
'സോളാര്‍ കേസില്‍ സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടോ? നഷ്ടം തെളിയിക്കാന്‍ ഒരു കീറക്കടലാസെങ്കിലും ഹാജരാക്കാനാവുമോ?' - സോളാര്‍ കേസ് സംബന്ധിച്ച് ഒന്നിനു പിറകെ ഒന്നായി ആരോപണങ്ങള്‍ പ്രവഹിച്ചപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടര്‍ച്ചയായി ചോദിച്ചിരുന്ന ചോദ്യങ്ങളാണിത്. നഷ്ടമുണ്ടായിട്ടില്ല എന്നതിനാല്‍ അഴിമതിയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. അങ്ങനെ നോക്കിയാല്‍ സര്‍ക്കാരില്‍ നിന്ന് ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അഴിമതിക്കാരനല്ലേ? ആ ഇടപാടില്‍ സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടമൊന്നുമില്ലല്ലോ? പിന്നെ അയാള്‍ക്കെതിരെ കേസെടുക്കുന്നതും സര്‍വ്വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യുന്നതും എന്തിനാണ്?
പണം നല്‍കിയെന്ന് സരിത തന്നെ സമ്മതിച്ചപ്പോള്‍ തന്നെ സാമ്പത്തിക ക്രമക്കേടിന്റെയും നഷ്ടത്തിന്റെയും തെളിവായി. ബാക്കി സത്യം മനസ്സിലാക്കാന്‍ സാഹചര്യത്തെളിവ് മതി. അതാണ് ഇപ്പോള്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടായി വന്നിരിക്കുന്നത്. സോളാര്‍ ഇടപാടു സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ മനസ്സിലായാല്‍ മാത്രമേ അതിന്റെ സാമ്പത്തിക കണക്കുകള്‍ മനസ്സിലാവുകയുള്ളൂ. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയ പദ്ധതി തനതു രീതിയില്‍ അഴിമതിവല്‍ക്കരിക്കുന്നതാണ് കേരളത്തില്‍ കണ്ടത്. സോളാര്‍ അഴിമതിയെന്ന് പറയുമ്പോഴും പലര്‍ക്കും ഇതിനു പിന്നിലെ യഥാര്‍ത്ഥ കളികള്‍ അറിയില്ല എന്നതാണ് പരമാര്‍ത്ഥം.
പദ്ധതികളുടെ കേരളത്തിലെ മൊത്തക്കച്ചവടം തരപ്പെടുത്തി കോടികള്‍ തട്ടാനാണ് സരിത എസ്.നായരും ബിജു രാധാകൃഷ്ണനും ലക്ഷ്യമിട്ടത്
2013 ഫെബ്രുവരി 11ന് സംസ്ഥാനത്തെ 10,000 വീടുകളുടെ മേല്‍ക്കൂരകളില്‍ സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചിരുന്നു. ഇതാണ് ഈ പറയുന്ന സോളാര്‍ അഴിമതിയുടെ ആണിക്കല്ല്. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ നടപ്പാക്കുന്ന മേല്‍ക്കൂര സൗരോര്‍ജ്ജ പദ്ധതി അടക്കം ഈ മേഖലയിലെ പദ്ധതികളുടെ കേരളത്തിലെ മൊത്തക്കച്ചവടം തരപ്പെടുത്തി കോടികള്‍ തട്ടാനാണ് സരിത എസ്.നായരും ബിജു രാധാകൃഷ്ണനും ലക്ഷ്യമിട്ടത്. അങ്ങനെ ലഭിക്കുന്ന വന്‍ തുകയുടെ മുന്‍കൂര്‍ ഗഡുക്കളാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാങ്ങിയതായി പറയപ്പെടുന്ന 1.90 കോടിയും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ അക്കൗണ്ടിലുള്ള 40 ലക്ഷവും.
കേരളത്തിലെ 10,000 വീടുകളുടെ മേല്‍ക്കൂരകളില്‍ സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിച്ച് ഓരോ വീട്ടില്‍ നിന്നും 1 കിലോവാട്ട് അഥവാ 1,000 വാട്ട് വീതം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിയാണ് വിഭാവനം ചെയ്യപ്പെട്ടത്. ഇതിനായി ഒരു വീടിന് കണക്കാക്കപ്പെട്ട ചെലവ് 1.72 ലക്ഷം രൂപ. ഇതില്‍ 92,000 രൂപ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സബ്‌സിഡിയായി ലഭിക്കുമ്പോള്‍ ഉപയോക്താവിന് ചെലവ് വെറും 80,000 രൂപ മാത്രം. കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതി ആവിഷ്‌കരിച്ചപ്പോള്‍ തന്നെ സരിതയും ബിജുവും ഇതിന്റെ സാദ്ധ്യത മനസ്സിലാക്കുകയും ടീം സോളാര്‍ എന്ന കമ്പനിക്ക് രൂപം നല്‍കി പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു.
