സവര്‍ക്കറുടേയും ഗോഡ്സേയുടെയും പിന്‍ഗാമികളെ തോല്‍പ്പിക്കേണ്ടതുണ്ട്: ഉമര്‍ ഖാലിദ്

By Web TeamFirst Published Aug 14, 2018, 5:00 PM IST
Highlights

ആള്‍ക്കൂട്ട അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്കെതിരെ, ജാതിയുടെ അടിസ്ഥാനത്തിലിവിടെ വിഭജനമുണ്ടാക്കുന്നവര്‍ക്കെതിരെ, ദളിതരടക്കമുള്ള ന്യൂനപക്ഷക്കാരെ അക്രമിക്കുന്നവര്‍ക്കെതിരെ എന്തുകൊണ്ടാണ് നടപടിയെടുക്കാത്തത്. 

കഴിഞ്ഞ ദിവസമാണ് കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിനു മുന്നില്‍ വച്ച് ജെ.എന്‍.യു സമരനേതാവ് ഉമര്‍ ഖാലിദിനു നേരെ വധശ്രമമുണ്ടായത്. സ്വാതന്ത്ര്യദിനത്തിന് വെറും രണ്ട് ദിവസം മാത്രം മുമ്പ്, രാജ്യത്തിലെ അതീവ സുരക്ഷാ പ്രദേശത്ത് നടന്ന വധശ്രമം ഓരോ ജനാധിപത്യവിശ്വാസിയേയും ഞെട്ടിച്ചു. കഴിഞ്ഞ് രണ്ട് വര്‍ഷങ്ങളായി ഉമര്‍ ഖാലിദിനു നേരെ വധഭീഷണികളുണ്ടാകുന്നുണ്ട്. അതിന്‍റെ ഏറ്റവും പ്രത്യക്ഷവും, ഭയപ്പെടുത്തുന്നതുമായ ശ്രമമായിരുന്നു കഴിഞ്ഞ ദിവസമുണ്ടായത്.

തനിക്ക് നേരെ അക്രമം നടത്തിയത് അജ്ഞാതനാണെന്ന് പറയുമ്പോള്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ തിരിച്ചറിയപ്പെടാതെ പോവുകയാണെന്നും അതുണ്ടാവരുതെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഉമര്‍ ഖാലിദ് തന്‍റെ ഫേസ് ബുക്ക് കുറിപ്പിലൂടെ. 

അവര്‍ക്ക് നമ്മളെ ഭയപ്പെടുത്തി നിശബ്ദരാക്കാനാകില്ലയെന്നാണ് കുറിപ്പ്  തുടങ്ങുന്നത്. നമ്മള്‍ തളരരുതെന്നും ഭഗത് സിങ്ങിന്‍റേയും ബാബാസാഹേബ് അംബേദ്കറുടേയും സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകേണ്ടതുണ്ട്, ജയ് ഭീം, ലാല്‍സലാം എന്നുമെഴുതിയാണ് ഉമര്‍ ഖാലിദ് തന്‍റെ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. 

കുറിപ്പില്‍ നിന്ന്: ധാബോല്‍ക്കര്‍, കലബുര്‍ഗി, പന്‍സാരെ, ഗൌരി ലങ്കേഷ്... അങ്ങനെ ഒന്നിനു പിറകെ ഒന്നായി നടക്കുന്ന കൊലപാതകങ്ങള്‍. എനിക്കറിയാമായിരുന്നു ഒരുദിവസമെനിക്കുനേരെയും അവരുടെ തോക്ക് നീളാമെന്ന്. ആഗസ്ത് 15ന് രണ്ട് ദിവസം മാത്രം മുമ്പ് ഇങ്ങനെയൊരു അക്രമം നടക്കുമ്പോള്‍ നമുക്ക് നേരെ ഉയരുന്നൊരു ചോദ്യമുണ്ട്. എന്താണ് സ്വാതന്ത്ര്യം. അനീതിക്കെതിരെ ശബ്ദമുയര്‍ത്തിയതുകൊണ്ട് ഒരു പൌരന് മരിക്കേണ്ടി വരുന്നതാണോ സ്വാതന്ത്ര്യം. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിന് മുന്നില്‍വെച്ച് 'ഫ്രീഡം ഫ്രം ഫിയര്‍' (freedom from fear) എന്ന പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കെത്തന്നെ അജ്ഞാതനായൊരു തോക്കുധാരി എന്നെ അക്രമിക്കാന്‍ തുനിഞ്ഞത് എന്ത് വിരോധാഭാസമാണ്. 

