സദാചാരപോലീസിങ്ങിന്‍റെ പുതിയ മുഖമോ? നൈറ്റി ധരിച്ചാല്‍ പിഴ ഒടുക്കേണ്ടി വരുന്നത് എന്തുകൊണ്ട്?

By Web TeamFirst Published Nov 22, 2018, 12:26 PM IST
Highlights

ആന്ധ്രപ്രദേശിലെ തൊകലപ്പള്ളി ഗ്രാമത്തിലെ ഒമ്പതംഗ കൌണ്‍സിലാണ് ഈ നിയമം കൊണ്ടുവന്നത്. ഈ കൌണ്‍സിലാകട്ടെ ഭരിക്കുന്നത് ഒരു വനിതയാണ് എന്നതാണ് വൈരുദ്ധ്യം. സ്ത്രീകളും പെണ്‍കുട്ടികളും രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ നൈറ്റി ധരിക്കരുത് എന്നാണ് കൌണ്‍സിലിന്‍റെ ഓര്‍ഡര്‍. 
 

നൈറ്റി അഥവാ മാക്സി ഇന്ത്യയില്‍‌ ഏറെ പ്രചാരമുള്ള വേഷമാണ്. രാത്രികാലങ്ങളിലും, വീടുകളിലിരിക്കുമ്പോഴും ഏറ്റവും സൌകര്യപ്രദമായി ഉപയോഗിക്കാം എന്നതാണ് നൈറ്റിയെ വളരെ പെട്ടെന്ന് സ്ത്രീകളുടെ ഇഷ്ടവേഷമാക്കിയത്. എന്നാല്‍, ഇന്ത്യയിലെ ഒരു ഗ്രാമത്തില്‍ സ്ത്രീകളും പെണ്‍കുട്ടികളും നൈറ്റിയിട്ട് പുറത്ത് ഇറങ്ങുന്നത് നിരോധിച്ചത് കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ്. 

ആന്ധ്രപ്രദേശിലെ തൊകലപ്പള്ളി ഗ്രാമത്തിലെ ഒമ്പതംഗ കൌണ്‍സിലാണ് ഈ നിയമം കൊണ്ടുവന്നത്. ഈ കൌണ്‍സിലാകട്ടെ ഭരിക്കുന്നത് ഒരു വനിതയാണ് എന്നതാണ് വൈരുദ്ധ്യം. സ്ത്രീകളും പെണ്‍കുട്ടികളും രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ നൈറ്റി ധരിക്കരുത് എന്നാണ് കൌണ്‍സിലിന്‍റെ ഓര്‍ഡര്‍. 

പകല്‍ നൈറ്റി ധരിച്ച് പുറത്തിറങ്ങിയാല്‍ 2000 രൂപ പിഴ അടക്കേണ്ടി വരും. മാത്രമല്ല, ഇങ്ങനെ നൈറ്റി ഉപയോഗിക്കുന്ന ആരെയെങ്കിലും കാണിച്ചു കൊടുക്കുന്നവര്‍ക്ക് പ്രതിഫലമായി 1000 രൂപയും കിട്ടും. ഗ്രാമവാസികള്‍ ഓര്‍ഡര്‍ കൃത്യമായി നടപ്പിലാക്കുന്നുണ്ട്. കാരണം, ഇതുവരെ ഒരാള്‍ക്കുപോലും പിഴയടക്കേണ്ടി വന്നിട്ടില്ല. 

ഗ്രാമത്തിലെ മുതിര്‍ന്നൊരാളായ വിഷ്ണു മൂര്‍ത്തി ബിബിസിയോട് പറഞ്ഞത്, ഈ ഓര്‍ഡര്‍ വരാന്‍ കാരണം സ്ത്രീകള്‍ അവരുടെ ശരീരം കൂടുതല്‍ പ്രദര്‍ശിപ്പിക്കുന്ന വസ്ത്രമാണ് നൈറ്റി. അതുകൊണ്ടാണ് ഓര്‍ഡര്‍ എന്നാണ്. '' വീട്ടില്‍ നൈറ്റി ധരിക്കുന്നതില്‍ കുഴപ്പമില്ല. പക്ഷെ, പുറത്ത് അവ ധരിക്കുന്നത് മറ്റുള്ളവരെ ആകര്‍ഷിക്കും. അത് ധരിക്കുന്നയാള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും '' എന്നാണ് അയാളുടെ പക്ഷം. അതായത്, സ്ത്രീകളുടെ വേഷം കണ്ട് ആരെങ്കിലും അവരെ ഉപദ്രവിച്ചാല്‍ സ്ത്രീകള്‍ക്ക് തന്നെയാണ് അതിന്‍റെ ഉത്തരവാദിത്തം എന്ന്.

ഗ്രാമവാസികളില്‍ പുരുഷന്മാരും, സ്ത്രീകളും ഈ നിയമത്തെ എതിര്‍ക്കുന്നവരുമുണ്ട്. പക്ഷെ, അവരും ഓര്‍ഡര്‍ അനുസരിക്കുകയാണ്. കാരണമായി പറയുന്നത്, 2000 രൂപ പിഴയൊടുക്കേണ്ടി വരും എന്നതാണ്. അത് അവരെ സംബന്ധിച്ച് വലിയ തുകയാണ് എന്നും ഇവര്‍ പറയുന്നു. 

ഇതാദ്യമായല്ല ഇന്ത്യയില്‍ നൈറ്റി സദാചാര പോലീസിങ്ങിന് വിധേയമാകുന്നത്. 2014- ല്‍ മുംബൈയ്ക്കടുത്തൊരു ഗ്രാമത്തില്‍ വനിതകളുടെ ഒരു കൂട്ടം തന്നെ നൈറ്റി ധരിക്കുന്നത് അപമര്യാദയായ പെരുമാറ്റമാണെന്ന് പറഞ്ഞ് രംഗത്ത് വന്നിരുന്നു. നൈറ്റി ധരിക്കുന്നവരില്‍ നിന്നും 500 രൂപ പിഴയൊടുക്കണമെന്നും പറഞ്ഞു. പക്ഷെ, എതിര്‍പ്പിനെ തുടര്‍ന്ന് ഇത് നടപ്പിലായില്ലെന്ന് മാത്രം. 

ഇന്ത്യയിലെ പല ഗ്രാമങ്ങളിലും നൈറ്റി ധരിച്ച് മാര്‍ക്കറ്റില്‍ പോകുന്നവരും, കുട്ടികളെ അടുത്തുള്ള സ്കൂളുകളിലും മറ്റും കൊണ്ടു വിടുന്നവരും, അടുത്തുള്ള വീടുകളില്‍ നൈറ്റി ധരിച്ച് പോകുന്നവരും എല്ലാമുണ്ട്.

ഇത്തരം നിയമങ്ങള്‍ സദാചാര പോലീസിങ്ങിന്‍റെ വ്യത്യസ്തമായ മുഖമായിരിക്കാം. സ്ത്രീകള്‍ എന്ത് ധരിക്കണമെന്ന് ഒരു സംഘം തീരുമാനിക്കുകയും, സ്ത്രീകളുടെ വസ്ത്രധാരണമാണ് പീഡനങ്ങള്‍ക്ക് കാരണമാകുന്നത് എന്നതു പോലെയുള്ള വിചിത്രമായ വാദങ്ങളുയര്‍ത്തുന്നതും ഇത്തരക്കാരായിരിക്കാം.

(കടപ്പാട്:ബിബിസി) 

click me!