വീടകങ്ങളില്‍ കാറ്റും വെളിച്ചവും നിറയട്ടെ!

By Anu CalicutFirst Published Sep 3, 2017, 4:02 PM IST
Highlights

വിവാഹം കഴിക്കാനൊരുങ്ങുന്ന പെണ്ണിനോട് സമൂഹം പറഞ്ഞു പഠിപ്പിക്കുന്ന ഒരു വാചകമാണ് 'നീ പെണ്ണാണ്'. അതായത് എല്ലാം സഹിക്കാനും പൊറുക്കാനും തയ്യാറായിട്ടുള്ളവള്‍ ആയിരിക്കണം അവള്‍. ആണുങ്ങള്‍ എന്ത് പറഞ്ഞാലും പ്രവര്‍ത്തിച്ചാലും നമ്മളത് ക്ഷമിക്കണം. അതാണ് കുടുംബ ഭദ്രതയ്ക്ക് അഭികാമ്യം.. അതിന് മതത്തിന്റെ പിന്‍ബലവും.

സാദൃശ്യങ്ങളില്ലാത്ത അനുഭവമാണ് സ്‌നേഹം. നുകര്‍ന്നും പകര്‍ന്നും സൗന്ദര്യം വര്‍ദ്ധിക്കുന്ന വര്‍ണഭംഗിയുള്ള ചിത്രമാണത്.ബന്ധങ്ങള്‍ വിളക്കിച്ചേര്‍ക്കേണ്ടുന്ന സ്‌നേഹത്തിന്റെ സ്വര്‍ണനൂലിഴകള്‍  പൊട്ടി പോകുമ്പോഴാണ് അത് തകരുന്നത്.

'കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം'. ചെറുപ്രായം മുതലേ കേള്‍ക്കുന്ന ഇമ്പമുള്ള ഒരു വാചകമാണിത്. സമൂഹത്തിന്റെ ഏറ്റവും അര്‍ത്ഥപൂര്‍ണമായ ഒരു ഘടകമാണ് കുടുംബം. മികച്ച വ്യക്തികളുണ്ടാകുമ്പോള്‍ മികച്ച കുടുംബങ്ങളുണ്ടാകുന്നു. നല്ല കുടുംബങ്ങള്‍ നല്ല സമൂഹത്തെ സൃഷ്ടിക്കുന്നു. കുടുംബം അതിലെ അംഗങ്ങള്‍ക്ക് സമ്മാനിക്കുന്നത് മധുരിതമായ അനുഭൂതിയാണ്, മനോഹരമായ ആസ്വാദനങ്ങളാണ്. പരസ്പരം അടുത്തറിഞ്ഞ് സ്‌നേഹവും കരുതലും നല്‍കി താങ്ങും തണലുമായി മാറേണ്ട ജീവിതയാത്രയാണ് ദാമ്പത്യം.

എന്നാല്‍ കുടുംബ ബന്ധങ്ങള്‍ ശിഥിലമായി കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം പോയിക്കൊണ്ടിരിക്കുന്നത്്. ഊഷ്മളമായ ബന്ധത്തിന്റെ അനുഭൂതി സമ്മാനിക്കുന്ന, നന്മയുടെ വിളനിലമാകേണ്ട കുടുംബ സംവിധാനം ആര്‍ക്കും എപ്പോഴും ഒഴിഞ്ഞ് പോകാവുന്ന ഒരു കൂട്ടു കച്ചവടത്തിന്റെ അവസ്ഥയിലേക്ക് മാറി കൊണ്ടിരിക്കുന്നു. അല്പ കാലം ഒരുമിച്ച് കഴിയാനും, ഇഷ്ടമുള്ളപ്പോള്‍ പിരിഞ്ഞു പോകാനും സാധിക്കുന്ന ( living together ) തരത്തില്‍ ബന്ധത്തിന്റെ അനുഭവതലങ്ങളെ മാറ്റികൊണ്ടിരിക്കുന്നു നമ്മള്‍.

വിവാഹം കഴിക്കാനൊരുങ്ങുന്ന പെണ്ണിനോട് സമൂഹം പറഞ്ഞു പഠിപ്പിക്കുന്ന ഒരു വാചകമാണ് 'നീ പെണ്ണാണ്'. അതായത് എല്ലാം സഹിക്കാനും പൊറുക്കാനും തയ്യാറായിട്ടുള്ളവള്‍ ആയിരിക്കണം അവള്‍. ആണുങ്ങള്‍ എന്ത് പറഞ്ഞാലും പ്രവര്‍ത്തിച്ചാലും നമ്മളത് ക്ഷമിക്കണം. അതാണ് കുടുംബ ഭദ്രതയ്ക്ക് അഭികാമ്യം.. അതിന് മതത്തിന്റെ പിന്‍ബലവും.

