എട്ട് വർഷങ്ങൾക്ക് ശേഷം ദീപാവലി മുഹൂർത്ത വ്യാപാരം നഷ്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 28 പോയിന്റും നിഫ്റ്റി 43 പോയിന്റും ഇടിവാണ് രേഖപ്പെടുത്തിയത്. ഐ ടി, ബാങ്കിംഗ് ഓഹരികൾ നഷ്ടം നേരിട്ടപ്പോൾ ഫാർമ, മീഡിയ എന്നിവ നേട്ടമുണ്ടാക്കി
മുംബൈ: എട്ട് വർഷത്തിനുശേഷം നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ദിപാവലി മുഹൂർത്ത വ്യാപാര സെഷൻ. 250 പോയിന്റ് നേട്ടത്തോടെ ഒരു ഘട്ടത്തിൽ 81300 എന്ന നിലവാരത്തിലെത്തിയ സെൻസെക്സ് വ്യാപാരത്തിനൊടുവിൽ 28 പോയിന്റ് നഷ്ടത്തോടെ ക്ലോസ് ചെയ്യുകയായിരുന്നു. നിഫ്റ്റി വ്യാപാരത്തിനിടെ 25100 പോയിന്റ് തൊട്ടുവെങ്കിലും 43 പോയിന്റ് ഇടിഞ്ഞാണ് വ്യാപാരം അവസാനിപ്പിച്ചത്. ഫാർമ, മീഡിയ സെക്ടറുകൾ നേട്ടമുണ്ടാക്കിയപ്പോൾ ഐ ടി, ബാങ്കിംഗ്, റിയാലിറ്റി ഓഹരികൾ നഷ്ടം നേരിട്ടു. 2.20 മുതൽ 3.30 വരെയായിരുന്നു പ്രത്യേക വ്യാപാരം നടന്നത്. ഒരു മണിക്കൂർ നീളുന്ന വ്യാപാര സെഷൻ നിക്ഷേപകർക്ക് ഐശ്വര്യത്തിനായുള്ള പ്രതീകാത്മക തുടക്കമായാണ് കണക്കാക്കപ്പെടുന്നത്. 1957 ല്‍ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചാണ് മുഹൂര്‍ത്ത വ്യാപാരത്തിന് തുടക്കം കുറിച്ചത്. 1992 മുതല്‍ എന്‍ എസ് ഇയും മുഹൂര്‍ത്തവ്യാപാരത്തിന്റെ ഭാഗമാണ്. നാളെ വിപണിയിൽ പതിവ് വ്യാപാരം പുനരാരംഭിക്കുമെങ്കിലും ദീപാവലി ബലിപ്രതിപാദ ആഘോഷം പ്രമാണിച്ച് മറ്റന്നാൾ സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് അവധിയായിരിക്കും.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക












