
കൊച്ചി: കൊച്ചിയിലെ ഇടപ്പള്ളി സ്വദേശിയായ സാധാരണ വിട്ടമ്മയായിരുന്നു പ്രീത ഷാജി. വാര്‍ത്താ കോളങ്ങളില്‍ ആ പേര് നിറയാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനങ്ങളേറ്റുവാങ്ങി തളര്‍ന്നവശയായി ഇരിക്കുകയാണ് അവര്‍. 1994 ല്‍ സുഹൃത്തിന് രണ്ട് ലക്ഷം രൂപയുടെ ലോണെടുക്കാനായി ജാമ്യം നിന്നതോടെയാണ് പ്രീത ഷാജിയുടെ ജീവിതം മാറി മറിഞ്ഞത്.
തവണ മുടങ്ങിയതോടെ ജാമ്യം നിന്ന പ്രീത ഷാജി അക്ഷരാര്‍ത്ഥത്തില്‍ പ്രതിസന്ധിയിലാകുകയായിരുന്നു. പ്രീതയുടെ വീട് ജപ്തി ചെയ്യാന്‍ ഉത്തരവ് വന്നതോടെയാണ് സർഫാസി നിയമം വലിയശ്രദ്ധയാകര്‍ഷിച്ചത്. വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത് 2002 ല്‍ പാര്‍ലമെന്‍റ് പാസാക്കിയ നിയമത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ ജപ്തി നടപടി.
സെക്യൂരിറ്റൈസേഷൻ ആൻഡ് റീകൺസ്ട്രക്ഷൻ ഓഫ് ഫിനാൻഷ്യൽ അസ്സെറ്റ്സ് ആൻഡ് എൻഫോഴ്സ്മെന്റ് ഓഫ് സെക്യൂരിറ്റീസ് ഇന്ററസ്റ്റ് ആക്ട് എന്നതിന്റെ ചുരുക്കപ്പേരാണ് സർഫാസി. വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ ധനകാര്യ സ്ഥാപനങ്ങൾക്ക് നേരിട്ട് ജപ്തി നടപടികൾ നടത്താനുള്ള അധികാരം സര്‍ഫാസി പ്രദാനം ചെയ്യുന്നു. ജപ്തി നടപടികളിൽ കോടതിയുടെ ഇടപെടൽ സാധ്യമല്ലെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. തിരിച്ചു കിട്ടാത്ത കടങ്ങള്‍ക്ക് മേലുള്ള ആസ്തികളില്‍ ബാങ്കുകൾക്ക് ഏതു നടപടിയും സ്വീകരിക്കാം. കോടതിയുടെ അനുമതി ആവശ്യമില്ല. ആസ്തിയിന്മേൽ ആൾത്താമസമുണ്ടെങ്കിൽ അത് ഒഴിപ്പിക്കാനും ബാങ്കിന് നേരിട്ട് സാധിക്കും.
സര്‍ഫാസി നിയമ പ്രകാരമുള്ള ജപ്തി നടപടിക്കെതിരെ പ്രീത ഷാജി തെരുവിലിറങ്ങിയതോടെയാണ് സംഭവം കേരള ജനതയുടെ ശ്രദ്ധ കൈവരിക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി പ്രീത അനിശ്ചിതകാല നിരാഹാര സമരം നടത്തി. നാട്ടുകാരും പ്രതിഷേധിച്ചതോടെ കേരള സര്‍ക്കാര്‍ തന്നെ ഇവരെ ചര്‍ച്ചയ്ക്ക് വിളിച്ച് പ്രശ്നത്തില്‍ ഇടപെടാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. പ്രീത ഷാജിയുടെ സമരപന്തലിലെത്തിയ ഉമ്മന്‍ചാണ്ടി പിന്നീട് മുഖ്യമന്ത്രി പിണറായിക്ക് മുന്നില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു. സ്വകാര്യ ബാങ്കിന്‍റെ ജപ്തി നടപടിക്കെതിരെ ഇടപെടാമെന്ന ഉറപ്പാണ് മുഖ്യമന്ത്രി നല്‍കിയത്.
എന്നാല്‍ കാര്യങ്ങള്‍ ഒരു വഴിക്കും വെളിച്ചം കണ്ടില്ല. ഓഗസ്റ്റ് മാസം ധനമന്ത്രിയുടെ ചേംബറില്‍ നടത്തിയ ചര്‍ച്ചയില്‍ സമവായ നിര്‍ദ്ദേശങ്ങളുണ്ടായെങ്കിലും ഫലമുണ്ടായില്ല. അതിനിടെ പ്രീത ഷാജിയുടെ സമരം നീതിക്കുവേണ്ടിയുളളതാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനും അഭിപ്രായപ്പെട്ടു. ചര്‍ച്ചകള്‍ പിന്നെയും നടന്നെങ്കിലും കളമശ്ശേരിയിലെ സ്വത്ത് നഷ്ടമാകുമെന്നതിനാല്‍ പ്രീത ഷാജിക്ക് പിന്നോട്ട് പോകാനാകുമായിരുന്നില്ല. രണ്ടര കോടി മൂല്യം വരുന്ന ഇടപ്പള്ളിയിലെ വീടിന് പകരം ആലങ്ങാട് എട്ട് സെന്റ് ഭൂമിയും പഴകിയ വീടും തരാമെന്നതായിരുന്നു റിയൽ എസ്റ്റേറ്റ് കമ്പനി പ്രീതയെ അറിയിച്ചത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിനൊന്നാം തിയതി കേസ് പരിഗണിച്ച ഹൈക്കോടതി വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം അഴിച്ചുവിട്ടിരുന്നു. സര്‍ക്കാര്‍ പ്രീതയുടെ കൂടെയാണെന്ന് പറഞ്ഞിട്ട് എന്ത് സഹായം ചെയ്തെന്ന് കോടതി ചോദിച്ചു. സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ ആകുന്നില്ലെങ്കില്‍ ഇടപെടാന്‍ അറിയാമെന്നും പറഞ്ഞ കോടതി തീരുമാനം അറിയിക്കാനായി സര്‍ക്കാരിന് സമയം നല്‍കി. പക്ഷെ സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന നിലപാട് തന്നെയാണ് ആവര്‍ത്തിക്കപ്പെട്ടത്.
ചര്‍ച്ചകള്‍ പിന്നെയും നടന്നെങ്കിലും തീരുമാനം മാത്രം ഉണ്ടായില്ല. ഒടുവില്‍ ഇന്ന് ഹൈക്കോടതി നിലപാട് കടുപ്പിച്ചിരിക്കുകയാണ്. പ്രീത ഷാജിയോട് 48 മണിക്കൂറിനകം വീട് ഒഴിയണമെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. തൃക്കാക്കര വില്ലേജ് ഓഫീസർ വീടിന്റെ താക്കോൽ ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറണമെന്ന് നിര്‍ദ്ദേശിച്ച ഹൈക്കോടതി ഈ മാസം 24 ന് റിപ്പോർട്ട് നൽകാൻ സ്റ്റേറ്റ് അറ്റോർണിയോടും ആവശ്യപ്പെട്ടു.
പ്രശ്നപരിഹാരത്തിന് പല തവണ അവസരം നൽകിയില്ലേ എന്ന് പ്രീത ഷാജിയോട് ചോദിച്ച കോടതി ജുഡിഷ്യൽ സംവിധാനങ്ങളെ പരിഹസിക്കുകയാണോയെന്നും ചോദിച്ചു. കോടതിയിൽ നിന്ന് ഒരു ആനുകൂല്യവും പ്രീത അർഹിക്കുന്നില്ല. പകരം സ്ഥലം നൽകാമെന്ന് ജപ്തി ചെയ്ത സ്ഥലം വാങ്ങിയ രതീഷ് വാഗ്ദാനം നല്‍കിയിരുന്നു. വേണമെങ്കിൽ ഇത് സ്വീകരിക്കാമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. നിയമപരമായ ഒരു ആനുകൂല്യവും കോടതിയുടെ ഭാഗത്തു നിന്നും പ്രീത ഷാജിക്ക് കിട്ടില്ലെന്ന് ഡിവിഷൻ ബഞ്ചും നേരെത്തെ വ്യക്തമാക്കിയിട്ടുണ്ട്.