ബിഗ് ബോസ് മല്‍സരാര്‍ത്ഥികളുടെ ഒരു മാസം; എങ്ങനെയുണ്ട് അവര്‍?

By സുനിതാ ദേവദാസ്First Published Jul 25, 2018, 3:14 PM IST
Highlights
  • ഒരു മാസത്തെ ബിഗ് ബോസ്.
  • ഓരോരുത്തരുടെയും സമ്പൂര്‍ണ്ണ റിവ്യൂ.
  • സുനിതാ ദേവദാസ് എഴുതുന്നു
     

ബിഗ് ബോസ് ഒരു മാസം പൂര്‍ത്തിയാക്കുമ്പോള്‍ ബിഗ് ബോസ് വീട്ടില്‍ ജീവിച്ചവരുടെ പ്രകടനങ്ങള്‍ വിലയിരുത്തിയാല്‍ എങ്ങനെയുണ്ടാവും? ബിഗ് ബോസ് വീട്ടില്‍ ഇക്കാലത്തിനുള്ളില്‍ മല്‍സരാര്‍ത്ഥികള്‍ക്ക് വന്ന മാറ്റങ്ങന്തൈാക്കെ? ഇക്കാര്യമാണ്  ഇവിടെ അന്വേഷിക്കുന്നത്. 

ബിഗ് ബോസ്: കണ്ടതും  കാണാനിരിക്കുന്നതും

ഒരു മനുഷ്യന്റെ ശീലം മാറാന്‍ തുടങ്ങാന്‍ 21 ദിവസം എങ്കിലും കുറഞ്ഞത് എടുക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒരു ശീലം മാറുക എന്ന് വച്ചാല്‍ മറ്റൊരു പുതിയ ശീലം ഉണ്ടാവുക എന്നാണ്. ശീലങ്ങള്‍ പൂര്‍ണമായും മാറാന്‍ ആറു മാസമെടുക്കുമത്രേ.

ബിഗ് ബോസ് മത്സരാര്‍ത്ഥികളെ വച്ച് നോക്കിയാല്‍ ഈ പഠനത്തില്‍ കാര്യമുണ്ടെന്നു കാണാം. ആദ്യ മൂന്നാഴ്ചകളില്‍ എല്ലാവരും ഒരു പരിധി വരെ കാമറ കോണ്‍ഷ്യസ് ആയിരുന്നു. ഗെയിമില്‍ വന്നിരിക്കുകയാണ്, പ്രേക്ഷകര്‍ കാണുന്നുണ്ട് എന്ന ബോധമൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ നാലാം വാരം മുതല്‍ എല്ലാവരിലും മാറ്റങ്ങള്‍ കണ്ടു തുടങ്ങി . 

ഏറ്റവും പ്രകടമായ മാറ്റമുണ്ടായത് പേളിക്കാണ്. ആദ്യ മൂന്നാഴ്ച കരഞ്ഞും പിഴിഞ്ഞും ഒഴിഞ്ഞു മാറിയും ഇരുന്ന പേളി നാലാം വാരം ഉയര്‍ത്തെണീറ്റു . രഞ്ജിനിയുമായി വീട് കിടുക്കുന്ന അടിയുണ്ടാക്കി. ക്യാപ്റ്റനായി. സുരേഷുമായി മാത്രമായിരുന്നു മൂന്നാഴ്ചയും കൂട്ട്. നാലാം വാരത്തില്‍  ശ്രീനിഷുമായി കൂട്ടായി. പേളിയുടെ പെട്ടന്നുള്ള മാറ്റം പ്രേക്ഷകരിലും കൂടെയുള്ള മത്സരാര്‍ത്ഥികളിലും ആശങ്കയും അങ്കലാപ്പും വരെ ഉണ്ടാക്കുന്നുണ്ട്. പേളി ശ്രീനിഷുമായി പ്രണയത്തിലാണോ എന്ന് വീട്ടിലെ ഓരോരുത്തരും പരസ്പരം ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു. 

ഇത്ര പ്രകടമല്ലെങ്കിലും എല്ലാവരിലും ഈ മാറ്റം പ്രകടമാണ്. എല്ലാവര്‍ക്കും വന്ന മാറ്റം എത്രത്തോളമാണെന്നു നമുക്കൊന്ന് വിലയിരുത്തിയാലോ?
ഒരു മാസത്തെ ബിഗ് ബോസ് ജീവിതം അടിസ്ഥാനമാക്കിയാണ് പ്രേക്ഷക എന്ന നിലയ്ക്കുള്ള ഈ വിലയിരുത്തല്‍. സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന അഭിപ്രായങ്ങളും വ്യത്യസ്തമായ അഭിപ്രായങ്ങള്‍ പങ്കുവെച്ച വിവിധ തലങ്ങളിലുള്ള പ്രേക്ഷകരില്‍ ചിലരുമായുള്ള ചര്‍ച്ചകളും വ്യക്തിപരമായ അഭിപ്രായങ്ങളുമാണ് ഈ വിലയിരുത്തലിന്റെ അടിസ്ഥാനം. എലിമിനേഷിനലൂടെ പുറത്തുപോയവരെ ഇതില്‍ പരിഗണിച്ചിട്ടില്ല. 

