'ശ്രീലങ്കയെയും പാകിസ്ഥാനെയും ഓർക്കണം'; വായ്പയെടുക്കൽ കുറക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം-റിപ്പോർട്ട്

By Web TeamFirst Published Jun 20, 2022, 10:23 AM IST
Highlights

പ്രശ്‌നങ്ങളെക്കുറിച്ച് സംസ്ഥാനങ്ങളെ അറിയിക്കുന്നതിന് അതത് സംസ്ഥാന കാബിനറ്റ് മുമ്പാകെ വിശദമായി കാര്യങ്ങൾ അവതരിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറിമാർ ധനമന്ത്രാലയ ഉദ്യോഗസ്ഥർക്ക് ഉറപ്പ് നൽകി. അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സാഹചര്യം കൈവിട്ടുപോകുമെന്ന ആശങ്ക കേന്ദ്രം അറിയിച്ചതായി ഉദ്യോഗസ്ഥൻ പറഞ്ഞു. 

ദില്ലി: കടമെടുപ്പിൽ സംസ്ഥാനങ്ങൾ നിർദേശവുമായി കേന്ദ്ര സർക്കാർ. സംസ്ഥാനങ്ങളുടെ കടമെടുപ്പ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ വലിയ സ്വാധീനം ചെലുത്തുമെന്നതിനാൽ, വർദ്ധിച്ചുവരുന്ന കടഭാരവും ധനക്കമ്മിയും നിയന്ത്രിക്കാൻ എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരോട് കേന്ദ്രം അഭ്യർത്ഥിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ ഇന്ത്യയുടെ അയൽരാജ്യങ്ങളെ പോലെ ചില സംസ്ഥാനങ്ങളുടെ സാമ്പത്തിക രംഗം വലിയതാണെന്നും  അവരുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കാൻ വേഗത്തിൽ നടപടികൾ കൈക്കൊള്ളേണമെന്നും കേന്ദ്ര സർക്കാർ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയാണ് കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്. 

കഴിഞ്ഞയാഴ്ച ധർമശാലയിൽ നടന്ന ചീഫ് സെക്രട്ടറിമാരുടെ കൺവെൻഷനുമുമ്പ് ധനകാര്യ സെക്രട്ടറി കാര്യങ്ങൾ വിശദമായ അവതരിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഏതൊക്കെ സംസ്ഥാനങ്ങൾക്കാണ് കൂടുതൽ കടബാധ്യതയുള്ളതെന്നും ഓരോ സംസ്ഥാനത്തിന്റെയും വരവും ചെലവും ഉദ്യോഗസ്ഥർ അവതരിപ്പിച്ചു. പ്രശ്‌നങ്ങളെക്കുറിച്ച് സംസ്ഥാനങ്ങളെ അറിയിക്കുന്നതിന് അതത് സംസ്ഥാന കാബിനറ്റ് മുമ്പാകെ വിശദമായി കാര്യങ്ങൾ അവതരിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറിമാർ ധനമന്ത്രാലയ ഉദ്യോഗസ്ഥർക്ക് ഉറപ്പ് നൽകി. അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ സാഹചര്യം കൈവിട്ടുപോകുമെന്ന ആശങ്ക കേന്ദ്രം അറിയിച്ചതായി മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. 

തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാർട്ടികൾ പ്രഖ്യാപിച്ച ജനകീയ പദ്ധതികളെയും സൗജന്യങ്ങളെയും കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  ഉന്നത ഉദ്യോഗസ്ഥർ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ പ്രവണത അനിയന്ത്രിതമായി തുടർന്നാൽ ഈ സംസ്ഥാനങ്ങൾ ശ്രീലങ്കയുടെയോ ഗ്രീസിന്റെയോ വഴിയിലേക്ക് നീങ്ങുമെന്നും അവർ മുന്നറിയിപ്പ് നൽകി.

വിള വൈവിധ്യവൽക്കരണത്തിന് മികച്ച രീതികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. നെല്ലിലും ​ഗോതമ്പിലും മാത്രം ശ്രദ്ധ കൊടുക്കാതെ ഭക്ഷ്യ എണ്ണ പോലുള്ള മറ്റ് വിളകൾക്കും പ്രാമുഖ്യം നൽകണമെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു. അധ്യാപകരുടെ ഗുണനിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. അധ്യാപകരുടെ ഒഴിവുകൾ നികത്താനും അവർക്ക് പരിശീലനം നൽകാനും അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കണമെന്നും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ചർച്ചകളുടെ അടിസ്ഥാനത്തിൽ അന്തിമ ശുപാർശകൾ സർക്കാരിന് സമർപ്പിക്കുകയും നിതി ആയോഗിന്റെ ഗവേണിംഗ് കൗൺസിലിന് മുമ്പാകെ ചർച്ചയ്‌ക്കായി സമർപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 

click me!