ജീവനോടെയുള്ളയാൾ മരിച്ചുവെന്ന് സർക്കാർ, മരിച്ചിട്ടില്ലെന്ന് തെളിയിക്കാൻ 18 വർഷത്തെ പോരാട്ടം

By Web TeamFirst Published Jan 14, 2021, 9:30 AM IST
Highlights

അദ്ദേഹത്തിന് പുതുജീവൻ കിട്ടി അഞ്ച് വർഷത്തിന് ശേഷം, ബിഹാരിയുടേത് പോലുള്ള കേസുകളിൽ അന്വേഷണം നടത്താൻ ഉത്തർപ്രദേശ് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ഉത്തരവിട്ടു.


സർക്കാർ മരിച്ചുവെന്നു പ്രഖ്യാപിച്ച ഉത്തർപ്രദേശിലെ ലാൽ ബിഹാരിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് പങ്കജ് ത്രിപാഠിയുടെ 'കാഗസ്'‌ എന്ന സിനിമ എടുത്തിരിക്കുന്നത്. താൻ യഥാർത്ഥത്തിൽ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കാൻ ലാൽ ബിഹാരിക്ക് 18 വർഷക്കാലം പോരാടേണ്ടി വന്നു. അദ്ദേഹത്തിന്റെ കഥ ഇതാണ്. 

1955 -ൽ ഖലീലാബാദിലാണ് ലാൽ ബിഹാരി ജനിച്ചത്. അച്ഛൻ അദ്ദേഹത്തിന് വെറും എട്ടുമാസം പ്രായമുള്ളപ്പോൾ മരണപ്പെട്ടു. അമ്മയുടെ പുനർവിവാഹത്തെത്തുടർന്ന് അവർ ആസംഗർഹിലെ അമിലോയിലേക്ക് മാറി. സ്കൂളിൽ പോയിട്ടില്ലാത്ത ബിഹാരി ബനാറസി സാരികൾ നെയ്യാൻ പഠിക്കുകയും ബാലവേല ചെയ്യുകയും ചെയ്തു.

21 വയസ്സായപ്പോൾ സ്വന്തമായി ഒരു കൈത്തറി ബിസിനസ്സ് ആരംഭിച്ചാലെന്താ എന്ന് അദ്ദേഹത്തിന് തോന്നി. അങ്ങനെ അച്ഛന്റെ ഭൂമിയിൽ ഒരു നെയ്ത്തുശാല ആരംഭിക്കാൻ അദ്ദേഹം തീരുമാനിച്ചു. അത് ഒരേക്കറിന്റെ അഞ്ചിലൊന്ന് ആയിരുന്നു. തുടർന്ന് വായ്പ അനുവദിക്കണമെന്ന ആവശ്യവുമായി അദ്ദേഹം ഒരു ബാങ്കിനെ സമീപിച്ചു. ജാതി സർട്ടിഫിക്കറ്റ് വേണമെന്ന് ബാങ്ക് ആവശ്യപ്പെട്ടതിനെ തുടർന്ന് ജില്ലാ ഭരണകൂടത്തെ സമീപിച്ചപ്പോൾ അദ്ദേഹത്തിന് അത് നിരസിക്കപ്പെട്ടു. അദ്ദേഹം മരിച്ചതായിട്ടാണ് രേഖകളിൽ കാണുന്നതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. "എന്റെ സുഹൃത്തായിരുന്നു ആ ഉദ്യോഗസ്ഥൻ. ഞാൻ ജീവനോടെ അവന്റെ മുന്നിൽ ഇരിക്കുമ്പോഴാണ് മരിച്ചതായി രേഖകളിൽ കാണുന്നുവെന്ന് അവൻ പറയുന്നത്. 1976 ജൂലൈ 30 -ന് ഞാൻ മരിച്ചുവെന്ന് പ്രഖ്യാപിക്കുന്ന രേഖകൾ അദ്ദേഹം എനിക്ക് കാണിച്ചു തന്നു. അത് എന്റെ അമ്മാവന്റെ വേലയായിരുന്നു. എല്ലാ തിരിച്ചറിയൽ രേഖകൾ കാണിച്ചിട്ടും, ഉദ്യോഗസ്ഥർ അനങ്ങിയില്ല” ബിഹാരി ഓർക്കുന്നു. 

