അഫ്ഗാനിസ്ഥാനിൽ സ്ത്രീകളും കുട്ടികളും പട്ടിണി കിടക്കുന്നു, പകുതിയോളം കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരമില്ല...

By Web TeamFirst Published Jan 14, 2021, 2:06 PM IST
Highlights

മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് എത്രനാൾ വരെ മുലപ്പാൽ കൊടുക്കാമെന്നതിനെക്കുറിച്ചും കൗൺസിലർമാർ സ്ത്രീകളെ ഉപദേശിക്കുന്നു. പുരുഷ ആരോഗ്യ പ്രവർത്തകർ കുടുംബങ്ങളിലെ സ്ത്രീകൾക്കും കുട്ടികൾക്കും നന്നായി ഭക്ഷണം കൊടുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് പുരുഷന്മാർക്കിടയിൽ അവബോധം സൃഷ്ടിക്കുന്നു.

ഐക്യരാഷ്ട്രസഭയുടെ ഡിസംബറിൽ പുറത്തിറങ്ങിയ ഒരു റിപ്പോർട്ട് പ്രകാരം, അഫ്ഗാനിസ്ഥാനിൽ അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ പകുതിയോളം പേർ, അതായത് ഏകദേശം 3.1 ദശലക്ഷം കുഞ്ഞുങ്ങൾ, പോഷകാഹാരക്കുറവ് നേരിടുന്നു. 2020 ജൂൺ മുതൽ നോക്കിയാൽ 16 ശതമാനം വർധനവാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തുന്നത്. ആ കുട്ടികളിൽ, ഒരു ദശലക്ഷത്തോളം പേർ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നുവെന്ന് കരുതുന്നു. അവർക്ക് അതിജീവിക്കാൻ അടിയന്തിരമായി ഭക്ഷണം ആവശ്യമാണ്. ഇല്ലെങ്കിൽ കുട്ടികളുടെ മരണഭൂമിയായി അവിടം മാറും. 

“ഈ മഹാമാരി കാര്യങ്ങളെ കൂടുതൽ മോശമാക്കി” യുണിസെഫിന്റെ അഫ്ഗാനിസ്ഥാനിലെ പോഷകാഹാരകാര്യങ്ങളുടെ മേധാവി മെലാനി ഗാൽവിൻ പറയുന്നു. പലപ്പോഴും അമ്മമാർ വിശന്നു കരയുന്ന മക്കളെ സമാധാനിപ്പിക്കാൻ കഴിയാതെ നിസ്സഹായരായി ദിവസങ്ങൾ തള്ളിനീക്കുന്നു. രാജ്യത്ത് പട്ടിണിക്കും വിശപ്പിനും ഇടയിലുള്ള വരി നേർത്തതായി മാറുന്നു. അഫ്ഗാനിസ്ഥാന്റെ ദുർബലമായ സമ്പദ്‌വ്യവസ്ഥയും, മഹാമാരിയുടെ വരവും കൂടുതൽ കുടുംബങ്ങളെ ദുരിതത്തിന്റെ വക്കിലെത്തിച്ചുവെന്ന് വേണം കരുതാൻ. പട്ടിണികിടക്കുന്ന അനേകം അഫ്ഗാൻ സ്ത്രീകളിൽ ഒരാളാണ് ഷൈസ്റ്റ. കാബൂളിന്റെ പ്രാന്തപ്രദേശത്തുള്ള അവളുടെ ചെറിയ വീട്ടിൽ, വിശന്ന് കരയുന്ന കുട്ടികളെ ആശ്വസിപ്പിക്കാൻ കഴിയാതെ അവൾ വിഷമിക്കുന്നു. കുട്ടികൾ ഭക്ഷണത്തിന് വേണ്ടി കരഞ്ഞ് കര‍ഞ്ഞ് ഒടുവിൽ തളർന്ന് മയങ്ങും. "എന്റെ കുഞ്ഞുങ്ങളെ പോറ്റാൻ കഴിയുന്നില്ലല്ലോ എന്നോർത്തു രാത്രികളിൽ ഞാൻ ഒരുപാട് കരയും" അവർ വേദനയോടെ പറയുന്നു. ആ ഒറ്റമുറി വീട്ടിൽ അവളും മക്കളും കഴിയുന്നു. കഴിഞ്ഞ വർഷം അവർക്ക് വളരെ കഠിനമായിരുന്നു. അവരുടെ ഭർത്താവിന് അപകടത്തിൽ പരിക്കേറ്റു. കുടുംബത്തെ സഹായിക്കാനായി മകൻ വിറക് വിൽക്കാൻ തുടങ്ങി. പക്ഷേ, മഹാമാരി കാരണം ആ പണിയും നഷ്ടമായി. യുദ്ധത്തിൽ തകർന്ന രാജ്യത്ത് ദശലക്ഷക്കണക്കിന് സ്ത്രീകൾ ഒറ്റയ്ക്ക് മക്കളെ വളർത്താൻ പാടുപെടുകയാണ്. പക്ഷേ, അവരുടെ കഥകൾ മാധ്യമങ്ങളിൽ പോലും വളരെ അപൂർവമായി മാത്രമേ വരാറുള്ളൂ.  