പലരും പറയുന്നതു പോലെ 10,000 കോടി രൂപയുടെ അഴിമതിയൊന്നുമല്ല ഇതിലൂടെ അവര്‍ ലക്ഷ്യമിട്ടത്
പലരും പറയുന്നതു പോലെ 10,000 കോടി രൂപയുടെ അഴിമതിയൊന്നുമല്ല ഇതിലൂടെ അവര്‍ ലക്ഷ്യമിട്ടത്. ഈ പദ്ധതിയില്‍ നിന്നുള്ള വരുമാനം പരമാവധി 200 കോടി രൂപ മാത്രമായിരുന്നു. എന്നാല്‍, ഇതിന് അനുബന്ധമായി കേരളത്തിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും -ഓഫീസുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവയിലെല്ലാം -സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള ബൃഹദ് പദ്ധതി സരിതയും സംഘവും തയ്യാറാക്കി. സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി ക്ഷാമം നേരിടാന്‍ പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ പ്രയോജനപ്പെടുത്തണമെന്ന് ആര്യാടന്‍ മന്ത്രി നാഴികയ്ക്ക് 40 വട്ടം വായിട്ടലച്ചിരുന്നത് സരിതയുടെ പദ്ധതിക്ക് സ്വീകാര്യത നേടുന്നത് എളുപ്പമാക്കി. ഇതിന്റെ സാമ്പത്തികവശം പരിശോധിച്ചപ്പോള്‍ ആയിരക്കണക്കിന് കോടി രൂപ ഒഴുകാനുള്ള സാദ്ധ്യത കണ്ട് ഭരണനേതൃത്വം അമ്പരന്നു. അവര്‍ സരിതയോട് വിലപേശി. കൈക്കൂലിയുടെ മുന്‍കൂര്‍ ഗഡു കൈപ്പറ്റുകയും ചെയ്തു. അതാണ് സരിത ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്ന തുക.
മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി അവകാശപ്പെട്ട പോലെ സംസ്ഥാനത്തിന് നഷ്ടം സംഭവിച്ചില്ല എന്നതിന്റെ പൊള്ളത്തരം വ്യക്തമാവുന്നത് ഇവിടെയാണ്. കേരളത്തില്‍ പദ്ധതിയുടെ പൂര്‍ണ്ണ നടത്തിപ്പ് ചുമതല ടീം സോളാറിന് നല്‍കണമെന്ന ആവശ്യമാണ് സരിത മുന്നോട്ടുവെച്ചത്. ഇതിനായി ലാഭത്തിന്റെ പങ്ക് ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ക്ക് വീതിച്ചു നല്‍കാമെന്നും അവര്‍ സമ്മതിച്ചു. ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ള നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി ബാറ്റണ്‍ വൈദ്യുതി മന്ത്രിക്ക് കൈമാറി. പാരമ്പര്യേതര ഊര്‍ജ്ജ പദ്ധതികളുടെ നടത്തിപ്പുകാരായ അനര്‍ട്ടിനു മുന്നില്‍ സരിതയുടെ ഫയല്‍ ആര്യാടന്‍ എത്തിച്ചു, അനുകൂല തീരുമാനമുണ്ടാവണമെന്ന നിര്‍ദ്ദേശവുമായി. കാര്യങ്ങള്‍ അതുവരെ ശുഭം.
സരിതയുടെ സോളാര്‍ വണ്ടിക്ക് പാളം തെറ്റിയത് അനര്‍ട്ടിലാണ്
സരിതയുടെ സോളാര്‍ വണ്ടിക്ക് പാളം തെറ്റിയത് അനര്‍ട്ടിലാണ്. കേന്ദ്ര ഫണ്ടുപയോഗിക്കുന്ന പദ്ധതി ആയതിനാല്‍ കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിച്ചേ മതിയാകൂ എന്ന് അവിടത്തെ ഉദ്യോഗസ്ഥര്‍ ശഠിച്ചു. ഇല്ലെങ്കില്‍ പണി കിട്ടുന്നത് തങ്ങള്‍ക്കായിരിക്കും എന്ന് ഉദ്യോഗസ്ഥര്‍ക്കറിയാം. കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജ മന്ത്രാലയം എംപാനല്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ക്കു മാത്രമേ സൗരോര്‍ജ്ജ പദ്ധതികള്‍ നടപ്പാക്കാന്‍ അനുമതിയുള്ളൂ. ടീ സോളാറിന് എംപാനലിങ് ഉണ്ടായിരുന്നില്ല. എംപാനല്‍ ചെയ്തു വന്നാല്‍ ആര്യാടന്‍ മന്ത്രിയുടെ നിര്‍ദ്ദേശം നടപ്പാക്കാം എന്ന് അനര്‍ട്ട് അറിയിച്ചു. പന്ത് വീണ്ടും വൈദ്യുതി മന്ത്രിയുടെ കോര്‍ട്ടില്‍.
