
ലോകത്തിൽ സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾ ദിനംപ്രതി കൂടി വരികയാണ്. ഈ ലോക്ക് ഡൗൺ കാലത്ത്, പല സ്ത്രീകൾക്കും സ്വന്തം വീടുകളിൽ നിന്ന് വരെ അതിക്രൂരമായ പീഡനങ്ങളാണ് സഹിക്കേണ്ടി വരുന്നത്. അടുത്തകാലത്തായി അത്തരമൊരു ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടതിന് ഉക്രെയ്നിൽ നിന്നുള്ള 57 -കാരിയായ ഒരു സ്ത്രീ അന്താരാഷ്ട്ര വാർത്താ തലക്കെട്ടുകളിൽ ഇടം നേടിയിരുന്നു. മദ്യപിച്ച് ലക്കുകെട്ട രണ്ട് അയൽവാസികൾ അവരെ മണിക്കൂറുകളോളം ക്രൂരമായി തല്ലിച്ചതച്ചു. ഒടുവിൽ ശ്മശാനത്തിൽ കുഴിച്ചിട്ട അവർ അവിടെ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സിനിമയേക്കാൾ അവിശ്വസനീയമായ ജീവിതാനുഭവമാണ് അവർക്ക് പങ്കുവയ്ക്കാനുള്ളത്.
ഉക്രേനിലെ മറിയാൻസ്കെ എന്ന ഗ്രാമത്തിലാണ് ഈ ക്രൂരത റിപ്പോർട്ട് ചെയ്തത്. നീന റുഡ്‌ചെങ്കോ എന്ന സ്ത്രീയെ ഈ മാസം ആദ്യം, അവരുടെ വീട്ടിൽ അതിക്രമിച്ച് കയറി 27 ഉം 30 ഉം വയസുള്ള രണ്ട് സഹോദരന്മാർ മണിക്കൂറുകളോളം അതിക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. അടിയേറ്റ് തളർന്ന അവർക്ക് ബോധം നഷ്ടമായി. ഓർമ തെളിഞ്ഞപ്പോൾ താൻ അടുത്തുള്ള സെമിത്തേരിയിൽ കിടക്കുന്നതായി ആ സ്ത്രീ തിരിച്ചറിഞ്ഞു.
സഹോദരന്മാരായ ഒലെഗും, വ്‌ളാഡിമിറുമാണ് അബോധാവസ്ഥയിലായ റുഡ്‌ചെങ്കോയെ അർദ്ധരാത്രി സെമിത്തേരിയിലേക്ക് വലിച്ചിഴച്ചത്. അവിടെ എത്തിയപ്പോൾ അവർ ആ സ്ത്രീയുടെ മേൽ തണുത്ത വെള്ളം ഒഴിച്ച് അവരെ ഉണർത്തി. അതിന് ശേഷം സഹോദരന്മാർ ആ സ്ത്രീയോട് അവർക്കുള്ള കുഴിമാടം സ്വന്തമായി കുഴിക്കാൻ ആവശ്യപ്പെട്ടു. കുഴിയെടുക്കാൻ കഷ്ടപ്പെടുന്നതിനിടയിൽ, രണ്ട് സഹോദരന്മാരും റുഡ്‌ചെങ്കോയോട് വീട് തങ്ങൾക്ക് നൽകണമെന്ന് പറഞ്ഞുകൊണ്ടിരുന്നതായും അവർ പൊലീസിനോട് വെളിപ്പെടുത്തി. വീട് നൽകിയില്ലെങ്കിൽ അവരെ ചുട്ടുകൊല്ലുമെന്നും മരുമകന്റെ സമീപത്ത് അവരെ അടക്കുമെന്നും അക്രമകാരികൾ ഭീഷണിപ്പെടുത്തിയതായും അവർ പറഞ്ഞു.
