
എന്തു കൊണ്ടാണ്, കേരള ബി.ജെ.പിയില്‍ ഇങ്ങനെ അപ്രതീക്ഷിത ട്വിസ്റ്റുകള്‍ പതിവാകുന്നത്?
ആരും പ്രതീക്ഷിക്കാത്ത നേരത്ത് വരുന്ന ചില വാര്‍ത്തകള്‍. അതെ, ആരും പ്രതീക്ഷിക്കാത്ത വാര്‍ത്തകള്‍. കേരളത്തിലെ ബിജെപിയെ കേന്ദ്ര നേതൃത്വം നേരിട്ടു നിയന്ത്രിച്ച് തുടങ്ങിയത് മുതല്‍ ഇത്തരം അപ്രതീക്ഷിത വാര്‍ത്തകള്‍ കേരളം നിരവധി കണ്ടു. അതില്‍ അവസാനത്തേതാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറാക്കി നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം. എന്തു കൊണ്ടാണ്, കേരള ബി.ജെ.പിയില്‍ ഇങ്ങനെ അപ്രതീക്ഷിത ട്വിസ്റ്റുകള്‍ പതിവാകുന്നത്?
നമുക്ക് ട്വിസ്റ്റുകളിലേക്ക് വരാം.
മെട്രോമാന്‍ ഇ ശ്രീധരന്‍ ആയിരുന്നു ആദ്യം ഞെട്ടിച്ചത്. അദ്ദേഹത്തെ റയില്‍വേ ദേശീയ ഉപദേശക സമിതിയില്‍ അംഗമാക്കിയത് കേരളത്തിനോടുള്ള ബി.ജെ.പി താല്‍പ്പര്യം എന്ന മട്ടിലാണ് ആദ്യമേ അവതരിപ്പിക്കപ്പെട്ടത്. ആ നിലയ്ക്കാണ് ആ നിയമനം ചര്‍ച്ച ചെയ്യപ്പെട്ടതും.
തൊട്ടു പിന്നാലെ വന്നു സിനിമാ സ്‌റ്റൈല്‍ ട്വിസ്റ്റ്. കാവിയിലേക്ക് ചാഞ്ഞെന്ന തോന്നല്‍ ഉണ്ടാക്കിയതിനിടെ, നടന്‍ സുരേഷ് ഗോപിയെ തേടിയായിരുന്നു പ്രഖ്യാപനം. ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം സുരേഷ് ഗോപിക്ക് നല്‍കുമെന്ന് വാര്‍ത്ത വന്നു. ബി.ജെ.പി കേന്ദ്ര നേതൃത്വം ഇത് സ്ഥിരീകരിച്ചു. സുരേഷ് ഗോപി ഇതിനായി കുപ്പായം തയ്പ്പിച്ചു. എന്നാല്‍, ഇന്നേവരെ ആ പ്രഖ്യാപനം നടപ്പായില്ല. ട്വിസ്റ്റ് അവിടെ തീര്‍ന്നില്ല. ലോക സഭാ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ അദ്ദേഹം പട്ടികയില്‍ വരുമെന്ന പ്രതീതി ഉണ്ടായി. അതും നടന്നില്ല. സിനിമാ സ്‌റ്റൈലില്‍, എല്ലാ നിരാശകളെയും അതിജീവിച്ച് അദ്ദേഹം എംപിയാവുക തന്നെ ചെയ്തു. കലാകാരന്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് രാജ്യസഭാ അംഗത്വം സുരേഷ് ഗോപിക്ക് നല്‍കിയത്.
മെട്രോമാന്‍ ഇ ശ്രീധരന്‍ ആയിരുന്നു ആദ്യം ഞെട്ടിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് സ്ഥാനാര്‍ത്ഥിയായി വന്നതും കേന്ദ്ര ബി.ജെ.പി നേതൃത്വത്തില്‍നിന്നുള്ള ഞെട്ടിക്കുന്ന തീരുമാനമായിരുന്നു. ക്രിക്കറ്റ് വാതുവെയ്പ്പ് വിവാദത്തില്‍നിന്ന് പതുക്കെ തലയൂരിയ നേരത്തായിരുന്നു ശ്രീശാന്ത് തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി വന്നത്. തെരഞ്ഞെടുപ്പില്‍, ശ്രീശാന്ത് പരാജയപ്പെട്ടെങ്കിലും ബി.ജെ.പിക്കാരന്‍ എന്ന ലേബല്‍ തുടര്‍ന്നു പോരുന്നു.
പിന്നെ വന്നു, മറ്റൊരു അപ്രതീക്ഷിത സ്ഥാനലബ്ധി. ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന്റെ രൂപത്തിലാണ് ഇത്തവണ സര്‍പ്രൈസ് വന്നത്. ബിജെപിയില്‍ മെമ്പര്‍ പോലുമല്ലാതിരുന്ന കുമ്മനം നേരെ അധ്യക്ഷ പദവിയിലേക്ക് ലാന്റ് ചെയ്യുകയായിരുന്നു. ഗ്രൂപ്പു പോരില്‍ വലഞ്ഞ ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ തന്നെ ഇത് ഞെട്ടിച്ചു. നിലയ്ക്കല്‍ സമരത്തിലൂടെ രംഗത്തുവന്ന കുമ്മനത്തിന്റെ മാറാട് അടക്കമുള്ള ഇടപെടലുകള്‍ സൃഷ്ടിച്ച ഇമേജ് എന്നാല്‍, പതിയെ മാറി വന്നു.
അതിനു ശേഷമാണ് അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയാവുന്നത്. ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ തന്നെ ഞെട്ടിച്ച തീരുമാനം. ഇടത് അനുകൂലിയും കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ അടുപ്പക്കാരനുമായിരുന്ന മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അല്‍ഫോന്‍സ് ആ വഴിക്കാണ് ഇടതു എം.എല്‍.എ ആയത്. അവിടെനിന്നാണ് അദ്ദേഹം ബി.ജെ.പി നേതൃനിരയിലേക്ക് വളര്‍ന്നത്. എന്നാല്‍, ചാനല്‍ ചര്‍ച്ചകളിലെ പങ്കാളിത്തത്തിന് അപ്പുറം അല്‍ഫോന്‍സിന് ബി.ജെ.പി നേതൃത്വ നിരയില്‍ വലിയ റോളൊന്നും ഉണ്ടായിരുന്നില്ല. അതിനിടെയാണ്, കേന്ദ്ര മന്ത്രി സ്ഥാനം അല്‍ഫോന്‍സിനെ പോലും ഞെട്ടിച്ചെത്തിയത്.
അവസാനമായാണ്, ഇന്നലെ വീണ്ടും കേരളം ഞെട്ടിയത്.
ഗ്രൂപ്പ് പോരുകള്‍ക്കിടയില്‍ അപ്രസക്തനായി മാറിയ മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരനെ തേടിയെത്തിയ രാജ്യസഭ എംപി പദവിയും അപ്രതീക്ഷിതമായിരുന്നു. സംസ്ഥാനത്തെ ബി.ജെ.പി നേതൃനിരയെ പോലും അത് അമ്പരപ്പിച്ചു.
അവസാനമായാണ്, ഇന്നലെ വീണ്ടും കേരളം ഞെട്ടിയത്. ബിജെപി സംസ്ഥാന അധ്യക്ഷനായ കുമ്മനം മിസോറാം ഗവര്‍ണര്‍! സോഷ്യല്‍ മീഡിയ ട്രോളുകളിലൂടെ പുതിയ പ്രതിച്ഛായ ലഭിച്ച കുമ്മനത്തിന്റെ ഈ സ്ഥാനലബ്ധിയും ട്രോളന്‍മാര്‍ ആഘോഷിച്ചുവെങ്കിലും ഈ തീരുമാനവും കേന്ദ്ര ബി.ജെ.പി നേതൃത്വത്തിന്റെ അസാധാരണമായ നിലപാടായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ഈ തീരുമാനത്തിന് പിന്നില്‍ വലിയ ലക്ഷ്യങ്ങളുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ നല്‍കുന്ന സൂചന.