അത് കൂടാതെ, പരമ്പരാഗത വീടുകളിൽ പുരുഷന്മാർ ആദ്യം ഭക്ഷണം കഴിക്കുന്ന ഒരു രീതി ഇന്നും നിലനിൽക്കുന്നുണ്ട്. ആണുങ്ങൾ കഴിച്ച് വലതും ബാക്കിയുണ്ടെങ്കിൽ സ്ത്രീകൾക്കും കുട്ടികൾക്കും കിട്ടും. കൂടുതൽ പോഷകം ആവശ്യമായ ഗർഭിണികളെയും മുലയൂട്ടുന്ന സ്ത്രീകളെയും സംബന്ധിച്ച് ഈ അവസ്ഥ വേദനാജനകമാണ്. മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികൾക്ക് എത്രനാൾ വരെ മുലപ്പാൽ കൊടുക്കാമെന്നതിനെക്കുറിച്ചും കൗൺസിലർമാർ സ്ത്രീകളെ ഉപദേശിക്കുന്നു. പുരുഷ ആരോഗ്യ പ്രവർത്തകർ കുടുംബങ്ങളിലെ സ്ത്രീകൾക്കും കുട്ടികൾക്കും നന്നായി ഭക്ഷണം കൊടുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് പുരുഷന്മാർക്കിടയിൽ അവബോധം സൃഷ്ടിക്കുന്നു.

അതേസമയം ബ്രൗൺ യൂണിവേഴ്സിറ്റിയുടെ കോസ്റ്റ്സ് ഓഫ് വാർ പ്രോജക്റ്റ് അനുസരിച്ച്, 9/11 ശേഷം ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും യുദ്ധങ്ങൾക്ക് യുഎസ് അഫ്ഗാനിസ്ഥാനിൽ ഏകദേശം 2 ട്രില്യൺ ഡോളർ ചെലവഴിച്ചതായി പറയുന്നു. ഈ ചെലവിന്റെ ഭൂരിഭാഗവും സൈനിക ആവശ്യങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. എന്നാൽ, അഫ്ഗാനിസ്ഥാന്റെ പുനർനിർമാണത്തിനായി 2002 മുതൽ കോൺഗ്രസ് 138 ബില്യൺ ഡോളർ വിനിയോഗിച്ചിട്ടുണ്ട്. അതിൽ മൂന്നിലൊന്ന് അനാവശ്യമായിട്ടും, ദുരുപയോഗത്തിലൂടെയും ഒഴുകിപ്പോയി എന്ന് അഫ്ഗാനിസ്ഥാൻ പുനർനിർമാണത്തിനായുള്ള സ്പെഷ്യൽ ഇൻസ്പെക്ടർ ജനറലിന്റെ യുഎസ് ഓഫീസ് പറയുന്നു. എന്നാൽ തന്നെയും കോടിക്കണക്കിന് രൂപ ബാക്കി കാണണം. എന്നിട്ടും എന്തുകൊണ്ടാണ് അഫ്ഗാനികൾ പട്ടിണി കിടക്കുന്നത്?

അഫ്ഗാനിസ്ഥാനിൽ ഗവേഷണം നടത്തിയ ഹ്യൂമൻ റൈറ്റ്സ് വാച്ചിലെ വനിതാ അവകാശ വിഭാഗത്തിന്റെ കോ-ഡയറക്ടർ ഹെതർ ബാർ പറയുന്നത്, ഹ്രസ്വകാല ലക്ഷ്യങ്ങൾക്ക് വേണ്ടി വിനിയോഗിക്കാൻ മാറ്റി വച്ചിരുന്നതായിരുന്നു അതെന്നാണ്. പോഷകാഹാരക്കുറവ് പോലുള്ള സങ്കീർണ്ണമായ പ്രശ്നങ്ങൾ, ജല ലഭ്യത, സ്ത്രീകളെ ബോധവത്കരിക്കൽ തുടങ്ങിയ മറ്റ് വികസന ശ്രമങ്ങൾക്ക് വേണ്ടിയുള്ളതായിരുന്നു അത്. എന്നാൽ, പദ്ധതികളുടെ മേൽനോട്ടം വഹിച്ച നയതന്ത്രജ്ഞർ പലപ്പോഴും ഒരു വർഷത്തിൽ കൂടുതൽ ആ സ്ഥാനത്ത് ഇരുന്നില്ല. അക്രമം വർദ്ധിച്ചതോടെ ഇതുപോലുള്ള നല്ല പരിപാടികളും താറുമാറായി. ഇതെല്ലാം ചേർന്ന് അവിടെയുള്ള മനുഷ്യരുടെ അവസ്ഥ ദുരിതപൂർണമായി തീർന്നിരിക്കുകയാണ്. ഈയവസ്ഥ തുടർന്നാൽ കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം പട്ടിണികൊണ്ടും രോ​ഗങ്ങൾ കൊണ്ടും മരിച്ചേക്കും.

 

click me!