വരും ആഴ്ചകളില്‍ ഈ വിലയിരുത്തലിലും ഗ്രാഫിന്റെ നിലയിലും മാറ്റമുണ്ടാകാം. ഉണ്ടാകണം . അപ്രതീക്ഷിതമായ ട്വിസ്റ്റുകളും പരീക്ഷണ മുഹൂര്‍ത്തങ്ങളും കളിയില്‍ നിറയുമ്പോള്‍ ഇവരൊരുത്തരും എങ്ങനെ പെരുമാറും, മറ്റുള്ളവരെ എങ്ങനെ പരിഗണിക്കും എന്നൊക്കെ അറിയാന്‍ കാത്തിരിക്കുന്നു. മനുഷ്യരെ നിരീക്ഷിക്കുന്നതിനേക്കാള്‍ രസകരമായ ഹോബി മറ്റെന്താണുള്ളത്? ബിഗ് ബോസ് കുറച്ചു മനുഷ്യരെ പിടിച്ചു കണ്ണാടിക്കൂട്ടില്‍ പൂട്ടിയിട്ടു തന്നത് കൊണ്ട് നിരീക്ഷണവും വിലയിരുത്തലും വല്യ അധ്വാനമില്ലാതെ നടക്കുന്നു. അത് തന്നെയാണ് ഈ കളിയുടെ ത്രില്ലും. 

രഞ്ജിനി ഹരിദാസ്
ചൂടുള്ള എണ്ണയിലേക്ക് ഒരു പിടി കടുക് വാരിയിട്ട പോലെയാണ് രഞ്ജിനി. പാദങ്ങള്‍ക്ക് താഴെ സ്പ്രിങ് ഒക്കെ ഉള്ള പോലെ എനര്‍ജിയുടെ ഒരു മരം. രഞ്ജിനിയെ എല്ലാവര്‍ക്കും അറിയാമെങ്കിലും അങ്ങനൊരു വലിയ ഫാന്‍ ബേസ് ഒന്നും രഞ്ജിനിക്കില്ല. രഞ്ജിനി എന്നാല്‍ ഒരു ഫെമിനിസ്റ്റ് എന്ന മട്ടിലൊക്കെ ആണ്  സാധാരണ പ്രേക്ഷകരില്‍ പലരും കരുതിയിരുന്നത്. എന്നാല്‍ ബിഗ് ബോസില്‍ രഞ്ജിനി തന്റെ ശക്തിയും ദൗര്‍ബല്യവും തുറന്നു കാണിച്ചു കൊണ്ടുള്ള ഒരു പ്രകടനമാണ് കാഴ്ച വച്ചത്. രഞ്ജിനിക്ക് അലറാനും അട്ടഹസിക്കാനുമൊക്കെ മലയാളികള്‍ ലൈസെന്‍സ് കൊടുത്തിട്ടുണ്ട്. അത് കൊണ്ട് തന്നെ രഞ്ജിനിയുടെ ഒരു പ്രകടനവും ആളുകളില്‍ ഒരത്ഭുതവും ഉണ്ടാക്കിയില്ല. മറിച്ചു രഞ്ജിനിയെ കുറെ പേര്‍ പുതുതായി ഇഷ്ടപ്പെടാന്‍ തുടങ്ങി. കീരിയും പാമ്പുമായി അകത്തേക്ക് പോയ സാബു പോലും രഞ്ജിനിയെ കുറിച്ച് 'ഇത്രയും ഫ്രെജൈല്‍ ആയ സ്ത്രീ' എന്ന് പറഞ്ഞു. 

പ്ലസ് പോയിന്റുകള്‍

  • കാര്യങ്ങള്‍ ചെയ്തു പൂര്‍ത്തിയാക്കാനുള്ള ദൃഢനിശ്ചയം.
  • ടാസ്‌ക്ക് പൂര്‍ത്തിയാക്കാന്‍ എടുക്കുന്ന കഠിനാധ്വാനം.
  • ദ്രുതഗതിയില്‍ തീരുമാനം എടുക്കാനുള്ള കഴിവ്.
  • ആരെയും കൂസാതെ എന്തും പറയാനും ചെയ്യാനുള്ള മന:സാന്നിധ്യം. 

മൈനസ് പോയിന്റുകള്‍

  • വികാരവിക്ഷോഭത്തെ നിയന്ത്രിക്കാന്‍ കഴിയായ്ക.
  • ആവശ്യത്തിലേറെ ശബ്ദമെടുത്തുള്ള സംസാരം.
  • ശ്വേതയുമായി കൂട്ടുചേര്‍ന്നുള്ള കുതന്ത്രങ്ങള്‍.

വിലയിരുത്തല്‍: ശക്തയായ മത്സരാര്‍ത്ഥി 

സാബുമോന്‍ 
ബിഗ് ബോസ്സിനകത്ത് മിതവാദി, പുറത്തു തീവ്രവാദി എന്ന നിലയില്‍ രണ്ടു വ്യക്തിത്വങ്ങള്‍ ചേര്‍ന്നതാണ് സാബു. ബിഗ് ബോസ് തുടങ്ങുമ്പോള്‍ ഏറ്റവും കൂടുതല്‍ ശത്രുക്കളുണ്ടായിരുന്ന മല്‍സരാര്‍ത്ഥി സാബു മോനായിരുന്നു. പലതായിരുന്നു അതിനു കാരണങ്ങള്‍. ഫേസ്ബുക്കിലെ സാബുവിന്റെ ഇടപെടലുകളായിരുന്നു മുഖ്യ കാരണം. സോഷ്യല്‍ മീഡിയയിലെ ബി.ജെ.പി സാന്നിധ്യമായ ലസിത പാലയ്ക്കലിനെ ഫേസ്ബുക്കില്‍ വ്യക്തിഹത്യ ചെയ്തു എന്ന ആരോപണമായിരുന്നു അതില്‍ പ്രധാനം. ബി ജെ പിയുടെ സൈബര്‍ വിംഗ് തന്നെ സാബുവിന് എതിരായി ശക്തമായി രംഗത്തുവന്നിരുന്നു. രഞ്ജിനിയെ മുമ്പ്  തെറി വിളിച്ചത് ബിഗ് ബോസിനകത്തു തന്നെ ചര്‍ച്ചയായിരുന്നു. രഞ്ജിനി ഇക്കാര്യം സാബുവിനോട് ചോദിക്കുകയും മാപ്പ് പറയാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആദ്യ ദിനങ്ങളില്‍ ബിഗ് ബോസില്‍ പരിതാപകരമായിരുന്നു സാബുവിന്റെ അവസ്ഥ . 

എന്നാല്‍ ഒരാഴ്ച കൊണ്ട് കാര്യങ്ങള്‍ മാറി മറിഞ്ഞു. സാബുവിന്റെ നിലപാടിലെ തെളിച്ചവും വീണ്ടു വിചാരവും മര്യാദയും ഒരു മത്സരാര്‍ത്ഥി എന്ന നിലയിലുള്ള ബുദ്ധിപൂര്‍വമായ പെരുമാറ്റവും വളരെ പെട്ടന്ന് സാബുവിനെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കി മാറ്റി. ബിഗ് ബോസ് വീട്ടില്‍ കൂടെയുള്ളവരും സാബുവിനെ ഇഷ്ടപ്പെട്ടു തുടങ്ങി. 

പ്ലസ് പോയിന്റുകള്‍

  • സമചിത്തത
  • വികാരത്തിന് അടിമപ്പെടാതെ വിവേകത്തോടെയുള്ള പെരുമാറ്റം
  • കൂടെയുള്ളവരോടുള്ള പരിഗണനയോടുള്ള പെരുമാറ്റം 
  • ടാസ്‌ക്കുകളില്‍ കാണിക്കുന്ന ഉത്തരവാദിത്തം
  • നല്ല ടീം പ്ലെയര്‍. 
  • ബുദ്ധിപരവും തന്ത്രപരവുമായ ഇടപെടലുകള്‍.  

മൈനസ് പോയിന്റുകള്‍

  • സ്ത്രീപക്ഷ നിലപാടുകളിലെ യാഥാസ്ഥിതിക കാഴ്ചപ്പാട്
  • സൗഹൃദങ്ങള്‍ക്ക് മുന്നില്‍ ഗെയിം മറക്കുന്നത് ( ഉദാഹരണം ഒരു ടാസ്‌ക്കില്‍ അനൂപ് ചന്ദ്രന്‍ ബന്ധം മുതലാക്കി പൈസ മുഴുവന്‍ കൈക്കലാക്കിയപ്പോള്‍ സാബു നിശ്ശബ്ദനായിരുന്നു) 

വിലയിരുത്തല്‍: ശക്തനായ മത്സരാര്‍ത്ഥി


അര്‍ച്ചന സുശീലന്‍ 
ആടാനും പാടാനും പാചകം ചെയ്യാനും തന്ത്രങ്ങള്‍ മെനയാനും അര്‍ച്ചന റെഡിയാണ്. മികച്ച സീരിയല്‍ നടി  എന്നതിനപ്പുറം അര്‍ച്ചനയെ മലയാളികള്‍ക്ക് അടുത്ത് പരിചയമൊന്നുമുണ്ടായിരുന്നില്ല. അര്‍ച്ചന സീരിയലുകളില്‍ ചെയ്തതില്‍ ജനശ്രദ്ധ പിടിച്ചു പറ്റിയ പല വേഷവും വില്ലന്‍ വേഷങ്ങളും ആയിരുന്നു. അതിനാല്‍ അര്‍ച്ചനയെ കുറിച്ച് പലര്‍ക്കും മുന്‍ധാരണകള്‍ ഉണ്ടായിരുന്നു. 