സത്യമിതാണ്, സ്വാതന്ത്ര്യദിനത്തിന് രണ്ട് ദിവസം മാത്രം മുമ്പ്, രാജ്യത്തിന്‍റെ തലസ്ഥാനത്ത്, ഏറ്റവുമധികം സുരക്ഷിതമാണെന്ന് വിശ്വസിക്കപ്പെടുന്നൊരിടത്തുവച്ച്, സുരക്ഷാ ഉദ്യോഗസ്ഥരുള്ളയിടത്ത് വെച്ച് പകല്‍വെളിച്ചത്തില്‍ ഞാന്‍ അക്രമിക്കപ്പെട്ടുവെങ്കില്‍ അത് കാണിക്കുന്നത്, ഇന്നത്തെ ഭരണകൂടത്തിന് കീഴില്‍ ലജ്ജയില്ലാതെ ചിലര്‍ക്ക് ഇത്തരം അതിക്രമങ്ങള്‍ ചെയ്യാനാകുമെന്നാണ്. എനിക്കറിയില്ല, ആരാണ് അവരുടെ പിന്നിലെന്ന്. അത് പൊലീസ് അന്വേഷിക്കേണ്ടതാണ്. പക്ഷെ, ഇന്നലെ ഞാന്‍ കൊല്ലപ്പെട്ടിരുന്നുവെങ്കില്‍, അല്ലെങ്കില്‍ നാളെ ഞാന്‍ കൊല്ലപ്പെട്ടാല്‍ അജ്ഞാതനാല്‍ കൊല്ലപ്പെട്ടുവെന്നാണ് അറിയപ്പെടുക. അജ്ഞാതനെന്ന് ആ പ്രതി വിളിക്കപ്പെടരുത്. അധികാര കേന്ദ്രങ്ങളിലിരുന്ന് വിദ്വേഷവും, രക്തദാഹവും, ഭയവുമുണ്ടാക്കുന്നവരാണ് അതിനു പിന്നില്‍. ശിക്ഷിക്കപ്പെടില്ലെന്ന ധൈര്യത്തോടെ ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ നടത്താന്‍ അവസരമുണ്ടാക്കി കൊടുക്കുന്നവരാണ് യഥാര്‍ത്ഥ പ്രതികള്‍. എനിക്കെതിരെ അധികാരത്തിലുള്ള പാര്‍ട്ടിക്ക് വേണ്ടി സംസാരിക്കുന്നവരാണ്, എന്നെ കുറിച്ച് പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിച്ച, എന്നെ രാജ്യദ്രോഹിയാക്കിയ, ആള്‍ക്കൂട്ടത്തെ എനിക്ക് നേരെ തിരിച്ച അവതാരകരാണ്, ചാനലുകളാണ് യഥാര്‍ത്ഥ കുറ്റവാളികള്‍. 

ഇന്നുതന്നെ, പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞപ്പോള്‍ ബി.ജെ.പി എം.പി മീനാക്ഷി ലേഖിയും അതുപോലെ മറ്റുപലരും ശ്രമിക്കുന്നത് അങ്ങനെയൊരു സംഭവം നടന്നിട്ടേയില്ലെന്ന് തെളിയിക്കാനാണ്. ചിലരൊക്കെ ഞാന്‍ സ്വയം അങ്ങനെയൊരു സംഭവം ക്രിയേറ്റ് ചെയ്തതാണെന്ന് പറയുന്നു. ഞാനാര്‍ക്കുനേരെയും വിരല്‍ ചൂണ്ടിയിട്ടില്ല. എന്നിട്ടുമെന്തിനെയാണ് അവര്‍ പ്രതിരോധിക്കുന്നത്. ഇതെന്തിന്‍റെ സൂചനയാണ്? അവര്‍ ചെയ്ത കുറ്റകൃത്യത്തിന്‍റേതല്ലേ. ഗൌരി ലങ്കേഷിന്‍റെ കൊലപാതകം ഒരുദാഹരണമാണ്. ഓരോരുത്തരുടേയും അറസ്റ്റ് തെളിയിക്കുന്നത് ഹിന്ദുത്വ തീവ്രവാദത്തിന്‍റെ പങ്കാണ്. അതുകൊണ്ട്, അജ്ഞാതനായ തോക്കുധാരിയെന്ന് പറയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ആ അക്രമത്തിന്‍റെ പിന്നിലാരാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. 

കഴിഞ്ഞ രണ്ടുവര്‍ഷമായി എനിക്ക് നേരെ വിദ്വേഷപ്രചരണങ്ങള്‍ നടക്കുന്നു. അവര്‍ പറയുന്നതിനൊന്നും തെളിവുണ്ടായിരുന്നില്ല. എല്ലാം പച്ചക്കള്ളങ്ങളായിരുന്നു. കുറ്റപത്രങ്ങളുണ്ടായിരുന്നില്ല, മാധ്യമ വിചാരണ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വാദപ്രതിവാദങ്ങളില്ലായിരുന്നു പകരം ആക്ഷേപം മാത്രമേ ഉണ്ടായിരുന്നുള്ളൂ. സംവാദങ്ങളുണ്ടായിരുന്നില്ല, മറിച്ച് കൊലപാതകഭീഷണി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിന്നലെ ഒരു തോക്കുവരെ എത്തിയിരിക്കുന്നു. തനിക്കെതിരെ വിദ്വേഷ പ്രചരണങ്ങളും ഹാഷ് ടാഗ് കാമ്പയിനുകളും നടക്കുന്നു, സിനിമ റിലീസ് ചെയ്താല്‍ അതിനെതിരെ കാമ്പയിന്‍ നടക്കുന്നു. ഞാന്‍ രാജ്യദ്രോഹിയെന്ന് വിളിക്കപ്പെടുകയും ഒരിക്കലും അവസാനിക്കാത്ത മാധ്യമവിചാരണ നേരിടേണ്ടിയും വരുന്നു. പക്ഷെ, രാജ്യതലസ്ഥാനത്ത് വച്ച് ഭരണഘടന കത്തിച്ചവര്‍ക്കെതിരെ എന്ത് നടപടിയാണെടുത്തത്. അത് പൊലീസിന്‍റെ സാന്നിധ്യത്തിലായിരുന്നല്ലോ. 

ആള്‍ക്കൂട്ട അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്കെതിരെ, ജാതിയുടെ അടിസ്ഥാനത്തിലിവിടെ വിഭജനമുണ്ടാക്കുന്നവര്‍ക്കെതിരെ, ദളിതരടക്കമുള്ള ന്യൂനപക്ഷക്കാരെ അക്രമിക്കുന്നവര്‍ക്കെതിരെ എന്തുകൊണ്ടാണ് നടപടിയെടുക്കാത്തത്. രാജ്യത്തെ സമാധാനം തകര്‍ക്കുന്ന സംഭാജി ഭിഡെയെ മോദി വിശേഷിപ്പിച്ചത് 'മഹാപുരുഷനെ'ന്നാണ്. ഈ രാജ്യത്തെ കോര്‍പറേറ്റുകള്‍ക്ക് കഷ്ണം കഷ്ണമായി രാജ്യം വില്‍ക്കുന്നവരെ ദേശഭക്തരെന്ന് വിളിക്കുന്നു. അവരെ വിമര്‍ശിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നു. 

അവര്‍ കരുതുന്നത് ഇത്തരം അതിക്രമങ്ങള്‍ കാണിച്ച് ഭയപ്പെടുത്തി നമ്മളെ നിശബ്ദരാക്കാമെന്നാണോ. അങ്ങനെയാണ് കരുതുന്നതെങ്കില്‍ അവര്‍ക്ക് തെറ്റി. ഗൌരി ലങ്കേഷിന്‍റെ, രോഹിത് വെമുലയുടെ ഒക്കെ ആശയങ്ങള്‍ അതിജീവിക്കും. അവര്‍ക്ക് നമ്മളെ അവരുടെ ജയിലു കാണിച്ചോ, ബുള്ളറ്റുകള്‍ കാണിച്ചോ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനാകില്ല. അത് നമ്മളിന്നലെ തെളിയിച്ചു കഴിഞ്ഞു. എനിക്ക് നേരെ അക്രമം നടന്നിട്ടും കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിനു മുന്നില്‍ 'ഫ്രീഡം ഫ്രം ഫിയറെ'ന്ന പരിപാടി നടന്നു. അവിടെ എത്തിച്ചേര്‍ന്നവരെല്ലാം ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കെതിരെ, വിദ്വേഷമുണ്ടാക്കുന്നതിനെതിരെ ഭീകരവാദത്തിനെതിരെ ശബ്ദമുയര്‍ത്തി. 

നിരന്തരമായി എന്‍റെ ജീവനു നേരെയുണ്ടാകുന്ന ഭീഷണി പരിഗണിച്ച് ഡെല്‍ഹി പൊലീസ് എനിക്ക് സംരക്ഷണം നല്‍കണമെന്ന് ഞാനാഗ്രഹിക്കുന്നു. കഴിഞ്ഞ് രണ്ടു വര്‍ഷത്തിനിടെ രണ്ടു തവണ ഞാന്‍ ഡെല്‍ഹി പൊലീസിനോട് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. പക്ഷെ, വളരെ നിര്‍ദയമായാണ് അവരെന്നോട് പെരുമാറിയത്. സോഷ്യല്‍ മീഡീയയിലടക്കം ദിവസവും അനേകം ഭീഷണി മെസ്സേജുകളെനിക്ക് ലഭിക്കുന്നുണ്ട്. ഇന്നലെ പ്രത്യക്ഷത്തിലിങ്ങനെയൊരു സംഭവമുണ്ടായി. ഇനിയുമെന്തിനാണ് പൊലീസ് കാത്തുനില്‍ക്കുന്നത്. എല്ലാ ജനാധിപത്യശക്തികളോടും ഞാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു എനിക്ക് പൊലീസില്‍ നിന്ന് സംരക്ഷണം ഉറപ്പിക്കുവാന്‍. സംരക്ഷണമില്ലാതെ എവിടെയെങ്കിലും പോകാനാവാത്ത അവസ്ഥയിലെത്തിയിരിക്കുകയാണ് കാര്യങ്ങള്‍. 

നീതിയില്‍ വിശ്വസിക്കുന്ന ഓരോരുത്തരും എന്നോടൊപ്പം നില്‍ക്കുമെന്നും ഇന്നലെ നടന്ന സംഭവത്തിനെതിരെ ശബ്ദിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു. ഇത് ജനാധിപത്യത്തിന് വേണ്ടിയുള്ള കൂട്ടായ സമരമാണ്. സവാര്‍ക്കറുടേയും ഗോഡ്സേയുടെയും പിന്‍ഗാമികളെ നമുക്ക് ചെറുത്ത് തോല്‍പിക്കേണ്ടതുണ്ട്. ഭഗത് സിങ്ങിന്‍റേയും ബാബാസാഹേബ് അംബേദ്കറുടേയും സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകേണ്ടതുണ്ട്. ജയ് ഭീം, ലാല്‍സലാം... 

click me!