നിര്‍ണായക തീരുമാനത്തിനൊരുങ്ങി ജിഎസ്ടി കൗണ്‍സില്‍; ബാങ്കുകള്‍ വഴിയുള്ള സ്വര്‍ണ ഇറക്കുമതിക്ക് നികുതി ഇളവ് റദ്ദാക്കിയേക്കും

Published : Oct 05, 2026, 03:48 PM IST
GST Council Meeting

Synopsis

ബാങ്കുകളും സര്‍ക്കാര്‍ ഏജന്‍സികളും ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിനും വെള്ളിക്കും നല്‍കിയിരുന്ന നികുതി ഇളവ് എടുത്തുകളയാന്‍ ജിഎസ്ടി കൗണ്‍സില്‍ ഒരുങ്ങുന്നു. ഒരേ നികുതി വ്യവസ്ഥ കൊണ്ടുവരികയും അനാവശ്യ ഇറക്കുമതി കുറയ്ക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്വര്‍ണം വാങ്ങുന്നത് പരമാവധി ഒഴിവാക്കാന്‍ പ്രധാനമന്ത്രിയും അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.

ബാങ്കുകളും സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നിവയ്ക്ക് നല്‍കിയിരുന്ന നികുതി ഇളവ് എടുത്തുകളയാന്‍ ജിഎസ്ടികൗണ്‍സില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ ഏഴിന് ചേരുന്ന കേന്ദ്ര- സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെടുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഈ നിര്‍ദേശം പരിഗണിച്ചേക്കും. നിലവില്‍ വിദേശത്ത് നിന്ന് ഇവ ഇറക്കുമതി ചെയ്യുമ്പോള്‍ 3 ശതമാനം ഐജിഎസ്ടി നല്‍കണം. എന്നാല്‍ ബാങ്കുകള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ഈ നികുതി നല്‍കുന്നതില്‍ നിന്ന് ഇളവ് നല്‍കിയിരുന്നു. 2017-ലാണ് ഇവര്‍ക്ക് ഈ ഇളവ് അനുവദിച്ചത്. ഈ ആനുകൂല്യമാണ് ഇപ്പോള്‍ റദ്ദാക്കാന്‍ ഒരുങ്ങുന്നത്.

ലക്ഷ്യം ഒരേ നികുതി വ്യവസ്ഥ

2017-ല്‍ വ്യാപാരം സുഗമമാക്കുന്നതിനാണ് ഈ ഏജന്‍സികള്‍ക്ക് ഇളവ് നല്‍കിയിരുന്നത്. എന്നാല്‍ ഇത് എടുത്തുകളയുന്നതോടെ ബുള്ളിയന്‍ എക്‌സ്‌ചേഞ്ചുകള്‍ക്കും ബാങ്കുകള്‍ക്കും ഇത്തരം ഏജന്‍സികള്‍ക്കും ഒരേ നികുതി വ്യവസ്ഥയാകും. ഇന്ത്യയുടെ വിദേശനാണ്യ ശേഖരം കുറയുന്നതിന് സ്വര്‍ണത്തിന്റെയും മറ്റും ഇറക്കുമതി ഒരു പ്രധാന കാരണമാണ്. ഇത് സര്‍ക്കാരിനെ സംബന്ധിച്ച് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്തെ ജ്വല്ലറി വ്യവസായത്തിലെ ആവശ്യകതയാണ് സ്വര്‍ണ ഇറക്കുമതി ഇത്രത്തോളം വര്‍ധിപ്പിക്കുന്നത്. അനാവശ്യ ഇറക്കുമതി കുറയ്ക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ മേയില്‍ സര്‍ക്കാര്‍ ഇറക്കുമതി തീരുവ കുത്തനെ കൂട്ടിയിരുന്നു. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമായാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. പ്ലാറ്റിനത്തിന്റെ തീരുവ 6.4 ശതമാനത്തില്‍ നിന്ന് 15.4 ശതമാനമായും ഉയര്‍ത്തി.

ഇറാന്‍- യുഎസ്- ഇസ്രായേല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇറക്കുമതി ചെലവുകള്‍ വര്‍ധിക്കുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്തതിനാല്‍ ജനങ്ങളോട് സ്വര്‍ണം വാങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടുത്തിടെ ആഹ്വാനം ചെയ്തിരുന്നു.

ഇറക്കുമതി കൂടിയോ കുറഞ്ഞോ?

2026-27 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി 3.38 ശതമാനം വര്‍ധിച്ച് 17.47 ബില്യണ്‍ ഡോളറിലെത്തി. അതായത് ഏകദേശം 1,67,712 കോടി രൂപയുടെ സ്വര്‍ണം ഈ കാലയളവില്‍ രാജ്യത്തെത്തി. അതേസമയം, വെള്ളിയുടെ ഇറക്കുമതി 8.81 ശതമാനം കുറഞ്ഞ് 1.74 ബില്യണ്‍ ഡോളറായി (ഏകദേശം 16,704 കോടി രൂപ).

PREV
Stay updated on Economy and Financial news (സാമ്പത്തിക വാർത്തകൾ) in Malayalam with Asianet News. Indian economy updates, policies, and market analysis. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും പുതിയ വാർത്തകൾ , സർക്കാർ നയങ്ങൾ, വിപണി വിശകലനം.
Read more Articles on
click me!

Recommended Stories

അടുത്ത 2 വര്‍ഷത്തിനുള്ളില്‍ സ്വന്തമായി ഒരു വീട് വാങ്ങാന്‍ പ്ലാനുണ്ടോ? അറിയണം ഇക്കാര്യങ്ങള്‍
യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചു; 2023 ജൂലൈയ്ക്ക് ശേഷമുള്ള ആദ്യ നിരക്ക് വർധന, ട്രംപിൻ്റെ നിലപാടിന് തിരിച്ചടി