57 -കാരിയായ ആ സ്ത്രീ തനിച്ച് ശവക്കുഴി എടുത്തോ, അതോ ആ സഹോദരന്മാർ കുഴിയെടുത്തോ എന്ന് വ്യക്തമല്ല. എന്തായിരുന്നാലും, പക്ഷേ കുഴി തയ്യാറായപ്പോൾ ഇരുവരും റുഡ്‌ചെങ്കോയെ അതിൽ കിടത്തി മണ്ണിട്ട് മൂടാൻ തുടങ്ങി. അവർ തന്റെ മനഃസാന്നിധ്യം കൈവിടാതെ പരമാവധി പിടിച്ചുനിൽക്കാൻ ശ്രമിച്ചു. മണ്ണിന്റെ സമ്മർദ്ദം അവരുടെ ശരീരത്തിന് മേൽ വർദ്ധിച്ചു വന്നു. എന്നിട്ടും അവർ സംയമനം പാലിച്ച് അനങ്ങാതെ കിടന്നു. ഒടുവിൽ താൻ മരിച്ചോ എന്ന് ആ സഹോദരന്മാർ പരസ്പരം ചോദിക്കുന്നത് കേട്ടെന്നും റുഡ്‌ചെങ്കോ പറഞ്ഞു. അക്രമകാരികൾ അവിടെ നിന്ന് പോയി എന്ന് ഉറപ്പാക്കിയ ശേഷം അവർ കൈകൊണ്ട് തനിക്ക് മേലുള്ള മണ്ണ് മാറ്റാൻ തുടങ്ങി.
ആഴമില്ലാത്ത കുഴിയിൽ നിന്ന് രക്ഷപ്പെട്ട് അവർ ഇഴഞ്ഞ് വീട്ടിൽ എത്തുകയായിരുന്നു. സഹോദരിയാണ് ബോധമറ്റ് തറയിൽ കിടക്കുന്ന അവരെ കണ്ടെത്തിയത്. ഉടൻ തന്നെ റുഡ്‌ചെങ്കോയെ അടുത്തുള്ള ആശുപത്രിയിലേക്ക് സഹോദരി കൊണ്ടുപോയി. അവരുടെ ശരീരത്തിൽ നിരവധി ഒടിവുകളും, മുഖത്തും കൈകാലുകളിലും മുറിവുകളിലും ഡോക്ടർമാർ കണ്ടെത്തി. മെഡിക്കൽ സ്റ്റാഫിന്റെയും കുടുംബാംഗങ്ങളുടെയും സംരക്ഷണയിൽ സുഖം പ്രാപിച്ച അവർ ആശുപത്രികിടക്കയിൽ കിടന്ന് സംസാരിച്ചു. തല ഇപ്പോഴും കറങ്ങിക്കൊണ്ടിരിക്കുകയാണെന്നും തലയ്ക്ക് പരിക്കേറ്റതിനാൽ തനിക്ക് ഇപ്പോഴും കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നുന്നുവെന്നും അവർ പറഞ്ഞു. അവർക്ക് വീട്ടിലേക്ക് മടങ്ങാൻ ഇപ്പോഴും ഭയമാണെന്നും അവർ കൂട്ടിച്ചേർത്തു.
രണ്ട് ആക്രമണകാരികൾക്കെതിരെയും ഉക്രേനിയൻ പൊലീസ് ക്രിമിനൽ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. കുറ്റം തെളിഞ്ഞാൽ, സഹോദരന്മാർ 5 വർഷം വരെ തടവ് അനുഭവിക്കേണ്ടിവരും. സ്ത്രീയെ ആക്രമിച്ചതായി അവർ സമ്മതിച്ചെങ്കിലും ആറ് മാസം മുമ്പ് അപ്രത്യക്ഷമായ തങ്ങളുടെ നായയെ മോഷ്ടിച്ചത് സഹോദരിയാണെന്നും അതിന്റെ പ്രതികാരമായാണ് തങ്ങൾ ഇത് ചെയ്തതെന്നുമാണ് അവർ പറയുന്നത്.
(ചിത്രം പ്രതീകാത്മകം)