നാല് പേരെയും കൊന്നത് ആസ്ട്രല്‍ പ്രൊജക്ഷന്‍ പരീക്ഷിക്കാനെന്ന് കേഡല്‍; എന്താണീ ആസ്ട്രല്‍ പ്രൊജക്ഷന്‍

By Web DeskFirst Published Apr 11, 2017, 10:18 AM IST
Highlights

തിരുവനന്തപുരം: അമ്മയും അച്ഛനും സഹോദരിയുമടക്കം ഒരു കുടുംബത്തിലെ നാല് പേരെ ക്രൂരമായി കൊലപ്പെടുത്തിയ കേഡല്‍ താന്‍ ആസ്ട്രല്‍ പ്രൊജക്ഷന്‍ പരീക്ഷിച്ചതാണെന്നാണ് പൊലീസിന് മൊഴി നല്‍കിയത്. ശരീരത്തില്‍ നിന്ന് ആത്മാവ് വേര്‍പെടുന്നത് കാണാനാണത്രെ ഇത്. വിദേശത്ത് നിന്ന് ആഭിചാര പ്രക്രിയകളില്‍ ആകൃഷ്ടനായ കേഡല്‍ 15 വര്‍ഷത്തോളമായി ആസ്ട്രല്‍ പ്രൊജക്ഷന്‍ പരീക്ഷിക്കുകയായിരുന്നെന്നാണ് ഇന്ന് പൊലീസിനോട് സമ്മതിച്ചത്.

ശരീരം വിട്ട് ആത്മാവ് സഞ്ചരിക്കുന്ന സൂക്ഷ്മ രീതിയെയാണ് അസ്ട്രൽ പ്രൊജക്ഷൻ എന്നു പറയുന്നത്. ഇതിന് ശാസ്ത്രീയമായോ ആധികാരിക മതപരമായോ യാതൊരു അടിസ്ഥാനവുമില്ല. മതിഭ്രമത്തിലോ, ഉന്മത്താവസ്ഥയിലോ ചിലർ ഈ അവസ്ഥ അനുഭവിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഏഴാമത് ചക്രം സഹസ്രാര ഉത്തേജിതമാകുമ്പോൾ മനുഷ്യന് ആസ്ട്രൽ പ്രൊജക്ഷൻ , ആസ്ട്രൽ ട്രാവൽ, ട്രാൻസ്മൈഗ്രേഷൻ എന്നീ കഴിവുകൾ സാധ്യമാണെന്നു പറയപ്പെടുന്നു.

നമ്മുടെ ശരീരത്തിലെ അന്നമയം, പ്രാണമയം എന്നിവ കഴിഞ്ഞുള്ള കാമമയകോശത്തെയാണ് ആസ്ട്രൽ ബോഡി എന്നു പറയുന്നത്. ഉണർന്നിരിക്കുമ്പോൾ ആസ്ട്രൽ ബോഡി ശരീരവുമായി വളരെക്കൂടുതൽ ഒട്ടിയിരിക്കുന്നതുകൊണ്ടാണത്രേ ഭൂരിപക്ഷംപേരും ശരീരബോധമുള്ളവരായി മാത്രം കാണുന്നത്. എന്നാൽ അഗാധ ധ്യാനത്തിലേർപ്പെടുമ്പോൾ ആസ്ട്രൽ ബോഡിയെ ശരീരത്തിൽനിന്നും ഉയർത്തി അതീന്ദ്രീയ സിദ്ധി ഉണർത്തി ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് സഞ്ചരിക്കാൻ കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ അവസ്ഥയിൽ ആസ്ട്രൽ ബോഡികൊണ്ട് കാഴ്ചകൾ കാണാൻ കഴിയുകയും വ്യക്തികളുടെ സൂക്ഷ്മ ശരീരത്തെപ്പോലും കാണാനും കഴിയുമത്രേ. 

പ്രപഞ്ചത്തിന്റെ ഏതു കോണിലേക്കും സഞ്ചരിക്കാനും ബോധപൂർവ്വം കാണാനും കേൾക്കാനും മനസ്സിലാക്കാനും കഴിയുകയും ഇച്ഛാനുസരണം സ്വശരീരത്തിലേക്ക് തിരിച്ചു വരാനും കഴിയുമെന്നും മിസ്റ്റിക്കുകൾ വിശ്വസിക്കുന്നു. നിരന്തര പരിശ്രമം കൊണ്ട് അതീവ ശാന്തമായ അവസ്ഥയിൽ പ്രാപിക്കേണ്ട അവസ്ഥയാണിതെന്നാണ് വിശ്വസിക്കപ്പെടുന്നത്. തെറ്റിദ്ധാരണമൂലമോ, മനോവൈകല്യത്താലോ ആണ് ചിലർ ഇതിനുവേണ്ടി സാത്താൻ സേവയിലെത്തിപ്പെടുന്നതും കുറ്റകൃത്യങ്ങളിലേർപ്പെടുന്നതും.

click me!