ആറു തവണ വെടിയേറ്റു, കണ്ണുംകയ്യും നഷ്‍ടപ്പെട്ടു, ഒടുവിൽ പറഞ്ഞതോ 'ഞാൻ യുദ്ധം ആസ്വദിച്ചു' എന്നും...

By Web TeamFirst Published Sep 10, 2020, 11:24 AM IST
Highlights

ബോർഡിങ് സ്‍കൂളിൽ പഠിച്ച വിയാർട്ട് 1899 -ൽ പഠിപ്പ് മതിയാക്കി പട്ടാളത്തിൽ ചേർന്നു. അന്ന് രണ്ടാം ബോയർ യുദ്ധം നടക്കുന്ന സമയം. ബ്രിട്ടീഷ് സൈന്യത്തിൽ ഒരു സൈനികനായി സേവനമനുഷ്ഠിക്കാൻ വിയാർട്ട് ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ടു.

ഒന്നാം ലോക മഹായുദ്ധത്തിനിടയിൽ ധീരതയോടെ പൊരുതിയ പട്ടാളക്കാരനാണ് സർ അഡ്രിയാൻ കാർട്ടൺ ഡി വിയാർട്ട്. ബോയർ യുദ്ധം, ഒന്നാം ലോകമഹായുദ്ധം, രണ്ടാം ലോക മഹായുദ്ധം തുടങ്ങിയ മൂന്ന് യുദ്ധങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. യുദ്ധത്തിനിടയിൽ ഒരു കണ്ണും, ഒരു കൈയും നഷ്ടപ്പെട്ടു. കൂടാതെ തലയോട്ടി, ഇടുപ്പ്, കാല്, കണങ്കാൽ, ചെവി എന്നിവയിടങ്ങളിലും വെടിയേറ്റു. ഒരു തവണ വിമാനാപകടത്തിൽനിന്ന് രക്ഷപ്പെട്ടു. ഒടുവിൽ ധീരതയ്ക്കുള്ള വിക്ടോറിയ ക്രോസ് നേടിയെടുക്കുകയും ചെയ്‍തു. ആ കാലമത്രയും 'ഇതൊക്കെ എന്ത്' എന്ന ഭാവത്തിൽ തനിക്കെതിരെ വരുന്ന അപകടങ്ങളെ ഒട്ടും തന്നെ പതറാതെ ധൈര്യത്തോടെ നേരിട്ടു. ഒടുവിൽ അദ്ദേഹം പറഞ്ഞത് തന്നെ എന്തെന്നോ? 'കൊള്ളാം. യുദ്ധം ഞാൻ ശരിക്കും എൻജോയ് ചെയ്‍തു' എന്നാണ്. അദ്ദേഹത്തിന്റെ ആത്മകഥയുടെ പേരും സൂചിപ്പിക്കുന്നത് അത് തന്നെയാണ്, 'ഹാപ്പി ഒഡീസി (സന്തോഷകരമായ യാത്ര)'.

1880 മെയ് അഞ്ചിന് ബെൽജിയത്തിലെ ബ്രസ്സൽസിൽ ഒരു പ്രഭു കുടുംബത്തിൽ ജനിച്ച വിയാർട്ടിന്റെ അമ്മ ഐറിഷ് ആയിരുന്നു. ബെൽജിയത്തിലെ ലിയോപോൾഡ് രണ്ടാമന്റെ അവിഹിത പുത്രനായിരുന്നു അദ്ദേഹം. ബോർഡിങ് സ്‍കൂളിൽ പഠിച്ച വിയാർട്ട് 1899 -ൽ പഠിപ്പ് മതിയാക്കി പട്ടാളത്തിൽ ചേർന്നു. അന്ന് രണ്ടാം ബോയർ യുദ്ധം നടക്കുന്ന സമയം. ബ്രിട്ടീഷ് സൈന്യത്തിൽ ഒരു സൈനികനായി സേവനമനുഷ്ഠിക്കാൻ വിയാർട്ട് ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെട്ടു. പട്ടാളത്തിൽ ചേരാൻ 25 വയസ്സെങ്കിലും പ്രായം വേണമായിരുന്നു, വിയാർട്ടിനാകട്ടെ കഷ്ടി 20 വയസ്സ് മാത്രമാണ് പ്രായം. എന്നാൽ, അദ്ദേഹത്തിന്റെ ആഗ്രഹം അദ്ദേഹം വിട്ടില്ല. തനിക്ക് 25 വയസ്സാണെന്ന് എല്ലാവരെയും പറഞ്ഞു ധരിപ്പിച്ച് ഒരു കള്ളപ്പേരിൽ അദ്ദേഹം പട്ടാളത്തിൽ ചേർന്നു. അവിടെ വച്ചാണ് ആദ്യത്തെ അപകടമുണ്ടാകുന്നത്. വയറ്റിലും ഇടുപ്പിലും വെടിയേറ്റ വിയാര്‍ട്ടിന് ഇംഗ്ലണ്ടിലേക്ക് മടങ്ങേണ്ടിവന്നു. പിന്നീട് വീണ്ടും യുദ്ധത്തിൽ പങ്കെടുക്കാനായി ഒരു ദശകത്തിലധികം അദ്ദേഹത്തിന് കാത്തിരിക്കേണ്ടി വന്നു.

1914 നവംബറിൽ ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ, വിയാര്‍ട്ട് വീണ്ടും യുദ്ധഭൂമിയിൽ എത്തി. ശത്രുക്കളുടെ ശക്തികേന്ദ്രത്തിന് നേരെയുള്ള ആക്രമണത്തിനിടെ, കൈയിലും മുഖത്തും വെടിയേറ്റു, ഇടത് കണ്ണും ചെവിയുടെ ഭാഗവും നഷ്ടപ്പെട്ടു. എന്നിരുന്നാലും ധീരമായ സേവനങ്ങൾക്ക് വിയാര്‍ട്ടിന് ഡിസ്റ്റിംഗ്വിഷ്ഡ് സർവീസ് ഓർഡർ (DSO) ലഭിക്കുകയുണ്ടായി. തുടർന്ന് സുഖം പ്രാപിച്ച ശേഷം വിയാർട്ട് വീണ്ടും അവിടേയ്ക്ക് തന്നെ മടങ്ങി വന്നു. ഇത് ഒരു പതിവ് സംഭവമായിത്തീർന്നു. യുദ്ധത്തിനോട് വിയാർട്ടിന് അത്രയ്ക്ക് അഭിനിവേശമായിരുന്നു. പിന്നീട് ഒരിക്കൽ, ജർമ്മൻകാർ ഒരു പീരങ്കി ബാരേജ് വിക്ഷേപിക്കുകയുണ്ടായി. അതിൽ വിയാർട്ടിന്റെ ഇടതുകൈ തകർന്നു. അദ്ദേഹത്തിന്റെ ആത്മകഥയായ ഹാപ്പി ഒഡീസി അനുസരിച്ച്, ഡോക്ടർമാർ ആദ്യം അത് മുറിച്ചുമാറ്റാൻ വിസമ്മതിച്ചു. എന്നാൽ വിയാർട്ട് തന്റെ വേദനിക്കുന്ന രണ്ട് വിരലുകൾ സ്വയം വലിച്ചുകീറി. പിന്നീടാണ് ഒരു ശസ്ത്രക്രിയാവിദഗ്ദ്ധൻ അദ്ദേഹത്തിന്റെ കൈ നീക്കം ചെയ്‍തത്. 

പരുക്കിനെയും വൈകല്യത്തെയും വിയാർട്ട് അതിജീവിച്ചത് ഒരു പ്രചോദനമായി തുടരുന്നുവെന്ന് അഫ്ഗാനിസ്ഥാനിൽ ഒന്നാം ബറ്റാലിയൻ സ്കോട്ട്സ് ഗാർഡായി സേവനമനുഷ്ഠിച്ച കളർ സാർജറ്റ് തോമസ് ഒ ഡൊണെൽ പറയുന്നു. "ആ പരിക്കുകളെല്ലാം സഹിക്കുകയും നിരവധി സംഘട്ടനങ്ങളിലൂടെ കടന്നുപോകുകയും ഒരിക്കലും അതിൽ നിന്ന് പിന്തിരിയുകയും ചെയ്യാതിരുന്ന വിയാർട്ട് ശരിക്കും ഒരു പ്രചോദനമാണ്. പ്രത്യേകിച്ചും അന്ന് ഉണ്ടായിരുന്ന നിലവാരമില്ലാത്ത മെഡിക്കൽ സൗകര്യങ്ങൾ കണക്കിലെടുക്കുമ്പോൾ. അദ്ദേഹം അത് എങ്ങനെ സാധിച്ചുവെന്ന് എനിക്കറിയില്ല."

പിന്നീട് 1941 -ൽ യുഗോസ്ലാവിയയിലെ ബ്രിട്ടീഷ് മിലിട്ടറി മിഷനെ നയിക്കാനുള്ള യാത്രാമധ്യേ, വിയാർട്ടിന്‍റെ വിമാനം ഇറ്റാലിയൻ കോളനിയായ ലിബിയയുടെ തീരത്തിനടുത്തുള്ള കടലിൽ തകരുകയുണ്ടായി. കരയിൽ നീന്തിക്കയറിയെങ്കിലും, പിടിക്കപ്പെട്ട് ഇറ്റലിയിലെ ഒരു ക്യാമ്പിലേക്ക് വിയാർട്ട് അയക്കപ്പെട്ടു. അവിടെ നിന്ന് അഞ്ച് തവണ രക്ഷപ്പെടാൻ ശ്രമങ്ങൾ നടത്തി. ഒടുവിൽ 1943 -ൽ വിട്ടയക്കപ്പെട്ട അദ്ദേഹത്തെ വിൻസ്റ്റൺ ചർച്ചിൽ ചൈനയിലേക്ക് പ്രത്യേക പ്രതിനിധിയായി അയക്കുകയുണ്ടായി. തന്റെ സംഭവബഹുലമായ പട്ടാള ജീവിതത്തിനൊടുവിൽ 1947 അദ്ദേഹം വിരമിച്ചു. അദ്ദേഹം 1963 -ൽ തന്റെ 83 വയസ്സിൽ അന്തരിച്ചു.  
 

 

click me!