
അത് സമ്മതിച്ച ഞാന്‍ മിസ്സിനോട്, 'അതേയ് മിസ്സേ.. ഞാന്‍ മാത്രമേയൊള്ളോ അതോ വേറെയും അമ്മമാരുണ്ടോ?'
'ഉം എന്തിനാ?'
'അത് പിന്നെ..തോല്‍ക്കുമ്പോള്‍ എല്ലാവരും തോല്‍ക്കുന്നതല്ലേ നല്ലത്!'
എനിക്ക് മറുപടി തരാതെ മിസ്സ് ഫോണ്‍ വെച്ച് പോയി.
അങ്ങനെ കാര്യങ്ങളൊക്കെ എടുപിടീന്ന് തീര്‍ത്തിട്ട് ഞാനിറങ്ങി സ്‌കൂളിലേക്ക്. വീട്ടില്‍ നിന്നും 20 മിനിറ്റ് ഏകദേശം എടുക്കും സ്‌കൂളിലെത്തുവാന്‍.
എന്റെ ഉടുപ്പ് ശരിയായോ, മുഖം ഭംഗിയുണ്ടോ എന്നൊക്കെ ടെന്‍ഷനടിച്ച് കാറിലിരുന്നു. സ്‌കൂള്‍ വിടുന്ന സമയം ആയത് കൊണ്ട് നല്ല ചുള്ളന്‍ ഡാഡീസ് വരാറുണ്ട്. അവര്‍ നോക്കുമ്പോള്‍ നല്ല ടിപ് ടോപ്പിലായിരിക്കണം ഞാന്‍ എന്ന നിര്‍ബന്ധമുണ്ടെനിക്ക്.
കൃത്യം 1.50 -ന് ഞാന്‍ സ്‌കൂളില്‍ എത്തി. നേരെ റിസപ്ഷനിലെത്തി പറഞ്ഞു.
'അതേയ് പൂയ്..എനിക്കൊരു അപ്പോയിന്റ്‌മെന്റുണ്ടായിരുന്നു.'
'ആരുമായിട്ടാണ് മാം?' റിസപ്ഷനിസ്റ്റ് ഭവ്യതയോടെ ചോദിച്ചു.
'പ്രിന്‍സിപ്പലുമായിട്ട്.'- ഗമ ഒട്ടും കുറക്കാതെ ഞാന്‍ പറഞ്ഞു.
'Please wait mam, let me check.'
യാ യാ യാ എന്നും പറഞ്ഞ് ചുറ്റും നോക്കിയപ്പോള്‍ നിറയെ അമ്മമാരെ കണ്ട് എന്റെ മനസ്സ് ചത്തു.
'ശ്ശോ! ഒറ്റ തന്തയുമില്ലല്ലോ മരുന്നിന് പോലും!' അവിടെ കണ്ട ഒരു സോഫയില്‍ ഞാനിരുന്നു, ഇടക്കിടെ സമയം നോക്കിക്കൊണ്ട്.
ഒരു പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ സ്‌കൂള്‍ വിട്ട് കുട്ടികളെല്ലാം ചറപറാന്ന് പൊയ്‌ക്കൊണ്ടിരുന്നു. അതിനിടയിലൂടെ ഒരു തല എന്റെ അടുത്തേക്ക് സ്ലോ മോഷനിലെഴുന്നെള്ളുന്നു.
'ടുല്വോ, ദേ വരണൂ നിന്റെ മ്യോ....ന്‍!'
ഒള്ളത് പറയണമല്ലോ ഒരിത്തിരി ഉളുപ്പ് ഞാനവന്റെ മുഖത്ത് പ്രതീക്ഷിച്ചു. എന്റെ തെറ്റ്!
അവന്‍ 'കൂള്‍ കൂള്‍ ഓ യാ ബേബീ' എന്ന ഭാവം അഭിനയിച്ച് നിന്നു. വാലായിട്ട് അവന്റെ ഗ്യാങ്ങും.
അമ്മയായിപ്പോയില്ലേ, ഒന്ന് വിരട്ടിയേക്കാം എന്നോര്‍ത്ത് ഞാന്‍ അവനോട് മുരണ്ടു.
'എന്തൊക്കെയാടാ ചെയ്‌തേക്കുന്നേ?'
'ഞാന്‍ മാത്രല്ല, ദേ ഇവരുംണ്ട്.'
'അത് മാത്രാടാ എന്റേം ആശ്വാസം'എന്ന് പുറത്തേക്ക് തുപ്പിയില്ല.
എല്ലാവരും വളരെ അടക്കത്തോടെ എന്നെ നോക്കി ഇളിച്ചു.
എല്ലാവരോടും കൂടെ ഞാനൊന്നൂടെ ചോദിച്ചു 'ശരിക്കും നിങ്ങളെന്താ ചെയ്‌തേ?'
ഫ്രണ്ട്‌സ് കോറസ്സായി പാടി. 'അത്രക്കൊന്നൂല്ലെന്നേ. ഞങ്ങള് ചുമ്മാ ഒരുത്തനെ പറ്റിച്ചു.'
ഞാന്‍ - 'എന്താ ചെയ്‌തേ'
മ്യോന്‍ - അത് ഞങ്ങള് ക്ലാസിലെ ഒരു കുട്ടിക്ക് ബിസ്‌കറ്റ് കൊടുത്തു.
ഞാന്‍ - അതിനെന്താ കുഴപ്പം? ബിസ്‌കറ്റ് ഈ സ്‌കൂളില്‍ പറ്റില്ല?
Friend - ആന്നേയ്, അതും ക്രീം ബിസ്‌കറ്റ്.
ശ്ശെടാ! ഇതെന്തെടപാട്? ഇതിനാണോ എട്ടും പൊട്ടും തിരിയാത്ത എന്നെ ഈ നേരം കെട്ട നേരത്ത് ഇവിടേക്ക് വിളിപ്പിച്ചത്. ചോദിച്ചിട്ട് തന്നെ കാര്യം!
എന്റെ ചോര തെളക്കുന്നുണ്ടെന്ന് മനസ്സിലായ എന്റെ മോന്‍ മൊഴിഞ്ഞു: 'അത് അമ്മ, ബിസ്‌കറ്റില് ക്രീമിന് പകരം പേസ്റ്റാണ് ഞങ്ങള്‍ തേച്ച് കൊടുത്തത്.'
അമ്പട പുളുസോ! ഇപ്പ ടെക്‌നിക് പുടികിട്ടി.
ഇതാണ്, ഞാന്‍ പല്ല് തേച്ചോ ഇല്ലേ എന്നൊക്കെ മിസ്സ് ചോദിച്ചത്.
മകന്‍ ഒടുക്കത്തെ നിഷ്‌കളങ്കതയോടെ പാടിക്കൊണ്ടിരുന്നു.
'ഒരു തമാശക്ക് ചെയ്തതാ അമ്മേ. ബിസ്‌കറ്റ് തിന്ന അവനൊരു കൊഴപ്പോമില്ല. അത് കണ്ട് കൊണ്ടിരുന്നവനാ മിസ്സിനോട് പോയി പറഞ്ഞത്. എന്നിട്ട് മിസ്സ് അവനോട് കുഴപ്പൊന്നൂല്ലലോ എന്ന് ചോദിച്ചപ്പോള്‍ ആ പൊട്ടന്‍ പറയാ അവന് വയറ് വേദനയുണ്ടെന്ന്. അവന്റെ മോന്ത കണ്ടാലറിയാം അവനൊരു വേദനേമില്ലെന്ന്. ഇത്രേ ഞങ്ങള്‍ ചെയ്തുള്ളൂ. അയ്‌നാണീ ടീച്ചേഴ്‌സ് വെറുതെ പ്രശ്‌നം ഉണ്ടാക്കണത്.'
ഇതൊക്കെ കേട്ട് കണ്ണില് അശ്രു വന്ന ഞാന്‍ എല്ലാവരോടും കൂടെ പറഞ്ഞു. 'ഒരു തെറ്റുമില്ലെടാ മക്കളേ. സത്യത്തില്‍ നിങ്ങള്‍ ചെയ്തതാണ് ശരി. പൊക്കോ പൊക്കോ.'
ഇതിനിടക്ക് സമയം മൂന്ന് ആയി. എന്നെയിത് വരെ വിളിച്ചില്ലെന്ന് തിരിച്ചറിഞ്ഞ ഞാന്‍ രണ്ട് പറയാന്‍ വേണ്ടി റിസപ്ഷനിലേക്ക് പോയി.
'രണ്ട് മണിക്കെത്താന്‍ പറഞ്ഞിട്ടിപ്പോ മൂന്നായി'
'സോറി മാം. പ്രിന്‍സിപ്പല്‍ ഒരു മീറ്റിങ്ങിലാണ്.'
ശ്ശോ! ഇത്ര നന്നായി പെരുമാറുന്ന ഒരാളോട് ചൂടാവണത് മോശല്ലേ. അല്ലേലും ഈ പ്രിന്‍സികള്‍ക്കും ടീച്ചേഴ്‌സിനും യാതൊരു ഉത്തരവാദിത്തവുമില്ല.
ഈ' കാത്തിരിപ്പ്' വല്ലാത്തൊരു കുന്തമാണ്. അതിപ്പോള്‍, സ്‌കൂളിലായാലും പ്രണയത്തിലായാലും!
മൂന്ന് മണി മൂന്നരയായി, നാല് ആയി. എന്റെ തറ സ്വഭാവം പുറത്തേക്ക് വരാന്‍ തുടങ്ങിയതും റിസപ്ഷനിസ്റ്റിന്റെ വിളി വന്നതും ഒരുമിച്ചായിരുന്നു.
'എന്റെ പിള്ളേരുടെ ഭാഗ്യം. സ്‌കൂള്‍ മാറ്റാതെ ഒത്ത്.'
ക്യാറ്റ് വാക്ക് നടത്തുന്ന റിസപ്ഷനിസ്റ്റിന്റെ പുറകെ ഒരു പട്ടിയെ പോലെ ഞാന്‍ നടന്നു.
പ്രിന്‍സിയുടെ മുറിയെത്തിയപ്പോള്‍ 'ഇനി തന്നെ പൊക്കോട്ടാ' എന്നും പറഞ്ഞ് ലവള്‍ ഒറ്റ പോക്ക്. '
ആദ്യമായിട്ടാണ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ ഞാന്‍ കയറുന്നത്.
അവിടെ, പ്രിന്‍സി, വൈസ് പ്രിന്‍സി, മോന്റെ ക്ലാസ് ടീച്ചര്‍ പിന്നെ ഒരു മൂലക്ക് എന്റെ കടിഞ്ഞൂലും.
'വരൂ, ഇരിക്കൂ.'
ഞാനിരുന്നു. വിസ്താരം തുടങ്ങി.
പ്രിന്‍സി - അറിഞ്ഞല്ലോ ലേ?
ഞാന്‍ - ഉം, അവന്‍ പറഞ്ഞു.
പ്രിന്‍സി - എന്ത് തോന്നുന്നു?
ഞാന്‍ - സോറി മാം. അവര്‍ ഒരു തമാശക്ക് ചെയ്തതാണെന്നാ പറയുന്നേ.
ക്ലാസ്സ് ടീച്ചര്‍ - തമാശക്കോ? പേസ്റ്റ് തിന്ന് ആ കുട്ടിക്ക് വല്ലതും പറ്റിയിരുന്നേലോ..?
'ഒവ്വ! അങ്ങനാണേല് എത്ര കുഞ്ഞിപ്പിള്ളേര് പേസ്റ്റ് തിന്ന് ചത്ത് പോയേനേ'-മനസ്സില് തോന്നിയത് വിഴുങ്ങി, മുഖത്ത് വിനയം വാരിതേച്ച് ഒരൊറ്റ സോറി കൂടെയങ്ങോട്ട് കാച്ചി കൊടുത്തു.
അതില്‍ തണുത്ത പ്രിന്‍സി നേരെ കുറ്റവാളിയുടെ അടുത്തേക്ക് തിരിഞ്ഞു.
'കേട്ടല്ലോ ജോസ് ടോണി, ഇനി മേലില്‍ ഇത്തരം കുറുമ്പുകള്‍ ചെയ്യരുത്.'
അവനും വിനയാന്വിതനായി തല കുലുക്കി.
'സോറി മാം. ഞാനിനി നല്ല കുട്ടി ആയിക്കോളാം.'
'ഹോ! എന്നാ മുട്ടന്‍ നുണയാടാ.'- തിരിച്ച് വീട്ടിലേക്ക് പോകുന്ന വഴിക്ക് ഞാനവനോട് ചോദിച്ചപ്പോള്‍ നല്ല ഭംഗിയായി അവനെന്നെ നോക്കി ചിരിച്ചു.
കുറച്ച് കഴിഞ്ഞ് മൊബൈലില്‍ കുത്തിക്കൊണ്ടിരുന്ന എന്നെ ജോസൂട്ടന്‍ വിളിച്ചു.
'അതേയ് അമ്മേ..'
'ഉം?'- തല പൊക്കാതെ മൂളി.
'എന്റെ ഫ്രണ്ട്‌സ് പറയുവാണേ, ജോസ് ടോണീടെ അമ്മ എന്തൊരു കൂളാ, വഴക്കൊന്നും പറഞ്ഞില്ല. അതെന്താടാ നിന്റെ അമ്മ അങ്ങനെ എന്നൊക്കെ.'
ഇത് കേട്ട് 'കൂള്‍' ആണെന്ന് കുട്ടികള്‍ തെറ്റിദ്ധരിച്ച ഭ്രാന്തിയായ ഈ അമ്മ നിവര്‍ന്നിരുന്നു.
'പറഞ്ഞ പോലെ എടാ, ഞാനെന്താണാവോ ഇങ്ങനെ? Always cool mom- അല്ലേ?'
'ഓ പിന്നേ! ബെസ്റ്റ് കൂളാ. അമ്മക്ക് മെന്റലാണെന്ന് എനിക്കല്ലേ അറിയൂ'
'അറിഞ്ഞതിനി ആരോടും പറയാന്‍ പോകണ്ട. അതാ നിനക്ക് നല്ലത്. പറഞ്ഞേക്കാം.'
ഞാന്‍ വീണ്ടും തല താഴ്ത്തി.
Note: മക്കള്‍ ഓരോന്നൊപ്പിച്ചിട്ട് നമ്മള്‍ അവരെ വഴക്ക് പറയുമ്പോള്‍, നമ്മള്‍ ആ പ്രായത്തില്‍ എന്തൊക്കെ ചെയ്ത് കൂട്ടിയിട്ടുണ്ട് എന്ന് ഒന്നോര്‍ത്താല്‍ മതി. നല്ല മനസ്സമാധാനം കിട്ടും. -എനിക്ക് ഏറ്റവും നല്ലൊരു മനുഷ്യനില്‍ നിന്നും കിട്ടിയ ഉപദേശം ആണിത്.
ടുലുനാടന്‍ കഥകള്‍: വായിച്ചു ചിരിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം