ചൈനയിലെ പാർട്ടി അംഗങ്ങൾ ലോകമെമ്പാടുമുള്ള സ്ഥാപനങ്ങളിൽ നുഴഞ്ഞുകയറുന്നുവെന്ന് റിപ്പോര്‍ട്ട്, കാരണം?

By Web TeamFirst Published Dec 15, 2020, 3:29 PM IST
Highlights

റിപ്പോർട്ട് പ്രകാരം, ഏകദേശം 20 ലക്ഷം അംഗങ്ങൾ ലോകത്തിന്റെ വിവിധ കോണിലുള്ള ബഹുരാഷ്ട്രകമ്പനികളിലും, ബാങ്കുകളിലും, മീഡിയ ഗ്രൂപ്പുകളിലും, സർവ്വകലാശാലകളിലും, സർക്കാർ ഏജൻസികളിലും രഹസ്യമായി കടന്നുകയറിയിട്ടുണ്ടെന്നാണ് പറയുന്നത്.   

ഓസ്‌ട്രേലിയയും ചൈനയും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിൽ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയിലെ (സിപിസി) അംഗങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് ഓസ്ട്രേലിയൻ മാധ്യമങ്ങൾ. പാർട്ടിയുടെ രണ്ട് ദശലക്ഷത്തോളം വരുന്ന അംഗങ്ങൾ ഓസ്‌ട്രേലിയൻ, ബ്രിട്ടീഷ്, യുഎസ് കോൺസുലേറ്റുകളിലേക്ക് നുഴഞ്ഞുകയറിയെന്നും, ലോകത്തിലെ ചില വലിയ കമ്പനികളിൽ പ്രമുഖ സ്ഥാനങ്ങൾ വഹിക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.   

ഓസ്ട്രേലിയൻ മാധ്യമങ്ങളാണ് റിപ്പോർട്ടുകൾ പുറത്ത് വിട്ടത്. ലോകമെമ്പാടും ജോലി ചെയ്യുന്നുവെന്ന് ആരോപിക്കപ്പെടുന്ന 20 ലക്ഷം അംഗങ്ങളുടെ ഔദ്യോഗിക രേഖകൾ ഉൾപ്പെടുന്ന ഒരു പ്രധാന ഡാറ്റയാണ് ചോർന്നതെന്നാണ് കരുതുന്നത്. അംഗങ്ങളുടെ പേരുകൾ മാത്രമല്ല, അവരുടെ പാർട്ടി സ്ഥാനവും, ജനനത്തീയതിയും, ദേശീയ ഐഡി നമ്പറുമെല്ലാം അതിൽ ഉൾപ്പെടുന്നു. റിപ്പോർട്ട് പ്രകാരം, ഏകദേശം 20 ലക്ഷം അംഗങ്ങൾ ലോകത്തിന്റെ വിവിധ കോണിലുള്ള ബഹുരാഷ്ട്രകമ്പനികളിലും, ബാങ്കുകളിലും, മീഡിയ ഗ്രൂപ്പുകളിലും, സർവ്വകലാശാലകളിലും, സർക്കാർ ഏജൻസികളിലും രഹസ്യമായി കടന്നുകയറിയിട്ടുണ്ടെന്നാണ് പറയുന്നത്.   

ഡാറ്റ അനുസരിച്ച്, സി‌സി‌പി അംഗങ്ങൾ രഹസ്യമായി ജോലിചെയ്യുന്ന കമ്പനികളിൽ പ്രമുഖ വാഹനനിർമ്മാതാക്കളും, COVID-19 വാക്സിൻ വികസിപ്പിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനികളും, ANZ, HSBC പോലുള്ള ബാങ്കുകളും ഉൾപ്പെടുന്നുവെന്നും ഈ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൈനീസ് വാണിജ്യ കേന്ദ്രമായ ഷാംഗ്ഹായിലെ യുകെ, യുഎസ്, ഇന്ത്യ, ഓസ്ട്രേലിയ, സ്വിറ്റ്‌സർലൻഡ്, ന്യൂസിലാന്റ്, ഇറ്റലി, ദക്ഷിണാഫ്രിക്ക എന്നിവയുടെ കോൺസുലേറ്റുകളിലും പാർട്ടി അംഗങ്ങൾ ജോലി ചെയ്യുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. മുതിർന്ന രാഷ്ട്രീയ, സർക്കാർ കാര്യവിദഗ്ധർ, ഗുമസ്തന്മാർ, സാമ്പത്തിക ഉപദേഷ്ടാക്കൾ, എക്സിക്യൂട്ടീവ് അസിസ്റ്റന്റുമാർ എന്നിങ്ങനെയുള്ള വിവിധ സ്ഥാനങ്ങളിലാണ് സിപിസി അംഗങ്ങളുള്ളതെന്ന് മാധ്യമമായ ‘ഓസ്‌ട്രേലിയൻ’ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ചൈനീസ് സർക്കാർ ഏജൻസിയായ ഷാങ്ഹായ് ഫോറിൻ ഏജൻസി വഴിയാണ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുള്ളത്.  

പാശ്ചാത്യ കമ്പനികളിലും, സർവ്വകലാശാലകളിലും, സർക്കാർ ഏജൻസികളിലും പാർട്ടിയുടെ 79,000 ശാഖകൾ ആരംഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു. സാങ്കേതിക വിദ്യ മോഷണമാണ് ഇവരുടെ ലക്ഷ്യമെന്ന് കരുതപ്പെടുന്നതന്നാണ് ഓസ്ട്രേലിയൻ മാധ്യമങ്ങളെഴുതുന്നത്. എന്നിരുന്നാലും ഇതുവരെ ചാരപ്രവർത്തിയൊന്നും നടന്നതിന്റെ തെളിവ് ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. 2016 -ൽ ഷാങ്ഹായിലെ ഒരു സെർവറിൽ നിന്നാണ് ചൈനീസ് വിമതർ ഈ ഡാറ്റ ചോർത്തിയതെന്നാണ് പറയുന്നത്.  

click me!