പാര്‍ട്ടിയിലെ എതിര്‍പ്പുകളെ വകവയ്ക്കാതെ ആര്‍എസ്എസിന്റെ പിന്തുണയോടെ കുമ്മനം പ്രത്യക്ഷത്തില്‍ തന്നെ സംഘപരിവാര്‍ അജണ്ടകള്‍ക്കനുസരിച്ച് ബിജെപിയെ നയിച്ചപ്പോഴാണ് പുതിയ സ്ഥാനമെത്തുന്നത്. കേരളത്തില്‍ ഹൈന്ദവരെ കൂടുതല്‍ ബിജെപിയിലേക്ക് വലിച്ചടുപ്പിക്കാന്‍ കുമ്മനം പ്രസിഡന്റായ ശേഷമുള്ള മൂന്ന് വര്‍ഷം കൊണ്ട് ബിജെപിക്ക് ഒരു പരിധിവരെ കഴിഞ്ഞതായാണ് വിലയിരുത്തല്‍. നിയമസഭാ തെരഞ്ഞെടുപ്പും ഉപതിരഞ്ഞെടുപ്പ് ഫലങ്ങളും ആ മാറ്റം കാണിക്കുന്നുണ്ട്. കേരളത്തിന്റെ മതേതര മനസില്‍ ബിജെപിയ്ക്കുണ്ടായിരുന്ന അകലത്തെ ജാതി രാഷ്ട്രീയം പറഞ്ഞ് മാറ്റിയെടുക്കാനാണ് കുമ്മനത്തിന്റെ നേതൃത്വത്തില്‍ ബിജെപി ശ്രമിച്ചത്. എങ്കിലും മോദി പ്രഭാവത്തിലെ ഒഴുക്കിനപ്പുറം കുമ്മനത്തിനും കേരളത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാനായിട്ടില്ലെന്ന തിരിച്ചറിവ് കേന്ദ്ര നേതൃത്വത്തിനുണ്ട്. അതുകൊണ്ട് തന്നെ മറ്റൊരു ചോയിസ് വേണം. ആ ഒഴിവ് നികത്താനാണ് കുമ്മനത്തിന് പ്രമോഷനോടെ മിസോറം ഗവര്‍ണര്‍ പദവി നല്‍കിയതെന്ന് വേണം കരുതാന്‍.
മത വര്‍ഗീയ ധ്രുവീകരണമായിരുന്നു മറ്റൊരു മാര്‍ഗം.
എന്താണ് കേരളം തുടരെത്തുടരെ കാണുന്ന ഈ സര്‍പ്രൈസുകള്‍ക്ക് പിറകില്‍?
കേരളം ബിജെപിക്ക് ഇതുവരെ നിലം തൊടാനാകാത്ത സംസ്ഥാനമാണ്. ലോകത്താദ്യമായി ബാലറ്റിലൂടെ അധികാരത്തിലേറിയ കമ്യൂണിസ്റ്റ് സര്‍ക്കാറിന്റെ നാട്ടില്‍ ഇപ്പോഴും ഇടതുപക്ഷത്തിന് വ്യക്തമായ മുന്‍കൈയുണ്ട്. ഇടതുമതേതര നിലപാടുകള്‍ ഇക്കാലമത്രയും ഉയര്‍ത്തിപ്പിടിച്ച കേരളത്തെ ഹിന്ദു വലതുപക്ഷ രാഷ്ട്രീയ ദിശയിലേക്ക് മാറ്റുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. അതിനു പലവഴികളാണ് ബി.ജെ.പി കേന്ദ്രനേതൃത്വം പയറ്റുന്നത്. ഏറെ വ്യത്യസ്തമായ ദക്ഷിണേന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടം കണ്ടെത്താന്‍ ജാതി രാഷ്ട്രീയത്തെയാണ് പ്രധാനമായും ബി.ജെ.പി ആശ്രയിക്കുന്നത്. ഇരു മുന്നണികള്‍ക്കുമൊപ്പം കാലാകാലമായി മറിഞ്ഞും തിരിഞ്ഞും നിന്ന എസ്എന്‍ഡിപിയെ തങ്ങള്‍ക്കൊപ്പം കൂട്ടാന്‍ കേരളത്തില്‍ ബി.ജെ.പി നടത്തിയ നീക്കം ഇതിന്റെ ഭാഗമായിരുന്നു. പ്രബലരായ നായര്‍ സമുദായത്തെ ബി.ജെ.