പുരുഷന്മാരോട് പറയുന്നതോ, അധിക സ്വാതന്ത്ര്യം നല്‍കരുത്, എല്ലാ ആഗ്രഹങ്ങളും സമ്മതിച്ച് കൊടുക്കരുത്, അവളുമാര് തലയില്‍ കയറും, വരച്ച വരയില്‍ അവളെ നിര്‍ത്താന്‍ സാധിക്കണം, അതാണ് പുരുഷന്മാരുടെ കഴിവ് എന്നിങ്ങനെയാണ്. ഇതാണ് പലരേയും 'ഭര്‍ത്താവ്' എന്നതിന്റെ അര്‍ത്ഥവ്യാപ്തിയിലേക്ക്, ഭരിക്കേണ്ടവനാണ് എന്ന ചിന്താഗതിയിലേക്ക് കൊണ്ടു ചെന്നെത്തിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഭരിക്കുന്നവനും, ഭരിക്കപ്പെടേണ്ടവളും എന്ന തലത്തില്‍ ഭാര്യ, ഭര്‍ത്താവ് എന്ന പ്രയോഗം തന്നെ മാറ്റേണ്ടതുണ്ട്. പരസ്പരം പങ്കുവെക്കലിന്റെയും സന്തോഷത്തിന്റേയും സ്‌നേഹത്തിനേറെയും കിളിക്കൂടാകണം ദാമ്പത്യം, ഇണപ്രാവുകളാവണം ദമ്പതിമാര്‍ .

സാദൃശ്യങ്ങളില്ലാത്ത അനുഭവമാണ് സ്‌നേഹം. നുകര്‍ന്നും പകര്‍ന്നും സൗന്ദര്യം വര്‍ദ്ധിക്കുന്ന വര്‍ണഭംഗിയുള്ള ചിത്രമാണത്.ബന്ധങ്ങള്‍ വിളക്കിച്ചേര്‍ക്കേണ്ടുന്ന സ്‌നേഹത്തിന്റെ സ്വര്‍ണനൂലിഴകള്‍  പൊട്ടി പോകുമ്പോഴാണ് അത് തകരുന്നത്.

എന്തുകൊണ്ടാണ് പങ്കാളിയെ കൂടാതെ മറ്റൊരാളോട് ഇഷ്ടവും അടുപ്പവും തോന്നുന്നത്?

കലുഷിതമായ ദാമ്പത്യം സംഘര്‍ഷം നിറഞ്ഞതാണ്. ദാമ്പത്യത്തിന്റെ ആദ്യ നാളുകളില്‍ പരസ്പരം തുറന്നു പറയാനും, കേള്‍ക്കാനും കാണിക്കുന്ന ആര്‍ജ്ജവം ക്രമേണ കുറഞ്ഞു വരികയും, ദമ്പതിമാര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ചെയ്യുന്നു.

വ്യത്യസ്തമായ കുടുംബത്തില്‍ നിന്ന് , വ്യത്യസ്തമായ സാഹചര്യങ്ങളില്‍ വളര്‍ന്നു വന്നവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകുക എന്നുള്ളത് വലിയ അപരാധമൊന്നുമല്ല. പക്ഷേ അത് കൈകാര്യം ചെയ്യുന്നിടത്താണ് വീഴ്ചകള്‍ സംഭവിക്കുന്നത്. 

എന്തുകൊണ്ടാണ് പങ്കാളിയെ കൂടാതെ മറ്റൊരാളോട് ഇഷ്ടവും അടുപ്പവും തോന്നുന്നത്? 30 വയസ് കഴിഞ്ഞവരില്‍ അങ്ങനെയൊരു പ്രവണത കാണപ്പെടുന്നു എന്ന ഒരു ശാസ്ത്രീയ വശമുണ്ട്. എന്നാലും മറ്റു കാരണങ്ങളെന്തെന്ന് നോക്കാം.

കുടുംബത്തെ സമൂഹത്തിന്റെ മുന്നില്‍ കരി വാരിതേച്ച്, നാളെയുടെ വാഗ്ദാനങ്ങളായ കുട്ടികളെ ചോദ്യ ചിഹ്നങ്ങളാക്കി മറ്റൊരാളുടെ കൂടെ ഇറങ്ങി പോവുന്ന പ്രവണതയെ ഒരിക്കലും ന്യായീകരിക്കാനാവില്ലെങ്കിലും, അത് പെണ്ണിന്റെ 'കാമഭ്രാന്ത്' എന്ന് പറഞ്ഞ് തള്ളാന്‍ വരട്ടെ. അതിന് പിന്നില്‍ ഒരു പാട് കണ്ണീരിന്റേയും , വേദനകളുടേയും കഥകളുണ്ടാകും. സമൂഹത്തില്‍ വളരെയേറെ കൊട്ടിഘോഷിച്ചും , ചര്‍ച്ച ചെയ്തും, കടലാസുകളിലെ എഴുത്തുകളായി മാത്രം ചുരുങ്ങി പോയ വിഷയങ്ങളുടെ മാറാപ്പുമുണ്ടാകും.

സ്‌നേഹവും, അംഗീകാരവും ആണ് അവളേറ്റവും ആഗ്രഹിക്കുന്നത്. സെക്‌സിന് അതിനു ശേഷമേ സ്ഥാനമുള്ളൂ.

നന്നായി പാടുവാന്‍ കഴിവുള്ള ഒരു സുഹൃത്ത്, ഇപ്പോള്‍ പാടാറില്ലേന്ന് ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി ഇതായിരുന്നു: ഭര്‍ത്താവിന് താല്‍പര്യമില്ല. പ്ലസ് ടു അധ്യാപക യോഗ്യത നേടിയ മിടുക്കിയായിരുന്ന മറ്റൊരു സുഹൃത്ത്, വീട്ടില്‍ സ്വന്തം കുട്ടികളെ പഠിപ്പിച്ചാല്‍ മതിയെന്ന ഭര്‍ത്താവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്, ആഗ്രഹങ്ങളേയും , മോഹങ്ങളേയും മനസില്‍ ഒരു കുഴി കുത്തി കുഴിച്ച് മൂടി വീട്ടിലിരിക്കുന്നു.
 
പുരുഷന്മാരുടെ സ്ഥിതിയും വ്യത്യസ്ഥമല്ല . ഇന്ന് അറിയപ്പെടുന്ന ചിത്രകാരനാവേണ്ടിയിരുന്ന ഒരുവനോട് വര നിര്‍ത്തിയ കാരണമന്വോഷിച്ചപ്പോള്‍, അവളുടെ അവജ്ഞയോടെയുള്ള മുഖം കാണുമ്പോള്‍ ബ്രഷ് എടുക്കാന്‍ തോന്നില്ല എന്നു പറഞ്ഞു അവന്‍ . ഇതു പോലെ ഭാര്യമാരുടെ അവഗണനയുടേയും, കുറ്റപ്പെടുത്തലുകളുടേയും പേരില്‍ ബ്രഷും പേനയുമൊക്കെ താഴെ വെച്ച കലാകാരന്മാരും ജീവിക്കുന്നുണ്ട് നമുക്കിടയില്‍.

സൂര്യപ്രകാശത്തിന് നേരെ ചായുന്ന വൃക്ഷച്ചില്ല പോലെയാണ് മനസ്.

സൂര്യപ്രകാശത്തിന് നേരെ ചായുന്ന വൃക്ഷച്ചില്ല പോലെയാണ് മനസ്. തനിക്ക് സ്‌നേഹവും, സുരക്ഷിതത്വവും ആവോളം പകര്‍ന്നു തരുന്ന, തന്റെ കഴിവിനെ അംഗീകരിക്കുകയും, നിരന്തരം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരാളുണ്ടാകുമ്പോള്‍, സ്വാഭാവികമായും മനസ് ആ കേന്ദ്രത്തിലേക്ക് ചായും. താന്‍ പങ്കാളികളില്‍ ആഗ്രഹിക്കുന്ന സ്വഭാവ സവിശേഷതകള്‍ മറ്റൊരാളില്‍ കാണുമ്പോള്‍, അറിയാതെ ഒരിഷ്ടം നമ്മളില്‍ ഉണ്ടാകുന്നു. മനസു കൊണ്ട് മറ്റൊരാളെ വരിച്ച് , പങ്കാളികള്‍ക്കൊപ്പം കഴിയുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് വരുന്നത് അതുകൊണ്ടാണ്.

പുരുഷന്, താന്‍ കാണുന്നതാണ് സൗന്ദര്യം. എന്നാല്‍ സ്ത്രീകള്‍ക്ക് അവള്‍ അനുഭവിക്കുന്നതാണ് സൗന്ദര്യം. അവള്‍ക്ക് വേണ്ടത് താന്‍ സ്‌നേഹിക്കപ്പെടുന്നുവെന്ന അനുഭവമാണ്. പുരുഷന്മാരുടെ പരാജയവും അത് തന്നെയാണ്. സ്‌നേഹം പ്രകടിപ്പിക്കുന്നതില്‍ പിശുക്ക് കാണിക്കുന്നവരാണ് പൊതുവേ പുരുഷന്മാര്‍.
അവള്‍ രോഗിയായിരിക്കുമ്പോള്‍ നല്ല ഡോക്ടറെ കാണിക്കുന്നതും, നല്ല ചികിത്സ ലഭ്യമാക്കുന്നതുമൊക്കെ താന്‍ അവളോട് കാണിക്കുന്ന സ്‌നേഹ പ്രകടനമാണ് എന്ന ധാരണയാണ് അവന്. എന്നാല്‍ അവളുടെ അടുത്തിരുന്ന് ആശ്വസിപ്പിക്കുകയും, സാന്ത്വനിപ്പിക്കുകയും ചെയ്യുമ്പോള്‍, അവന്റെ ആ സാന്നിധ്യം, അവന്‍ വാങ്ങി കൊടുത്ത വില കൂടിയ മരുന്നിനേക്കാള്‍ ഇരട്ടി ഫലം ചെയ്യും.

ഭര്‍ത്താവിന്റെ ഉന്നത ജോലിയോ, വലിയ വീടോ, ആഡംബര ജീവിതമോ ഒന്നുമായിരിക്കില്ല അവളില്‍ സുഖാനുഭൂതി ഉണ്ടാക്കുന്നത്. മറിച്ച് അവളുടെ ഓരോ കാര്യങ്ങളിലുമുള്ള ശ്രദ്ധയും പരിഗണനയും അംഗീകാരവുമാണ് അവളില്‍ ആനന്ദം നിറയ്ക്കുന്നത്. സൗന്ദര്യവും, ഉയര്‍ന്ന സാമ്പത്തിക ശേഷിയുമുള്ള ഭര്‍ത്താക്കന്മാരെ വിട്ട് ഇതൊന്നുമില്ലാത്തവരുടെ കൂടെ ഇറങ്ങി പോവുന്നതിന്റെ കാരണവും മറ്റൊന്നുമല്ല .

ആശയ വിനിമയ അഭാവമാണ് പ്രധാന കാരണം.

എല്ലാവരുടേയും മനസില്‍ ആഗ്രഹങ്ങളും പ്രതീക്ഷകളും ഉണ്ടാകും. പ്രിയത്തോടെ ഉള്ളില്‍ കൊണ്ടു നടക്കുന്ന പ്രതീക്ഷകള്‍ക്ക് എതിരായി സംഭവിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നു.

ആശയ വിനിമയ അഭാവമാണ് പ്രധാന കാരണം. ഹൃദയത്തില്‍ തൊട്ട് സംസാരിക്കാന്‍ കഴിയുമ്പോഴാണ് ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാകുന്നത്. 
മനസ് തുറന്ന് സംസാരിച്ചാല്‍, പങ്കാളി പറയുന്നത് കേള്‍ക്കാന്‍ തയ്യാറായാല്‍ അവിടെ മാത്രമേ ബന്ധങ്ങള്‍ ദൃഢമാകുകയുള്ളൂ. തുറന്നു പറച്ചിലുകള്‍ ഇല്ലാതെയാവുമ്പോള്‍ , സ്‌നേഹ ബന്ധത്തില്‍ വാചാലമാകേണ്ടുന്ന വികാരങ്ങള്‍, എപ്പോഴും പൊട്ടിത്തെറിക്കാവുന്ന ഒരു ബോംബായി ഉള്ളില്‍ പരിവര്‍ത്തപ്പെട്ടുകൊണ്ടിരിക്കും .

ആരും സംപൂര്‍ണരല്ല. രണ്ട് പേര്‍ക്കും പരസ്പരം മനസിലാക്കാനും അംഗീകരിക്കാനും സാധിച്ചാല്‍ ആരും ആരേയും തേടി പോകേണ്ടി വരില്ല .

ജീവിതം 'അഡ്ജസ്റ്റ്‌മെന്റ്' ആവാതെ  'അണ്ടര്‍സ്റ്റാന്റിംഗ്' ആയി മാറിയാല്‍ ദാമ്പത്യം , സന്തോഷത്തിന്റേയും സമാധാനത്തിന്റേയും സംതൃപ്തിയുടേയും പുതിയ അനുഭവങ്ങളുടെ ലോകം നമുക്ക് സമ്മാനിക്കും.

click me!