
ലോസ് കാബോസ്: മെക്സിക്കോയിലെ ഏറ്റവും മികച്ച റിസോര്‍ട്ടായ വിഡാന്ത, ലോകത്തിലെ തന്നെ മികച്ച ജോലിക്കായി അപേക്ഷ ക്ഷണിക്കുന്നു. ജോലി വളരെ സിമ്പിളാണ്. അവരുടെ വിവിധ റിസോര്‍ട്ടുകളില്‍ താമസിക്കണം. മികച്ച മെക്സിക്കന്‍ ഷെഫ് ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കണം. കരീബിയന്‍ സമുദ്രത്തില്‍ തിമിംഗലക്കുഞ്ഞുങ്ങള്‍ക്കൊപ്പം കുളിക്കണം അങ്ങനെ... അങ്ങനെ... ഒരു വിനോദസഞ്ചാരിയാവുകയാണ് ജോലി. ശമ്പളമോ വര്‍ഷത്തില്‍ എണ്‍പത് ലക്ഷത്തിനു മുകളില്‍. ഭക്ഷണത്തിനുള്ള കാര്‍ഡുകളും, യാത്രാ ചെലവും പുറമേയും കിട്ടും.
അപേക്ഷ അയച്ച് തെരഞ്ഞെടുക്കപ്പെട്ടാല്‍ റിസോര്‍ട്ടിന്‍റെ ബ്രാൻഡ് അംബാസഡറായി മാറാം. ഒപ്പം വിവിധ സ്ഥലങ്ങളിലെ വിഡാന്തയിലെ റിസോര്‍ട്ടുകളില്‍ താമസിച്ച് സോഷ്യല്‍ മീഡിയയില്‍ അവ പോസ്റ്റ് ചെയ്യാം. സ്വാധീനത്തിനനുസരിച്ച് അത് മറ്റുള്ളവരിലെത്തണം.
എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ഗ്രുപോ വിഡാന്ത പറയുന്നു, " ഭാഗ്യവാനായ ഒരാള്‍ക്ക് ഈ ജോലി കിട്ടും. റിസോര്‍ട്ടില്‍ താമസിക്കുക മാത്രമല്ല. അവിടെയുള്ള മികച്ച റസ്റ്റോറന്‍റുകളില്‍ നിന്ന് ഭക്ഷണം കഴിക്കാം. നൈറ്റ് ക്ലബ്ബുകളില്‍ നടക്കുന്ന വലിയ വലിയ പരിപാടികളില്‍ പങ്കെടുക്കാം. ജീവിതത്തിലെ ഏറ്റവും മികച്ച അവസരമായിരിക്കും ഇത്."
എന്താണ് ജോലിയെന്ന് കൂടി കേട്ടോളൂ. വിഡാന്ത റിസോര്‍ട്ടിന്‍റെ എല്ലാ സൌകര്യങ്ങളും, ആ പ്രദേശത്തിന്‍റെ സംസ്കാരവും, അനുഭവങ്ങളും ലോകത്താകമാനമുള്ള ടൂറിസ്റ്റുകളിലെത്തിക്കണം. കാട്ടിലൂടെ സിപ് ലൈനിങ് നടത്താം, അതിനുശേഷം കരീബിയന്‍ സമുദ്രത്തിലെ തിമിംഗലങ്ങളോടൊത്തുള്ള കുളി. സാന്‍ ജോസ് ആര്‍ട്ട് വാക്ക്, നഗരത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ചെല്ലണം, ഏറ്റവും മികച്ച മെക്സിക്കന്‍ ഷെഫ് ഉണ്ടാക്കുന്ന വിഭവങ്ങള്‍ രുചിക്കണം. അവ ലോകത്തെല്ലായിടത്തുമെത്തിക്കണം.
എന്തെങ്കിലും കൂടുതല്‍ ചെയ്യാനാഗ്രഹിക്കുന്നുണ്ടെങ്കില്‍ അതും അയക്കുന്ന കരിക്കുലം വീറ്റയില്‍ വയ്ക്കാനുള്ള അവസരവുമുണ്ട്. ഒക്ടോബര്‍ 21 ആണ് അവസാന തീയ്യതി. ഈ ലിങ്കിലൂടെയാണ് അപേക്ഷ അയാക്കാനാവുക. യാതൊരു തരത്തിലുള്ള മുന്‍പരിചയവും വേണ്ട.