ആരെങ്കിലും മരിച്ചുവെന്ന് പ്രഖ്യാപിക്കുന്നത് അത്ര ബുദ്ധിമുട്ടേറിയ കാര്യമൊന്നുമല്ലെന്ന് ബിഹാരി പറയുന്നു, പ്രത്യേകിച്ച് ആ വ്യക്തി ഗ്രാമത്തിൽ താമസിക്കുന്നില്ലെങ്കിൽ. അദ്ദേഹം ഭൂമിയിൽ കൃഷി ചെയ്യുന്നില്ലെന്നും, ഭൂമി കൈവശപ്പെടുത്തിയിട്ടില്ലെന്നും അതിനാൽ മരിച്ചുവെന്നും തെളിയിക്കാൻ അമ്മാവന് എളുപ്പത്തിൽ കഴിഞ്ഞു. ഭരണകൂടം കൈയൊഴിഞ്ഞപ്പോൾ, അഭിഭാഷകരെ സമീപിച്ചു അദ്ദേഹം. ചിലർ അദ്ദേഹത്തെ പരിഹസിച്ചു, ചിലർ സഹതാപം പ്രകടിപ്പിച്ചു, ഇത് ഇന്ത്യയിലെ ഉൾപ്രദേശങ്ങളിൽ ഒരു സാധാരണ പ്രശ്നമാണെന്ന് പറഞ്ഞു. അപ്പോഴും ആരും സഹായിക്കാൻ മുന്നോട്ട് വന്നില്ല. 

ബിഹാരിയുടെ വിചിത്രമായ മരണവാർത്ത ഗ്രാമത്തിൽ കാട്ടുതീ പോലെ പടർന്നു. എല്ലാവരും അദ്ദേഹത്തെ കളിയാക്കാൻ തുടങ്ങി. ചിലർ അദ്ദേഹത്തെ പ്രേതമെന്ന് വിളിച്ചു. കുട്ടികൾ അദ്ദേഹത്തെ കണ്ടാൽ പേടിച്ച് ഓടാൻ തുടങ്ങി. ആദ്യമൊക്കെ നാണക്കേട് തോന്നിയെങ്കിലും അദ്ദേഹം പക്ഷേ ഇതിനെതിരെ പോരാടാൻ തന്നെ തീരുമാനിച്ചു. ബിഹാരി പല തന്ത്രങ്ങളും പയറ്റി നോക്കി. സർക്കാർ രേഖകളിൽ തന്റെ പേര് വരുത്താനായി ആദ്യത്തെ അദ്ദേഹത്തിന്റെ ശ്രമം. ഇതിനായി അമ്മാവന്റെ മകനെ തട്ടിക്കൊണ്ടു പോയി ഒരു നാടകം കളിയ്ക്കാൻ പോലും അദ്ദേഹം ശ്രമിച്ചു. എന്നാൽ അമ്മാവൻ പ്രതീക്ഷിച്ചപോലെ പൊലീസിൽ പരാതിയൊന്നും കൊടുത്തില്ല. അങ്ങനെ ആ തന്ത്രം പാളി. ബിഹാരി അമ്മാവന്റെ മകനെ തിരിച്ചയച്ചു. അടുത്തതായി, ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരുദ്യോഗസ്ഥന് കൈക്കൂലി നൽകാൻ ശ്രമിച്ചു. പണം കൈമാറുന്നതിനിടയിൽ തന്നെ അറസ്റ്റ് ചെയ്യാൻ പൊലീസിനോട് അഭ്യർത്ഥിച്ചു. എന്നിരുന്നാലും, ഉദ്യോഗസ്ഥൻ ബിഹാരിയുടെ ഉദ്ദേശ്യം തിരിച്ചറിഞ്ഞപ്പോൾ പണം തിരികെ നൽകി.

ഭാര്യയുടെ വിധവാ പെൻഷൻ നേടാനും അദ്ദേഹം ഒരു ശ്രമം നടത്തി. പക്ഷേ, എല്ലാം വെറുതെയായി. ഈ സമയത്ത്, അദ്ദേഹം മാധ്യമശ്രദ്ധ ആകർഷിക്കാനായി തന്റെ ശവസംസ്കാരവും സംഘടിപ്പിക്കുകയുണ്ടായി. പിന്നീട് ഒരിക്കൽ, അദ്ദേഹം ഒരു സന്ദർശകന്റെ പാസ് സംഘടിപ്പിച്ച് സംസ്ഥാന അസംബ്ലിക്കുള്ളിൽ കയറി പ്രതിഷേധിക്കുകയും ചെയ്തു. മുജെ സിന്ദ കരോ എന്നദ്ദേഹം അലറി. പത്രങ്ങളിലും മറ്റും ബിഹാരി പ്രത്യക്ഷപ്പെട്ടുവെങ്കിലും അതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നും ഉണ്ടായില്ല. അദ്ദേഹം ഒരു ജനപ്രിയ പേരായിരുന്നു മാറി, പക്ഷേ അപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാൻ സാധിച്ചില്ല.  

