
ഇന്ത്യയിലെ ആകെ കൊവിഡ് കേസുകളുടെ രണ്ടുശതമാനം മാത്രമാണ് ഇപ്പോൾ പശ്ചിമബംഗാളിന്റെ സംഭാവനയായിട്ടുള്ളത്. എന്നാൽ, കഴിഞ്ഞ ഒരാഴ്ചത്തെ സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ചാൽ ബംഗാളിലെ ഫലങ്ങളുടെ 'ട്രെൻഡ്' വളരെ ഗുരുതരമായ അവസ്ഥയാണ് സംസ്ഥാനത്ത് എന്ന സൂചനകൾ നൽകുന്നതാണ്. ഇന്നലെവരെയുള്ള കണക്കുകൾ പ്രകാരം ആകെ 758 കൊവിഡ് സ്ഥിരീകരണങ്ങളാണ് ബംഗാളിൽ ഉണ്ടായിട്ടുള്ളത്. 22 മരണങ്ങൾക്കും സംസ്ഥാനം സാക്ഷ്യം വഹിച്ചു കഴിഞ്ഞു.
ഒരാഴ്ച സമയം കൊണ്ട് കേസുകൾ ഇരട്ടിക്കുന്ന ഒരു ട്രെൻഡാണ് ഇപ്പോൾ ബംഗാളിൽ കണ്ടുവരുന്നത്. അത് വളരെ ആശങ്കാജനകമായ ഒരു ട്രെൻഡാണ്. മറ്റുള്ള സംസ്ഥാനങ്ങളേക്കാൾ വളരെ പെട്ടെന്നാണ് ബംഗാളിലെ കൊവിഡ് വ്യാപനം എന്നതിന്റെ സൂചനയാണ് ഈ ട്രെൻഡ്. ഗുജറാത്തും ആന്ധ്രയും മാത്രമാണ് ഇക്കാര്യത്തിൽ ബംഗാളിന് ഒപ്പമുള്ളത്. കേരളത്തിൽ ഒരു മാസത്തിലേറെ സമയമെടുത്താണ് കേസുകളുടെ എന്നതിൽ ഇരട്ടിപ്പുണ്ടാകുന്നത്. തെലങ്കാനയാണ് നിലവിൽ ഇക്കാര്യത്തിൽ ഏറ്റവും നല്ല ഫലം കാണിക്കുന്നത്, 58 ദിവസം.
അതുപോലെ ബംഗാളിന്റെ റീപ്രൊഡക്ഷൻ റേറ്റ് അഥവാ ഒരു രോഗിയിൽ നിന്ന് രോഗം പകരുന്നവരുടെ ശരാശരി എണ്ണം, വളരെ ആപത്ശങ്കയുണ്ടാക്കുന്ന ഒന്നാണ്. 1.52 ആണ് ഈ നിരക്ക്. ദേശീയ ശരാശരിയായ 1.29 -നേക്കാൾ എത്രയോ അധികമാണത്. അതായത്, ബംഗാളിൽ അസുഖമുള്ള ഓരോ 100 പേരും പുതിയ 152 പേർക്ക് അസുഖം പകർന്നു നൽകുന്നുണ്ട് എന്നർത്ഥം. കൂടുതൽ വലിയ സംസ്ഥാനങ്ങളായ ഝാര്‍ഖണ്ഡ്, ബിഹാർ എന്നിവിടങ്ങളിൽ ബംഗാളിനേക്കാൾ കൂടിയ റീപ്രൊഡക്ഷൻ റേറ്റ് ഉണ്ടെങ്കിലും, അവിടങ്ങളിലെ കേസ് ലോഡ് ബംഗാളിനേക്കാൾ കുറവാണ് എന്ന ആശ്വാസമുണ്ട്.
ചെന്നൈയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമറ്റിക്കൽ സയൻസസ് ആണ് കൊവിഡ് ഡാറ്റയിന്മേൽ പഠനങ്ങൾ നടത്തിയത്. ഇപ്പോൾ ബംഗാൾ ദേശീയ കണക്കു പട്ടികയിൽ ഏറെ താഴെയാണ്, വലിയൊരു ഭീഷണി സംസ്ഥാനത്തു നിലവിലില്ല എന്ന് കരുതാം. ഇപ്പോൾ ദേശീയതലത്തിൽ ഏറ്റവും അധികം രോഗികൾ വരുന്നത് മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി, മധ്യപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നാണ്. ഇന്ത്യയിലെ ആകെ കേസുകളുടെ എണ്ണം 33,000 കടന്നുകഴിഞ്ഞു. അവരിൽ എണ്ണായിരത്തോളം പേരാണ് നിലവിൽ സുഖം പ്രാപിച്ചിട്ടുള്ളത്. അതായത് 25,000 -ൽ പരം ആക്റ്റീവ് കേസുകൾ ഇപ്പോഴും നിലവിലുണ്ട് എന്നർത്ഥം. ഇത് രോഗം സ്ഥിരീകരിക്കപ്പെട്ട് ഐസൊലേറ്റ് ചെയ്ത ആളുകളുടെ എണ്ണമാണ്. ശരിക്കുമുള്ള രോഗികളുടെ എണ്ണം ഇതിലും അധികമാവാം. ക്വാറന്റൈനിൽ കഴിയുന്ന പലരുടെയും ടെസ്റ്റുകൾ വരാനുണ്ട്. അസുഖമുള്ള നിരവധി പേർ സ്പോട്ട് ചെയ്യപ്പെടാതെ സമൂഹമധ്യത്തിൽ കഴിയുന്നുമുണ്ട്. അവർ അനുനിമിഷം അസുഖം പരത്തുന്ന, സഞ്ചരിക്കുന്ന കൊറോണാ ബോംബുകളായി നിസ്സങ്കോചം ജനങ്ങളുമായി ഇടപഴകുന്നുണ്ടാകാം.
എന്തായാലും, കൂടുതൽ ജാഗ്രത പുലർത്താനുള്ള നിർദേശം കേന്ദ്ര, സംസ്ഥാന ആരോഗ്യ ഏജൻസികൾ നൽകിക്കഴിഞ്ഞു. വരും ദിനങ്ങളിൽ രോഗികളുടെ എണ്ണം ഇരട്ടിച്ചുവരും എന്നും അതിനായി തയ്യാറെടുത്തുകൊള്ളണം എന്നും ആശുപത്രികൾക്ക് ആരോഗ്യവകുപ്പിന്റെ സന്ദേശം കിട്ടിക്കഴിഞ്ഞു. ഇങ്ങനെ രോഗികളുടെ എന്നതിൽ കാര്യമായ വർദ്ധനവുണ്ടാകുമ്പോൾ ആശുപത്രികളിൽ സാമൂഹിക അകലം പാലിക്കപ്പെടാൻ വേണ്ടത് ചെയ്യണം എന്നും നിർദേശമുണ്ട്.
എന്നാൽ, അതേസമയം ലോക്ക് ഡൌൺ അവസാനിക്കുന്ന തിങ്കളാഴ്ച മുതൽ ബസ്സുകൾ ഓടിക്കാൻ തീരുമാനമായത് ആശങ്കകൾക്ക് വഴിവെക്കുന്നു. സാൾട്ട് ലേക്കിലും, ന്യൂ ടൗണിലും ഒക്കെയായി പുതിയ കണ്ടൈൻമെൻറ് സോണുകൾ ഇന്നലെ നിലവിൽ വന്നിട്ടുണ്ട്. സംസ്ഥാനത്ത് ഇന്നലെ സോണുകളുടെ എണ്ണം 57 -ൽ നിന്ന് 70 ആയി കൂടി. ഇലക്ട്രോണിക്സ്, സ്റ്റേഷനറി, മൊബൈൽ, ബാറ്ററി റീചാർജ്ജ്, ഹാർഡ് വെയർ, ലോൺഡ്രി, ചായക്കട, മുറുക്കാൻ കട തുടങ്ങിയവയ്ക്കും ഗവണ്മെന്റ് തിങ്കളാഴ്ച മുതൽ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്ന സാഹചര്യമാണ് നിലവിൽ ബംഗാളിലുള്ളത്. ഇപ്പോൾ തന്നെ ആകെ പരിഭ്രാന്തി പരത്തുന്ന സാഹചര്യം നിലനിൽക്കുന്ന സംസ്ഥാനത്ത് ഇനിയും ഇളവുകൾ നൽകുന്നത് ആത്മഹത്യാപരമായ നടപടിയാണ് എന്ന അഭിപ്രായം ആരോഗ്യവകുപ്പിലെ ജീവനക്കാർക്കിടയിലുണ്ട്. കൊവിഡിന്റെ ഒരു സമൂഹവ്യാപനത്തിലേക്ക് സംസ്ഥാനം കടക്കാൻ ഇത് കാരണമായേക്കും എന്ന ആശങ്കയിലാണ് അവർ.