ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ വൻ സമ്മർദ്ദത്തിൽ, 2022ൽ തിരിച്ചുവരവ് ന‌ടത്തും: ധനകാര്യ-റേറ്റിം​ഗ് ഏജൻസി റിപ്പോർട്ടുകൾ

By Web TeamFirst Published Sep 19, 2020, 8:32 PM IST
Highlights

ഇക്കണോമിക് കോ- ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്റെ പ്രവചനത്തില്‍ 2020 -21 സാമ്പത്തിക വര്‍ഷം സമ്പദ് വ്യവസ്ഥ 10.2 ശതമാനം സങ്കോച അവസ്ഥ നേരിടും.
 

ന്ത്യന്‍ സമ്പദ്ഘടനയിലെ സമ്മര്‍ദ്ദം ദിനംപ്രതി വര്‍ധിച്ചുവരുകയാണ്. രാജ്യത്തിന്റെ 2020 -21 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ വന്‍ സങ്കോചമാണ് സമ്പദ് വ്യവസ്ഥയില്‍ റിപ്പോര്‍ട്ട് ചെയ്തത്. സാമ്പത്തിക വിദഗ്ധരും ആഗോള ധനകാര്യ സ്ഥാപനങ്ങളും ഇന്ത്യന്‍ സമ്പദ്‍വ്യസ്ഥയില്‍ നടപ്പ് സാമ്പത്തിക വര്‍ഷം നെഗറ്റീവ് വളര്‍ച്ചാ നിരക്കാണ് പ്രവചിക്കുന്നത്.

ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്ക് (എഡിബി) ഈ സാമ്പത്തിക വര്‍ഷം ഇന്ത്യയ്ക്ക് ശുഭകരമായിരിക്കില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. എഡിബിയുടെ ജിഡിപി വളര്‍ച്ചാ പ്രവചനം -9 ശതമാനമാണ്. അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സിയായ ഗോള്‍ഡ്മാന്‍ സാച്ച്‌സ് ഗ്രൂപ്പ് ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് നടപ്പ് സാമ്പത്തിക വര്‍ഷം 14.8 ശതമാനം സങ്കോചം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ഇക്കണോമിക് കോ- ഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്റെ പ്രവചനത്തില്‍ 2020 -21 സാമ്പത്തിക വര്‍ഷം സമ്പദ് വ്യവസ്ഥ 10.2 ശതമാനം സങ്കോച അവസ്ഥ നേരിടും.

ആ​ഗോളതലത്തിൽ രണ്ടാം തരം​ഗം !

കൊവിഡ് -19 അണുബാധകൾ നിയന്ത്രണത്തിലാക്കുന്നതിൽ പരാജയപ്പെടുന്നത് ബിസിനസ്സ് പ്രവർത്തനങ്ങളെയും ഉപഭോഗത്തെയും പിന്നോട്ടടിക്കും. സമ്പദ് വ്യവസ്ഥയുടെ അടിത്തറയ്ക്ക് അത് വലിയ ഭീഷണയാണ്. മാർച്ച് അവസാനം ആരംഭിച്ച ലോകത്തിലെ ഏറ്റവും കർശനവും വലുതുമായ ലോക്ക്ഡൗണുകളിലൊന്ന് ഇന്ത്യ ലഘൂകരിക്കാൻ തുടങ്ങിയതിനുശേഷം കൊവിഡ് പകർച്ചവ്യാധി കേസുകളും വർധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ മിക്ക ന​ഗരങ്ങളിലും വൈറസ് ബാധ ദിനംപ്രതി വർധിക്കുകയാണ്. 