പിയിലേക്ക് അടുപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നുവെങ്കിലും എന്‍എസ്എസ് നേതൃത്വം സമദൂര സിദ്ധാന്തം മുന്നോട്ടു വെച്ച് മാറി നില്‍ക്കുന്നത് ഈ തന്ത്രങ്ങള്‍ക്ക് തടസ്സമായിട്ടുമുണ്ട്. ദലിത് സമുദായ സംഘടനകളെ അടക്കം അടുപ്പിച്ച് ഹിന്ദു ഐക്യം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും ബി.ജെ.പി തുടരുന്നത് കേരളം പിടിക്കുക എന്ന ലക്ഷ്യം മനസ്സില്‍ വെച്ചുതന്നെയാണ്. എന്നാല്‍, ബി.ജെ.പിയുടെ എസ് എന്‍ ഡിപി ബാന്ധവം ഇപ്പോഴും പ്രതിസന്ധിയില്‍ നില്‍ക്കുകയാണ്. ബി.ജെ.പിയിലേക്ക് പോയ ആദിവാസി നേതാവ് സി.കെ ജാനുവും തങ്ങള്‍ക്ക് ലഭിച്ച പരിഗണനയുടെ കാര്യത്തില്‍ അസംതൃപ്തയാണ്.
മത വര്‍ഗീയ ധ്രുവീകരണമായിരുന്നു മറ്റൊരു മാര്‍ഗം. വ്യത്യസ്ത സമുദായങ്ങള്‍ തമ്മില്‍ അകല്‍ച്ച ഉണ്ടാക്കുന്ന വിധത്തിലുള്ള അനേകം വിഷയങ്ങളില്‍ ബി.ജെ.പി പ്രകടമായി തന്നെ ഇടപെട്ടു. ശബരിമല സ്ത്രീ പ്രവേശനം, ക്ഷേത്രവരുമാനം വിനിയോഗിക്കുന്ന പ്രശ്‌നം, സംവരണം, ഘര്‍വാപസി, ലവ് ജിഹാദ്, ഹാദിയ, മുസ്‌ലിം വിരുദ്ധ വിഷയങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങളില്‍ ബി.ജെ.പി കൈക്കൊണ്ട തന്ത്രപരമായ നിലപാടുകള്‍ കേരളീയ സമൂഹത്തില്‍ പ്രകടമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. മോദി പ്രഭാവം മുന്നോട്ടു വെച്ചുകൊണ്ടുള്ള വികസന, ദേശീയതാ പ്രചാരണങ്ങള്‍ മധ്യവര്‍ഗത്തെ ആകര്‍ഷിക്കാന്‍ പര്യാപ്തമാവുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.
ഇനിയും സര്‍പ്രൈസുകള്‍ കേരളം കാണുക തന്നെ ചെയ്യും.
ഇതിലുമേറെ തന്ത്രപരമായ മറ്റൊരു നീക്കവും ബി.ജെ.പി കേരളത്തില്‍ നടത്തുന്നുണ്ട്. കേന്ദ്രം ആരു ഭരിച്ചാലും അവഗണിക്കപ്പെടാറുള്ള കേരളത്തിന് പ്രത്യേക പരിഗണനകള്‍ നല്‍കല്‍. കേന്ദ്രം ഭരിക്കുന്ന കക്ഷി എന്ന നിലയ്ക്കുള്ള സാദ്ധ്യതകള്‍ ഉപയോഗിച്ച് കേരളത്തില്‍നിന്നുള്ള നേതാക്കള്‍ക്ക് പ്രത്യേക പരിഗണനകള്‍ നല്‍കുകയാണ് ഈ തന്ത്രം. ഇതിന്റെ ഭാഗമായാണ്, മുകളില്‍ പറഞ്ഞ സര്‍പ്രൈസ് ഗിഫ്റ്റുകള്‍ പലതും വന്നതെന്നാണ് വിലയിരുത്തല്‍. സോഷ്യല്‍ മീഡിയ അടക്കമുള്ള ഇടങ്ങളില്‍, ഈ സര്‍പ്രൈസുകളെയെല്ലാം ബി.ജെ.പി അവതരിപ്പിക്കുന്നത് കേരളത്തോടുള്ള പരിഗണന എന്ന നിലയ്ക്കു തന്നെയാണ്.
