ഖത്തര്‍ പൊലീസ് ഡാ!

By അലി ഫിദ  വാണിമേല്‍First Published Sep 3, 2017, 3:50 PM IST
Highlights

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

കൂടെ താമസിക്കുന്ന മൂന്ന് പേര്‍ നാട്ടില്‍ പോയി തിരിച്ചു വരികയാണ്. അതും സ്വന്തം നാട്ടുകാരും സമീപ ദേശക്കാരും. ജംഷി, സിംജാസ്, റംജീര്‍.  ഫ്‌ളൈറ്റ് ലാന്റ്ചെയ്തപ്പോള്‍ തന്നെ വിളിവന്നു, എയര്‍പോര്‍ട്ടിലെത്താന്‍. ഞാനും ഒപ്പമുള്ള അബൂട്ടിയും ഉടനെ പുറപ്പെട്ടു.

ഏകദേശം വിമാനത്താവളത്തിന് അടുത്തെത്തിയപ്പോള്‍ അവര്‍ വിളിച്ചു. എമിഗ്രേഷന്‍ കഴിഞ്ഞിട്ടില്ല. ലഗേജ് കിട്ടണം. അതിനു കുറച്ച് സമയമെടുക്കും. എയര്‍പോര്‍ട്ടില്‍  കൂടുതല്‍ വെയ്റ്റ് ചെയ്താല്‍ പാര്‍ക്കിങ്ങ് ചാര്‍ജ് കൊടുക്കണം. ഞങ്ങളുടെ വണ്ടി വലുതായതിനാല്‍ അത് കൊണ്ടുളള പ്രയാസം വേറെയും. ഞങ്ങള്‍ അവിടെ വണ്ടി പാര്‍ക്ക് ചെയ്തു കാര്യങ്ങള്‍ കഴിഞ്ഞിട്ട് വിളിക്കാന്‍ പറഞ്ഞു.  

ഇത്തിരി കഴിഞ്ഞപ്പോള്‍ വിളിവന്നു. എന്നാല്‍, വണ്ടി സ്റ്റാര്‍ട്ട് ചെയ്തു നോക്കിയപ്പോള്‍ സ്റ്റാര്‍ട്ടാവുന്നില്ല. വണ്ടി ഓഫ് ചെയ്തപ്പോള്‍ ഹെഡ് ലൈറ്റ് ഓഫാക്കാന്‍ മറന്നിരുന്നു. അതിനാല്‍, ബാറ്ററി തീര്‍ന്നുകാണണം. അബൂട്ടി നല്ല എക്‌സ്‌പേര്‍ട്ട് ഡ്രൈവറാണ്. ബാറ്ററി ഇറങ്ങിയതാണന്ന് അവന് എളുപ്പം മനസ്സിലായി. എന്തു ചെയ്യാന്‍ പുറത്ത് നല്ല ചൂടും അതിനേക്കാള്‍ കൂടുതല്‍ ഹ്യുമിഡിറ്റിയും. വരുന്ന വണ്ടിക്കൊക്കെ കൈ നീട്ടി നോക്കി. വിയര്‍ക്കുകയല്ലാതെ വേറെ ഫലമൊന്നും കാണുന്നില്ല. രാത്രി പതിനൊന്ന് മണി കഴിഞ്ഞുഎന്ത് ചെയ്യാന്‍? ആരും സഹായിക്കാനില്ല!


  
വീണ്ടും വിളിവന്നു. കാര്യങ്ങള്‍ ഇങ്ങനെയാണന്ന് അവരോട് പറഞ്ഞു. ഉടനെ, കൂട്ടത്തിലുളള  ജംഷിദ്  എയര്‍പ്പോര്‍ട്ടിലുളള പോലീസുമായി സംസാരിച്ചു. അവര്‍ സഹായിക്കാമെന്ന് പറഞ്ഞു. പോലീസുമായി ഞങ്ങള്‍ സംസാരിച്ചപ്പോള്‍ ലൊക്കേഷന്‍ കൃത്യമായി പറഞ്ഞ് ഫലിപ്പിക്കാന്‍ കഴിയുന്നില്ല.  കാരണം അറബിയും മലയാളിയും സംസാരിക്കുമ്പോഴുണ്ടാകുന്ന ചെറിയ സങ്കേതികത്വം. പിന്നെ കുടുങ്ങി കിടക്കുന്ന സ്ഥലത്തിന്റെ  പരിചയക്കുറവ്. എന്നിറ്റും ഞങ്ങളെ സഹായിക്കാന്‍ ഒരു മടിയും കാണുന്നില്ല അവര്‍ക്ക്.

ലൊക്കേഷന്‍ അയച്ചു കൊടുക്കാന്‍ പൊലീസുകാര്‍ പറഞ്ഞു. ആയിരം തെങ്ങുളള ആള്‍ക്ക് പല്ലില്‍ കുത്താന്‍  ഈര്‍ക്കില്‍ ഇല്ല എന്ന് പറഞ്ഞത് പോലെ, സുലഭമായി കിട്ടുന്ന ഫ്രീ വൈ, ഫൈ മാത്രം ഉപയോഗിക്കുന്ന ഞങ്ങളുടെ ഫോണില്‍ നെറ്റ് കണക്ഷനില്ല. പകച്ച് നില്‍ക്കുമ്പോള്‍ ഖത്തറിലെ ഉരീഡു  ഫോണ്‍ നെറ്റ് വര്‍ക്കിന്റെ സൗകര്യം ഓര്‍മ വന്നു. ഒരു റിയാല്‍ കൊടുത്താല്‍  പത്ത് എംബി ഞൊടിയിടയില്‍ ഡാറ്റ കിട്ടും. അബൂട്ടി മെസേജ് അയച്ചു. ഡാറ്റ കിട്ടി. അങ്ങനെ വാട്‌സാപ്പില്‍ ലോക്കേഷന്‍ അയച്ചു കൊടുത്തു. 

ഇനി പൊലീസ് വരണം. അന്നേരമാണ് അടുത്ത പ്രശ്‌നം. പോലീസ് വന്നാല്‍ എന്തൊക്കെയായിരിക്കും ചോദിക്കുക? ഇനി അത് പ്രശ്‌നമാവുമോ ? നാട്ടിലെ പോലീസില്‍ നിന്നും പല തരത്തിലുളള അനുഭവങ്ങള്‍ ഉളളത് കൊണ്ട് തന്നെ ഇത്തിരി ഭയം. പേടിക്ക് സഡന്‍ ബ്രേക്കിട്ട് വൈകാതെ പോലീസ് വണ്ടി വന്നു നിര്‍ത്തി .  

പ്രശനം നേരത്തെ അറിയാവുന്നത് കൊണ്ട്  അവര്‍ കൂടുതലൊന്നു ചോദിച്ചു ബുദ്ധി മുട്ടിച്ചില്ല. പോലീസുകാരും ഞാനും കൂടി  വണ്ടി തളളി സൈഡിലാക്കി.   കേബിളെടുത്ത് ഒരു മിനുറ്റ് കൊണ്ട് ചാര്‍ജ് ചെയ്തു അവര്‍. 

അടുത്ത അയല്‍  രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടയ്ക്കുമ്പോള്‍  ലോകത്തിന്റെ  മുമ്പില്‍ രാജ്യത്തിന്റെ വാതില്‍  ആര്‍ക്കും വരാനും പോവാനും മലര്‍ക്കെ  തുറന്നിട്ട രാജ്യമാണ് ഖത്തര്‍. ആ രാജ്യത്തിന്റെ തുറന്ന മനസ്സ് തന്നെയാണ് ഖത്തര്‍  പോലീസിലും കണ്ടത്. 

വണ്ടി ശരിയായതോടെ, ഞങ്ങളുടെ കൈപിടിച്ചു കുലുക്കി അവര്‍ പിരിഞ്ഞു  പോകുമ്പോള്‍ ആശ്വാസം മാത്രമായിരുന്നില്ല. ഇത്ര ആഹ്ലാദത്തോടെ ഒരിക്കലും പൊലീസിനെക്കുറിച്ച് ആലോചിച്ചിട്ടില്ലല്ലോ എന്ന തോന്നല്‍ കൂടിയായിരുന്നു.

click me!