കാര്യങ്ങള്‍ മുന്നോട്ടു നീങ്ങാത്തതില്‍ പരാതിയുമായി സരിത സെക്രട്ടേറിയറ്റില്‍ കയറിയിറങ്ങി. എംപാനലിങ് ഇല്ലാത്തതിനാല്‍ ആര്യാടന്‍ കൈമലര്‍ത്തി. കേന്ദ്രത്തില്‍ അപ്പോള്‍ ഊര്‍ജ്ജ സഹമന്ത്രി കെ.സി.വേണുഗോപാലാണ്. വേണുവിന്റെ സഹായത്തോടെ കേന്ദ്ര എംപാനലിങ് തരപ്പെടുത്തിയാല്‍ കേരളത്തിലെ കാര്യങ്ങള്‍ താന്‍ നോക്കിക്കൊള്ളാമെന്ന് ആര്യാടന്‍ ഏറ്റു. അങ്ങനെ സരിത വേണുവിന് മുന്നിലുമെത്തി.
അതോടെ രാഷ്ട്രീയ നേതൃത്വം അവരെ കരിമ്പിന്‍ചണ്ടി പോലെ കൈയൊഴിഞ്ഞു.
ഭരണനേതൃത്വത്തെ വിശ്വസിച്ച് സരിത തന്റെ ഇടപാടുകാര്‍ക്ക് ചില ഉറപ്പുകള്‍ നല്‍കിയിരുന്നു. എന്നാല്‍, അതു പാലിക്കാനായില്ല. തിരുവനന്തപുരത്തും ഡല്‍ഹിയിലുമായി അവര്‍ നെട്ടോട്ടത്തിലായി. ഈ സമയത്ത് സരിതയെ പലരും പല കാര്യങ്ങള്‍ക്കും ഉപയോഗിച്ചു. ആദ്യ ഘട്ടത്തില്‍ പദ്ധതി ഒരു കരയ്‌ക്കെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായും പിന്നീട് ഒരു രക്ഷകനെ തേടിയുള്ള യാത്രയ്ക്കിടെയും അവര്‍ പലതിനും വഴങ്ങിയെന്ന് ആദ്യം ഈ കേസന്വേഷിച്ച ഉദ്യോഗസ്ഥ്രര്‍ തന്നെ ഈയുള്ളവനോട് സ്വകാര്യസംഭാഷണത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ആ 23 പേജുള്ള കത്തിലുള്ളത് ഈ വഴങ്ങലുകളുടെ വിശദാംശങ്ങളാണ്. സൗരോര്‍ജ്ജ പദ്ധതിയുടെ ഫയല്‍ സാങ്കേതികതയില്‍ കുടുങ്ങിയതോടെ ഇടപാടുകാര്‍ സരിതയ്‌ക്കെതിരെ നിയമനടപടികളുമായി നീങ്ങി. കേസായതോടെ സരിത തട്ടിപ്പുകാരിയായി മാറി. പോലീസ് പിടിയിലായി. അതോടെ രാഷ്ട്രീയ നേതൃത്വം അവരെ കരിമ്പിന്‍ചണ്ടി പോലെ കൈയൊഴിഞ്ഞു.
സ്വപ്‌നപദ്ധതി പൊളിഞ്ഞു, എന്നാല്‍ കേസെങ്കിലും ഒഴിവാകട്ടെ എന്ന നിലപാടാണ് ഇത്രയും കാലം സരിത സ്വീകരിച്ചത്. കേസ് തീരണമെങ്കില്‍ ഇടപാടുകാര്‍ക്ക് പണം തിരികെകൊടുക്കണം. അവരില്‍ നി്ന്നു പിരിച്ച പണം നല്‍കിയത് ഉമ്മന്‍ചാണ്ടി അടക്കമുള്ള ഭരണനേതൃത്വത്തിനാണ്. ഉമ്മന്‍ചാണ്ടിയും സംഘവും അതു തിരികെനല്‍കുമെന്ന പ്രതീക്ഷയില്‍ സരിത ഇത്രയും കാല്ം അവരെ കൈമെയ് മറന്ന് പിന്തുണച്ചു. കാത്തിരിപ്പ് വെറുതെയാണെന്നു ബോദ്ധ്യപ്പെട്ടതോടെ ഒടുവില്‍ സരിത സത്യം പറഞ്ഞു -പണിക്ക് മറുപണി എന്ന രീതിയില്‍ തന്നെ.
തിരുവഞ്ചൂര്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കുന്ന സ്‌കൂളിലെ ഹെഡ്മാസ്റ്ററാണ് ഉമ്മന്‍ചാണ്ടി
ഉമ്മന്‍ചാണ്ടിക്കു വേണ്ടി കുരുവിളയും 'രക്തബന്ധമുള്ള' ആളും നടത്തിയതായി സരിത വെളിപ്പെടുത്തിയ ഇടപാടുകള്‍ അടക്കം ഈ കേസിന്റെ എല്ലാ വിശദാംശങ്ങളും അറിയാമായിരുന്നയാളാണ് അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഉമ്മന്‍ചാണ്ടി കഴിഞ്ഞാല്‍ തിരുവഞ്ചൂര്‍ എന്ന പ്രതീതി നിലവിലുണ്ടായിരുന്ന കാലവുമായിരുന്നു അത്. ഉമ്മന്‍ചാണ്ടി നടത്തിയ അഴിമതിയുടെ വിവരങ്ങളെല്ലാം അറിഞ്ഞതോടെ ഒരു മുഖ്യമന്ത്രിപദ മോഹം തിരുവഞ്ചൂരില്‍ ഉടലെടുത്തു. വിവരങ്ങളെല്ലാം പുറത്തുവന്നാല്‍ ഉമ്മന്‍ചാണ്ടി രാജിവെയ്ക്കുമല്ലോ!
ഐക്യരാഷ്ട്ര സഭയുടെ പുരസ്‌കാരം വാങ്ങി ഉമ്മന്‍ചാണ്ടി വിമാനമിറങ്ങിയ സമയത്തു തന്നെ അദ്ദേഹത്തിന്റെ പി.എ. ടെന്നി ജോപ്പനെ തിരുവഞ്ചൂര്‍ അറസ്റ്റു ചെയ്യിച്ചത് ആ മോഹം സഫലീകരിക്കാനാണ്. എന്നാല്‍, തിരുവഞ്ചൂര്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കുന്ന സ്‌കൂളിലെ ഹെഡ്മാസ്റ്ററാണ് ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രി കുപ്പായം തയ്പിച്ചിരുന്ന തിരുവഞ്ചൂരിന്റെ പ്രതാപം പടിപടിയായി ഇടിഞ്ഞ് ഇപ്പോള്‍ ഹാസ്യകഥാപാത്രമായി മാറിയത് ചരിത്രം. ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തിലുള്ളവര്‍ പോലും ഒരു പക്ഷേ, അംഗീകരിക്കാത്ത ന്യായവാദവുമായി അദ്ദേഹം മുഖ്യമന്ത്രി കസേരയില്‍ അഞ്ചു വര്‍ഷം ചടഞ്ഞിരുന്നു.
അഴിമതിയുടെ ആദ്യ ചവിട്ടുപടിയാക്കാന്‍ സരിത ലക്ഷ്യമിട്ട മേല്‍ക്കൂര സൗരോര്‍ജ്ജ പദ്ധതി വിജയകരമായി പൂര്‍ത്തീകരിച്ചു. ടീം സോളാര്‍ ഒറ്റയ്ക്കു വിഴുങ്ങാന്‍ ലക്ഷ്യമിട്ട പദ്ധതി നടപ്പാക്കിയത് എംപാനലിങ് ഉള്ള 15 ഓളം കമ്പനികള്‍ ചേര്‍ന്നാണ്. ഉമ്മന്‍ചാണ്ടി വാങ്ങിയ കൈക്കൂലി നഷ്ടം വരുത്തിയിട്ടില്ലായിരിക്കാം. പക്ഷേ, സരിത ഉദ്ദേശിച്ച പോലെ കാര്യങ്ങള്‍ നീങ്ങിയിരുന്നുവെങ്കില്‍ അതു വരുത്തുമായിരുന്ന നഷ്ടം ചെറുതല്ല എന്നു വ്യക്തം.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.