അന്ന് കഞ്ചാവിന് അടിമ, ജയില്‍ പുള്ളി; ഇന്ന് ഫുട്ബോള്‍ പ്ലയര്‍

Published : Jul 25, 2018, 04:19 PM ISTUpdated : Jul 27, 2018, 06:25 PM IST
അന്ന് കഞ്ചാവിന് അടിമ, ജയില്‍ പുള്ളി; ഇന്ന് ഫുട്ബോള്‍ പ്ലയര്‍

Synopsis

പതിനഞ്ചാമത്തെ വയസില്‍ കഞ്ചാവുപയോഗിച്ചു തുടങ്ങി പത്തൊമ്പതാമത്തെ വയസില്‍ ഹെറോയിന്‍ ഇരുപത്തിയൊന്നാമത്തെ വയസില്‍ ജയിലില്‍ ഇന്നത്തെ മാറ്റം അദ്ഭുതമാണ്

ഡീ സാന്‍സം എന്ന മുപ്പത്തിയെട്ടുകാരി ഒരുകാലത്ത് കഞ്ചാവിന് അടിമയായിരുന്നു. ചെറുപ്പത്തില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു, ഒരു ദിവസം അമ്മ രണ്ടാനച്ഛനാല്‍ കൊല്ലപ്പെട്ടു. അതവളെ കഞ്ചാവിന് അടിമയാക്കി, ജയിലില്‍ കയറ്റി. പോകാന്‍ വീടോ, വീട്ടുകാരോ ഇല്ലായിരുന്നു.  പക്ഷെ, ഇന്നവള്‍ രാജ്യത്തിനായി കളിച്ച ഒരു 
ഫുട്ബോള്‍ പ്ലെയറാണ്. ഒറ്റ ബോള്‍ കൊണ്ട് അവളുടെ ജീവിതത്തിനുണ്ടായ മാറ്റം അവിശ്വസനീയമാണ്. 

സൌത്ത് വെയില്‍സിലുള്ള ഡീ, പീഡിപ്പിക്കപ്പെടുന്നത് വളരെ അടുപ്പമുള്ള ഒരാളില്‍ നിന്നാണ്.  ആ ആഘാതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അവള്‍ പുകവലി തുടങ്ങി. പതിനഞ്ചാമത്തെ വയസില്‍ അത് കഞ്ചാവായി മാറി. ഹെറോയിന്‍ ഉപയോഗിക്കുന്നതിന് പണം കണ്ടെത്താന്‍ നടത്തിയ തട്ടിപ്പുകളെ പിന്തുടര്‍ന്ന് ഇരുപത്തിയൊന്നാമത്തെ വയസില്‍ അവള്‍ ജയിലിലുമായി. ഒരു വര്‍ഷത്തിന് ശേഷമാണ് അവള്‍ ജയില്‍ മോചിതയായത്. ജയിലില്‍ നിന്നിറങ്ങി കുറച്ച് ദിവസങ്ങള്‍ക്കു ശേഷം അവളുടെ അമ്മ കൊല്ലപ്പെട്ടു. രണ്ടാനച്ഛനായിരുന്നു കൊലയ്ക്ക് പിന്നില്‍. മുപ്പത്തിനാലാമത്തെ വയസില്‍ അവള്‍ക്ക് അമ്മയും വീടും  ഇല്ലാതായി. 

'സ്ട്രീറ്റ് വെയില്‍സ് ഫുട്ബോളി'നെ കുറിച്ചറിഞ്ഞതോടെയാണ് ഡീയുടെ ജീവിതം തന്നെ മാറിയത്. വീടില്ലാത്തവരുടെയും മറ്റും ജീവിതത്തിന് കായികരംഗത്തിലൂടെ  ദിശാബോധമുണ്ടാക്കുന്നതിനുള്ള സന്നദ്ധ സംഘടനയായിരുന്നു അത്. അതില്‍ ചേര്‍ന്ന് നാല് വര്‍ഷം കഴിഞ്ഞപ്പോള്‍ 'വെയില്‍സ് വിമന്‍സ് വാരിയേഴ്സ് നാഷണല്‍ ഫുട്ബോളി'ലെ ഒരു കളിക്കാരിയായി മാറി അവള്‍. അങ്ങനെ നോര്‍വേയില്‍ നടന്ന ഹോം ലെസ്സ് വേള്‍ഡ് കപ്പില്‍ പങ്കെടുത്തു. ഓസ്ട്രിയയില്‍ കഴിഞ്ഞ മാസം നടത്തിയ യൂറോപ്യന്‍ ചാമ്പ്യന്‍സിലും അവളുടെ ടീം കിരീടമണിഞ്ഞു. 

തന്‍റെ ജീവിതം മാറ്റിയതിന് അവള്‍ നന്ദി പറയുന്നത് ഫുട്ബോളിനോടാണ്. ഹോളിവുഡ് ആക്ടര്‍ മൈക്കല്‍ ഷീനുമായുള്ള സൌഹൃദത്തിനോടാണ്. അദ്ദേഹമാണ് ആ സന്നദ്ധ സംഘടനയുടെ രക്ഷാധികാരി. 

ജീവിതം മാറിയതിങ്ങനെ

ആരാണ് തന്നെ പീഡിപ്പിച്ചതെന്ന് അവളൊരിക്കലും ആരോടും പറഞ്ഞിരുന്നില്ല. കുഞ്ഞായിരുന്നപ്പോള്‍ താന്‍ എല്ലാവരേയും സ്നേഹിക്കുമായിരുന്നുവെന്നും അതായിരിക്കാം തനിക്കിങ്ങനെ സംഭവിച്ചതെന്നുമാണ് ഡീ പറയുന്നത്. അന്നൊക്കെ സംഭവിച്ചത് തന്‍റെ കുറ്റം കൊണ്ടാണെന്നാണ് ഡീ കരുതിയിരുന്നത്. എന്നാലിന്ന് അതിനൊന്നും കാരണക്കാരി താനല്ലെന്ന് തനിക്കറിയാമെന്ന് ഡീ പറയുന്നു. 

പതിനഞ്ചാമത്തെ വയസില്‍ കഞ്ചാവ് ഉപയോഗിച്ചു തുടങ്ങി. പത്തൊമ്പതാമത്തെ വയസിലാണ് ആദ്യമായി ഹെറോയിന്‍ ഉപയോഗിക്കുന്നത്. അതിനുള്ള പണം കണ്ടെത്താന്‍ പല കള്ളങ്ങളും കാണിച്ചു. അങ്ങനെയാണ് ജയിലിലായത്. 

ഇപ്പോള്‍ മയക്കുമരുന്നില്‍ അഭയം കണ്ടെത്തുന്നവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണ് ഡീ. 

ഇരുപത്തിരണ്ടാമത്തെ വയസില്‍ ജയിലില്‍ നിന്നിറങ്ങിയ ഉടനെ ഇനിയൊരു പുതിയ തുടക്കമെന്നാണ് ഡീ കരുതിയത്. പക്ഷെ, അമ്മയുടെ കൊലപാതകം അവളെ തളര്‍ത്തി. രണ്ട് ഹാമ്മറുകളുപയോഗിച്ചാണ് രണ്ടാനച്ഛന്‍ അമ്മയെ കൊലപ്പെടുത്തിയത്. അവള്‍ക്ക് ഏറെ പ്രിയപ്പെട്ട അമ്മയുടെ മരണം അവളെ തളര്‍ത്തി. അമ്മയോട് കലഹിക്കുമെന്നതൊഴിച്ചാല്‍ രണ്ടാനച്ഛന് തന്നോട് ഇഷ്ടക്കുറവൊന്നുമില്ലായിരുന്നുവെന്നും ഡീ ഓര്‍ക്കുന്നുണ്ട്. 

അമ്മയുടെ മരണത്തോടെ ഡീ വീണ്ടും മയക്കുമരുന്ന് ഉപയോഗവും കടത്തും തുടങ്ങി. അതവളെ വീണ്ടും ജയിലിലാക്കി. 2011 ല്‍ അവള്‍ വീണ്ടും ജയിലിലായി. 2014ല്‍ ജയിലില്‍ നിന്നും ഇറങ്ങിയപ്പോഴേക്കും അവള്‍ക്ക് വീട് നഷ്ടമായിരുന്നു. അങ്ങനെ അവള്‍ ഹോസ്റ്റലില്‍ നിന്നും ഹോസ്റ്റലിലേക്ക് മാറിപ്പോയിത്തുടങ്ങി. അതിനിടയില്‍ പെട്ടെന്ന് പരിചയപ്പെടേണ്ടി വന്ന കുറച്ച് സുഹൃത്തുക്കളാണ് അവളുടെ പുതിയ ജീവിതം തുടങ്ങുന്നതിന് തുടക്കമിട്ടത്. ഡീ അതിനെ കുറിച്ച് പറയുന്നത്, 'എല്ലാം ഒരു പിസയിലാണ് തുടങ്ങിയതെ'ന്നാണ്. ഒരു ഗ്രൂപ്പ് ഡിന്നറിലാണ് അവര്‍ പരിചയപ്പെട്ടത്. അങ്ങനെ 'കിക്ക് സം ബോള്‍സ്' (kick some balls)എന്ന സ്ട്രീറ്റ് ഫുട്ബോള്‍ വെയില്‍സിന്‍റെ പുതിയ സംരംഭത്തെ കുറിച്ച് ഡീ കേള്‍ക്കുന്നു. 

അതുവരെ അവള്‍ ഒരു ബോളുപോലും തട്ടിയിരുന്നില്ല. പക്ഷെ, ടീമില്‍ ഓരോരുത്തരും അവളെ പ്രോത്സാഹിപ്പിച്ചു. ആദ്യമൊക്കെ അഞ്ച് മിനിട്ടില്‍ കൂടുതല്‍ അവള്‍ക്ക് ഓടാനാകുമായിരുന്നില്ല. അവളൊട്ടും മിടുക്കിയായിരുന്നില്ല എന്നിട്ടും ഓരോരുത്തരും അവളോട് കൊള്ളാമെന്ന് പറഞ്ഞു. എത്ര വയ്യാതിരുന്നിട്ടും അവള്‍ ബോളിനു പിറകെ ഓടി. കഠിനമായ പരിശീലനം അവളെ ഉടച്ചുവാര്‍ത്തു. അവളെ കരുത്തുറ്റവളാക്കി. അങ്ങനെ അവള്‍ നോര്‍വേയില്‍ നടന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. പിന്നീട് ഓസ്ട്രിയയില്‍ നടന്ന മത്സരത്തിലും. 

'ഒറ്റ രാത്രികൊണ്ട് എല്ലാം നഷ്ടപ്പെട്ടവളാണ് ഞാന്‍. ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു എന്നെ തിരികെ ലഭിക്കാന്‍' ഡീ പറയുന്നു. 'ഒരിക്കലും കരുതിയില്ല ഇങ്ങനെ ജീവിതം മാറുമെന്ന്. ഫുട്ബോള്‍ തനിക്ക് ജീവിതം തിരിച്ചുതന്നു.ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍, കരുത്തുള്ളവളാവാന്‍ ഒക്കെ സഹായിച്ചു. ടീം വര്‍ക്കിനും സൌഹൃദത്തിനും തന്നെ സഹായിച്ചു. എന്‍റ ജീവിതത്തില്‍ വസന്തം കൊണ്ടുവന്നതുതന്നെ ഫുട്ബോളാണ്' എന്നും ഡീ പറയുന്നു.

PREV

ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features  വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ 

മാത്രം

 

click me!

Recommended Stories

40,000 രൂപയുടെ ഇന്ത്യൻ ഭക്ഷണം പരിചയപ്പെടുത്തി യുവാവ്; എന്താണിതിനിത്ര പ്രത്യേകത?
കൈകൂപ്പി കണ്ണടച്ച് പ്രാർത്ഥനാ​ഗീതത്തിനൊപ്പം കുഞ്ഞന്റെ നൃത്തം, മനസ് നിറഞ്ഞ് നെറ്റിസൺസ്, വീഡിയോ