"ആഗോളതലത്തിൽ അണുബാധയുടെ രണ്ടാം തരം​ഗം റിപ്പോർട്ട് ചെയ്യുകയാണ്. എന്നാൽ, അണുബാധയുടെ ആദ്യ തരംഗത്തെ നിയന്ത്രണത്തിലാക്കാൻ ഇന്ത്യക്ക് ഇപ്പോഴും കഴിഞ്ഞിട്ടില്ല, ”ഫിച്ച് റേറ്റിംഗ് ലിമിറ്റഡിന്റെ യൂണിറ്റായ ഇന്ത്യ റേറ്റിംഗ്സ് ആൻഡ് റിസർച്ച് ലിമിറ്റഡിലെ പ്രിൻസിപ്പൽ ഇക്കണോമിസ്റ്റ് സുനിൽ കുമാർ സിൻഹ പറഞ്ഞു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ സാമ്പത്തിക വർഷത്തിൽ 11.8 ശതമാനം ചുരുങ്ങിയേക്കുമെന്നാണ് അദ്ദേഹം എൻഡിടിവിയുടെ ചോദ്യങ്ങൾക്ക് മറുപടിയായി പ്രതികരിച്ചത്. അദ്ദേഹത്തിന്റെ മുൻ പ്രൊജക്ഷൻ -5.8 നേക്കാൾ ഇടിവാണ് അദ്ദേഹം ഇപ്പോൾ പ്രവചിക്കുന്നത്. 

മൊത്തം ആഭ്യന്തര ഉത്പാദനം ഏപ്രിൽ -ജൂൺ പാദത്തിൽ 23.9 ശതമാനം ഇടിഞ്ഞുവെന്നാണ് ഔദ്യോ​ഗിക കണക്കുകൾ. 1996 ൽ പാദ കണക്കുകളുടെ റെക്കോർഡിം​ഗ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവായിരുന്നു ഇത്. ഗോൾഡ്മാൻ സാച്ചിന്റെ ഏറ്റവും പുതിയ വളർച്ചാ പ്രവചനം ഇതിന് ശേഷമാണ് പുറത്തുവന്നത്. 

ബ്ലൂംബെർ​ഗ് റിപ്പോർട്ട്

ജിഡിപിയുടെ ഇടിവും ബാങ്കിംഗ് മേഖലയിൽ നിലനിൽക്കുന്ന സമ്മർദ്ദവും ഇന്ത്യയുടെ ഇടത്തരം വളർച്ചാ സാധ്യതകളെ തടയുമെന്ന് മുംബൈയിലെ യു ബി എസ് ഗ്രൂപ്പ് എജിയിലെ സാമ്പത്തിക ശാസ്ത്രജ്ഞനായ തൻവി ഗുപ്ത ജെയിൻ പറയുന്നു. 

കൊവിഡ് -19 പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സങ്കോച അവസ്ഥയിലാണ്. 2021 സാമ്പത്തിക വര്‍ഷം 10.6 ശതമാനം സങ്കോചമാണ് ബ്ലൂംബെര്‍ഗ് സാമ്പത്തിക നിരീക്ഷകര്‍ പ്രവചിക്കുന്നത്. 2022 ല്‍ സമ്പദ് വ്യവസ്ഥ വളര്‍ച്ചയുടെ പാതിയിലേക്ക് തിരിച്ചുവരുമെന്നും ബ്ലൂബെര്‍ഗ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 

കോര്‍പ്പറേറ്റ് വരുമാനത്തില്‍ ഇടിവുണ്ടാകും, ഇതുമൂലം നിക്ഷേപ വരവില്‍ കുറവും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യും. തന്‍മൂലം തൊഴില്‍ വിപണിയിലും വളര്‍ച്ചയിലും സമ്മര്‍ദ്ദം വര്‍ധിക്കും. പകർച്ചവ്യാധി ശമിച്ചുകഴിഞ്ഞാൽ വിദേശ നിക്ഷേപകരുടെ വികാരം തിരിച്ചുവരുമെന്ന് മുൻ വൈറ്റ് ഹൗസ് സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ടോഡ് ബുച്ചോൾസ് പറഞ്ഞു. "വൈറസിനെ ഒരു താൽക്കാലിക പ്രതിഭാസമായി കാണുന്നു. 2020 ജനുവരിയിൽ ഇന്ത്യയിൽ നിക്ഷേപം നടത്താൻ അണിനിരന്ന നിക്ഷേപകർ 2021 ലും ഇത് ചെയ്യും, "അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു. 

click me!