Latest Videos

സ്ത്രീകള്‍ ശരീരത്തിന്റെ രാഷ്ട്രീയം പറയുമ്പോള്‍ 'ആണത്തം' എന്തുകൊണ്ടാണ് ആടിയുലയുന്നത്?

By Asha SusanFirst Published Mar 8, 2019, 5:56 PM IST
Highlights

വാത്സ്യായനന്‍ എഴുതിയ കാമസൂത്രയും, രതിയെക്കുറിച്ചു വര്‍ണ്ണിക്കുന്ന മതഗ്രന്ഥങ്ങളുമുള്ള നമ്മുടെ നാട്ടിലാണ് ഒരു പെണ്ണ് സ്വയംഭോഗത്തെയും അതിലൂടെ അവളനുഭവിക്കുന്ന സന്തോഷത്തെയും കുറിച്ച് സോഷ്യല്‍മീഡിയയിലൂടെ പറഞ്ഞപ്പോള്‍ തെറി വിളികള്‍ കൊണ്ടവളെ മൂടിയത്

ചാരിത്ര്യവും, കന്യകാത്വവും അടക്കവും ഒതുക്കവും, കുടുബത്തില്‍ പിറക്കലും തുടങ്ങി ലൈംഗികതയില്‍ സ്ത്രീ എപ്പോഴും സ്വീകര്‍ത്താവ് മാത്രമായിരിക്കണമെന്നു കരുതുന്ന ആണ്‍ സങ്കല്പങ്ങളുടെ മരണമണിയാണ് ഓരോ തുറന്നെഴുത്തുകളും. അത്യാവശ്യം നല്ല ലൈംഗികദാരിദ്ര്യമുള്ള മലയാളി പുരുഷന്‍ അത് വിളിച്ചറിയിച്ച് ആത്മരതി അണയുന്നതായിട്ടേ അതിനടിയില്‍ വരുന്ന തെറിവിളികളെ പരിഗണിക്കേണ്ടതുള്ളൂ.

'ലിംഗസമത്വം നല്ല സമൂഹത്തിനായി' എന്നതു ലോകമെങ്ങും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. തുല്യതാവകാശത്തിനു വേണ്ടിയുള്ള എല്ലാ പോരാട്ടങ്ങളും ചെന്നു നില്‍ക്കുന്നത് ശരീരത്തിന്റെ മേലുള്ള അവകാശത്തിന്‍ മേലായിരിക്കും. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, പതിറ്റാണ്ടുകള്‍ക്കു മുന്നേ ആരംഭിച്ചതാണ്. താഴ്ന്ന ജാതിക്കാരായി മുദ്രകുത്തപ്പെട്ട സ്ത്രീകള്‍ മേല്‍വസ്ത്രം ധരിക്കാനുള്ള അവകാശത്തിനു വേണ്ടി നടത്തിയ ചാന്നാര്‍ ലഹളയും, ജാതീയതയുടെ അടയാളമായ കല്ലുമാല പൊട്ടിച്ചു കുപ്പിച്ചില്ലും കല്ലും ഉപയോഗിച്ചുള്ള മാലയില്‍ നിന്നും പൊന്നും വെള്ളിയും അണിയാനുള്ള അവകാശം നേടിയെടുത്ത കല്ലുമാല ബഹിഷ്‌ക്കരണവുമെല്ലാം ചൂണ്ടിക്കാണിക്കുന്നത് തുല്യതാ ബോധവും നവോത്ഥാനവുമെല്ലാം തുടങ്ങുന്നത് ശരീരത്തിന്റെ മേലുള്ള അവകാശത്തില്‍ നിന്നാണെന്നു വ്യക്തം.

 വാത്സ്യായനന്‍ എഴുതിയ കാമസൂത്രയും, രതിയെക്കുറിച്ചു വര്‍ണ്ണിക്കുന്ന മതഗ്രന്ഥങ്ങളുമുള്ള നമ്മുടെ നാട്ടിലാണ് ഒരു പെണ്ണ് സ്വയംഭോഗത്തെയും അതിലൂടെ അവളനുഭവിക്കുന്ന സന്തോഷത്തെയും കുറിച്ച് സോഷ്യല്‍മീഡിയയിലൂടെ പറഞ്ഞപ്പോള്‍ തെറി വിളികള്‍ കൊണ്ടവളെ മൂടിയത്. പെണ്ണിന്റെ ലൈംഗികതയെക്കുറിച്ച് പെണ്ണു തന്നെ പറയണമെന്ന് പറഞ്ഞതിനാണ് ആണിന്റെ 'ചൂടറിയിക്കാന്‍' എന്നെ ക്ഷണിച്ചതും. പുരുഷാധിപത്യ മണ്ണില്‍ പൊട്ടിമുളച്ച ആണ്‍ബോധ്യങ്ങളും ആണ്‍ ക്രമീകരണങ്ങളുമുള്ള നമ്മുടെ നാടിന്റെ നേര്‍ പ്രതിച്ഛായയായ സോഷ്യല്‍ മീഡിയയില്‍ പെണ്ണൊരുത്തി അവളുടെ ശാരീരിക സുഖത്തെയോ അതിന്റെ ആവശ്യകതയെയോ പറ്റി സംസാരിക്കുമ്പോള്‍ ആ ശബ്ദത്തെ അവന്‍ കാണുന്നത് അവന്റെ ആണത്ത ബോധങ്ങളുടെ കരണത്തേല്‍ക്കുന്ന അടിയായിട്ടാണ്.

ആണ്‍ സങ്കല്പങ്ങളുടെ മരണമണിയാണ് ഓരോ തുറന്നെഴുത്തുകളും.

മലയാളി സമൂഹത്തിന്റ എല്ലാ പുരോഗമന നാട്യങ്ങളുടെയും ഉപരിതലത്തിനു താഴെയും മതത്തിനും ജാതിക്കും രാഷ്ട്രീയത്തിനുമപ്പുറം അപകടകരമാം വിധം പടര്‍ന്നു കിടക്കുന്ന ഒന്നാണ് ആണത്ത പ്രിവിലേജ്. കുടുംബത്തിനകത്തും പുറത്തും, കോടതി മുറകളിലും, പോലീസ് സ്റ്റേഷനിലും, ഹോസ്റ്റലിലും, ക്ലാസ് മുറിയിലും തുടങ്ങി എല്ലാ മേഖലകളിലും പെണ്ണിനു മേല്‍ പ്രയോഗിക്കപ്പെടുന്ന അധികാരങ്ങളുടെയും നിയന്ത്രണങ്ങളുടെയും അടിവേരുകള്‍ കിടക്കുന്നത് പെണ്ണിന്റെ ശരീരത്തിന്മേലും അവളുടെ ലൈംഗികതയെ ചുറ്റിപ്പറ്റിയുമായിരിക്കും. എന്തിനേറെ, കൊട്ടിഘോഷിക്കുന്ന സംസ്‌കാരവും സദാചാര മൂല്യങ്ങളുടെ ആണിക്കല്ല് പോലും സ്ത്രീ ലൈംഗികതയാണ്.

ചാരിത്ര്യവും, കന്യകാത്വവും അടക്കവും ഒതുക്കവും, കുടുബത്തില്‍ പിറക്കലും തുടങ്ങി ലൈംഗികതയില്‍ സ്ത്രീ എപ്പോഴും സ്വീകര്‍ത്താവ് മാത്രമായിരിക്കണമെന്നു കരുതുന്ന ആണ്‍ സങ്കല്പങ്ങളുടെ മരണമണിയാണ് ഓരോ തുറന്നെഴുത്തുകളും. അത്യാവശ്യം നല്ല ലൈംഗികദാരിദ്ര്യമുള്ള മലയാളി പുരുഷന്‍ അത് വിളിച്ചറിയിച്ച് ആത്മരതി അണയുന്നതായിട്ടേ അതിനടിയില്‍ വരുന്ന തെറിവിളികളെ പരിഗണിക്കേണ്ടതുള്ളൂ. സ്വാഭാവികമായ ഒരു ഘട്ടമാണിത്. ശരീരത്തെക്കുറിച്ചും ആനന്ദങ്ങളെക്കുറിച്ചുമുള്ള തുറന്നുപറച്ചിലുകള്‍ കൂടുതല്‍ കൂടുതല്‍ പൊളിറ്റിക്കലായ ഒരു സാചര്യമാണ് സൃഷ്ടിക്കുന്നത്. ആണ്‍കോയ്മയിലധിഷ്ഠിതമായ സ്വന്തം തീര്‍പ്പുകളില്‍നിന്ന് ആണ്‍ലോകത്തിന് കുതറിമാറേണ്ട സാഹചര്യം വരും. എന്നാല്‍, അത് ഒട്ടും എളുപ്പത്തിലാവില്ല. നീണ്ട സമരങ്ങള്‍ ഇതിനു വേണ്ടിവരും. 

ലിംഗധര്‍മ്മങ്ങളാല്‍ ഉണ്ടാക്കപ്പെട്ടിരിക്കുന്ന സമൂഹത്തെ പൂര്‍ണ്ണമായും തച്ചുടച്ചാലേ ലിംഗസമത്വമെന്ന ഒന്ന് നേടിയെടുക്കാനാവൂ. മാറിയ കാലത്തും പാട്രിയാര്‍ക്കല്‍ ബോധ്യങ്ങള്‍ മാറാന്‍ പാടില്ലാത്ത ഒന്നാണെന്ന് കരുതപ്പെടുന്നു. ആ ചിന്തയുടെ മേല്‍ ഉറച്ചുനിന്ന് അതിനെതിരായ എല്ലാ നറേറ്റീവുകളെയും ഏതുവിധവും തച്ചുടയ്ക്കാന്‍ ശ്രമിക്കുന്നു. അവയെ ചോദ്യം ചെയ്യുന്നു, ആക്രമിക്കുന്നു, വ്യക്തിപരമായി അധിക്ഷേപിക്കുന്നു, ഭീഷണിപ്പെടുത്തുന്നു. അടി കൊള്ളുന്നവന്‍ കരഞ്ഞാലേ അടിക്കുന്നതു കൊണ്ട് പ്രയോജനമുള്ളൂ. എത്ര ഉച്ചത്തില്‍ കരയുന്നു എന്നതിനനുസരിച്ചിരിക്കും അടിയുടെ ഗുണവും. അതുകൊണ്ടു പെണ്ണൊരുത്തി ശരീര രാഷ്ടീയം പറയുന്നിടത്തെല്ലാം നിങ്ങളുടെ കരച്ചിലുകള്‍ അവളെ സന്തോഷിപ്പിക്കാന്‍ ഇനിയുമിനിയും ഉണ്ടാവണം.
 
എല്ലാ പുരുഷന്മാര്‍ക്കും വനിതാദിനാ ആശംസകള്‍.

click me!