പെട്ടെന്നുണ്ടായ ഉള്‍വിളിയല്ല സുപ്രീംകോടതിയിലെ പൊട്ടിത്തെറി

By സിന്ധു സൂര്യകുമാര്‍First Published Jan 15, 2018, 3:43 PM IST
Highlights

1967 മുതൽ 77 വരെ സുപ്രീം കോടതിയിലെ ന്യായാധിപനായിരുന്ന ജസ്റ്റിസ് ഹൻസ് രാജ് ഖന്നയെ രാജ്യത്തിന് അറിയാം. ആ പേര് മറന്നുപോയെങ്കിൽ ഇപ്പോൾ ഓർത്തെടുക്കണം.  ഭരണഘടന ഇന്ത്യൻ പൗരന് നൽകുന്ന അവകാശം എടുത്തുകളഞ്ഞ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്ത്, മറ്റു നാലു ജഡ്ജിമാരും പൗരാവകാശ ലംഘനത്തെ അനുകൂലിച്ചപ്പോൾ, വിയോജനക്കുറിപ്പ് എഴുതിയ ജനാധിപത്യവാദി. 

ചീഫ് ജസ്റ്റിസ് സ്ഥാനം നഷ്ടപ്പെടുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഉഗ്രപ്രതാപിയായ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നടപടി ശരിയല്ലെന്ന് ഖന്ന അന്ന് വിധിയെഴുതിയത്. പ്രതീക്ഷിച്ചതുപോലെ അദ്ദേഹത്തെ ചീഫ് ജസ്റ്റിസാക്കിയില്ല. അദ്ദേഹം രാജിവച്ചു. അടിയന്തരാവസ്ഥയുടെ ഭീകരതയിലും ജനാധിപത്യത്തിന്റെ നെടുംതൂണായി ഉയർന്നുനിന്ന ജസ്റ്റീസ് ഖന്നയുടെ പേര് ഇന്ത്യൻ ജനാധിപത്യസംരക്ഷണ ചരിത്രത്തിലെ സുവർണ ഏടാണ്.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദത്തിലേക്ക് അടുത്ത് വരേണ്ട ന്യായാധിപനാണ്  ജസ്റ്റിസ് രഞ്ജൻ ഗോഗോയ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയിൽ പരസ്യമായി അവിശ്വാസം പ്രകടിപ്പിച്ച് അദ്ദേഹം ജനാധിപത്യസംരക്ഷണത്തിന് ഇറങ്ങുന്നത് അനീതി കണ്ടാൽ മിണ്ടാതിരിക്കാൻ കഴിയാത്തവ‍ർക്ക് വലിയ പ്രതീക്ഷയും പ്രചോദനവുമാണ്.  നട്ടെല്ലുനിവർത്തി നിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യവുമാണ്.

പൗരാവകാശങ്ങൾ മരവിപ്പിച്ച നടപടിയെ അനുകൂലിച്ച് , ഇന്ദിരാഗാന്ധിക്ക് സ്തുതിപാടിയ വിധിയെയുതി 30 കൊല്ലം കഴിഞ്ഞ് ജസ്റ്റിസ് പിഎൻ ഭഗവതി പശ്ചാത്തപിച്ചിട്ടുണ്ട്. അങ്ങനെ അദ്ദേഹത്തിന് പശ്ചാത്തപിക്കാൻ ഇന്ത്യയിൽ ജനാധിപത്യം ബാക്കിയുണ്ടായിരുന്നു.  ജസ്റ്റിസ് ഖന്നയെപ്പോലുള്ളവർ നട്ടെല്ലുനിവർത്തി അധികാരത്തെ ഭയപ്പെടാതെ നിന്നതുകൊണ്ടുമാത്രം നിലനിന്ന ജനാധിപത്യം. പരമോന്നത കോടതിയെയടക്കം മുൾമുനയിൽ നി‍ർത്തിയ ഏകാധിപത്യത്തിന്റെ പിൻമുറക്കാരൻ രാഹുൽ ഗാന്ധിക്ക് ഇന്ന് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെപ്പറ്റി വലിയ ബോധ്യങ്ങളുണ്ട്. ആ ബോധ്യത്തിന് എത്രയെത്ര ജനാധിപത്യവാദികളോടാണ് നാം നന്ദിപറയേണ്ടത്. 

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധികാര ദുർവിനിയോഗം, ബഞ്ച് ഫിക്സിംഗ്, എല്ലാം പരസ്യമാക്കിയ നാലംഗ സംഘം, ജുഡീഷ്യറി എന്ന പരിശുദ്ധ സംവിധാനത്തെ കളങ്കപ്പെടുത്തിയെന്ന് വാദിക്കുന്നവരുണ്ട്. ഏതുസംവിധാനവും ഉണ്ടാക്കുന്നതും നടത്തുന്നതും മനുഷ്യരാണ്. ഒരു മനുഷ്യന്റെ പിഴവുകൾ സംവിധാനത്തെ ദുർബലപ്പെടുത്തുമ്പോൾ മറ്റു മനുഷ്യർ മിണ്ടാതിരിക്കുന്നതാണ് കുറ്റം. മികച്ച വ്യക്തികളില്ലാതെ ഒരു സംവിധാനവും നന്നായി പ്രവർത്തിക്കില്ല. പ്രതിസന്ധി ഘട്ടങ്ങളിൽ  രാജാവ് നഗ്നനാണ് എന്നുറക്കെ വിളിച്ചുപറയാൻ ആരെങ്കിലുമൊക്കെ ഉണ്ടായിട്ടുണ്ടെന്ന് ചരിത്രം പരിശോധിച്ചാൽ കാണാം.

ഏതുസംവിധാനവും കുറച്ചുകഴിഞ്ഞാൽ ചീഞ്ഞുതുടങ്ങും. അത് ശുദ്ധീകരിക്കണം. കോടതിയലക്ഷ്യത്തിന്റെ വാളോങ്ങലിൽ ആളുകൾ ഭയപ്പെടുന്ന കാലം കഴിഞ്ഞു. ഭയപ്പെടുത്തലിലൂടെയല്ല സംവിധാനം നിലനിൽക്കേണ്ടത്.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഗുരുതരമായ വിശ്വാസരാഹിത്യമാണ് നേരിടുന്നത്. തൊട്ടുതാഴെയുള്ള നാല് മുതിർന്ന ന്യായാധിപൻമാരാണ് ചീഫ് ജസ്റ്റിസ് തെറ്റ് ചെയ്തെന്ന് പറഞ്ഞത്. അധികാരത്തിന്, വ്യക്തികൾക്ക്, സർക്കാരിന് വഴങ്ങിക്കൊടുക്കുന്ന ജുഡീഷ്യറിയെ  നമ്മളെങ്ങനെ വിശ്വസിക്കും? സ്വജനപക്ഷപാതമുള്ള കോടതികൾക്ക് എങ്ങനെ നീതിയുടെ പക്ഷത്ത് നിൽക്കാനാകും? ആശങ്കപ്പെടാനല്ലാതെ നമുക്ക് ഒന്നിനും കഴിയില്ല.

ജസ്റ്റിസ് അരുൺ മിശ്രയുടെ പത്താം നമ്പർ കോടതി പരിഗണിക്കാനിരിക്കുന്ന കേസുകളിൽ ചിലതാണ്  സഹാറ ബി‌ർള ഡയറി കേസ്, മെഡിക്കൽ കോളേജ് കോഴക്കേസ്, ജഡ്ജി ബിഎച്ച് ലോയയുടെ മരണം സംബന്ധിച്ച പൊതുതാത്പര്യഹർജി എന്നിവ.  ഈ അവസരത്തിൽ സുപ്രീം കോടതിയിലെ പത്താം നമ്പർ കോടതിക്കെന്താണിത്ര പ്രത്യേകതയെന്ന് ചിന്തിക്കുന്നവരുണ്ടാകാം.  ഉണ്ടെന്നാണ് ആരോപണം.

ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവേക്ക് ഒരു നോട്ടീസയച്ചിരുന്നു.  ജസ്റ്റിസ് ദീപക് മിശ്രയെ ചീഫ് ജസ്റ്റിസായി നിയമിക്കുന്നതിനെ ബാ‍ർ കൗൺസിൽ എതിർക്കേണ്ടതായിരുന്നുവെന്ന് പറഞ്ഞതിനായിരുന്നു നോട്ടീസ്. ദുഷ്യന്ത് ദവെ വേറെ ചില കാര്യങ്ങൾ കൂടി പറഞ്ഞിരുന്നു.  ഏറ്റവും മികച്ച , സംശുദ്ധരായ വ്യക്തികൾ മാത്രം എത്തേണ്ട പദവിയാണ് ചീഫ് ജസ്റ്റിസിന്റേത്,  ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുണ്ട്, ആരോപണങ്ങൾ ഇതുവരെ അന്വേഷിച്ചിട്ടില്ലെന്ന് മാത്രമല്ല രാജ്യത്തിൽ നിന്ന് മറച്ചുവയ്ക്കുകയും ചെയ്തു,വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന രാഷ്ട്രീയമായ ഒരുപാട് കേസുകൾ വരാനിരിക്കെ  സർക്കാർ ഇതെല്ലാം  ദുരുപയോഗം ചെയ്തേക്കാം ഇങ്ങനെ പോകുന്നു ദവെയുടെ വാക്കുകൾ.

ഏതാണ്ട് രണ്ട് മാസം കഴിഞ്ഞപ്പോഴാണ് സുപ്രീം കോടതിയിൽ അസാധാരണസംഭവങ്ങൾ തുടങ്ങുന്നത്. ചീഫ് ജസ്റ്റിസിനെതിരെ അഡ്വ. പ്രശാന്ത് ഭൂഷൺ കോടതിമുറിയിൽ തന്നെ പൊട്ടിത്തെറിച്ചു. മെഡിക്കൽ കോളേജ് അഴിമതിയിൽ ഒറീസ ഹൈക്കോടതിയിലെ ന്യായാധിപൻ സിബിഐയുടെ പിടിയിലായതിന് പിന്നാലെയായിരുന്നു സംഭവം.  ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ ആരോപണമുന്നയിച്ച പ്രശാന്ത് ഭൂഷണെതിരെ ഒരു കോടതിയലക്ഷ്യനടപടിയും ഉണ്ടായില്ലെന്ന് കൂടി അറിയണം. 

ഈ ജുഡീഷ്യറിയെ, ഇങ്ങനെയുള്ള നീതി നടപ്പാക്കൽ നടത്തുന്ന ഇടങ്ങളെ ഇനിയും വിശ്വസിക്കുന്ന നമ്മളെ , നാം ജനങ്ങളെ സമ്മതിക്കണം.  നിസ്സഹായരാണ് നമ്മൾ, ഈ അപചയത്തിന് പ്രധാനമന്ത്രിയും അമിത്ഷായുമൊക്കെ മറുപടി പറയേണ്ടിവരും. കോടതിയുടെ പ്രശ്നം കോടതി തീർക്കും എന്ന് തീർപ്പുകൽപ്പിച്ച് മാറിനിൽക്കാവുന്നതല്ല ഈ അപചയം. ജനാധിപത്യം സംരക്ഷിക്കേണ്ടവരാണ് എന്നാണ് വയ്പ്. നടത്തുന്നത് കൊടിയ പക്ഷപാതം, നീതിരാഹിത്യം . buying favorable bench അഥവാ അനുകൂല ബെഞ്ച് വാങ്ങൽ ഹൈക്കോടതികളിലുമുണ്ടെന്ന് നാം കഥ കേട്ടിട്ടുണ്ട്. വിധിപ്പകർപ്പില്ലാത്ത അപ്പീലുകൾ രായ്ക്കുരാമാനം കേട്ട ചരിത്രം കേരള ഹൈക്കോടതിക്കില്ലേ? ദുഷ്യന്ത് ദവേമാരും പ്രഷാന്ത് ഭൂഷൺമാരും എല്ലായിടത്തുമുണ്ടാവില്ലല്ലോ? നിലപാടില്ലാത്ത നിയമസമൂഹം നീതിന്യായ വ്യവസ്ഥയെ നശിപ്പിക്കുന്നത് സഹിക്കുക തന്നെ.

ഒരു വെള്ളിയാഴ്ച രാവിലെ ഉണ്ടായ ഉൾവിളിയല്ല സുപ്രീം കോടതിയിലെ പൊട്ടിത്തെറി. ഒരു സംഘം അഭിഭാഷകർ കൂടി ഈ പൊട്ടിത്തെറിക്ക് പിന്നിലുള്ള ആസൂത്രിത ശ്രമങ്ങളിൽ ഉണ്ട് എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. പരസ്യപ്രതികരണം ഒഴിവാക്കാൻ ഒരുപക്ഷേ മറ്റുവഴികൾ ജഡ്ജിമാർക്ക് മുന്നിൽ ഉണ്ടായിരുന്നിരിക്കില്ല. നാല് സുപ്രീം കോടതി ജ‍ഡ്ജിമാർ സംഘടന ഉണ്ടാക്കിയതുപോലെയായിട്ടുണ്ട് ഇപ്പോൾ കാര്യങ്ങൾ. 

അമിത്ഷാ ഉൾപ്പെട്ടിരുന്ന സൊറാബുദ്ദീൻ കേസ് പരിഗണിച്ചിരുന്ന ജഡ്ജി ലോയയുടെ മരണം ദുരൂഹമായിരുന്നുവെന്ന വെളിപ്പെടുത്തൽ, ഇക്കാര്യത്തിൽ സുപ്രീം കോടതിയിൽ വന്ന പൊതുതാത്പര്യഹർജികൾ. ഈ കേസ് പത്താം നമ്പർ കോടതിയിലേക്ക് വിട്ടതോടെയാണ് പോക്ക് അപകടത്തിലേക്കാണെന്ന് ജഡ്ജിമാർ ഉറപ്പിച്ചത്. പ്രധാന കേസുകളിൽ രൂപീകരിച്ച ഭരണഘടനാ ബെഞ്ചിൽ നിന്ന് മുതിർന്ന ജഡ്ജിമാരെ ഒഴിവാക്കി മുൻപും  ജസ്റ്റിസ് ദീപക് മിശ്ര കീഴ്വഴക്കം ലംഘിച്ചിട്ടുണ്ട്.  

ആധാർ കേസ് മികച്ച ഉദാഹരണമാണ്. കേസ് ആദ്യം കേട്ടത് ജസ്റ്റിസുമാരായ ചെലമേശ്വറും ബോബ്ഡേയും നാഗപ്പനുമാണ്. ഇവർ കേസ് വിശാലബെഞ്ചിന് വിട്ടപ്പോൾ അന്നത്തെ ചീഫ് ജസ്റ്റിസ് തനിക്കൊപ്പം ഇവരെയും ജസ്റ്റിസ് ചന്ദ്രചൂഡിനെയും ചേർത്ത് പുതിയ ബെഞ്ചുണ്ടാക്കി. പിന്നീട് സ്വകാര്യതാ തീരുമാനം സംബന്ധിച്ച ഇവർ കൂടി ഉൾപ്പെട്ട ഒൻപതംഗ ബെഞ്ചിന് വിട്ടു.  ആ വിധി വന്നതിന് ശേഷവും ആധാർ കേസ് അനന്തമായി നീണ്ടു. ചീഫ് ജസ്റ്റിസിന് മുന്നിൽ പല തവണ അഭിഭാഷകർ മെൻഷനിംഗ് നടത്തി. കേസ് പരിഗണിക്കുന്നത് നീണ്ടപ്പോൾ നാട്ടിൽ സകലമാന കാര്യങ്ങൾക്കും സർക്കാർ ആധാർ നിർബന്ധമാക്കിക്കൊണ്ടിരുന്നു. 

ചോദ്യം ചെയ്യാനുള്ള അവകാശത്തിനായി പൗരൻമാർ സുപ്രീം കോടതിയിൽ കാത്തുകെട്ടിക്കിടക്കുന്നു. ഒടുവിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഞ്ചംഗ ബെഞ്ച് രൂപീകരിച്ചു. അതുവരെ കേസ് കേട്ട ജഡ്ജിമാരായ ചെലമേശ്വർ, അബ്ദുൾ നസീർ, ബോബ്ഡേ എന്നിവരെ ഒഴിവാക്കി ജസ്റ്റിസ് അരുൺ മിശ്രയെ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു ബെഞ്ച് രൂപീകരണം. രാഷ്ട്രീയമായും ഭരണഘടനാപരമായും വലിയ പ്രധാന്യമുള്ള കേസുകൾ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചിലരെ ഒഴിവാക്കി ചിലരെ ഏൽപ്പിക്കുന്നുവെന്ന് രേഖകൾ നോക്കിയാൽ കൃത്യമായി മനസ്സിലാക്കാമെന്ന് ഇക്കഴിഞ്ഞ ബുധനാഴ്ച ദുഷ്യന്ത് ദവെ ലേഖനമെഴുതിയിട്ടുണ്ട്. സുപ്രീം കോടതിയിൽ കാര്യങ്ങൾ ഒട്ടും സുതാര്യമല്ലെന്ന് മനസ്സിലാക്കണം.

ഈ പൊട്ടിത്തെറി ഭാവിയിൽ ഹൈക്കോടതികളിലും ഉണ്ടായേക്കാം. അനുകൂല ബെഞ്ച് വാങ്ങുന്ന കഥകൾ നമ്മൾ ഒരുപാട് കേൾക്കുന്നതാണല്ലോ? സ്വതന്ത്രചിന്തയുള്ള , നിർഭയരായ, കാഴ്ചപ്പാടും പ്രതിബദ്ധതയുമുള്ള ന്യായാധിപൻമാർ നീതിയുക്തമായ തീരുമാനമെടുക്കുമ്പോൾ ആർക്കാണ് ഭയം. അധികാരത്തിന്റെ ശീതളച്ഛായ കൊതിക്കുന്ന ന്യായാധിപൻമാർ ധാരാളം. കാരണങ്ങൾ പലതാണ്. സ്വന്തം അഴിമതി മറച്ചുവയ്ക്കാനുള്ള ആഗ്രഹം. വിരമിച്ചാലും പദവികൾ കിട്ടാനാഗ്രഹം. അധികാരത്തെ പിണക്കി എന്തിന് വെറുതെ പ്രശ്നമുണ്ടാക്കുന്നുവെന്ന ഒഴിവുകഴിവ്, എന്തിന് മറ്റൊരു ബി.എച്ച് . ലോയയാകണം എന്ന ഭയം. ഇതൊക്കെ ചില കാരണങ്ങൾ മാത്രം. ജുഡീഷ്യറിയുടെ പ്രവർത്തനം നീതിയുക്തവും നിയമത്തിലധിഷ്ഠിതവും സുതാര്യവുമാകണമെന്ന് ചിന്തിക്കുന്നവർ ഇപ്പോഴത്തെ പൊട്ടിത്തെറി നന്നായെന്ന് കരുതുന്നുണ്ട്. പക്ഷേ ഈ പൊട്ടിത്തെറി സംവിധാനത്തെ ദുർബലപ്പെടുത്തി എന്ന് കരുതുന്നവരിൽ മുൻ ന്യായാധിപൻമാരുമുണ്ട്.

വരുമാനത്തിലധികം സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിൽ മുൻചീഫ് ജസ്റ്റിസ് അന്വേഷണം നേരിട്ട നാടാണിത്. വിരമിക്കുന്ന അന്നും തലേദിവസവും വമ്പൻമാരുടെ കേസിൽ തിടുക്കപ്പെട്ട് വിധി പറഞ്ഞവരുമുണ്ട്. അരുണാചൽ മുഖ്യമന്ത്രി കലിഖോ പുളിന്റെ ആത്മഹത്യാക്കുറിപ്പിൽ ഉണ്ടായിരുന്നത് മൂന്ന് മുൻചീഫ് ജസ്റ്റിസുമാരുടെ പേരുകൾ. സംവിധാനത്തിന്‍റെ പരിശുദ്ധിയെന്ന വാദം വെറും പുകമറയാണ്.

ഏതുസംവിധാനവും കുറച്ചുകഴിഞ്ഞാൽ ചീഞ്ഞുതുടങ്ങും. അത് ശുദ്ധീകരിക്കണം. കോടതിയലക്ഷ്യത്തിന്റെ വാളോങ്ങലിൽ ആളുകൾ ഭയപ്പെടുന്ന കാലം കഴിഞ്ഞു. ഭയപ്പെടുത്തലിലൂടെയല്ല സംവിധാനം നിലനിൽക്കേണ്ടത്. നീതിനടത്തിപ്പ് സുതാര്യമാക്കി, വിശ്വാസ്യതയുറപ്പിച്ചുവേണം പ്രവർത്തിക്കാൻ. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ മേൽ ഇപ്പോൾ കരിനിഴലുണ്ട്. 

പരിഹാരമാർഗങ്ങൾ ഉണ്ടാകട്ടെ. മോദി സർക്കാരിന് താത്പര്യമുള്ള ആധാർ കേസായാലും , ബിജെപിയുടെ ആത്മാവായ അയോധ്യാകേസായാലും, അമിത്ഷായുടെ ഭാവിയുൾക്കൊള്ളുന്ന ബിഎച്ച് ലോയ കേസായാലും ജുഡീഷ്യറി പരിഗണിക്കുമ്പോൾ ചട്ടവും കീഴ്വഴക്കവും ബാധകമാക്കണം. വഴങ്ങുന്നവരെ കേസേൽപ്പിക്കുന്ന സാഹചര്യമുണ്ടാകരുത്. രാജ്യത്തെ ഹൈക്കോടതികൾക്കും ഇതൊരു പാഠമാകണം, മുന്നറിയിപ്പാകണം. സ്വയം നവീകരിച്ചില്ലെങ്കിൽ അതിനായി മറ്റൊരുപാടു പേർ തുനിഞ്ഞിറങ്ങുന്ന അവസ്ഥയുണ്ടാകും. ആ അവസ്ഥ വിളിച്ചുവരുത്തരുത്.

click me!