വനിതാ കോളജുകള്‍  എന്ന സദാചാരക്കളരികള്‍!

By നന്ദു പാര്‍വ്വതി പ്രദീപ്First Published Sep 3, 2017, 3:33 PM IST
Highlights

രണ്ടു പെണ്‍കുട്ടികള്‍ ഒരേ കട്ടിലില്‍ ഇരുന്നാലോ കട്ടിലടുപ്പിച്ചിട്ട് കിടന്നാലോ 'പ്രകൃതിവിരുദ്ധ ബന്ധം' എന്നു പറഞ്ഞു ക്രൂശിക്കുക കോളേജ് ഹോസ്റ്റലുകളിലെ രീതിയാണ്. ആരെങ്കിലും ഇതിനെതിരെ പ്രതികരിച്ചാല്‍,ഹോസ്റ്റലിലെ രീതികള്‍ക്കനുസരിച്ചു് ജീവിക്കാന്‍ പറ്റില്ലെങ്കില്‍ അവിടെ താമസിക്കാന്‍ അനുവദിക്കില്ല എന്ന ഭീഷണികള്‍ ഉയരും. കുറ്റക്കാരാക്കപ്പെടുന്ന വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കളെ വിളിപ്പിക്കുകയും ഹോസ്റ്റലില്‍ നിന്നു പറഞ്ഞുവിടുകയും ചെയ്യുന്നത് പതിവാണ്. ഹോസ്റ്റലില്‍ നിന്നു താമസം മാറ്റിയാലും വിദ്യാര്‍ത്ഥിനികള്‍ കോളേജില്‍ നീരിക്ഷിക്കപ്പെടുന്നു. അതേ കോളേജിലെ പിന്നീടുള്ള പഠനം ബുദ്ധിമുട്ടാകുന്നതിനാല്‍ ചിലരെങ്കിലും ഇക്കാരണത്താല്‍ ടി.സി വാങ്ങിപ്പോകാറുണ്ട്.

ഈ കോളേജിന്റെ പ്രിന്‍സിപ്പലായാല്‍ ആദ്യം നിങ്ങളെന്തു ചെയ്യുമെന്ന ചോദ്യത്തിന് ആ പെണ്‍കുട്ടി നല്‍കിയ ഉത്തരം ഇതായിരുന്നു: 'I will remove all the retsrictions on the dresses. Because, I am not what I wear!'.

അത് അവളുടെ മാത്രം വിദൂര സ്വപ്നമല്ലെന്നു ഉറക്കെ വിളിച്ചു പറഞ്ഞു പിന്നീടുണ്ടായ കാതടപ്പിക്കുന്ന കരഘോഷം! സാക്ഷര കേരളത്തിലെ മിക്ക വനിതാകലാലയങ്ങളുടെയും  സ്ഥിതി ഇന്നിതാണ്.

വ്യക്തിസ്വാതന്ത്ര്യത്തില്‍ കൈകടത്തി സദാചാരവാദികള്‍ക്കു കുടപിടിക്കുന്ന വനിതാകലാലയങ്ങളില്‍ സമൂഹത്തിന്റെ അധ:പതനം പ്രതിഫലിക്കുന്നു. സ്ത്രീ ശാക്തീകരണം ലക്ഷ്യം വച്ചു പ്രവര്‍ത്തിക്കണ്ട ഇത്തരം കലാലയങ്ങള്‍ പുരുഷമേധാവിത്വ സമൂഹത്തിനുതകുന്ന വനിതാരത്‌നങ്ങളെ വാര്‍ത്തെടുക്കുകയാണ് ചെയ്യുന്നത്.

പുരുഷമേധാവിത്വ വ്യവസ്ഥിതിയുടെ കാവല്‍പ്പുരകള്‍ 
വിദ്യാര്‍ത്ഥിനികളുടെ വസ്ത്രസ്വാതന്ത്ര്യത്തിനു ഭീഷണിയുയര്‍ത്തുക വഴി പുരുഷമേധാവിത്വ വ്യവസ്ഥിതിയുടെ സദാചാര സങ്കല്‍പ്പങ്ങളെ  വനിതാ കലാലയങ്ങള്‍ പരിപോഷിപ്പിക്കുന്നു. കോളേജ് ഡയറികളില്‍ അക്കമിട്ടു പറഞ്ഞിരിക്കുന്ന ഡ്രസ് കോഡ് അനുസരിച്ചുവേണം വിദ്യാര്‍ത്ഥിനികള്‍ കോളേജിലെത്താന്‍ എന്നു നിര്‍ബന്ധം ഉള്ളവരാണ് മിക്ക വനിതാ കലാലയങ്ങളും. ലെഗ്ഗിങ്‌സ് പോലുള്ള വസ്ത്രങ്ങള്‍ ഇവിടങ്ങളില്‍ നിരോധിച്ചിരിക്കുകയാണ്. ചുരിദാറും ഷാളുമാണ് വനിതാകലാലയങ്ങള്‍ നിര്‍ദ്ദേശിക്കുന്ന 'മാന്യമായ' വസ്ത്രം. ചുരിദാറിന്റെ സ്ലിറ്റിന്റെ നീളം പോലും നിര്‍ദ്ദേശിക്കുന്ന കോളേജുകളുണ്ട്. വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ കോളേജുകളിലെ  നിരന്തര നിരീക്ഷണങ്ങള്‍ കൂടാതെ സാമൂഹ്യമാധ്യമങ്ങളിലും ഇവര്‍ നിരീക്ഷിക്കപ്പെടുന്നു. വിദ്യാര്‍ത്ഥിനികള്‍ ഫേസ്ബുക്കിലും വാട്ട്‌സാപ്പിലുമൊക്കെ ഇടുന്ന ഫോട്ടോകളെ പ്രതിപോലും ശാസനകളുണ്ടാകാറുണ്ട് .

തങ്ങള്‍ പ്രതിനിധീകരിക്കുന്ന പുരുഷമേധാവിത്വ ആശയങ്ങള്‍ വിദ്യാര്‍ത്ഥിനികളില്‍ അടിച്ചേല്‍പ്പിക്കാന്‍ വനിതാകലാലയങ്ങള്‍ കണ്ടെത്തിയിരിക്കുന്ന മറ്റൊരു ഉപാധിയാണ് യൂണിഫോം. പാവപ്പെട്ടവരും പണക്കാരുമായ വിദ്യാര്‍ത്ഥികള്‍ തമ്മിലുളള അന്തരം ഇല്ലാതാക്കാനെന്ന ക്ലീഷേ ലോജിക്കിന്റെ മറവിലാണിത്. സ്‌കൂള്‍ കുട്ടികളുടെ കാര്യത്തില്‍ ഇത് ഒരു പരിധിവരെ ശരിയായിരിക്കാം. എന്നാല്‍ കലാലയങ്ങളില്‍ ഇതു തികച്ചും അപ്രസക്തമാണ്. വ്യത്യസ്തകളില്‍ ഐക്യപ്പെടാനുള്ള പക്വത അവര്‍ക്കുണ്ടാകുകയാണ് വേണ്ടത്. തന്റെ അടുത്തിരിക്കുന്ന വിദ്യാര്‍ത്ഥിനിക്ക് രണ്ട് ഉടുപ്പേയുള്ളുവെങ്കില്‍ അതിന്റെ പേരില്‍ അവള്‍ മാറ്റി നിര്‍ത്തപ്പെടുകയില്ല എന്ന ഉറപ്പാണ് കലാലയങ്ങള്‍ നല്‍കേണ്ടത്.

സ്ത്രീശാക്തീകരണമെന്ന പേരില്‍ നിലകൊള്ളുന്ന  വനിതാകലാലയങ്ങള്‍ പലപ്പോഴും  പുരുഷമേധാവിത്വ വ്യവസ്ഥിതിയുടെ വാര്‍പ്പു മാതൃകകളെ  പരിപോഷിപ്പിക്കുന്നു. വന്‍തോതില്‍ പാചക പരിപാടികള്‍, ഡ്രസ് ഡിസൈനിങ്, ഓര്‍ണമെന്റ് മേക്കിങ്, അടുക്കളത്തോട്ട നിര്‍മാണം എന്നിവ പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന വനിതാകലാലയങ്ങള്‍ പലപ്പോഴും അതിന്റ പിന്നിലെ അപകടം തിരിച്ചറിയുന്നില്ല. മിക്‌സഡ് കോളേജുകളിലെ വിമന്‍ സെല്ലുകളും ഇതില്‍ പങ്കാളികളാണ്.

ക്യാമ്പസ് രാഷ്ട്രീയം നിഷിദ്ധമായ വനിതാകലാലയങ്ങളില്‍ തെരഞ്ഞടുക്കപ്പെടുന്ന കോളേജ് യൂണിയനുകള്‍ നാമമാത്രപ്രസക്തമാണ്. കോളേജില്‍ നടക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുക എന്നല്ലാതെ പൊതുവിഷയങ്ങളില്‍ ഇടപെടാനോ കോളേജ് മാനേജ്‌മെന്റിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നയങ്ങളെ ചോദ്യം ചെയ്യാനോ ഇവര്‍ക്ക് സാധിക്കാറില്ല. വനിതാകലാലയങ്ങളിലെ പ്രശ്‌നങ്ങള്‍ പുറം ലോകമറിയാതെ പോകുന്നതിന്റെ പ്രധാന കാരണം ഇതാണ്.

തെരഞ്ഞടുക്കപ്പെടുന്ന കോളേജ് യൂണിയനുകള്‍ നാമമാത്രപ്രസക്തമാണ്.

ഹോസ്റ്റലുകളില്‍ നടക്കുന്നത് 
വനിതാകലാലയങ്ങളോടൊപ്പം  പ്രവര്‍ത്തിക്കുന്ന വിമന്‍സ് ഹോസ്റ്റലുകള്‍ എല്ലാത്തരത്തിലും ആണധികാര വ്യവസ്ഥിതിയുടെ കാവല്‍ക്കാരായ കലാലയങ്ങളുടെ പിന്തുടര്‍ച്ചക്കാരാണ്. പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യത്തിനു കൃത്യമായ അതിര്‍വരമ്പുകള്‍ തീര്‍ത്ത് വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കാതെ ഉണ്ടാക്കുന്ന ചിട്ടവട്ടങ്ങളുടെ ചട്ടക്കൂടിലാണ് വനിതാ കോളേജ് ഹോസ്റ്റലുകള്‍ പ്രവര്‍ത്തിക്കുന്നത്. കോളേജ് വിട്ടാല്‍ ഉടന്‍ തന്നെ ഹോസ്റ്റലില്‍ എത്തണമെന്നു നിര്‍ദ്ദേശമുള്ളതുപോലെ തന്നെ മിക്ക ഹോസ്റ്റലുകളും ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യം മാത്രമാണ് ഹോസ്റ്റലിനു പുറത്തു പോകാന്‍ അനുവദിക്കുക.

ഹോസ്റ്റല്‍ മെസിലെ ഭക്ഷണ കാര്യങ്ങളില്‍ അത്യപ്തിയുണ്ടാകുമ്പോള്‍ പ്രതികരിക്കാനോ പരാതി നല്‍കാനോ വിദ്യാര്‍ത്ഥിനികള്‍ വിരളമായേ മുന്നോട്ട് വരാറുളളു. പഴകിയതും പല്ലിയും പുഴുവുമൊക്കെ വീണതുമായ ഭക്ഷണ സാധനങ്ങളും മിക്ക ലേഡീസ് ഹോസ്റ്റലുകളിലും കിട്ടാറുണ്ടെങ്കിലും ഇത്തരം കാര്യങ്ങള്‍ പുറംലോകമറിയാറില്ല. മാത്രമല്ല, പരാതിപ്പെട്ടാലും കാര്യമായ നടപടി ഉണ്ടാകാറില്ല. സ്ത്രീകള്‍ ഉത്തമ കുടുംബിനികളാകേണ്ടവരാണെന്നും എല്ലാം സഹിക്കേണ്ടവരാണെന്നും ഉള്ള ഹോസ്റ്റല്‍ വാര്‍ഡന്റെ ഉപദേശം കേട്ടു നെടുവീര്‍പ്പിടാന്‍ വിധിക്കപ്പെട്ടവരാണ് മിക്കപ്പോഴും ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍. ഭക്ഷണത്തിലെ പിഴവുമൂലം  ഭക്ഷ്യവിഷബാധ ഉണ്ടാകുന്നത് ഇവിടങ്ങളില്‍ സാധാരണയാണ്. കുറച്ചുനാളുകള്‍ക്കു മുമ്പ് കോട്ടയം ജില്ലയിലെ ഒരു വനിതാ കോളേജ്  ഹോസ്റ്റലില്‍ ഇത്തരത്തിലൊരു ഭക്ഷ്യവിഷബാധയുണ്ടായപ്പോള്‍ കോളേജിന്റെ സല്‍പ്പേരിനെ ബാധിക്കുമെന്നുപറഞ്ഞു, വിദ്യാര്‍ത്ഥിനികളുടെ വീട്ടിലിറയിക്കാനോ ഹോസ്പിറ്റലില്‍ പോകാനോ പോലും ഹോസ്റ്റലധികൃതര്‍ സമ്മതിച്ചില്ല. 

രണ്ടു പെണ്‍കുട്ടികള്‍ ഒരേ കട്ടിലില്‍ ഇരുന്നാലോ കട്ടിലടുപ്പിച്ചിട്ട് കിടന്നാലോ 'പ്രകൃതിവിരുദ്ധ ബന്ധം' എന്നു പറഞ്ഞു ക്രൂശിക്കുക കോളേജ് ഹോസ്റ്റലുകളിലെ രീതിയാണ്. ആരെങ്കിലും ഇതിനെതിരെ പ്രതികരിച്ചാല്‍,ഹോസ്റ്റലിലെ രീതികള്‍ക്കനുസരിച്ചു് ജീവിക്കാന്‍ പറ്റില്ലെങ്കില്‍ അവിടെ താമസിക്കാന്‍ അനുവദിക്കില്ല എന്ന ഭീഷണികള്‍ ഉയരും. കുറ്റക്കാരാക്കപ്പെടുന്ന വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കളെ വിളിപ്പിക്കുകയും ഹോസ്റ്റലില്‍ നിന്നു പറഞ്ഞുവിടുകയും ചെയ്യുന്നത് പതിവാണ്. ഹോസ്റ്റലില്‍ നിന്നു താമസം മാറ്റിയാലും വിദ്യാര്‍ത്ഥിനികള്‍ കോളേജില്‍ നീരിക്ഷിക്കപ്പെടുന്നു. അതേ കോളേജിലെ പിന്നീടുള്ള പഠനം ബുദ്ധിമുട്ടാകുന്നതിനാല്‍ ചിലരെങ്കിലും ഇക്കാരണത്താല്‍ ടി.സി വാങ്ങിപ്പോകാറുണ്ട്.

മുറികള്‍ക്കും കോമണ്‍ ബാത്‌റൂമുകള്‍ക്കുമിടയിലുള്ള വരാന്തയിലാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്.

നിങ്ങള്‍ നിരീക്ഷണത്തിലാണ്
സ്വകാര്യത ഒരു മൗലികാവകാശമായി പ്രഖ്യാപിക്കപ്പെട്ട അവസരത്തില്‍ പോലും ലേഡീസ് ഹോസ്റ്റലുകളില്‍ (വനിതാകലാലയങ്ങളുടെയും അല്ലാത്തവയുടെയും) സ്ഥാപിക്കപ്പെടുന്ന സിസിറ്റിവി ക്യാമറകളാണ് ചര്‍ച്ചചെയ്യപ്പെടേണ്ട മറ്റൊരു ഗുരുതര വിഷയം. ചില ഹോസ്റ്റലുകളില്‍ എന്‍ട്രന്‍സിലും, മെസ്സ് ഹാളിലും സ്റ്റഡി ഹാളിലുമൊക്കെയാണ് ക്യാമറകളുള്ളതെങ്കില്‍ ചിലയിടങ്ങളില്‍ പെണ്‍കുട്ടികളുടെ സ്വകാര്യതയെ ഹനിക്കുന്ന തരത്തില്‍ മുറികള്‍ക്കും കോമണ്‍ ബാത്‌റൂമുകള്‍ക്കുമിടയിലുള്ള വരാന്തയിലാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. മാത്രമല്ല,നിയമം ലംഘിച്ച് , ക്യാമറ നിരീക്ഷണത്തിലാണ് എന്ന മുന്നറിയിപ്പില്ലാതെയാണ് ഇവയില്‍ പലതും സ്ഥാപിച്ചിരിക്കുന്നത് എന്നത് ഗൗരവത്തോടെ കാണേണ്ട വസ്തുതയാണ്.

എല്ലാത്തരത്തിലുമുള്ള ലിംഗവിവേചനങ്ങളും ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍, തങ്ങള്‍ക്കുനേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശബ്ദിക്കാനാവാതെ വനിതാകലാലയങ്ങളില്‍ തളച്ചിടപ്പെടുന്ന ഒരുകൂട്ടം വിദ്യാര്‍ത്ഥിനികള്‍ക്കായി പൊതുജനസമക്ഷം സമര്‍പ്പിക്കുന്നു.

(മൂന്നുവര്‍ഷത്തെ വനിതാകലാലയത്തിലെ  ബിരുദപഠനവും, ആറുവര്‍ഷത്തെ കലാലയ ഹോസ്റ്റല്‍ ജീവിതവും രണ്ടരവര്‍ഷത്തെ അധ്യാപനവും ആണ് ഈ കുറിപ്പിനാധാരം)


(കോട്ടയം ബസേലിയസ് കോളജിലെ ഗസ്റ്റ് അധ്യാപികയാണ് നന്ദു പാര്‍വ്വതി പ്രദീപ്)

click me!