എന്നാല്‍ ബിഗ് ബോസ് വീട്ടിലെ അര്‍ച്ചന അതിമിടുക്കിയായ, ബുദ്ധിപരമായി കളിക്കാനും നില്‍ക്കാനും അറിയുന്ന മറ്റൊരാളായിരുന്നു. അര്‍ച്ചന ഓടി നടന്നു പണിയെടുക്കുകയും എല്ലാ വിഷയത്തിലും സ്വന്തം നിലപാട് പറയുകയും എന്നാല്‍ പരിക്കൊന്നും പറ്റാതെ രക്ഷപ്പെടുകയും ചെയ്യുന്നതാണ് ഗെയിമില്‍ കാണുന്നത്. വീട്ടില്‍ നടക്കുന്ന എല്ലാ കാര്യങ്ങളിലും കൃത്യമായ നിലപാടും അഭിപ്രായവും ഉണ്ട് എന്നതാണ് അര്‍ച്ചനയുടെ പ്രത്യേകത. അതിനു പുറമെ അവിടെയുള്ള ഏത് മത്സരാര്‍ത്ഥിയോടും പിടിച്ചു നില്‍ക്കാനുള്ള ബുദ്ധിയും ക്ഷമയും പക്വതയും കഴിവും അര്‍ച്ചനക്കുണ്ട്. 

പ്ലസ് പോയിന്റുകള്‍

  • ഏത് വിഷയത്തിലും അഭിപ്രായം വെട്ടി തുറന്നു പറയും.
  • ഏല്‍പ്പിക്കുന്ന ജോലികള്‍ ഭംഗിയായി ചെയ്യും.
  • അനാവശ്യമായി ശത്രുക്കളെയും മിത്രങ്ങളെയും ഉണ്ടാക്കുന്നില്ല.
  • വിഷയങ്ങളെ സമചിത്തതയോടെ വിലയിരുത്തുന്നു.
  • പ്ലാന്‍ ചെയ്തു കളിക്കുന്നു . 

മൈനസ്  പോയിന്റുകള്‍

  • ദീപന്‍ പോകുന്നത് വരെ അര്‍ച്ചന ദീപനില്‍ ഒതുങ്ങി നിന്നു
  • മലയാളത്തില്‍ കാര്യങ്ങള്‍ പറഞ്ഞു ഫലിപ്പിക്കുന്നതിലുള്ള ബുദ്ധിമുട്ട് 

വിലയിരുത്തല്‍: മികച്ച മത്സരാര്‍ത്ഥി
 

പേളി മാണി
പുറത്ത് മോട്ടിവേഷണല്‍ സ്പീക്കറും അകത്ത് അരക്ഷിതയുമായ പെണ്‍കുട്ടി. ബിഗ് ബോസില്‍ വന്നവരില്‍ ഏറ്റവും കൂടുതല്‍ ഫാന്‍സുള്ള താരമായിരുന്നു പേളി. ടെലിവിഷന്‍ അവതാരക എന്ന നിലയിലും മോട്ടിവേഷണല്‍ സ്പീക്കര്‍ എന്ന നിലയിലുമുള്ള പേളിയുടെ പ്രകടനം കണ്ടുണ്ടായ ആരാധകരായിരുന്നു മുഴുവന്‍. എന്നാല്‍ ബിഗ് ബോസ് വീട്ടില്‍ ആദ്യ മൂന്നാഴ്ചയും പേളി മറ്റൊരു പേളിയായിരുന്നു. കരച്ചില്‍, ഒതുങ്ങിക്കൂടല്‍, ചിലരില്‍ ആശ്വാസം കണ്ടെത്തല്‍, പൊട്ടിത്തെറി തുടങ്ങിയ ബലഹീനതകളാണ് മുഴച്ചുനിന്നത്. യഥാര്‍ത്ഥ പേളി ആരെന്ന് പ്രേക്ഷകര്‍ കണ്ടു. പേളി എത്ര ദുര്‍ബലയാണെന്നും അഭിപ്രായങ്ങളുയര്‍ന്നു. 

എന്നാല്‍ നാലാം വരമായപ്പോഴേക്കും പേളിയില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. എല്ലാവരോടും കൂട്ട് കൂടാനും പ്ലാന്‍ ചെയ്തു കളിക്കാനും ഗ്രൂപ്പ് ഉണ്ടാക്കാനും ഒക്കെ പേളി ഇപ്പൊ തുടങ്ങി  ബിഗ് ബോസ് വീട്ടിലെ ഏറ്റവും സങ്കീര്‍ണമായ സ്വഭാവ സവിശേഷതകളുള്ള വ്യക്തിയാണ് പേളി. ഒരു വ്യക്തിത്വ പഠനത്തിനൊക്കെ സൂചകമായി എടുക്കാവുന്ന വ്യക്തിത്വം. പേളി തന്നെ പറയുന്നതു പോലെ ഒരാളില്‍ പല ആളുകള്‍ ചേരുന്ന അപൂര്‍വ വ്യക്തിത്വം. 

പേളിയില്‍ ഇനിയും മാറ്റം വരും. ബിഗ് ബോസ് വീട്ടില്‍ നിന്നും ഏറ്റവും കൂടുതല്‍ പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതും ചിലപ്പോള്‍ പേളിയായിരിക്കും. പേളിക്കിതൊരു പഠനക്കളരി തന്നെയാണ്. ഉയര്‍ന്നും താഴ്ന്നും പോകുന്ന ഗ്രാഫ്. 

പ്ലസ് പോയിന്റുകള്‍

  • പുറത്തുള്ള വലിയ ഫാന്‍ ബേസ്. എലിമിനേഷനില്‍ പേളിയെ രക്ഷിക്കാന്‍ അവര്‍ക്ക് കഴിയും. 
  • ബിഗ് ബോസ് വീട്ടില്‍ ഇഷ്ടമുള്ളവരെ  സന്തോഷിപ്പിക്കാന്‍ പേളിക്ക് അറിയാം 

മൈനസ് പോയിന്റുകള്‍

  • ഇമോഷണല്‍ ബ്ലാക്ക് മെയിലിങ്ങ്. 
  • ചിലരെ സ്നേഹിച്ചും ചിലരെ അകറ്റിയും വീട്ടിനുള്ളില്‍ ഗ്രൂപ്പിസവും അസ്വസ്ഥതയും ഉണ്ടാക്കുന്നു. 
  • ഫേക്ക് എന്ന് പ്രേക്ഷകര്‍ക്ക് തോന്നുവിധമുള്ള ഇടപെടലുകളും പെരുമാറ്റവും. 

വിലയിരുത്തല്‍: ദുര്‍ബലയായ മത്സരാര്‍ത്ഥി. 
 

ശ്വേത മേനോന്‍
മികച്ച നടിയും കരുത്തുറ്റ സ്ത്രീയും എന്ന ഇമേജോടെ ഗെയിമിലേക്ക് വന്ന താരം. ഏറ്റവും ശക്തയായ മത്സരാര്‍ത്ഥിയാവുമെന്നു ഷോ തുടങ്ങി ആദ്യ ആഴ്ചയില്‍ തോന്നിപ്പിച്ച മല്‍സരാര്‍ത്ഥി. എന്നാല്‍, ഗ്രാഫില്‍ പെട്ടെന്ന് താഴേക്ക് വന്നു. വീട്ടിലുള്ളവരുടെ മുഴുവന്‍ അനിഷ്ടം പിടിച്ചു പറ്റി. രഞ്ജിനിയുമായി ചേര്‍ന്ന് നടത്തുന്ന കുതന്ത്രങ്ങള്‍ പെട്ടെന്ന് ശ്വേതയെ മറ്റുള്ളവരില്‍ നിന്നും അകറ്റി. വലിയ നടി എന്ന താന്‍പോരിമ, മറ്റുള്ളവരോടുള്ള പെരുമാറ്റത്തില്‍ നിറഞ്ഞു നില്‍ക്കുന്ന മേധാവിത്തഭാവം, സവര്‍ണ്ണ ബോധം തുടങ്ങിയവയൊക്കെ ശ്വേതയ്ക്ക് വിനയായി. ഈ ആഴ്ചയിലെ എലിമിനേഷന്‍ നോമിനേഷനില്‍ ആകെയുള്ള 12  അംഗങ്ങളില്‍ 10 പേരുടെയും വോട്ടു വാങ്ങി ശ്വേതാ ഗെയിമില്‍ നിന്നും പുറത്താവുമോ എന്ന ഘട്ടത്തില്‍ നില്‍ക്കുകയാണ്. ശ്വേത ഫേക്ക് ആണെന്നാണ് നോമിനേഷന്‍ കാരണമായി കൂടെയുള്ളവര്‍ പറഞ്ഞത്. 

പ്ലസ് പോയിന്റുകള്‍

  • മികച്ച അഭിനേത്രി എന്ന നിലയില്‍ ശ്വേതക്ക് പ്രേക്ഷക മനസ്സിലുള്ള സ്ഥാനം
  • രഞ്ജിനിയുമായുള്ള അടുത്ത ബന്ധം
  • ഒരു പരിധി വരെ മുതിര്‍ന്ന അഭിനേത്രി എന്ന നിലയില്‍ ബിഗ് ബോസ് നല്‍കുന്ന പരിഗണന. 

മൈനസ്  പോയിന്റുകള്‍

  • കുലസ്ത്രീ ഇമേജ്
  • പെരുമാറ്റത്തിലെ ആധിപത്യ മനോഭാവം
  • കളിയില്‍ പൂര്‍ണമായും ഇഴുകി ചേരാന്‍ കഴിഞ്ഞിട്ടില്ല 

വിലയിരുത്തല്‍: ദുര്‍ബലയായ മത്സരാര്‍ത്ഥി 
 

അരിസ്റ്റോ സുരേഷ്
ഒരൊറ്റ പാട്ടു കൊണ്ട് മലയാളികള്‍ നെഞ്ചിലേറ്റിയ നടനും പാട്ടുകാരനും. തുടക്കത്തില്‍ മികച്ച മത്സരാര്‍ത്ഥിയും എന്റര്‍റ്റൈനറും ആയിരുന്ന സുരേഷ് ഇടക്കെപ്പോഴോ ഗെയിം കളിക്കാനാണ് താന്‍ വന്നത് എന്ന് മറന്നു പോയത് പോലെ തോന്നുന്നു. ഒരു പ്ലാനിങ്ങുമില്ലാതെയാണ് കളിയും പെരുമാറ്റവും. ബിഗ് ബോസ് കളിയേക്കാള്‍ പിതൃബിംബമായി നില്‍ക്കാനാണ് താല്‍പ്പര്യം. അതിഥിയുടെയും പേളിയുടെയും അച്ഛനായുള്ള കളിയില്‍ സുരേഷിന് മുഴുവന്‍ മാര്‍ക്കുമുണ്ട്. 

പ്ലസ് പോയിന്റുകള്‍

  • പച്ച മനുഷ്യന്‍ ഇമേജ്. 
  • പാട്ടും താളബോധവും വീട്ടില്‍ ഓളമുണ്ടാക്കാനാവുന്ന സജീവതയും. 
  • സാബുവിന്റെ ടീം അംഗം എന്ന സ്ഥാനം

മൈനസ് പോയിന്റുകള്‍

  • പേളിയോടൊപ്പം ചേര്‍ന്നുള്ള ഗ്രൂപ്പ് കളി. 
  • പക്ഷപാതിത്വം തുടങ്ങി.
  • വ്യക്തിപരമായ ഇ്ഷ്ടാനിഷ്ടങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരോട് പെരുമാറ്റം. 

വിലയിരുത്തല്‍: ശരാശരി മത്സരാര്‍ത്ഥി 


ഷിയാസ് 
ആറടിയിലേറെ പൊക്കവും മസിലും സൗന്ദര്യവും. ഇതൊക്കെ വാ തുറന്നു സംസാരിച്ചു തുടങ്ങുന്നത് വരെയേ ഉള്ളു. സംസാരിക്കാന്‍ തുടങ്ങിയാല്‍ ഒരു സെന്റന്‍സില്‍ തന്നെ 10 പൊട്ടത്തരങ്ങള്‍ പറയും. ആദ്യം വന്നപ്പോള്‍ എല്ലാവരും അയ്യേ, ഇയാളോ എന്ന് പറഞ്ഞെങ്കിലും പൊട്ടത്തരങ്ങളിലൂടെ തന്‍േറതായ ഒരിടം ഗെയിമിലും പ്രേക്ഷക മനസ്സിലും നേടാനായി. ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്ന് പറഞ്ഞത് പോലെ ഷിയാസ് എന്ത് ചെയ്താലും അത് കുഴപ്പത്തില്‍ കലാശിക്കും എന്നതാണ് ഇമേജ്.  

പ്ലസ് പോയിന്റുകള്‍ 

  • മികച്ച എന്റര്‍റ്റൈനെര്‍. 
  • അബദ്ധം കാട്ടിയും ശ്രദ്ധ തന്നിലേക്ക് കൊണ്ടുവരാനുള്ള ശേഷി. 
  • വീട്ടിലെ എല്ലാവരെയും അനക്കം വെപ്പിക്കുന്ന ആള്‍ റൗണ്ടര്‍. 

 
മൈനസ് പോയിന്റുകള്‍

  • പക്വതയോ സാമാന്യബോധമോ നിലപാടോ ഇല്ലാത്ത പെരുമാറ്റം. 
  • ബുദ്ധിപരമല്ലാത്ത കളി. 
  • ക്ഷിപ്രകോപി ഇമേജ്. 
  • കളി എന്തെന്ന് ഇനിയും മനസ്സിലായിട്ടില്ല. 

വിലയിരുത്തല്‍: ദുര്‍ബലനായ മത്സരാര്‍ത്ഥി 
 

ശ്രീനിഷ്
ബിഗ് ബോസിലെ സുന്ദരന്‍. എന്നാല്‍ ഷോ തുടങ്ങിയതു മുതല്‍ ഇതുവരെ സാന്നിധ്യമുണ്ടാക്കാന്‍ കഴിഞ്ഞില്ല. നിസ്സംഗതയാണ് മുഖ്യഭാവം. ക്യാപ്റ്റനാവാന്‍ അവസരം കിട്ടിയിട്ടും ഒന്നും ചെയ്യാതെ ഇരുന്നു. ഗ്രാഫില്‍ പ്രത്യേക മാറ്റമൊന്നുമില്ല. 

പ്ലസ് പോയിന്റുകള്‍

  • മിതവാദി
  • കോംപ്രമൈസര്‍
  • പക്വതയാണെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള നിര്‍ജീവതയും നിലപാടില്ലായ്മയും. 

മൈനസ്  പോയിന്റുകള്‍

  • നിര്‍ജീവത. 
  • ഇതുവരെ ഗെയിമില്‍ സ്വയം തെളിയിക്കാന്‍ കഴിഞ്ഞില്ല. 

വിലയിരുത്തല്‍: ദുര്‍ബലനായ മത്സരാര്‍ത്ഥി
 

ബഷീര്‍ ബഷി
ഒരേ സമയം സദാചാരവാദിയും പുരോഗമനവാദിയും. രണ്ടു ഭാര്യമാരുമായി ജീവിക്കുന്ന ഒരാള്‍ എന്ന ചര്‍ച്ചയുടെ ചൂടിലാണ് ബിഗ് ബോസ് വീട്ടില്‍ വന്നുകയറിയത്. വലിയ വിവാദങ്ങള്‍ക്കും തുറന്ന ചര്‍ച്ചകള്‍ക്കും ബഷീറിന്റെ സാന്നിധ്യം ഇടയാക്കുമെന്ന് തുടക്കത്തില്‍ തോന്നിപ്പിച്ചിരുന്നെങ്കിലും ഒതുങ്ങിപ്പോയി. ബഹുഭാര്യത്വം, അതിലെ സ്ത്രീപക്ഷ നിലപാട്, വിവാഹം എന്ന സിസ്റ്റത്തിന്റെ ഗുണദോഷങ്ങള്‍ എന്നിവയിലേക്കോ തന്റെ വ്യക്തിജീവിതത്തിലേക്കോ ചര്‍ച്ച കൊണ്ടുപോയി ശ്രദ്ധ തന്നിലേക്ക് ക്ഷണിക്കാനുള്ള ശേഷി കാണിച്ചില്ല. ചിലപ്പോള്‍ സജീവം. മിക്ക സമയത്തും നിര്‍ജീവം. 

പ്ലസ് പോയിന്റുകള്‍

  • പ്രശ്നക്കാരനല്ലാ ഇമേജ്. 
  • എല്ലാവരോടും സമവായവുമായി പോവാന്‍ ശ്രമിക്കുന്നു. 
  • അംഗങ്ങളുമായി ഒത്തു പോകാനറിയാം. 

മൈനസ്  പോയിന്റുകള്‍

  • നിര്‍ജീവത. 
  • ഇതുവരെ ഗെയിമില്‍ സ്വന്തമായി ഒരിടം കണ്ടെത്താനായില്ല. 

വിലയിരുത്തല്‍: ദുര്‍ബലനായ മത്സരാര്‍ത്ഥി. 
 

ദിയ സന
സോഷ്യല്‍ മീഡിയയിലെ ശക്തമായ നിലപാടുകള്‍ ഉണ്ടാക്കിയ കരുത്തയായ സ്ത്രീ എന്ന ഇമേജുമായാണ് സന വന്നത്. ആദ്യ ആഴ്ചയില്‍ സജീവമായിരുന്നു. പിന്നീട് ഗെയിമില്‍ നിലനില്‍ക്കുക എന്നത് മാത്രമായി ലക്ഷ്യം. അവസാന ഘട്ടത്തില്‍ അമിതാഭിനയമെന്നു തോന്നിപ്പിക്കുന്ന പെരുമാറ്റം. എലിമിനേഷനുകളിലെ കരച്ചിലുകള്‍ ദിയയുടെ ഗ്രാഫ് ഇടിക്കുകയാണ്. എങ്കിലും അത്യാവശ്യം പിടിച്ചു നില്‍ക്കാനുള്ള കഴിവും ബുദ്ധിയും ദിയക്കുണ്ട്.

പ്ലസ് പോയിന്റുകള്‍
ഈഗോ കാണിക്കാത്ത വ്യക്തി. 
എന്ത് പ്രശ്നമുണ്ടായാലും ഉടന്‍ സെറ്റില്‍ ചെയ്യാനുള്ള ശേഷി. 
സ്ത്രീപക്ഷ നിലപാടുള്ള കരുത്തയായ സ്ത്രീ എന്ന ഇമേജ്. 

മൈനസ്  പോയിന്റുകള്‍

  • അനവസരത്തിലുള്ള കരച്ചിലും ബഹളവും ഒച്ചപ്പാടും. 
  • ആവശ്യമുള്ളിടത്ത് മൗനം പാലിക്കുന്നു. 
  • ബോള്‍ഡായ സ്ത്രീ എന്ന ഇമേജ് പൊള്ളയാണെന്ന് തെളിയിക്കുന്ന സാധാരണത്വം. 

വിലയിരുത്തല്‍: ശരാശരി മത്സരാര്‍ത്ഥി. 

