ഹൈസ്‍കൂള്‍ പൂര്‍ത്തിയാക്കിയത് 43 -ാം വയസ്സില്‍, 64 -ല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ, ചരിത്രം കുറിച്ച് ഗോന്യാമ

By Web TeamFirst Published Jan 31, 2020, 10:32 AM IST
Highlights

ആ കോഴ്സ് പൂർത്തിയാക്കാൻ അവർ 16 വർഷമെടുത്തു. പക്ഷേ, അത് നേടുന്നതുവരെ അവർ പരിശ്രമിച്ചുകൊണ്ടിരുന്നു. ഒരിക്കലും ഒന്നിൻ്റെ പേരിലും അവർ തൻ്റെ സ്വപ്‍നങ്ങള്‍ ഉപേക്ഷിക്കാൻ തയ്യാറായില്ല. 

പഠിക്കാൻ പ്രായം ഒരു തടസ്സമായി പലപ്പോഴും നമ്മൾ കരുതാറുണ്ട്. നാല്‍പ്പതുകളില്‍ ഒന്നുകൂടി സ്‍കൂളില്‍ പോയി പഠിക്കാൻ പറഞ്ഞാൽ എത്ര പേർക്ക് സാധിക്കുമത്? നാണക്കേടും, ബുദ്ധിമുട്ടും ഓർത്ത് നമ്മൾ അതിൽനിന്ന് ഒഴിഞ്ഞുമാറും. എന്നാൽ, വിദ്യാഭ്യാസത്തിൽ പ്രായം ഒരു തടസ്സമേയല്ലെന്നും, ഏത് പ്രായത്തിലും സ്വപ്‍നങ്ങളെ പിന്തുടരാൻ കഴിയുമെന്നും തെളിയിക്കുകയാണ് 64 -ാമത്തെ വയസ്സിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ദേശീയ ഡിപ്ലോമ നേടിയ റാൻ‌ഡേക്ക ഗോന്യാമ.

അങ്ങനെ വളരെ എളുപ്പത്തിൽ കിട്ടിയതല്ല, അവർക്കീ ഡിപ്ലോമ.  സാമ്പത്തിക ബുദ്ധിമുട്ടുകൾ, ചെറുപ്പക്കാരുമൊത്ത് ക്ലാസുകളിൽ ഇരിക്കേണ്ടി വന്നത്, മൊഡ്യൂളുകൾ പരാജയപ്പെട്ടത് തുടങ്ങി നിരവധി പോരായ്മകളെ മറികടന്നിട്ടാണ് അവർ ഈ തിളങ്ങുന്ന വിജയം നേടിയെടുത്തത്. 43 വയസ്സുള്ളപ്പോളാണ് അവർ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പതിനേഴാം വയസ്സിൽ വിവാഹിതയായപ്പോൾ പത്താം ക്ലാസ്സ് പൂർത്തിയാക്കിയശേഷം സ്‌കൂൾ വിടാൻ നിർബന്ധിതയായതാണ് ഗോന്യാമ. നാലുകുട്ടികളുടെ അമ്മയായ ഗോന്യാമ ഇതിന് മുൻപ് ഒരു തുണിക്കടയിലാണ് ജോലി ചെയ്‍തിരുന്നത്. പഠിക്കാനുള്ള ആഗ്രഹം കാരണം 26 വർഷത്തിനുശേഷം വീണ്ടും അവർ ഹൈസ്കൂളിൽ ചേരുകയായിരുന്നു. അവിടെ എല്ലാം തനിക്ക് പുതിയതായിരുന്നുവെന്ന് ഗോന്യാമ പറഞ്ഞു. “എൻ്റെ ഹൃദയം എപ്പോഴും സ്‍കൂളിലായിരുന്നു, എനിക്ക് എന്താണ് വേണ്ടതെന്ന് എനിക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു" അവർ പറഞ്ഞു. 

"ഞാൻ സ്കൂളിൽ ചേർന്നശേഷമുള്ള ആദ്യത്തെ പ്രോഗ്രസ്സ് റിപ്പോർട്ട് ആകെ പരാജയമായിരുന്നു. പക്ഷേ, ഞാൻ ഒരിക്കലും പ്രതീക്ഷ കൈവിട്ടില്ല. തുടക്കത്തിൽ എല്ലാം എനിക്ക് വളരെ ബുദ്ധിമുട്ടായി തോന്നി. എല്ലാം പുതിയതായിരുന്നു. ആദ്യം മുതൽ ആരംഭിക്കുന്ന കുട്ടിയെപ്പോലെയായിരുന്നു ഞാൻ.  മറ്റേതൊരു വിദ്യാർത്ഥിയേയും പോലെ യൂണിഫോം ധരിച്ച് ഒരു ബെഞ്ചിൽ ഞാൻ ഇരിക്കുകയായിരുന്നു, പല പേരുകളും വിളിച്ച് എന്നെ മറ്റ് വിദ്യാർത്ഥികൾ കളിയാക്കുമായിരുന്നു. പക്ഷേ, അതൊന്നും എന്നെ ഒരിക്കലും ബാധിച്ചില്ല” അവർ പറഞ്ഞു. ആദ്യത്തെ പരീക്ഷകളിൽ മാർക്ക് കുറഞ്ഞെങ്കിലും, പിന്നീടുള്ള പരീക്ഷകളിൽ അവർ മാർക്ക് വാങ്ങാൻ തുടങ്ങി. 

തുടക്കത്തിൽ നഴ്‌സാകാൻ ആഗ്രഹിച്ച അവർ നിരവധി നഴ്‌സിംഗ് കോളേജുകളിൽ ശ്രമിച്ചെങ്കിലും, പ്രവേശനം ലഭിച്ചില്ല. ഒടുവിൽ 2003 -ൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാൻ അവര്‍ തീരുമാനിച്ചു. അപേക്ഷ സ്വീകരിക്കപ്പെട്ടു. ആ കോഴ്സ് പൂർത്തിയാക്കാൻ അവർ 16 വർഷമെടുത്തു. പക്ഷേ, അത് നേടുന്നതുവരെ അവർ പരിശ്രമിച്ചു കൊണ്ടേയിരുന്നു. ഒരിക്കലും ഒന്നിൻ്റെ പേരിലും അവർ തൻ്റെ സ്വപ്നങ്ങൾ ഉപേക്ഷിക്കാൻ തയ്യാറായില്ല. 

പ്രവേശനം നേടിയ ശേഷമുള്ള ഏഴു വർഷങ്ങളിൽ സാമ്പത്തിക പ്രതിസന്ധികൾ ഉൾപ്പെടെ നിരവധി വെല്ലുവിളികൾ അവർ നേരിട്ടു. പ്രായവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ, തന്നെക്കാൾ പ്രായം കുറഞ്ഞവരുടെകൂടെ ഇരിക്കേണ്ടി വന്നതിൻ്റെ ബുദ്ധിമുട്ടുകൾ, മുഴുവൻ സമയവും പഠിക്കുമ്പോഴും ഒരു കുടുംബം നടത്തേണ്ടി വന്നതിന്റെ പാട്, ചില മൊഡ്യൂളുകളിൽ പരാജയപ്പെട്ടത് ഇതെല്ലം അവരെ വിഷമിപ്പിച്ചു. ഒടുവിൽ അതിൽനിന്ന് കുറച്ച് നാളത്തേക്ക് അവധി എടുക്കാൻ അവർ തീരുമാനിച്ചു. 2010 -ൽ അവർ പഠനം ഉപേക്ഷിച്ചു.

2017 -ൽ അധ്യാപകർ ഫോണിൽ വിളിച്ച് നാഷണൽ ഡിപ്ലോമയിൽ നിന്ന് അവരെ പുറത്താക്കിയെന്നും, വീണ്ടും രജിസ്റ്റർ ചെയ്യാൻ അവരെ   ഉപദേശിക്കുകയും ചെയ്തു. അവർ വീണ്ടും രജിസ്റ്റർ ചെയ്തു. എന്നാൽ, ആ വർഷം ജൂണിൽ ഗോന്യാമ എല്ലാ വിഷയങ്ങളിലും വിജയിച്ചു. അതൊട്ടും എളുപ്പമുള്ള ഒരു യാത്രയായിരുന്നില്ല. പക്ഷേ, ഇനിയും തന്‍റെ സ്വപ്‍നങ്ങള്‍ പാതിവഴിയിലുപേക്ഷിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. അവരുടെ യോഗ്യത ദക്ഷിണാഫ്രിക്കക്കായി അവർ സമർപ്പിച്ചു.

“ഞാൻ ഇത് രാജ്യമെമ്പാടും കാണിക്കും. ചെറുപ്പക്കാരെ എന്‍റെ വിജയമറിയിക്കാന്‍ ഞാൻ ആഗ്രഹിക്കുന്നു. എത്ര ബുദ്ധിമുട്ടുള്ള കാര്യമായാലും പരിശ്രമം തുടരുക. ആരും ഒരിക്കലും പ്രായമായോ, തീരെ ചെറുപ്പത്തിലോ സ്കൂളിൽ പോകുന്നില്ല. പക്ഷേ, ഞാൻ പോയി. അതിനാൽ നിങ്ങൾക്കും ഇത് കഴിയുമെന്ന് എനിക്കുറപ്പുണ്ട്” അവർ പറയുന്നു. സ്ഥാപനം തനിക്ക് ഒരു ജോലി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നുകൂടി അവർ കൂട്ടിച്ചേർത്തു. 

നമുക്ക് അസാധ്യമായത് ഒന്നും തന്നെ ഇല്ല. കഠിനമായ പരിശ്രമവും, തളരാത്ത മനസ്സും ഉണ്ടെങ്കിൽ, ലോകം തന്നെ കീഴടക്കാം എന്ന് സ്വന്തം ജീവിതത്തിലൂടെ ഗോന്യാമ തെളിയിക്കുന്നു. 

നമ്മുടെ കൂടെ പഠിച്ചിരുന്നവരില്‍ മിടുക്കരായ പെണ്‍കുട്ടികള്‍ക്കുപോലും പാതിവഴിയില്‍ പഠനവും സ്വപ്‍നവുമെല്ലാം ഉപേക്ഷിച്ച് ചിലപ്പോള്‍ ഏതെങ്കിലും വീടിന്‍റെ അടുക്കളയിലൊതുങ്ങേണ്ടി വരാറുണ്ട്. അവര്‍ക്ക് 17 -ാമത്തെ വയസ്സില്‍ വിവാഹിതയായ, നാല് കുട്ടികളുടെ അമ്മയായ, നല്ല സാമ്പത്തികസ്ഥിതി ഇല്ലാതിരുന്ന, കളിയാക്കലുകള്‍ കേട്ട് നാല്‍പത് വയസ്സിനുശേഷവും ക്ലാസിലിരുന്ന ഇവരെ മാതൃകയാക്കാം. പാതിവഴിയിലുപേക്ഷിക്കപ്പെട്ട സ്വപ്‍നങ്ങള്‍ തിരിച്ചെടുക്കണം. ജീവിതം ഒരിക്കലേയുള്ളൂ, നമ്മുടെ സ്വപ്‍നങ്ങള്‍ക്കുപിറകെ പോയില്ലെങ്കില്‍ ആ ജീവിതത്തിന് എന്താണൊരു രസമുള്ളത്? 

click me!