1980 -ൽ ശ്യാം ലാൽ എന്ന രാഷ്ട്രീയക്കാരൻ ബിഹാരിയെക്കുറിച്ച് വായിക്കാനിടയായി. മരിച്ചയാൾ എന്ന് സ്വയം വിളിക്കണമെന്നും, തന്റെ പേരിന് മുൻപായി അത് ഉപയോഗിക്കണമെന്നും ബിഹാരിയോട് അദ്ദേഹം പറഞ്ഞു. അപ്പോൾ മുതൽ ബിഹാരി തന്റെ പേരിന് മുൻപ് മരിച്ചയാൾ എന്ന് ചേർക്കാൻ തുടങ്ങി. അതേവർഷം തന്നെ അദ്ദേഹം മൃതക് സംഘ് ഉത്തർപ്രദേശ് അസോസിയേഷൻ ഓഫ് ഡെഡ് പീപ്പിൾ (Mritak Sangh Uttar Pradesh Association of Dead People) ആരംഭിച്ചു. സമാനമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന ആളുകളെ സഹായിക്കാൻ ആരംഭിച്ചതാണ് അത്. കൂടുതൽ മാധ്യമശ്രദ്ധ നേടുന്നതിനായി 1988 -ൽ മുൻ പ്രധാനമന്ത്രി വി പി സിംഗിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പിൽ ബിഹാരി മത്സരിച്ചു. ആളുകൾ അദ്ദേഹത്തിന്റെ കഥ കേട്ടു. ആയിരത്തിയറുന്നൂറോളം ആളുകൾ അദ്ദേഹത്തിന് വോട്ട് ചെയ്തു. അടുത്ത വർഷം അദ്ദേഹം അമേത്തിയിൽ രാജീവ് ഗാന്ധിക്കെതിരെ പോരാടി.

ഒടുവിൽ, 1994 ജൂൺ 30 -ന് ജില്ലാ ഭരണകൂടം റവന്യൂ രേഖകളിൽ നിന്ന് അദ്ദേഹം “മരിച്ചു” എന്നത് എടുത്ത് മാറ്റി. പക്ഷേ, അദ്ദേഹം തന്റെ നെയ്ത്തു സ്വപ്നങ്ങളുമായി മുന്നോട്ട് പോയില്ല. “ഇന്നത്തെ വ്യവസ്ഥയ്‌ക്കെതിരെ മത്സരിച്ച് ഞാൻ ഒരിക്കലും ജയിക്കില്ലെന്ന് ആളുകൾ പറയുമായിരുന്നു. ഒരു സാധാരണക്കാരന് ശക്തരായവർക്കെതിരെ പോരാടാൻ അധികാരമില്ലെന്ന് അവർ പറഞ്ഞു. എന്നാൽ, ഞാൻ പറഞ്ഞു, "ഞാൻ ശ്രമിക്കും. ബാക്കി ചരിത്രമാണ്” അദ്ദേഹം പറയുന്നു. ഇന്ന്, ഭാര്യയോടും മകനോടും ഒപ്പം അമോലി-മുബാറക്പൂരിൽ താമസിക്കുന്ന ഇദ്ദേഹം അലഹബാദ് ഹൈക്കോടതിയിൽ നിന്ന് ഒരു വിധിക്കായി കാത്തിരിക്കുകയാണ്. താൻ ജീവനോടെയുണ്ടെന്ന് തെളിയിക്കാനുള്ള ഓട്ടത്തിൽ അദ്ദേഹത്തിന് നഷ്ടമായ 18 വർഷത്തിന്റെ പേരിൽ 25 കോടി രൂപ നഷ്ടപരിഹാരം ലഭിക്കാൻ കേസ് കൊടുത്തിരിക്കയാണ് അദ്ദേഹം.

അദ്ദേഹത്തിന് പുതുജീവൻ കിട്ടി അഞ്ച് വർഷത്തിന് ശേഷം, ബിഹാരിയുടേത് പോലുള്ള കേസുകളിൽ അന്വേഷണം നടത്താൻ ഉത്തർപ്രദേശ് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ഉത്തരവിട്ടു. ഒരുവർഷത്തിനുശേഷം, സംസ്ഥാനത്ത് ഇത്തരം 90 കേസുകൾ രേഖപ്പെടുത്തി. ബിഹാരിയുടെ കഥ ആയിരക്കണക്കിന് ആളുകൾക്ക് പ്രചോദനമായി. അദ്ദേഹത്തിന്റെ സംഘടനയിലൂടെ ഇത്തരം പ്രശ്നങ്ങൾ നേരിടുന്ന 25,000- ത്തോളം ആളുകളെ അദ്ദേഹം സഹായിച്ചിട്ടുണ്ട്.

click me!