അനൂപ് ചന്ദ്രന്‍
കൃഷിക്കാരനായ പച്ചമനുഷ്യനും നടനും . നടന്‍ എന്ന നിലയില്‍ അത്യാവശ്യം നല്ല ഫാന്‍സുള്ള വ്യക്തിയാണ് അനൂപ്. പച്ച മനുഷ്യന്‍ എന്നൊക്കെ തോന്നും. എന്നാല്‍ നാലാഴ്ച കഴിയുമ്പോള്‍ ദുര്‍ബലനെന്ന തോന്നലുണ്ടാക്കുന്നു. സംസാരത്തിലും പെരുമാറ്റത്തിലും മിതത്വം പാലിക്കാന്‍ അറിയാത്തതു കൊണ്ട് പലപ്പോഴും സംസാരം ഉദ്ദേശിക്കാത്ത അര്‍ഥം ഉണ്ടാക്കുന്നു,ആ സംസാരം  അടിപിടി ഉണ്ടാക്കുന്നു, ശത്രുക്കളെ ഉണ്ടാക്കുന്നു. വേണ്ടത്ര ശ്രദ്ധയോടെ കളിക്കുന്നില്ല.

പ്ലസ് പോയിന്റുകള്‍

  • പച്ചമനുഷ്യന്‍ എന്ന ഇമേജ്
  • നേരെ വാ നേരെ പോ പ്രകൃതം.  

മൈനസ് പോയിന്റുകള്‍

  • വികാരജീവി ഇമേജ്. 
  • പകതയില്ലാത്ത പെരുമാറ്റം. 
  • പ്രവൃത്തികളുടെയും സംസാരത്തിന്റെയും മേല്‍ ഒരു നിയന്ത്രണവും ഇല്ല. 
  • ഗെയിമാണ് ഇതെന്ന ബോധം കാണിക്കുന്നില്ല. 

വിലയിരുത്തല്‍: ശരാശരി മത്സരാര്‍ത്ഥി. 


അതിഥി
ദുര്‍ബലതയാണ് അതിഥിയുടെ ശക്തി. വികാരപ്രകടനങ്ങള്‍ സൃഷ്ടിക്കുന്ന സഹതാപമാണ് ഉറ്റുനോക്കുന്നത്. തുടക്കം മുതല്‍ ഇതുവരെ വളരെ ദുര്‍ബലയായ മത്സരാര്‍ത്ഥി. സാന്നിധ്യം ഇതുവരെ തെളിയിക്കാന്‍ കഴിഞ്ഞില്ല 

പ്ലസ് പോയിന്റുകള്‍

  • ചെല്ല കുട്ടി ഇമേജ്
  • ഒന്നിലും നിലപാട് എടുക്കാത്തതിനാല്‍ ശത്രുക്കള്‍ കുറവ്. 

മൈനസ് പോയിന്റുകള്‍

  • സദാ കരച്ചില്‍. 
  • ഇമോഷണല്‍ ബ്ലാക്ക് മെയിലിങ്.  

വിലയിരുത്തല്‍: ദുര്‍ബലയായ മത്സരാര്‍ത്ഥി. 

............................................................................... 

ഇതുവരെയുള്ള പ്രകടനങ്ങള്‍ പരിഗണിക്കുമ്പോള്‍ ഫൈനലില്‍ എത്താന്‍ സാധ്യതയുള്ളവര്‍:

രഞ്ജിനി, സാബു, അര്‍ച്ചന 
................................................................................

മത്സരാര്‍ത്ഥികളില്‍ ആവശ്യമില്ലായിരുന്നു എന്ന് തോന്നുന്നവര്‍:

മനോജ്, ഡേവിഡ്, ദീപന്‍, ശ്രീനിഷ്, അതിഥി 

 

 

ബിഗ് ബോസ് റിവ്യൂ. രഞ്ജിനി ഹരിദാസ്

ബിഗ് ബോസ് റിവ്യൂ.ശ്വേതാ മേനോന്‍

ബിഗ് ബോസ് റിവ്യൂ.തരികിട സാബു

ബിഗ് ബോസ് റിവ്യൂ.പേളി മാണി

ശ്വേതയും രഞ്ജിനിയും അടക്കിവാഴുന്ന ഒരു 'ഫെമിനിച്ചി' വീടാണോ ബിഗ് ബോസ്​

ശ്വേതയുടെ മാടമ്പിത്തരത്തിന് താല്‍ക്കാലിക അറുതി?

ബിഗ്‌ബോസിനും മലയാളിക്കും ഹിമയെ  മനസ്സിലാവാത്തതിന്റെ കാരണങ്ങള്‍

ബിഗ് ബോസിലെ  പേളി ഫേക്കാണോ?

ബിഗ് ബോസ് വീട്ടില്‍  ജഗതി എത്തിയതെങ്ങനെ?

ബിഗ് ബോസ്: കണ്ടതും  കാണാനിരിക്കുന്നതും

 

click me!