യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചു; 2023 ജൂലൈയ്ക്ക് ശേഷമുള്ള ആദ്യ നിരക്ക് വർധന, ട്രംപിൻ്റെ നിലപാടിന് തിരിച്ചടി

Published : Sep 17, 2026, 01:40 AM IST
US Fed Reserve Interest Rate Hike

Synopsis

യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചു. കേന്ദ്ര ബെഞ്ച്മാർക്ക് പലിശ നിരക്കുകളിൽ കാൽ ശതമാനം വർധനവ്. 2023 ജൂലൈക്ക് ശേഷമുള്ള ആദ്യ നിരക്ക് വർധന. ട്രംപിന്റെ നിലപാടിന് തിരിച്ചടിയാണ് പലിശ നിരക്കിലെ വർധന.

വാഷിങ്ടൺ: യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചു. കേന്ദ്ര ബെഞ്ച്മാർക്ക് പലിശ നിരക്കുകളിൽ 0.25 ശതമാനം വർധിപ്പിച്ച് 3.75 ശതമാനം മുതൽ 4 ശതമാനം വരെയുള്ള പരിധിയിലാക്കി. ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാർഷിന്റെ നേതൃത്വത്തിൽ ചേർന്ന ഫെഡറൽ ഓപ്പൺ മാർക്കറ്റ് കമ്മിറ്റി (FOMC) യുടേതാണ് തീരുമാനം. 2023 ജൂലൈയ്ക്ക് ശേഷം ഇതാദ്യമായാണ് യുഎസ് കേന്ദ്രബാങ്ക് പലിശ നിരക്ക് ഉയർത്തുന്നത്.

മിഡിൽ ഈസ്റ്റിലെ യുദ്ധവും ഉയർന്ന പണപ്പെരുപ്പവും കണക്കിലെടുത്ത് നടപടി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ നിക്ഷേപം ഉൾപ്പെടെയുള്ള സാമ്പത്തിക പ്രവർത്തനങ്ങളും വിലയിരുത്തിയ ശേഷമാണ് ഫെഡറൽ റിസർവ് പലിശനിരക്ക് സംബന്ധിച്ച തീരുമാനം എടുത്തത്. വിലക്കയറ്റം രണ്ട് ശതമാനം എന്ന ലക്ഷ്യത്തിലേക്ക് തിരിച്ചെത്തിക്കുകയാണ് ഫെഡറൽ റിസർവിൻ്റെ പ്രധാന ലക്ഷ്യം. പണപ്പെരുപ്പത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി കൂടുതൽ നടപടികൾ ആവശ്യമായി വന്നേക്കാമെന്നും ചെയർമാൻ കെവിൻ വാർഷ് വ്യക്തമാക്കി.

അതേസമയം പലിശ നിരക്ക് വർധിപ്പിച്ചതോടെ ജനങ്ങൾക്ക് വായ്പാ ഭാരം കൂടും. ഭവന വായ്പ, വാഹന വായ്പ, ക്രെഡിറ്റ് കാർഡ് വായ്പ തുടങ്ങിയവയുടെ പലിശയിൽ വർധനയുണ്ടാകും. പലിശ നിരക്ക് വർധിപ്പിച്ച നടപടി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിന്റെ നിലപാടിന് തിരിച്ചടിയാണ്. പലിശ നിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷയിൽ ട്രംപ് നിയമിച്ച പുതിയ ഫെഡ് ചെയർമാൻ കെവിൻ വാർഷിന്റെ നടപടിയാണ് വിപരീതമായത്. പണപ്പെരുപ്പം നിയന്ത്രണവിധേയമാകാത്ത പക്ഷം ഈ വർഷം തന്നെ പലിശനിരക്ക് വീണ്ടും ഉയർത്തിയേക്കുമെന്ന സൂചനയും ഫെഡറൽ റിസർവിൻ്റെ പുതിയ നിലപാട് നൽകുന്നുണ്ട്.

യുഎസ് പലിശ നിരക്ക് ഉയരുന്നത് ആഗോള സാമ്പത്തിക വിപണികളിലും പ്രതിഫലിച്ചേക്കാം. യുഎസ് ഡോളറിന് ശക്തി ലഭിക്കാനും നിക്ഷേപകർ യുഎസ് ആസ്തികളിലേക്ക് കൂടുതൽ ശ്രദ്ധ തിരിക്കാനും സാധ്യതയുണ്ട്. ഇത് ഇന്ത്യൻ രൂപയുടെ മൂല്യത്തിലും ഇന്ത്യൻ ഓഹരി വിപണിയിലും സമ്മർദം സൃഷ്ടിച്ചേക്കാം.

PREV
Stay updated on Economy and Financial news (സാമ്പത്തിക വാർത്തകൾ) in Malayalam with Asianet News. Indian economy updates, policies, and market analysis. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ ഏറ്റവും പുതിയ വാർത്തകൾ , സർക്കാർ നയങ്ങൾ, വിപണി വിശകലനം.
Read more Articles on
click me!

Recommended Stories

ഇന്ത്യൻ തൊഴിൽ വിപണിയിൽ 'ജെൻ സി' തരംഗം; പുതിയ ഇ.പി.എഫ്.ഒ അക്കൗണ്ടുകളിൽ 79 ശതമാനവും യുവാക്കൾ
സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ്: ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം വർധന; ഒപ്പം കടവും കൂടി