പുടിൻ വിമർശകൻ നവാൽനിക്ക് മൂന്നരവർഷത്തെ ജയിൽ ശിക്ഷ, റഷ്യയിൽ പ്രതിഷേധം ശക്തം

By Web TeamFirst Published Feb 3, 2021, 10:59 AM IST
Highlights

'പ്രതിപക്ഷത്തെ ഭയപ്പെടുത്തുക എന്ന ലക്ഷ്യമാണ് തന്നെ ജയിലിലടക്കുന്നതിന് പിന്നിലെ'ന്ന് നവാല്‍നി പ്രതികരിച്ചു. 'ദശലക്ഷക്കണക്കിനാളുകളെ ഭയപ്പെടുത്താനായി അവർ ഒരാളെ ജയിലിലേക്ക് അയക്കുന്നു'വെന്നും നവാല്‍നി പ്രതികരിച്ചു.

ജർമ്മനിയിൽ ചികിത്സയിലായിരിക്കെ പരോൾ വ്യവസ്ഥകൾ ലംഘിച്ചുവെന്നാരോപിച്ച് റഷ്യയിലെ പുടിന്‍റെ പ്രധാന വിമര്‍ശകനായിരുന്ന അലക്സി അനറ്റോലീവിച്ച് നവാല്‍നിക്ക് മൂന്നരവർഷത്തെ ജയിൽശിക്ഷ വിധിച്ചു. നവാൽനിയെ ജയിലിലടയ്ക്കാൻ വിധി വന്നതിന് തൊട്ടുപിന്നാലെ മോസ്കോയില്‍ അക്രമപരമായ സംഭവങ്ങള്‍ അരങ്ങേറിയതിന്‍റെ ദൃശ്യങ്ങള്‍ ചില മാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചു. നവാല്‍നിയെ പിന്തുണച്ചുകൊണ്ടെത്തിയ ജനങ്ങളെ പൊലീസ് തല്ലിച്ചതക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ശിക്ഷയെക്കുറിച്ചുള്ള വിവരം പുറത്തെത്തിയതിനെ തുടർന്ന് റഷ്യയിലുടനീളം ആയിരക്കണക്കിനാളുകളാണ് നവാല്‍നിയെ പിന്തുണച്ചുകൊണ്ട് റാലി നടത്തിയത്. 

സാമ്പത്തിക കുറ്റകൃത്യങ്ങളിലാണ് നവാൽനിക്ക് ശിക്ഷ വിധിച്ചിരുന്നത്. ഒരുവര്‍ഷം നവാല്‍നി വീട്ടുതടങ്കലില്‍ കഴിഞ്ഞിട്ടുണ്ട്. അത് മൊത്തം ശിക്ഷയിൽ നിന്ന് കുറയ്ക്കും. വിധി വന്നതിന് പിന്നാലെ പുടിനെ 'വിഷം' എന്നാണ് കോടതി മുറിയില്‍ നവാല്‍നി വിശേഷിപ്പിച്ചത്. വാര്‍ത്തയറിഞ്ഞ ഉടനെത്തന്നെ നവാല്‍നിയെ പിന്തുണക്കുന്നവര്‍ കൂടിച്ചേരാനും പ്രതിഷേധിക്കാനും ആഹ്വാനം ചെയ്തു. അധികം വൈകാതെ തന്നെ മോസ്കോയിലും സെന്‍റ്. പീറ്റേഴ്സ്ബര്‍ഗിലും നൂറുകണക്കിന് പേര്‍ പൊലീസിനെ ഭയക്കാതെ ഒത്തുകൂടി. ശക്തമായ പൊലീസ് സന്നാഹം ഇവിടെയുണ്ടായിരുന്നു. മോസ്കോയില്‍ മാത്രം 850 -ലധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ, അപ്പീല്‍ നല്‍കുമെന്നാണ് നവാല്‍നിയുടെ വക്കീല്‍ പ്രതികരിച്ചത്. 

ചൊവ്വാഴ്ച രാത്രി, സുരക്ഷാസേന മോസ്കോയുടെ പ്രധാനസ്ഥലങ്ങളെല്ലാം പിടിച്ചെടുത്തു. അറസ്റ്റ്-സ്ക്വാഡുകൾ എല്ലാ പ്രധാന റോഡുകളിലേക്കും സ്ക്വയറുകളിലേക്കും വ്യാപിപ്പിച്ചു. സുരക്ഷാസംവിധാനങ്ങളോടെ കരുതിത്തന്നെയാണ് സേനയെത്തിയത്. എന്നാല്‍, പ്രതിഷേധക്കാര്‍ പ്രതീക്ഷിച്ചതിലും അധികമായിരുന്നു. എന്തുവന്നാലും പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ തയ്യാറായിത്തന്നെയാണ് സേന നിലകൊണ്ടത്. പക്ഷേ, പ്രതിഷേധക്കാരും നിശബ്ദമായിരിക്കാന്‍ തയ്യാറായിരുന്നില്ലെന്ന് ബിബിസി എഴുതുന്നു. രാത്രി തന്നെ നൂറുകണക്കിനാളുകളെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിനിറങ്ങിയവരിലും എത്രയോ അധികം പേര്‍ വാര്‍ത്ത കേട്ട് പ്രകോപിതരായി. 

ഈ ശിക്ഷയെക്കുറിച്ചുള്ള അന്താരാഷ്ട്ര പ്രതികരണവും വളരെ വേഗം തന്നെ വന്നു. പ്രമുഖ മനുഷ്യാവകാശ സംഘടനയായ കൗൺസിൽ ഓഫ് യൂറോപ്പ് - ഈ വിധി 'എല്ലാ വിശ്വാസ്യതയെയും ലംഘിച്ചു' എന്നാണ് പ്രതികരിച്ചത്. ഇത് മനുഷ്യാവകാശലംഘനങ്ങളെ കൂടുതല്‍ വഷളാക്കുന്ന ഒന്നാണെന്നും റഷ്യന്‍ പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നത് ദുര്‍ബലമാവുന്നു എന്ന സൂചനയാണ് ഇത് നല്‍കുന്നത് എന്നും കൗൺസിലിന്റെ മനുഷ്യാവകാശ കമ്മീഷണർ ദുഞ്ച മിജറ്റോവിക് ഒരു പ്രസ്താവനയിൽ പറഞ്ഞു. വിവിധ രാജ്യങ്ങളും നവാല്‍നിയുടെ അറസ്റ്റിനെ ശക്തമായി അപലപിച്ചു. എന്നാല്‍, റഷ്യന്‍ വിദേശകാര്യമന്ത്രാലയത്തിന്‍റെ വക്താവ് മരിയ സഖറോവ പറഞ്ഞത് 'ഒരു പരമാധികാര രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ നിങ്ങൾ ഇടപെടേണ്ടതില്ല' എന്നാണ്. നേരത്തെയും റഷ്യ തങ്ങളുടെ ആഭ്യന്തരകാര്യങ്ങളിലിടപെടാതിരിക്കാനുള്ള മര്യാദ മറ്റ് രാജ്യങ്ങളും അന്താരാഷ്ട്ര സമൂഹവും കാണിക്കണമെന്ന് പറഞ്ഞിട്ടുണ്ട്.

'പ്രതിപക്ഷത്തെ ഭയപ്പെടുത്തുക എന്ന ലക്ഷ്യമാണ് തന്നെ ജയിലിലടക്കുന്നതിന് പിന്നിലെ'ന്ന് നവാല്‍നി പ്രതികരിച്ചു. 'ദശലക്ഷക്കണക്കിനാളുകളെ ഭയപ്പെടുത്താനായി അവർ ഒരാളെ ജയിലിലേക്ക് അയക്കുന്നു'വെന്നും നവാല്‍നി പ്രതികരിച്ചു. തന്നെ വിഷം നല്‍കി കൊല്ലാന്‍ പുടിന്‍ തുനിഞ്ഞതും അത്തരത്തിലുള്ള സൂചനയാണെന്നും നവാല്‍നി പ്രതികരിച്ചു. 

സാമൂഹികമാധ്യമങ്ങളിലൂടെയും ബ്ലോ​ഗുകളിലൂടെയുമെല്ലാം പുടിനെ നിശിതമായി വിമർശിച്ചിരുന്നു നവാൽനി. ഇതിന് പിന്നാലെയാണ് 2014 -ലെ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ നവാൽനിക്ക് പങ്കുണ്ട് എന്ന ആരോപണം ഉയർന്നത്. അതിനുപിന്നാലെ  കഴിഞ്ഞ ഓ​ഗസ്റ്റിലാണ് വിമാനയാത്രക്കിടെ നവാൽനി കുഴഞ്ഞുവീഴുന്നത്. പരിശോധനയിൽ സോവിയറ്റ് കാലത്ത് നിര്‍മ്മിച്ച നോവിചോക് എന്ന രാസായുധം നവാല്‍നിയുടെ ശരീരത്തില്‍ കണ്ടെത്തിയിരുന്നു. വ്ലാഡ്മിർ പുടിന്റെ ആളുകളാണ് തന്നെ കൊല്ലാൻ ശ്രമിച്ചത് എന്ന് പിന്നാലെ നവാൽനി ആരോപിച്ചു. നവാൽനിയുടെ ജീവൻ അപകടത്തിലാണെന്ന് കണ്ടതോടെ പാശ്ചാത്യരാജ്യങ്ങൾ അദ്ദേഹത്തെ വിദ​ഗ്ദ്ധ ചികിത്സയ്ക്കായി ജർമ്മനിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു. തുടക്കത്തിൽ റഷ്യ ഇതിനെ എതിർത്തുവെങ്കിലും പിന്നീട് അയഞ്ഞു. അങ്ങനെ നവാൽനിയെ ചികിത്സക്കായി ജർമ്മനിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. 

ജനുവരി 17 -നാണ് നവാല്‍നി തിരികെ റഷ്യയിലേക്കെത്തിയത്. തിരിച്ചെത്തിയ ഉടനെ നവാൽനിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആയിരക്കണക്കിനാളുകള്‍ അദ്ദേഹത്തിന് പിന്തുണയുമായി എത്തിയിരുന്നു. അതിലധികവും യുവാക്കളായിരുന്നുവെന്നതും ശ്രദ്ധേയമാണ്.  തിരിച്ചെത്തിയതിന് പിന്നാലെയാണ് ഇപ്പോൾ നവാൽനിക്ക് ജയിൽ ശിക്ഷ വിധിച്ചിരിക്കുന്നത്. ഇത് റഷ്യയിൽ വലിയ തരത്തിലുള്ള പ്രതിഷേധത്തിന് കളമൊരുക്കിയിരിക്കുകയാണ്. 

click me!