എന്നാല്‍, പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് കേന്ദ്ര തലത്തില്‍ ലഭിക്കുന്ന പരിഗണനകളില്‍ മാത്രം ഒതുങ്ങുന്നില്ല ഈ തന്ത്രം. തങ്ങള്‍ക്കൊപ്പം നിന്നാല്‍ നേട്ടമുണ്ടാവുമെന്ന സന്ദേശം സാമൂഹ്യ, സംസ്‌കാരിക രംഗങ്ങളിലുള്ള പ്രമുഖര്‍ക്ക് നല്‍കുക എന്നതും ഇതിലുള്‍പ്പെടുന്നു. മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍, ചലച്ചിത്ര സംവിധായകന്‍ രാജസേനന്‍, എഴുത്തുകാരി പി വല്‍സല എന്നിവരടക്കം പ്രമുഖര്‍ പരസ്യമായി ബിജെപി താല്‍പ്പര്യം പ്രകടിപ്പിക്കുന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടത് ഈ തന്ത്രം വിജയം കണ്ടതിനാലാണെന്നാണ് നിരീക്ഷണം. കേരളത്തിന്റെ പൊതുബോധത്തെ നിര്‍ണയിക്കുന്ന വിവിധ മേഖലകളിലുള്ള പ്രമുഖരെ കൂടുതലായി പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ ഇത്തരം തന്ത്രങ്ങള്‍ക്ക് കഴിയുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടലും. അതിനാല്‍ തന്നെ ഇനിയും സര്‍പ്രൈസുകള്‍ കേരളം കാണുക തന്നെ ചെയ്യും.
ഈ സര്‍പ്രൈസുകള്‍ക്കൊക്കെ പിന്നിലുള്ള ഒരു പ്രധാന കാരണമായി കരുതുന്നത് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ അസാധാരണമായ തിടുക്കമാണെന്നു വേണം അനുമാനിക്കാന്‍. യുപിക്കു ശേഷം രാജ്യത്ത് ഏറ്റവുമധികം ആര്‍എസ്എസ് ശാഖകള്‍ ഉള്ള സംസ്ഥാനമായിട്ടും കേരളത്തില്‍ ബി.ജെ.പിയുടെ വളര്‍ച്ച സാവധാനത്തിലാണെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. കുമ്മനം വരെയുള്ള ബി.ജെ.പി സംസ്ഥാന നേതൃത്വങ്ങള്‍ പ്രവര്‍ത്തിച്ചത് മറ്റേത് രാഷ്ട്രീയ കക്ഷികളെയും പോലുള്ള രീതിയിലായിരുന്നു. എന്നാല്‍, ബി.ജെ.പി കേന്ദ്ര നേതൃത്വം നേരിട്ട് ഇടപെടല്‍ തുടങ്ങിയതോടെ ഈ രാഷ്ട്രീയ മെല്ലെപ്പോക്ക് മാറുകയാണ്. അതിവേഗം വിപണി പിടിച്ചടക്കുന്ന കോര്‍പ്പറേറ്റുകളെപ്പോലെ, കേരളത്തെ പല വിധ തന്ത്രങ്ങള്‍ കൊണ്ട് അതിവേഗം മാറ്റിയെടുക്കുകയാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ഈ തിടുക്കം കൂടിയാണ കേരളം കണ്ടുകൊണ്ടിരിക്കുന്ന സര്‍പ്രൈസുകള്‍ക്ക് പിറകില്‍.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം