
കവാത്തും കസര്‍ത്തും മാത്രം പഠിച്ചാലും പഠിപ്പിച്ചാലും മനുഷ്യരെ തിരിച്ചറിയാന്‍ കഴിയില്ല. അതിന് ഈ നാടിനെ ഇവിടെ ജീവിച്ച മനുഷ്യരെ ഈ മണ്ണിന്റെ ചരിത്രത്തെ അറിയണം. ഇന്നലെകളെ കുറിച്ചുള്ള അറിവ് കൊണ്ടേ മനുഷ്യന് താന്‍ കടന്നുപോന്ന വഴികളെ കുറിച്ചും കടപ്പാടുകളെ കുറിച്ചും മനുഷ്യ ബന്ധങ്ങളെ കുറിച്ചും അറിയാനാവൂ. അപ്പോഴേ ഇടുങ്ങിയ വര്‍ഗീയ ചിന്തകള്‍ മാറ്റി മനുഷ്യന്‍ മനുഷ്യനായി ഉയരൂ.
1921 ലെ മലബാര്‍ കലാപം വര്‍ഗ്ഗീയവും ആദ്യ 'ജിഹാദീ' കൂട്ടക്കൊലയും ആയുള്ള ജനരക്ഷാ യാത്രാ നേതാവും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന്റെ ആരോപണം കാണുമ്പോള്‍ അത്ഭുതമൊന്നും തോന്നുന്നില്ല. നട്ടാല്‍ മുളക്കാത്ത പച്ചക്കള്ളങ്ങളും അസഹിഷ്ണുത നിറഞ്ഞ വര്‍ഗീയ പ്രസ്താവങ്ങളും മുഖം വാടാതെ പറയാനും പ്രചരിപ്പിക്കാനും ഉള്ള കഴിവാണല്ലോ എന്നും ഇവരുടെ മിടുക്ക്. ഇരുട്ടിലെ ഇല്ലാപ്രേതത്തെ കുറിച്ചുള്ള മതംമാറ്റ ജിഹാദീ കഥകള്‍ പ്രചരിപ്പിക്കാന്‍ ഫോട്ടോഷോപ്പ് മുതല്‍ ദേശീയ ദൃശ്യ മാധ്യമങ്ങളെ വരെ ഉപയോഗപ്പെടുത്തുന്ന ഇവരുടെ നുണ പ്രചാരണങ്ങളില്‍, അഭ്യസ്ത വിദ്യരെങ്കിലും പാഠപുസ്തകങ്ങള്‍ക്കപ്പുറം ചരിത്ര വായനയില്ലാത്ത ചിലരെങ്കിലും പെട്ടു പോകാറുണ്ട്. കെ ആര്‍ മീരയുടെ കഥയിലെ പോലെ 'സംഘിയണ്ണന്മാര്‍' ഏറി വരുന്ന കാലത്തു വിശേഷിച്ചും.
കെ. എന്‍. പണിക്കരും, എം ഗംഗാധരനും, കെ. കെ. എന്‍ കുറുപ്പും അടക്കമുള്ള ചരിത്രകാരന്മാര്‍ മലബാര്‍ കലാപത്തെ കുറിച്ചെഴുതിയ പുസ്തകങ്ങള്‍ മാറ്റി നിര്‍ത്താം. പക്ഷെ ആ സമരങ്ങളില്‍ പങ്കെടുത്ത മോഴിക്കുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് എഴുതിയ 'ഖിലാഫത് സ്മരണകള്‍' എങ്കിലും ഒന്ന് വായിക്കണം മലബാര്‍ കലാപത്തെ കുറിച്ചറിയാന്‍. അദ്ദേഹം എന്തായാലും ജിഹാദിയോ 'ചോരപ്പുഴ ഒഴുക്കുന്ന' ആളോ ആയിരുന്നില്ല എന്ന് ഉറപ്പാണല്ലോ.
ഇനി മലപ്പുറത്തിന്റെ മണ്ണില്‍ നിന്ന് തന്നെ ഉണ്ടായ ഏതാനും തനി ജിഹാദീ കിതാബുകളെ കുറിച്ചു കൂടി എഴുതാം. ആയത്തും ഹദീസും ഒക്കെ വെച്ച് മനുഷ്യന്മാരെ വാളെടുപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന വീര്യം കൂടിയ സാധനങ്ങള്‍ തന്നെ.
അധിനിവേശ ശക്തികള്‍ക്കെതിരെ ജിഹാദീ പോരാട്ടം നടത്തിയ പാരമ്പര്യവും പൈതൃകവും ഉള്ള മണ്ണ് തന്നെയാണ് മലപ്പുറം.
'തഹ്‌രീദുല്‍ അഹ്‌ലില്‍ ഈമാന്‍ അലാ ജിഹാദി അബാദത്തി സ്വുല്‍ബാന്‍' അത്തരമൊരു 'ജിഹാദീ' പുസ്തകമാണ്. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ വിശുദ്ധ യുദ്ധം നയിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ഷേഖ് സൈനുദ്ധീന്‍ മഖ്ദൂം ഒന്നാമന്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ എഴുതിയ കാവ്യം. പറങ്കികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ സാമൂതിരിപ്പാടിനെ സഹായിക്കല്‍ മാപ്പിളമാരുടെ മതപരമായ കടമയാണ് എന്നുണര്‍ത്തിക്കൊണ്ട് രചിച്ച ഈ കൃതിയുടെ ആയിരത്തോളം പ്രതികള്‍ മലബാറിലെ വിദൂര ഗ്രാമങ്ങളില്‍ പോലും എത്തിച്ചിരുന്നത്രേ. മലബാറിലെ അധിനിവേശ ശക്തികള്‍ക്കെതിരെ രചിക്കപ്പെട്ട ആദ്യ കൃതി കൂടിയാണിത്.
അടുത്തത്, തുഫ്ഫത്തുല്‍ മുജാഹിദീന്‍'. സൈനുദ്ധീന്‍ മഖ്ദൂം രണ്ടാമന്‍ രചിച്ച സമാന സ്വഭാവമുള്ള ഈ കൃതിയും സമൂതിരിപ്പാടിനോടുള്ള കൂറും പോര്‍ച്ചുഗീസുകരുടെ ക്രൂരതയും വിവരിക്കുന്ന, മാപ്പിളമാരെ ജിഹാദിന് ആഹ്വാനം ചെയ്യുന്ന ഗ്രന്ഥം തന്നെ.
'ഫതഹുല്‍ മുബീന്‍' 1571 ല്‍ ഖാദി മുഹമ്മദ് രചിച്ച ഈ കൃതി സാമൂതിരിക്കുവേണ്ടി മാപ്പിളനായര്‍ സംയുക്ത പോരാളികള്‍ നടത്തിയ പോരാട്ടത്തെ കുറിച്ചാണ്.
ഖാദി മുഹമ്മദ് തന്നെ 'ഖുതുബാത്തു ജിഹാദിയ' എന്ന ഗ്രന്ഥം ചാലിയം കോട്ട പിടിച്ചടക്കാന്‍ നായര്‍ പടയാളികളോടൊപ്പം ചേര്‍ന്ന മാപ്പിള പോരാളികളുടെ മനോവീര്യം ഉയര്‍ത്താന്‍ വേണ്ടി രചിച്ചതാണ്. ആ വിജയത്തിന്റെ ആഘോഷമാണ് അദ്ദേഹം തന്നെ രചിച്ച 'അല്‍ ഖസീദത്തുല്‍ ജിഹാദിയ്യ'.
എഴുതിയത് ആരെന്നറിയാത്ത 'മനാത്ത് പറമ്പില്‍ കുഞ്ഞിമരക്കാര്‍ മാല' അഥവാ 'കൊട്ടുപ്പള്ളിമാല' എന്നൊരു കൃതിയുണ്ട്. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ ഏറെ ജനരോഷം ഉയര്‍ത്താന്‍ കാരണമായ ഈ മാലപ്പാട്ടില്‍ തന്റെ വിവാഹ ദിവസം രാത്രിയില്‍ പോര്‍ച്ചുഗീസുകാര്‍ ഒരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ വിവരം കേട്ട് അതേ രാത്രിയില്‍ ആരും അറിയാതെ പറങ്കികളുടെ കപ്പലില്‍ ചെന്ന് ധീരരമായി പൊരുതി പെണ്‍കുട്ടിയെ രക്ഷിച്ച ശേഷം പറങ്കികളാല്‍ കൊല്ലപ്പെട്ട വെളിയംകോട്ടെ കുഞ്ഞിമരക്കാരുടെ ചരിത്രമാണ്.
ബ്രിട്ടീഷുകാരോട് നിസ്സഹകരണം ആഹ്വാനം ചെയ്തു കൊണ്ട് മമ്പുറം സയ്യിദലവി തങ്ങള്‍ രചിച്ച 'അസ്സയിഫുല്‍ ബത്താര്‍' ഭീതി മൂലം ബ്രിട്ടീഷുകാര്‍ നിരോധിക്കുകയും കണ്ടുകെട്ടുകയും ചെയ്ത കൃതിയാണ്.
അദ്ദേഹത്തിന്റെ പുത്രന്‍ സയ്യിദ് ഫസല്‍ തങ്ങള്‍ രചിച്ച 'ഉദ്ദത്തുല്‍ ഉമറാ' , 'തന്‍ബീഹ് അല്‍ ഗാഫിലീന്‍ എന്നീ കൃതികളും ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ബഹുജന മുന്നേറ്റത്തിന് കരുത്തു പകര്‍ന്ന ഗ്രന്ഥങ്ങളാണ്.
1921 ലെ ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ ആമിനുമ്മാന്റകത്ത് പരീക്കുട്ടി മുസ്ല്യാര്‍ പുറപ്പെടുവിച്ച 40 പജുള്ള ഫത്‌വ 'മുഹിമ്മാത്തുല്‍ മുഅ്മിനീന്‍' അഥവാ വിശ്വാസികളുടെ ഉത്തരവാദിത്തങ്ങള്‍' എന്ന കൃതിയും ബ്രിട്ടീഷുകാര്‍ക്ക് എതിരെ ആയതിനാല്‍ കണ്ടു കെട്ടിയ ചരിത്രമാണുള്ളത്.
ഇന്നലെകളെ കുറിച്ചുള്ള അറിവ് കൊണ്ടേ മനുഷ്യന് താന്‍ കടന്നുപോന്ന വഴികളെ കുറിച്ചും കടപ്പാടുകളെ കുറിച്ചും മനുഷ്യ ബന്ധങ്ങളെ കുറിച്ചും അറിയാനാവൂ.
തീര്‍ച്ചയായും ഇങ്ങനെ സാമ്രാജ്യത്വ അധിനിവേശ ശക്തികള്‍ക്കെതിരെ ജിഹാദീ പോരാട്ടം നടത്തിയ പാരമ്പര്യവും പൈതൃകവും ഉള്ള മണ്ണ് തന്നെയാണ് മലപ്പുറം. അത് പക്ഷെ ഇതര മതക്കാരനോടുള്ള വര്‍ഗ്ഗീയ വിദ്വേഷമോ അക്രമണമോ ഉണ്ടാക്കാന്‍ വേണ്ടിയല്ല. മറിച്ച് മതജാതി വ്യത്യാസമില്ലാതെ ഒന്നിച്ചു നിന്ന് വൈദേശിക അധിനിവേശ ശക്തികളോട് പോരാടിയുള്ള ശീലമാണ്.
കേസരി വാരികയില്‍ വന്ന നോവല്‍ വായിച്ചു മലബാര്‍ കലാപം വിലയിരുത്തിയവര്‍ക്ക് ആ പോരാട്ടവും വര്‍ഗ്ഗീയത പടര്‍ത്തി ആളെ കൂട്ടാനുള്ള ആയുധമാക്കാന്‍ കഴിയും. പക്ഷെ വിവേകമുള്ളവര്‍ ഇത്തരക്കാരെ അകറ്റി നിര്‍ത്താന്‍ തീര്‍ച്ചയായും ഈ ചരിത്രങ്ങളൊക്കെ വായിക്കണം. മതത്തെ കുറിച്ച് ആവേശം കൊള്ളാനല്ല. കൊണ്ടും കൊടുത്തും ചേര്‍ത്തു പിടിച്ചും മനുഷ്യര്‍ എങ്ങനെയാണ് ഈ നാട്ടില്‍ ജീവിച്ചു പോന്നത് എന്നറിയാന്‍.
താല്‍ക്കാലിക നേട്ടത്തിന് വേണ്ടി ആ നന്മകളെ ഇല്ലാക്കഥകള്‍ ചമച്ച് മറച്ചു വെക്കുമ്പോള്‍ നമുക്ക് എന്നെന്നേക്കുമായി നഷ്ടപ്പെടുന്നത് എന്താണ് എന്നോര്‍ക്കണം. ഇതൊരു മലപ്പുറത്തിന്റെ കാര്യത്തില്‍ മാത്രമല്ല.
കവാത്തും കസര്‍ത്തും മാത്രം പഠിച്ചാലും പഠിപ്പിച്ചാലും മനുഷ്യരെ തിരിച്ചറിയാന്‍ കഴിയില്ല. അതിന് ഈ നാടിനെ ഇവിടെ ജീവിച്ച മനുഷ്യരെ ഈ മണ്ണിന്റെ ചരിത്രത്തെ അറിയണം. ഇന്നലെകളെ കുറിച്ചുള്ള അറിവ് കൊണ്ടേ മനുഷ്യന് താന്‍ കടന്നുപോന്ന വഴികളെ കുറിച്ചും കടപ്പാടുകളെ കുറിച്ചും മനുഷ്യ ബന്ധങ്ങളെ കുറിച്ചും അറിയാനാവൂ. അപ്പോഴേ ഇടുങ്ങിയ വര്‍ഗീയ ചിന്തകള്‍ മാറ്റി മനുഷ്യന്‍ മനുഷ്യനായി ഉയരൂ. അതില്ലാതാക്കാന്‍ ശ്രമിക്കുന്ന ഏതൊരു ഛിദ്രശക്തികളെയും കരുതിയിരിക്കുക. അത് ഏതു മതത്തിന്റെ പേരില്‍ ആയാലും.
ജീവിതശൈലിയും Malayalam literature, Malayalam Stories, Malayalam Books Online, ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features, Kerala Culture, വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി.